20 April Saturday

നിറങ്ങളിലാടി വരനടനം

സതീഷ്ഗോപിUpdated: Thursday Oct 5, 2017
വേദിയിൽ ലീജാലക്ഷ്മണന്റെ ഭരതനാട്യ ചുവടുകൾ പൂർത്തിയാകുന്നതിനൊപ്പം ക്യാൻവാസിൽ വിരിയുന്നത് മനോഹരമായ ചിത്രം. വരനടനമെന്ന് പേരിട്ട അപൂർവ കലാസംയോഗമാണ് ലീജയുടെ പുതുപരീക്ഷണം. നൃത്ത ഗണപതിയെയും മറ്റും വർണിച്ചുള്ള ചുവടുകൾ അവസാനിക്കുമ്പോൾ ആനന്ദഗണപതിയുടെ ചിത്രവും പൂർത്തിയാകും. പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യം വിവരിക്കുന്ന നൃത്തശിൽപങ്ങളും ലീജ പലവേദിയിലും അവതരിപ്പിച്ചിട്ടുണ്ട്.
 
പയ്യന്നൂർ കണ്ടോത്ത് കോത്തായിമുക്കിലെ മാരുതി ഓട്ടോ വർക്‌സ് ഉടമ ടി വി ലക്ഷ്മണന്റെയും കെ വി ബിന്ദുവിന്റെയും മകളായ ലീജ നൃത്തത്തിലും ചിത്രകലയിലും ഒരേപോലെ മിടുക്കിയാണ്. കുട്ടിക്കാലം മുതൽ ചിത്രകലയുടെ ലോകത്താണ് ലീജ. നാലിൽ പഠിക്കുമ്പോൾ ഒയിസ്‌ക ഇന്റർനാഷണൽ അവാർഡ് നേടി.

പയ്യന്നൂർ നഗരസഭ മാനവീയം ചിത്രമേള സ്വർണമെഡൽ, പി ആർ കുറുപ്പ് സ്മാരക സ്വർണമെഡൽ, പാണ്ട്യാല ഗോപാലൻ സ്മാരക സ്വർണമെഡൽ, വിശ്വകല സ്വർണമെഡൽ, 2006ൽ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ മികച്ച പെയിന്റിങ്ങിനുള്ള പുരസ്‌കാരം, 2008ൽ ഡിജിറ്റൽ പെയിന്റിങ്ങിൽ സംസ്ഥാന മെഡൽ, 2009ൽ കേന്ദ്രസർക്കാരിന്റെ ദേശീയ പുരസ്‌കരം, യൂണിവേഴ്‌സൽ ആർട്‌സിന്റെ മികച്ച ബാല ചിത്രകാരിക്കുള്ള സ്വർണമെഡൽ, യുഎൻ ഇന്റർനാഷണൽ ഡേ പോസ്റ്റർ രചനയിൽ ദേശീയ പുരസ്‌കാരം കൂടാതെ സ്‌കൂൾ കലോത്സവങ്ങളിലെ അംഗീകാരങ്ങളും നിരവധിയാണ്. ലീജാലക്ഷ്മണന്റെ കലാസപര്യയിൽ എന്നും അംഗീകാരങ്ങളുടെ തിളക്കം. 
 
തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളേജ് അപ്ലൈഡ് ആർട് വകുപ്പിലാണ് ബിഎസ്എ  ബിരുദപഠനം ഡിസ്റ്റിങ്ഷനോടെ പൂർത്തിയാക്കിയത്. കണ്ണൂർ സർവകലാശാലയിൽനിന്ന് ഭരതനാട്യത്തിൽ പിജി പൂർത്തിയാക്കി. പിജി പൂർത്തിയാക്കിയശേഷമാണ് ചിത്രകലയെയും നൃത്തത്തെയും സംയോജിപ്പിച്ചുള്ള അവതരണം ആരംഭിച്ചത്. നൃത്തത്തിലെ പദങ്ങൾ ആടിത്തീർക്കുന്നതിനൊപ്പം പെയിന്റിങ്ങും വേദിയിൽ അവതരിപ്പിക്കുന്നതാണ് രീതി. പരിസ്ഥിതി പ്രവർത്തകർ ഏഴിമലയിലേക്ക് നടത്തിയ പഠനയാത്രയുടെ അവസാനമാനം നടത്തിയ വരനടനവും കടൽതീരത്ത് നടത്തിയ ചിത്രനൃത്തവും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. 

ബ്രഷ് ഉപയോഗിക്കാതെയാണ് ഇത്തരം ചിത്രം പൂർത്തിയാക്കുന്നതെന്നാണ് വിസ്മയം. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ കീശയിൽ സൂക്ഷിക്കാവുന്ന ചെറിയ സഞ്ചിയും ലീജ രൂപകൽപ്പന ചെയ്തിട്ടുണ്ട്. എണ്ണച്ചായം, ചാർക്കോൾ തുടങ്ങിയ മാധ്യമങ്ങളിലാണ് രചന. മ്യൂറൽ, പെൻസിൽ ഡ്രോയിങ്ങ്, ചെണ്ടവാദനം എന്നിവയും ലീജയ്ക്ക് വഴങ്ങും. കരകൗശലവിദ്യകൾ, ഫോട്ടോഗ്രാഫി എന്നിവയിലും ഈ യുവകലാകാരി കൈയ്യൊപ്പ് ചാർത്തിയിട്ടുണ്ട്. .                                                                                                                                                                                                         
വരയിൽ സുരേഷ് പുഞ്ചക്കാട്, നൃത്തത്തിൽ എൻ വി കൃഷ്ണൻ, സീത ശശിധരൻ, ലത എടവലപ്പ്, കലാക്ഷേത്ര വിദ്യാലക്ഷ്മി എന്നിവരാണ് ലീജയുടെ ഗുരുസ്ഥാനീയർ. കണ്ണൂർ സർവകലാശാലയുടെ ബഹുമുഖപ്രതിഭയ്ക്കുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്. ചിത്രപ്രതിഭയുമായിരുന്നു. ഇപ്പോൾ നൃത്തശിൽപങ്ങൾ സംവിധാനം ചെയ്യുകയാണ്. അടുത്തിടെ ആയുഷ്‌വകുപ്പിന്റെ യോഗാ പ്രചാരണവുമായി ബന്ധപ്പെട്ട് കണ്ണൂർ സർവകലാശാല എൻഎസ്എസ് വിഭാഗം സംഘടിപ്പിച്ച ഫ്‌ളാഷ്‌മോബ് ചിട്ടപ്പെടുത്തിയത് ലീജയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top