26 April Friday

തുടര്‍ച്ച തേടുന്നചിത്ര ഭൂപടം

വെബ് ഡെസ്‌ക്‌Updated: Sunday Apr 10, 2016

വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മുന്‍ രാജ്യസഭാംഗവുമായ ടി എന്‍ സീമയുടെ തെരഞ്ഞെടുപ്പുപ്രചാരണ പ്രവര്‍ത്തനത്തിലാണ് ലോകമറിയുന്ന ചിത്രകാരി ശോഭാമേനോന്‍. കേരളത്തിനുപുറത്ത് ചിത്രരചന അഭ്യസിച്ച് പ്രമുഖ ഇന്ത്യന്‍ നഗരങ്ങളിലെല്ലാം തൊഴില്‍ചെയ്ത് ഒടുവില്‍ അമേരിക്കയിലെ ഫിലഡാല്‍ഫിയയില്‍ ദീര്‍ഘകാലം ചെലവഴിച്ച ശോഭാമേനോന്‍ കഴിഞ്ഞമാസം ഡല്‍ഹിയിലെ തന്റെ ചിത്രപ്രദര്‍ശനത്തിന്റെ തിരക്കിലായിരുന്നു. അവിടെനിന്ന് നേരെ തിരുവനന്തപുരത്ത്. ആത്മസുഹൃത്തും ഭര്‍ത്തൃസഹോദരിയുമായ സീമയുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളിലും ബോര്‍ഡുകളിലും കാണുന്ന ചിത്രങ്ങള്‍ എടുത്തുനല്‍കിയതും ചിലതൊക്കെ രൂപകല്‍പ്പന ചെയ്തതും ശോഭാമേനോനാണ്. വിഷുവിന് കൊച്ചിയില്‍ കങ്ങരപ്പടിയിലുള്ള വീട്ടില്‍ വരും. തിരിച്ച് വീണ്ടും വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പുചൂടിലേക്ക്. അതാണ് ചിത്രകാരിയുടെ ഇപ്പോഴത്തെ വര്‍ക് ഷെഡ്യൂള്‍.

കഴിഞ്ഞ മാര്‍ച്ച് 14മുതല്‍ 22വരെ ഡല്‍ഹിയില്‍ ലളിതകലാ അക്കാദമിയുടെ രബീന്ദ്രനാഥ് ഭവനിലായിരുന്നു ശോഭാമേനോന്റെ ഏകാംഗ ചിത്രപ്രദര്‍ശനം. കണക്ടോം എന്നുപേരിട്ട പ്രദര്‍ശനത്തില്‍ 31 ചിത്രങ്ങളാണുണ്ടായിരുന്നത്. തന്റെ ആശയലോകത്തിന്റെ ഭൂപടമെന്നാണ് കണക്ടോം എന്ന പേരിലൂടെ ചിത്രകാരി വ്യക്തമാക്കിയത്. ലോകത്തിലൂടെയുള്ള തന്റെ യാത്രയുടെ തുടര്‍ച്ച മുറിഞ്ഞുപോയ ഒരു ചിത്രഭൂപടമാണ് കണക്ടോമില്‍ ചിത്രകാരി വരച്ചിടുന്നത്. താന്‍ ഇടപെട്ട ആളുകള്‍, സ്ഥലകാലങ്ങള്‍ എല്ലാം ചേര്‍ന്ന് സൃഷ്ടിക്കുന്ന സൂചകങ്ങളുടെ ഒരു ശൃംഖലയാണ് ഈ ചിത്രങ്ങളിലൂടെ വെളിപ്പെടുത്തിയത്.

ബറോഡ എംഎസ് സര്‍വകലാശാലയില്‍നിന്ന് കലാചരിത്രത്തില്‍ ബിരുദംനേടിയ ശോഭാമേനോന്റെ കലാസപര്യയുടെ ഭൂപടം കൌതുകവും ആവേശവും പകരുന്നതാണ്്. മൂന്നുവര്‍ഷത്തെ കലാ ഗവേഷണത്തിന്റെ ഭാഗമായി രണ്ടുവര്‍ഷം കലാധ്യാപനവും നടത്തി. തുടര്‍ന്ന് പത്തുവര്‍ഷത്തോളം ഐടി, അനിമേഷന്‍, വെബ് ഡിസൈന്‍ രംഗമായിരുന്നു പ്രവര്‍ത്തനമേഖല. 2001മുതല്‍ ഫിലഡാല്‍ഫിയയില്‍. പത്തുവര്‍ഷത്തിലേറെ അവിടെ കഴിഞ്ഞത് മുഴുവന്‍സമയ ചിത്രകാരിയായി. അമേരിക്കയിലെ രണ്ട് പ്രധാന ഗ്യാലറികളുമായും വിവിധ സ്റ്റേറ്റുകളിലെ കലാകാരസംഘങ്ങളുടെ ഭാഗമായും ചിത്രരചനയും പ്രദര്‍ശനവും നടത്തിവരുന്നതിനിടെ നിരവധി പുരസ്കാരങ്ങളും ശോഭയെ തേടിയെത്തി.

2013ല്‍ കൊച്ചിയില്‍ മടങ്ങിയെത്തി. ലോക്ധര്‍മി നാടകസംഘവുമായി ചേര്‍ന്ന് ദ്രൌപദി എന്ന നാടകത്തിനായി 18 വലിയ ചിത്രങ്ങള്‍ രചിച്ചു. ആദ്യകാലങ്ങളില്‍ ശോഭ ചെയ്തിരുന്ന രചനാശൈലിയെ ഓര്‍മിപ്പിക്കുന്ന ചിത്രങ്ങളായിരുന്നു അവ. പ്രകൃതിദൃശ്യങ്ങളും പ്രകൃതിയുമായുള്ള സഹവാസം ഓര്‍മിപ്പിക്കുന്ന രചനകളുമായിരുന്നു ഒരുഘട്ടത്തില്‍ ശോഭ കൂടുതല്‍ ചെയ്തിരുന്നത്. ചിത്രയാത്രയുടെ മറ്റൊരു ഘട്ടത്തില്‍ അത് പുതിയൊരുതലത്തിലേക്ക് ഭാവംപകര്‍ന്നു. ഇന്ത്യന്‍ ചിത്രസംസ്കൃതിയുടെ ഭാഗമായി നിലനിന്നിരുന്ന വൈയക്തികമായ വിചാരങ്ങളെയും അവസ്ഥകളെയും തന്റേതായ അനുഭവങ്ങളുടെയും ഭാവനയുടെയും പാളങ്ങളിലേക്ക് പരിവര്‍ത്തിപ്പിച്ച് രചനാലോകത്ത് സ്വന്തമായി ഒരിടം സൃഷ്ടിക്കാന്‍ ചിത്രകാരിക്ക് കഴിഞ്ഞു.

ചിത്രങ്ങള്‍പോലെ വാസ്തുശില്‍പ്പരംഗവുമായും ശോഭ അടുത്തിടപഴകുന്നു. വിഖ്യാത വാസ്തുശില്‍പ്പി ലാറി ബേക്കറുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ ശോഭയ്ക്ക് കഴിഞ്ഞിരുന്നു. ലാറി ബേക്കര്‍ ചീഫ് എഡിറ്ററായി കോസ്റ്റ്ഫോര്‍ഡ് പുറത്തിറക്കിയിരുന്ന പീപ്പിള്‍ ആന്‍ഡ് ഡെവലപ്മെന്റ് എന്ന ഇംഗ്ളീഷ് ദ്വൈവാരികയുടെ സബ് എഡിറ്ററായി പ്രവര്‍ത്തിക്കുമ്പോഴാണ് അതിന് അവസരമുണ്ടായത്. വാസ്തുശില്‍പ്പരംഗത്ത് ശ്രദ്ധേയമായ വിവിധ പ്രോജക്ടുകള്‍ ആവിഷ്കരിക്കാനും പൂര്‍ത്തിയാക്കാനും ആ അനുഭവം സഹായിച്ചു.

കങ്ങരപ്പടിയില്‍ നിര്‍മിച്ച വീട്ടില്‍ ചിത്രപ്രദര്‍ശന ഗ്യാലറി ഉള്‍പ്പെടെ സൌകര്യങ്ങളുണ്ട്. അമേരിക്കയില്‍നിന്ന് കൊച്ചിയിലേക്ക് കൂടുമാറിയശേഷം ഇവിടെ സംഘടിപ്പിച്ച ആദ്യപ്രദര്‍ശനമാണ് കഴിഞ്ഞമാസം ഡല്‍ഹിയില്‍ നടന്നത്. വൈകാതെ കൊച്ചിയില്‍ ഏകാംഗപ്രദര്‍ശനമൊരുക്കാന്‍ പദ്ധതിയുണ്ടെന്നും വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പുചൂടിനുള്ളിലിരുന്ന് ശോഭാമേനോന്‍ പറഞ്ഞു.  ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഗീതകാരന്‍കൂടിയായ സലിമാണ് ശോഭയുടെ ജീവിതപങ്കാളി. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top