16 April Tuesday
അന്താരാഷ്ട്ര നാടകോത്സവം 20 മുതൽ

ഇറ്റ്ഫോക് 2020ൽ 19 നാടകങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Jan 4, 2020


തൃശൂർ
പന്ത്രണ്ടാമത് അന്താരാഷ്ട്ര നാടകോത്സവം  (ഇറ്റ്‌ഫോക്‌–-2020)  20ന്‌ തൃശൂരിൽ ആരംഭിക്കുമെന്ന്‌  സംഗീത നാടക അക്കാദമി ചെയർപേഴ്സൺ കെപിഎസി ലളിത വാർത്താസമ്മേളനത്തിൽ പറഞ്ഞു.  20ന്‌ വൈകിട്ട്‌ അഞ്ചിന്‌  മന്ത്രി എ കെ ബാലൻ   ഉദ്‌ഘാടനം ചെയ്യും. ‘ഇമാജിനിങ് കമ്യൂണിറ്റീസ്’  ആണ്  ഇറ്റ്ഫോക്കിന്റെ പ്രമേയം.  29 വരെ പത്തുദിവസം സംഗീത നാടക അക്കാദമിയിൽ നടക്കുന്ന നാടകേത്സവത്തിൽ 19  നാടകങ്ങൾ അരങ്ങേറും. അന്താരാഷ്ട്ര വിഭാഗത്തിൽ ഓസ്‌ട്രേലിയ, യു കെ, ഇറാൻ, ബ്രസീൽ, നോർവേ, പോളണ്ട് എന്നീ രാജ്യങ്ങളിൽനിന്നായി ഏഴു നാടകങ്ങളാണുള്ളത്. ദേശീയ വിഭാഗത്തിൽ ബംഗളൂരു, ഹൈദരാബാദ്, ഭോപ്പാൽ, ഗോവ, ജയ്‌പുർ, പുണെ എന്നിവിടങ്ങളിൽ നിന്നായി ആറു നാടകങ്ങളുമുണ്ട്. ആറു  മലയാള നാടകങ്ങളും മേളയുടെ ഭാഗമാണ്.

സംവിധായകനും  ഇന്റർ മീഡിയ ആർട്ടിസ്റ്റുമായ അമിതേഷ്‌ ഗ്രോവറാണ്  ഫെസ്റ്റിവൽ ഡയറക്ടർ. നാടകോത്സവത്തിന്‌ സംസ്ഥാന സർക്കാർ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്‌.

നാടകോത്സവത്തിനുള്ള ഓൺലൈൻ ടിക്കറ്റ് ബുക്കിങ്‌  ഏഴിന്‌ തുടങ്ങും. ഇറ്റ്‌ഫോക് ഔദ്യോഗിക വെബ്സൈറ്റായ  http://theatrefestivalkerala.com ലൂടെ ആണ്‌ ഓൺലൈൻ ടിക്കറ്റുകൾ ലഭിക്കുക. ഇതുകൂടാതെ ഓരോ നാടകം ആരംഭിക്കുന്നതിനു അര മണിക്കൂർ മുമ്പ്‌ ബോക്സ്‌ഓഫീസിലുടെയും ടിക്കറ്റുകൾ ലഭിക്കും.
സെമിനാറുകൾ, പെർഫോമൻസ് പോയട്രി , നാടകവുമായി ബന്ധപ്പെട്ട സിനിമകളുടെ പ്രദർശനം എന്നിവയു
മുണ്ടാകും.

അന്തരാഷ്ട്ര നാടകോത്സവത്തിന്റെ ഭാഗമായി  സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയ അഞ്ചാമത് അമ്മന്നൂർ പുരസ്‌കാരം എഴുത്തുകാരിയും  നാടക നിരൂപകയുമായ ശാന്ത ഗോഖലേക്ക് സമ്മാനിക്കും. മൂന്നു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വാർത്താസമ്മേളനത്തിൽ നാടകോത്സവത്തിന്റെ  പോസ്റ്ററിന്റെ പ്രകാശനം അക്കാദമി ചെയർപേഴ്‌സൻ നിർവഹിച്ചു.

അക്കാദമി സെക്രട്ടറി എൻ രാധാകൃഷ്ണൻ നായർ, വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്, ഫെസ്റ്റിവൽ കോ–-ഓർഡിനേറ്റർ ജലീൽ ടി കുന്നത്ത് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top