24 April Wednesday

ചിത്രങ്ങള്‍കൊണ്ട് വരയ്ക്കുന്ന ജീവിതം

വെബ് ഡെസ്‌ക്‌Updated: Sunday Feb 7, 2016

ചിത്രങ്ങള്‍കൊണ്ട് ജീവിതം വരയ്ക്കുകയാണ് ലിനീഷ്. ചക്രക്കസേരയില്‍ മുന്നോട്ടുപോകുന്ന ജീവിതത്തിന് വര്‍ണവും രൂപവും പകരാനാണ് ഈ യുവ ചിത്രകാരന്റെ പരിശ്രമം. ചിത്രരചനയോടൊപ്പം ചിത്രരചന പരിശീലിപ്പിക്കല്‍, പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കല്‍, താനിഷ്ടപ്പെടുന്നവരുടെ പോര്‍ട്രെയ്റ്റുകള്‍ വരച്ച് സമ്മാനിക്കല്‍ എന്നുവേണ്ട ജന്മനാലുള്ള ശാരീരിക പരിമിതിയെ അവഗണിച്ചും വെല്ലുവിളിച്ചും കലാലോകത്ത് തന്റേതായ ഒരിടം സൃഷ്ടിക്കുകയാണ് കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശിയായ ഈ ഇരുപത്തെട്ടുകാരന്‍.

ലിനീഷ്

ലിനീഷ്

പത്താംക്ളാസ് പൂര്‍ത്തിയാക്കിയശേഷം കംപ്യൂട്ടര്‍ പഠനവും കഴിഞ്ഞാണ് ലിനീഷ് ചിത്രംവരയില്‍ ഡിപ്ളോമയെടുത്തത്. പെന്‍സില്‍ ഡ്രോയിങ്ങിനോടും ജലച്ചായത്തോടുമാണ് കൂടുതല്‍ കമ്പം. ഗ്ളാസ് പെയ്ന്റിങ്ങും ചെയ്യുന്നു. പോര്‍ട്രെയ്റ്റുകള്‍ മിക്കവാറും പെന്‍സില്‍ കൊണ്ടാണ് വരയ്ക്കുന്നത്. സുരേഷ്ഗോപി ഉള്‍പ്പെടെ പ്രമുഖ സിനിമാതാരങ്ങളുടെയും ചരിത്രപുരുഷന്മാരുടെയും പോര്‍ട്രെയ്റ്റുകള്‍ വരച്ചിട്ടുണ്ട്. പലതും നേരിട്ട് താരങ്ങള്‍ക്ക് സമ്മാനിച്ചിട്ടുമുണ്ട്. ലിനീഷ് വരച്ച സ്വാമി വിവേകാനന്ദന്റെ ചിത്രം കവടിയാര്‍ കൊട്ടാരത്തിലെ ചുമരിലുണ്ട്. പെന്‍സിലിന്റെ ചെറുവരകളിലൂടെ ഇരുളും വെളിച്ചവും പല അടരുകളില്‍ പകുത്ത് മുഖചിത്രം വരയ്ക്കുമ്പോള്‍ രചനാപരമായി തന്റേതായ കൈയൊപ്പ് ഈ ചിത്രങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ലിനീഷിന് കഴിയുന്നു. ജലച്ചായത്തിലെഴുതുന്നത് ഏറെയും പ്രകൃതിചിത്രങ്ങളാണ്. പരിമിതികളില്ലാതെ പറക്കുന്ന ഭാവന ഈ പരമ്പരചിത്രങ്ങളിലെ വര്‍ണധാരാളിത്തത്തില്‍ പ്രകടം. മികച്ച സ്റ്റില്‍ മാതൃകാപഠനങ്ങളും ലിനീഷിന്റേതായുണ്ട്.

ചിത്രകലാ അധ്യാപകനും ഗുരുവുമായ വിനോദ് പട്ടാണിപ്പാറയുടെയും സുഹൃത്തുക്കളുടെയും പ്രോത്സാഹനമാണ് ലിനീഷിനെ ചിത്രകാരനായി തുടരാന്‍ പ്രേരിപ്പിച്ചത്. ലോകം അറിയുന്ന ചിത്രകാരനായി മാറണമെന്നതാണ് ലിനീഷിന്റെ ആഗ്രഹം. അതിനായി ലിനീഷ് ചിത്രങ്ങള്‍ വരച്ചുകൊണ്ടേയിരിക്കുന്നു. ഇപ്പോള്‍ ഉപജീവനമാര്‍ഗമായും ചിത്രരചന മാറി. ആവശ്യപ്രകാരം പോര്‍ട്രെയ്റ്റുകള്‍ ചെയ്തുകൊടുക്കുന്നു. സുഹൃത്തുക്കളില്‍നിന്നെല്ലാം അതിനുള്ള ഓര്‍ഡര്‍ കിട്ടുന്നു. മറ്റ് കമേഴ്സ്യല്‍ ജോലികളും ചെയ്യുന്നുണ്ട്. ഇതോടൊപ്പം രണ്ട് സ്ഥാപനങ്ങളില്‍ ചിത്രകലാ അധ്യാപകനായും പ്രവര്‍ത്തിക്കുന്നു. അതിലൊന്ന് ലിനീഷിന്റെ സ്വന്തമാണ്. കല്‍പ്പത്തൂരില്‍ കഴിഞ്ഞവര്‍ഷമാണ് കലാമന്ദിരം എന്ന പേരില്‍ കുട്ടികളെ ചിത്രംവര പരിശീലിപ്പിക്കുന്ന സ്ഥാപനം തുറന്നത്. നടക്കാന്‍ പ്രയാസമുണ്ടെങ്കിലും രണ്ടിടത്തും ലിനീഷ് സ്വന്തം ഇരുചക്രവാഹനമോടിച്ചോ മറ്റു വാഹനങ്ങളെ ആശ്രയിച്ചോ കൃത്യമായി എത്തിച്ചേരും. കലാമന്ദിരത്തിലെ കുട്ടികളെ അടുത്തിടെ കോഴിക്കോട് ചിത്രരചനാമത്സരത്തില്‍ പങ്കെടുപ്പിക്കാന്‍ കൊണ്ടുവന്നതും സ്വന്തം മനക്കരുത്തില്‍ത്തന്നെ.

ഈ വര്‍ഷം കോഴിക്കോട്ട് നടക്കുന്ന ഗ്രൂപ്പ് എക്സിബിഷനിലേക്ക് ലിനീഷിന്റെ രണ്ടുചിത്രങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്. അക്രിലിക് ചായത്തില്‍ അതിനുള്ള ചിത്രങ്ങള്‍ ചെയ്യാനുള്ള ഒരുക്കങ്ങളിലാണിപ്പോള്‍. മുമ്പ് തിരുവനന്തപുരത്തും കോഴിക്കോട്ടും പ്രദര്‍ശനങ്ങള്‍ നടത്തിയിരുന്നു. ഇതിനിടെ മലയാളത്തിലെ ഒരു പ്രമുഖ ചാനല്‍ റിയാലിറ്റി ഷോയില്‍ അതിഥിയായും ലിനീഷ് പങ്കെടുത്തു. ജീവിതത്തില്‍നിന്ന് പിന്‍മടങ്ങാന്‍മാത്രം പ്രേരിപ്പിക്കുന്ന ഇല്ലായ്മകളെ ക്രിയാത്മകമായി എതിരിടാനുള്ള ലിനീഷിന്റെ കരുത്താണ് അതിന് വഴിതുറന്നത്. രണ്ട് ജ്യേഷ്ഠന്മാരും അമ്മയും അനുജത്തിയുമടങ്ങുന്ന കുടുംബത്തില്‍ തന്റെ കാര്യങ്ങളെങ്കിലും സ്വന്തം നിലയില്‍ നിര്‍വഹിക്കാനാണ് ലിനീഷിന്റെ ശ്രമം. ജന്മനാ കൈവന്ന ചിത്രരചനാവാസനയിലൂടെ അതിനാകുമെന്ന് ലിനീഷ് വിശ്വസിക്കുന്നു. അല്ല, ഉറച്ചുവിശ്വസിക്കുന്നു. എന്നെങ്കിലും ലോകം അറിയുന്ന ചിത്രകാരനായി അറിയപ്പെടുമെന്നും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top