16 April Tuesday

നെറ്റിക്കൊമ്പന്മാരുടെ കാലം

കെ ഗിരീഷ്Updated: Sunday Jul 3, 2016

എല്ലാവര്‍ക്കും കൊമ്പും കുളമ്പും മുളയ്ക്കുന്ന വല്ലാത്തൊരു കാലമുണ്ട്. ചരിത്രത്തില്‍ പല ദേശവും ഈ കാലത്തിലൂടെ കടന്നുപോയിട്ടുമുണ്ട്. നാമറിയാതെ നമ്മുടെ ഉള്ളിലും ഒരു കാണ്ടാമൃഗം വളരുന്നുവെന്ന് ഇടയ്ക്കിടെ ഓര്‍മിപ്പിക്കല്‍ ഫാസിസത്തിന്റെ കാലത്ത് പ്രതിരോധരാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. എങ്ങനെയാണ് മനുഷ്യനെ പരിണാമത്തിന് വിധേയമാക്കുന്നതെന്നാണ് ഫാസിസ്റ്റുകള്‍ ചിന്തിച്ചുകൊണ്ടേയിരിക്കുന്നത്. അതൊരു മനഃശാസ്ത്ര പ്രയോഗംകൂടിയാണ്. നാമറിയാതെ നമ്മുടെയുള്ളില്‍ ഒരു മൃഗത്തെ ഊട്ടിവളര്‍ത്തുക. എല്ലാ നന്മകളെയും തുടച്ചുമാറ്റുക. കണ്ടുനില്‍ക്കെ മുന്നിലുള്ളവരെല്ലാം നെറ്റിയില്‍ കൊമ്പും കണ്ണില്‍ ക്രൌര്യവുമുള്ള മൃഗങ്ങളായി മാറുക. ഇതൊക്കെത്തന്നെയാണ് നമുക്കു മുന്നിലും നടക്കുന്നത്. സമൂഹത്തെ നേര്‍വഴിയിലേക്ക് കൈപിടിക്കുമെന്ന് നാം വെറുതെ മോഹിക്കുന്ന പണ്ഡിതരും ജ്ഞാനികളും കാണ്ടാമൃഗങ്ങള്‍ക്കൊപ്പം ചേര്‍ന്നുനില്‍ക്കുന്നു. ആക്രമണങ്ങള്‍ക്ക് പാരമ്പര്യത്തിന്റെയും ചരിത്രത്തിന്റെയും പിന്‍ബലമുണ്ടാക്കാന്‍ നുണകള്‍ ചമയ്ക്കുന്നു. കവിതയും ലേഖനവും ചമയ്ക്കുന്നു. അതേ, സാംസ്കാരിക കാണ്ടാമൃഗങ്ങളാണ് തലച്ചോറിനെ വാര്‍ത്തെടുക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നത്.

നെറ്റിയില്‍ കൊമ്പുള്ള കാണ്ടാമൃഗങ്ങളായി പരിണമിക്കുന്ന മനുഷ്യരുടെ കാലത്തിലൂടെ കടന്നുപോകുന്ന സമൂഹങ്ങളെയാണ് യൂജിന്‍ അയനസ്കോയുടെ വിഖ്യാതനാടകം 'റൈനോസറസ്' ചൂണ്ടിക്കാണിച്ചത്.

ഫാസിസ്റ്റ് ഭീകരതയുടെ കൈയിലേക്ക് വഴുതിവീണ എല്ലാ സമൂഹത്തിലും ഈ നാടകത്തിന്റെ അവതരണങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ സമകാലീന ഇന്ത്യന്‍ സാഹചര്യത്തോട് ചേര്‍ത്തുവച്ചുകൊണ്ട് സൂര്യഗ്രാമം നാടകവീട് 'കാണ്ടാമൃഗം' എന്ന നാടകം രംഗത്തെത്തിച്ചു. അയനസ്കോയുടെ നാടകത്തിന് ജോയ് മാത്യു നടത്തിയ സ്വതന്ത്രഭാഷ്യമാണ് നാടകവീട് സ്വീകരിച്ചത്.

സോബി സൂര്യഗ്രാമം

സോബി സൂര്യഗ്രാമം

അഭയന്‍, ഡാനിയേല്‍, ബഷീര്‍, സുഗുണന്‍, വര്‍മാജി തുടങ്ങിയ കഥാപാത്രങ്ങളിലൂടെയാണ് നാടകം വികസിക്കുന്നത്. ചുറ്റും കാണ്ടാമൃഗങ്ങള്‍ പെരുകുന്നതുകണ്ട് അസ്വസ്ഥനാകുന്ന അഭയന്‍ തനിക്കും കൂടെയുള്ളവര്‍ക്കുമെല്ലാം പതിയെ കൊമ്പ് മുളയ്ക്കുമ്പോഴും മനുഷ്യനായിത്തന്നെ നിലകൊള്ളുന്നു. സാംസ്കാരികപ്രവര്‍ത്തകനും കവിയുമായ വര്‍മാജിക്കുപോലും ഉള്ളില്‍ വര്‍ഗീയതയുടെ കൊമ്പ് മുളപൊട്ടുന്നുണ്ട്. അതിന്റെ പ്രകടരൂപമായിത്തന്നെ നിലകൊള്ളുന്നു സുഗുണനും ബഷീറും. അതേ, വീടിനകത്ത് ഭര്‍ത്താവും മക്കള്‍ക്കു മുന്നില്‍ അച്ഛനും കാമുകിക്കു മുന്നില്‍ കാമുകനും കാണ്ടാമൃഗമാകുന്നു. കാണ്ടാമൃഗങ്ങള്‍ നിറഞ്ഞ് നാട് സ്വാസ്ഥ്യമില്ലാത്ത ഭൂമികയാകുമ്പോഴും ആരില്ലെങ്കിലും ഞാനൊറ്റയ്ക്ക് ചെറുക്കുമെന്ന അഭയന്റെ പ്രഖ്യാപനത്തോടെയാണ് നാടകം അവസാനിക്കുന്നത്. ഈ സമയത്ത് കാണികളുടെ ചിത്രമെടുത്ത് രസിക്കുന്ന, കൊലപാതകത്തിനിടയില്‍പ്പോലും മൊബൈലില്‍ സന്ദേശമയച്ചു രസിക്കുന്ന യുവാക്കളുടെ ചിത്രംകൂടി നാടകം മുന്നോട്ടുവയ്ക്കുന്നു. അതേ, ഈ വികാരരാഹിത്യമാണ്, സഹജാതനോടുള്ള നിസ്സംഗതയാണ് നെറ്റിക്കൊമ്പന്മാരുടെ ലോകം സൃഷ്ടിക്കുന്നതെന്നുകൂടി നാടകം സ്മരിപ്പിക്കുന്നു. ഇത് വെറുതെയുണ്ടാകുന്നതല്ല, വരും തലമുറയെക്കൂടി കാണ്ടാമൃഗങ്ങളാക്കാനുള്ള ആലോചനയില്‍നിന്ന് ഉല്‍പ്പാദിപ്പിക്കപ്പെടുന്നതാണ് ഈ നിസ്സംഗതയെന്ന് നാടകം പറയാതെ പറയുന്നുമുണ്ട്. ഒപ്പം ഡാനിയേലിന്റെ പോരാളിയായ മകനിലൂടെ ഇതേ തലമുറയിലെ ന്യൂനപക്ഷമായ ധീരരെക്കൂടി നാടകം കാണിക്കുന്നു.

ഇരുപതു വര്‍ഷംമുമ്പ് ഇതേ നാടകം രംഗത്തെത്തിച്ച സോബി സൂര്യഗ്രാമം ഇപ്പോള്‍ വീണ്ടും റൈനോസറസിന് രംഗാവിഷ്കാരമൊരുക്കിയത് ഒരു രാഷ്ട്രീയാവസ്ഥയോടുള്ള മൂര്‍ച്ചയുള്ള പ്രതികരണമെന്ന നിലയിലാണ്. കാഴ്ചയുടെ ഒരു ആര്‍ഭാടവുമില്ലാതെ തികഞ്ഞ രാഷ്ട്രീയപ്രയോഗമെന്ന രീതിയില്‍ത്തന്നെയാണ് സോബിയുടെ രംഗഭാഷ്യം. അരങ്ങിലെ അലങ്കാരങ്ങളല്ല ഇക്കാലത്ത് നാടകവേദി ആവശ്യപ്പെടുന്നതെന്നുകൂടി ഈ അവതരണം പറഞ്ഞുവയ്ക്കുന്നു.

ഷാജി നിഴല്‍, കെ ജി ബാബു, ജയപ്രകാശ് കാട്ടകാമ്പാല്‍, സുനില്‍ മാത്രംകോട്ട്, മനോജ് നാരായണന്‍, സുശീല്‍ ധര്‍മന്‍, സ്മിത സോബി എന്നിവരാണ് പിന്നണിയില്‍ പ്രവര്‍ത്തിച്ചത്.

റോഷന്‍ ബാബു, സുഗതന്‍ ഞമനേങ്ങാട്, അജിത് സിദ്ധാര്‍ഥ, സാജന്‍ മാറോക്കി, പ്രസാദ് രഘുവരന്‍, ഡൊമിനിക് കൂനംമുച്ചി, രാഹുല്‍ രാധാകൃഷ്ണന്‍, ശ്യാം കളിയരങ്ങ് എന്നിവരാണ് അഭിനേതാക്കള്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top