24 April Wednesday

വരയില്‍ വിസ്മയമാകാന്‍

എം എസ് അശോകന്‍Updated: Sunday Sep 3, 2017

ഐടി രംഗത്തെ ജോലി ഉപേക്ഷിച്ച് ചിത്രകലയില്‍ മുഴുകുന്ന കലാകാരനാണ് കണ്ണൂര്‍ ഇരിട്ടി സ്വദേശി സനൂജ്. ബംഗളൂരുവിലെ ഐടി സ്ഥാപനത്തില്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്ററായി മൂന്നുവര്‍ഷം ജോലി ചെയ്ത സനൂജ്, ജോലിത്തിരക്കുകള്‍ക്കിടയിലും കുട്ടിക്കാലംമുതല്‍ ഒപ്പമുള്ള ചിത്രകലയെ കൈവിടാതെ കൂടെക്കൂട്ടിയിരുന്നു. അഞ്ചുമാസംമുമ്പ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയശേഷം വരയില്‍മാത്രമാണ് ശ്രദ്ധ. ആറുമാസത്തിനുള്ളില്‍ നടത്താനാഗ്രഹിക്കുന്ന പ്രദര്‍ശനത്തിന് ആവശ്യമായ ചിത്രങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് ഇപ്പോള്‍.


ചിത്രം വര എവിടെയും പോയി പഠിച്ചിട്ടില്ല. മട്ടന്നൂര്‍ പോളിടെക്നിക്കില്‍ ചേര്‍ന്ന് ഇലക്ട്രോണിക്സാണ് പഠിച്ചത്. ക്യാമ്പസില്‍നിന്നുതന്നെ സെലക്ഷന്‍ കിട്ടി ബംഗളൂരുവിലെ കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു. ഐടി രംഗത്തെ ജോലി മറ്റൊന്നും ചെയ്യാന്‍ സമയം ബാക്കിവച്ചില്ല. എങ്കിലും ചിത്രംവരയിലെ താല്‍പ്പര്യം കളഞ്ഞില്ല. ചിത്രരചന പഠിക്കാന്‍ ആഗ്രഹിച്ചെങ്കിലും വീട്ടിലെ സാഹചര്യങ്ങള്‍ അതിന് അനുകൂലമായിരുന്നില്ലെന്ന് സനൂജ് പറഞ്ഞു. താല്‍പ്പര്യംകൊണ്ടുമാത്രമാണ് കുട്ടിക്കാലംമുതല്‍ ചിത്രം വരച്ചിരുന്നത്. ബംഗളൂരുവിലെ ജോലിക്കിടെ ചിത്രകലാ പരിഷത്തുമായി അടുപ്പം പുലര്‍ത്തിയത് ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധിക്കാന്‍ പ്രേരിപ്പിച്ചു. അവിടെ നടക്കുന്ന പ്രദര്‍ശനങ്ങള്‍ കണ്ടും കലാകാരന്മാരുമായി ഇടപെട്ടും വരയില്‍നിന്ന് അകലാതെ നിന്നു. തുടര്‍ന്നാണ് ഐടി രംഗത്തെ ജോലി ഉപേക്ഷിച്ച് ചിത്രകലയുമായിമാത്രം കൂട്ടുകൂടാന്‍ തീരുമാനമെടുത്തത്. സുഹൃത്തുക്കളുടെ പിന്തുണ ധൈര്യം പകര്‍ന്നെന്ന് സനൂജ് പറഞ്ഞു.


ചാര്‍ക്കോളും ഗ്രാഫൈറ്റുമാണ് പ്രധാന രചനാമാധ്യമം. പ്രമുഖ വ്യക്തികളുടെ പോര്‍ട്രെയ്റ്റുകള്‍ വരയ്ക്കുന്നതിലായിരുന്നു പ്രധാന ശ്രദ്ധ. കറുപ്പും വെളുപ്പും ശ്രദ്ധയോടെ പകുത്തും ഇണക്കിച്ചേര്‍ത്തും ഇത്തരം നിരവധി ചിത്രങ്ങള്‍ ഇതിനിടെ വരച്ചു. മുഖഭാവങ്ങളെയും വ്യക്തിസ്വഭാവത്തിലെ സവിശേഷതകളെയും പ്രതിഫലിപ്പിക്കും വിധമാണ് സനൂജിന്റെ രചന. മുഖചിത്രങ്ങള്‍ക്കുപിന്നിലെ സന്ദര്‍ഭങ്ങളുടെ പ്രാധാന്യത്തെയും കറുപ്പിലും വെളുപ്പിലും ചാരുതയോടെ ചിത്രീകരിച്ച രചനകളുമുണ്ട്. വര്‍ണങ്ങളില്‍ ചിത്രം വരയ്ക്കാനാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. കളര്‍ പെന്‍സിലുകള്‍ പോര്‍ട്രെയ്റ്റ് രചനയ്ക്ക് ഉപയോഗിച്ചിരുന്നു. പോര്‍ട്രെയ്റ്റുകള്‍ അളവും കണക്കും നിഷ്കര്‍ഷിച്ചും അല്ലാതെയും വരയ്ക്കാറുണ്ട്.


ചിത്രകാരനെന്ന നിലയില്‍ പോര്‍ട്രെയ്റ്റ് രചനയും മറ്റു കമീഷന്‍ വര്‍ക്കുകളും ചെയ്ത് ഭാവി കരുപ്പിടിപ്പിക്കാനാണ് ശ്രമം. ബംഗളൂരു ചിത്രകലാ പരിഷത്തിലാണ് ആദ്യപ്രദര്‍ശനം നടത്താന്‍ ആഗ്രഹം. കുറച്ച് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി. പേപ്പറില്‍ ചാര്‍ക്കോളും കളര്‍ പെന്‍സിലും ഗ്രാഫൈറ്റുമൊക്കെ ഉപയോഗിച്ച് ലാന്‍ഡ് സ്കേപ്പുകളും വ്യത്യസ്ത പോര്‍ട്രെയ്റ്റുകളുമൊക്കെ വരച്ചു. 20 ചിത്രങ്ങള്‍ ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നാണ് തീരുമാനിച്ചിട്ടുള്ളതെന്നും സനൂജ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top