29 March Friday

മടിയില്‍ തീയൊളിപ്പിക്കുന്നവര്‍

കെ ഗിരീഷ്Updated: Sunday Jul 10, 2016

ഒരു മനുഷ്യന് തന്റെ വസ്ത്രം വെന്തുപോകാതെ മടിയില്‍ തീ കൊണ്ടുവരാനാകുമോ (സദൃശ്യവാക്യങ്ങള്‍ 6:27)
മടിയില്‍ തീയൊളിപ്പിക്കുന്നവന്‍ വസ്ത്രത്തെ ദഹിക്കാന്‍ വിടുകയാണ്. ഉപരിപ്ളവമായ എല്ലാ ഉടയാടകള്‍ക്കുമപ്പുറത്താണ് ഉള്ളിലെ തീക്കനല്‍ എന്ന് നമ്മെ ഓര്‍മിപ്പിക്കാന്‍ ചില കാലങ്ങളില്‍ ചിലരുണ്ടാകും. സ്വപ്നാടനംപോലുള്ള ജീവിതങ്ങളില്‍ ലോകവ്യവഹാരങ്ങളും അവയുണര്‍ത്തുന്ന പൊതുയുക്തികളും പലപ്പോഴും ഏറ്റുമുട്ടലുണ്ടാക്കുന്നു.

തൃശൂര്‍ ശില സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്സിന്റെ ആദ്യരംഗാവതരണമായ 'സദൃശവാക്യങ്ങള്‍' ഇത്തരമൊരു കഥയാണ് പറയുന്നത്. അബോധത്തിന്റെ ഏതോ മാനത്ത് അലയുന്ന പതിനെട്ടുകാരി ബാര്‍ബറ (ബാറോ), അവള്‍ക്കുപുറകെ അലയുന്ന അമ്മ മറിയ എന്നീ രണ്ടു കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് നാടകം നീങ്ങുന്നത്. മകളുടെ ഭ്രമങ്ങള്‍ സമൂഹത്തിന് ബുദ്ധിയില്ലായ്മയാണ്. ഇത് അമ്മയെ വല്ലാതെ അലട്ടുന്നു. ഇതുമൂലം വാടകവീട്ടില്‍നിന്ന് വാടകവീട്ടിലേക്ക് മാറിമാറി കാലം കഴിക്കുകയാണ് ഇരുവരും. സ്വപ്നങ്ങളില്‍ അപ്പന്‍ കയറിവന്ന് അവളെ കളിപ്പിക്കുന്നു, കര്‍ത്താവ് വന്ന് സംസാരിക്കുന്നു. അടുത്ത വീട്ടിലെ സേവി എന്ന കുട്ടിയാണ് അവളുടെ കളിക്കൂട്ടുകാരന്‍.

ശിവന്‍ വെങ്കിടങ്ങ്

ശിവന്‍ വെങ്കിടങ്ങ്



നാടകത്തില്‍ മൂന്ന് പുരുഷകഥാപാത്രങ്ങളാണുള്ളത്. സേവി, ദുര്‍നടത്തക്കാരനും ചന്തയില്‍വച്ച് ബാറോയെ കടന്നുപിടിച്ച് അപമാനിക്കുകയുംചെയ്ത ലൂക്ക, വൃദ്ധനും നിധി തേടി നാടുമുഴുവന്‍ കുഴിച്ചു നടക്കുകയും ചെയ്യുന്ന മിഖായേല്‍. ബാറോയെ അപമാനിച്ചതോടെ മാനസാന്തരം സംഭവിക്കുകയാണ് ലൂക്കയ്ക്ക്. ഒടുവില്‍ ലൂക്ക അവളോട് പ്രണയാഭ്യര്‍ഥന നടത്തുന്നു. മിഖായേലിന്റെ കഥാപാത്രം കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും ചില മിത്തുകളുമായി ബന്ധപ്പെട്ടുനില്‍ക്കുന്നു. ലൂക്കായുടെ പ്രണയാഭ്യര്‍ഥനയോടെ മങ്ങുന്ന രംഗം പിന്നീട് തെളിയുന്നത് ഗര്‍ഭലക്ഷണങ്ങള്‍ കാണിക്കുന്ന ബാറോയിലൂടെയാണ്. ഒടുവില്‍ ഗര്‍ഭം അലസിപ്പിക്കാന്‍ വയറ്റാട്ടിയുടെ സഹായം തേടുന്നു. എന്നാല്‍, അതിനുശേഷവും തന്റെ ഉള്ളില്‍ കുഞ്ഞു വളരുന്നുണ്ടെന്നുതന്നെയാണ് ബാറോ കരുതുന്നത്. ഈ ഗര്‍ഭം പോലും അവളുടെ ഉള്ളില്‍ മിന്നിമറയുന്ന സങ്കല്‍പ്പങ്ങളുടെ സൃഷ്ടിയാണ്. ഒടുവില്‍ ധ്യാനം കൂടിയിട്ടും ബാറോയുടെ സങ്കല്‍പനങ്ങളില്‍ മാറ്റമുണ്ടാകുന്നില്ല. മടങ്ങും വഴിയില്‍ തളര്‍ന്നുവീഴുന്ന അമ്മയുടെ മുന്നിലൂടെ ബാറോ കുന്നുകയറുകയാണ്. ആകാശത്തെ തൊടാവുന്ന കുന്നിന്‍മുകളിലേക്ക് കയറിപ്പോയി അവള്‍ അപ്പുറത്തേക്ക് മറിഞ്ഞുവീഴുന്നതോടെ നാടകം അവസാനിക്കുന്നു.

നാടകം അതിന്റെ കഥയ്ക്കുപുറത്ത് കാഴ്ചവയ്ക്കുന്ന ബിബ്ളിക്കല്‍ അന്തരീക്ഷവും ഫിലോസഫിയും അതിനായി സംവിധായകന്‍ ഒരുക്കിയ ദൃശ്യങ്ങളുമാണ് മികച്ചതായത്്. ആദ്യന്തം ബൈബിള്‍വചനങ്ങളെ സ്മരിപ്പിക്കുന്ന ദൃശ്യങ്ങളും വര്‍ത്തമാനങ്ങളുമായി, മിസ്റ്റിക് അന്തരീക്ഷം നിലനിര്‍ത്തുന്നതിലും ബാറോയുടെ മനോവിചാരത്തിനനുസൃതമായിത്തന്നെ രംഗഭാഷ ഒരുക്കുന്നതിലും സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. രചനയിലും അപൂര്‍വത നിലനിര്‍ത്തുന്ന നാടകത്തിന്റെ മികച്ച രംഗാവതരണമാണ് ശില ഒരുക്കിയത്.

കാലടി യൂണിവേഴ്സിറ്റിയില്‍നിന്ന് തിയറ്റര്‍ എംഎ പൂര്‍ത്തിയാക്കിയ ശിവന്‍ വെങ്കിടങ്ങാണ് സംവിധാനവും ദീപസംവിധാനവും. രചന: ഡോ ഗോപന്‍ ചിദംബരന്‍. വെളിച്ചനിയന്ത്രണം: കെ വി അനൂപ്, സംഗീതം: നിഥിന്‍ മലയാളം, സെറ്റ:് സിന്ദാബാദ് രാജന്‍. മേക്കപ്പ:് ശശി നാട്ടിന്‍പുറം. നിര്‍മാണനിയന്ത്രണം: ലക്ഷ്മി ചാക്യാര്‍.

ദേവിക, ടെസി പഴുവില്‍, ഗ്രാംഷി, റിന്റണ്‍ ആന്റണി, മണിപ്രസാദ്, സുജാത ജനനേത്രി, ശരത് അരുവിക്കര, പുരഞ്ജയ് കേസരി മേനോന്‍, ജിംന, കാര്‍ത്തിക, അഷിത എന്നിവരാണ് അരങ്ങില്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top