19 April Friday

പോരാളിയുടെ വര്‍ണങ്ങള്‍

എം എസ് അശോകന്‍Updated: Sunday Sep 4, 2016

അമേരിക്കന്‍ ചിത്രകാരി മറീന ഡെബ്രിസ് പരിസ്ഥിതി മലിനീകരണത്തിനെതിരെ ചിത്രകലയെ ഉപജീവിച്ച് നടത്തുന്ന കലാവതരണങ്ങളിലൊന്ന് കടലോരത്തടിഞ്ഞ പാഴ്വസ്തുക്കള്‍ ഉപയോഗിച്ച് തയ്യാറാക്കിയ വസ്ത്രങ്ങളണിഞ്ഞുള്ള ഫാഷന്‍ ഷോയായിരുന്നു. പരിസ്ഥിതി അവബോധം വളര്‍ത്തുന്ന ഇത്തരം പ്രകടനങ്ങളിലൂടെ കലാപഠനത്തെയും ആസ്വാദനത്തെയും പ്രോത്സാഹിപ്പിക്കാനുള്ള ശ്രമംകൂടിയാണ് ലോകശ്രദ്ധയാകര്‍ഷിച്ച അവരുടെ പ്രവര്‍ത്തനങ്ങളിലുള്ളത്. ചിത്രരചനയെയും കലാപ്രവര്‍ത്തനങ്ങളെയും സാമൂഹ്യതിന്മകള്‍ക്കെതിരായ ആയുധമായി ഉപയോഗിച്ചതിന്‍റെ ഇത്തരം ഉദാഹരണങ്ങള്‍ ഏറെ. സാമൂഹ്യപ്രതിബദ്ധതയിലൂന്നി കലാകാരന്മാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മറ്റേതൊരു മാധ്യമത്തിലൂടെ നടത്തുന്ന പ്രവര്‍ത്തനങ്ങളേക്കാളും തീര്‍ച്ചയും മൂര്‍ച്ചയും കാഴ്ചവയ്ക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

മലപ്പുറം എടവണ്ണ ചാത്തല്ലൂര്‍ സ്വദേശി മഹേഷ് എന്ന യുവ ചിത്രകാരന്‍റെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് മൂര്‍ച്ചയേറുന്നത് അദ്ദേഹം തന്‍റെ രചനകളിലൂടെ ഉന്നമിടുന്ന ലക്ഷ്യത്തിന്‍റെ പ്രാധാന്യത്തിലാണ്. ഔപചാരികമായി ചിത്രകലാപഠനം നടത്തിയിട്ടില്ലാത്ത മഹേഷ് സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയ ലഹരിവിപത്തിനെതിരെ 15 വര്‍ഷത്തിലേറെയായി വര്‍ണങ്ങളെയും വരകളെയും ആയുധമാക്കുകയാണ്. ജീവിതത്തില്‍ തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് യുദ്ധം. ലഹരിക്കെതിരെ കലാമൂല്യം ചോരാത്ത ചിത്രങ്ങളും പോസ്റ്ററുകളും കൂറ്റന്‍ ക്യാന്‍വാസില്‍ ജനപങ്കാളിത്തത്തോടെയുള്ള രചനകളും നടത്തിവരുന്നു. സ്കൂളുകളും കോളേജുകളും പൊതുനിരത്തുകളുമൊക്കെയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. തലമുറകളെ ഇല്ലാതാക്കുന്ന മാരകവിപത്തിനെതിരായ യുദ്ധത്തില്‍ മഹേഷ് അണിനിരത്തുന്ന വര്‍ണങ്ങള്‍ക്കും കാഠിന്യമുണ്ട്. അക്രിലിക്കിലും ഫ്ളൂറസന്‍റ് ചായത്തിലുമെഴുതിയ ചിത്രങ്ങള്‍ പൊതുശ്രദ്ധയെയും ജാഗ്രതയെയും എളുപ്പത്തില്‍ ചിത്രങ്ങളിലേക്കെന്നപോലെ അവയുടെ സന്ദേശത്തിലേക്കും ആകര്‍ഷിക്കുന്നതാണ്. ലഹരിവിപത്ത് വേരുകളാഴ്ത്തിയ മാരക കാഴ്ചകളെ ചിത്രഭാഷയുടെ ശക്തിചോരാതെ കാണിയുടെ കണ്ണിലേക്കും ബോധത്തിലേക്കും സന്നിവേശിപ്പിക്കാന്‍ ആ ചിത്രങ്ങള്‍ക്ക് കഴിയുന്നു. ലഹരിയുടെ പൊടിപടലംമൂടാത്ത നന്മയുടെ നാളേക്കായുള്ള പ്രതീക്ഷകള്‍ മഹേഷിന്‍റെ രചനകളെ ഊഷ്മളാനുഭവമാക്കുന്നു.

മഹേഷ്

മഹേഷ്

കെഎസ്ഇബി നിലമ്പൂര്‍ സബ്സ്റ്റേഷനിലെ ജീവനക്കാരനാണ് മഹേഷ്. ജോലിത്തിരക്കിനിടയില്‍നിന്നാണ് മഹേഷ് തന്‍റെ ചിത്രരചനയ്ക്കും ബോധവല്‍ക്കരണപ്രവര്‍ത്തനത്തിനും സമയം കണ്ടെത്തുന്നത്. താന്‍ ഏറ്റെടുത്തിട്ടുള്ള ദൗത്യത്തിന്‍റെ വ്യാപ്തി തിരിച്ചറിഞ്ഞ് കേരളത്തിനു പുറത്തും  ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതുവരെ നൂറിലേറെ പ്രദര്‍ശനങ്ങള്‍ നടത്തിക്കഴിഞ്ഞു. ഡല്‍ഹിയില്‍ ഏകതാ പരിഷത്തിന്‍റെ സമ്മേളനത്തില്‍ ശ്രദ്ധയാകര്‍ഷിച്ച പ്രദര്‍ശനമാണ് മഹേഷ് നടത്തിയത്. ഈ വര്‍ഷം സര്‍വോദയ സമാജ് ഇന്‍റര്‍നാഷണലിന്‍റെ സമ്മേളനത്തിലും മഹേഷ് തന്‍റെ സംസാരിക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. തത്സമയ രചനകള്‍ നടത്തി പുതിയൊരു അവബോധം വളര്‍ത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. തെരഞ്ഞെടുത്ത നൂറ് കേന്ദ്രങ്ങളാണ് ഇതിന് വേദിയാകുക. ഇതുവരെ പതിനഞ്ചോളം സ്ഥലങ്ങളില്‍ വന്‍ ജനപങ്കാളിത്തത്തോടെ തത്സമയരചന നടത്താന്‍ കഴിഞ്ഞതായി മഹേഷ് പറഞ്ഞു.

മഹേഷ് നടത്തിവരുന്ന ചിത്രകലാപ്രവര്‍ത്തനത്തിനും പ്രചാരണപരിപാടികള്‍ക്കും ദേശീയതലത്തില്‍ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംസ്ഥാന റൂറല്‍ ഡെവലപ്മെന്‍റ് കോഓര്‍ഡിനേഷന്‍ പുരസ്കാരം, സര്‍വോദയ സമാജ് പുരസ്കാരം എന്നിവ അതില്‍ ചിലത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top