29 March Friday

തീ കടയുന്ന ചിത്രങ്ങള്‍

എം എസ് അശോകന്‍Updated: Sunday Apr 2, 2017

മഹാപ്രപഞ്ചത്തിനുമുന്നില്‍ സ്വന്തം നിസ്സാരതയെ ആഘോഷപൂര്‍വം മറന്നുനില്‍ക്കുന്ന മനുഷ്യരെ ടി ആര്‍ ഉദയകുമാര്‍ ചിത്രീകരിക്കുന്നത് ചരിത്രപരമായ ധാരണകളുടെ പിന്‍ബലത്തോടെതന്നെയാണ്. ഉദയകുമാറിന്റെ ക്യാന്‍വാസുകള്‍ അതില്‍ കൈകാര്യം ചെയ്യുന്ന പ്രമേയംപോലെ വിസ്തൃതവുമാണ്. കാഴ്ചകളുടെ വ്യക്തത കലാകാരന്റെ തീര്‍ച്ചയുള്ള ധാരണകളെ തിളക്കമുള്ളതാക്കി മാറ്റുന്നു. കേരളത്തിനകത്തും പുറത്തും എണ്ണമറ്റ ക്യാമ്പുകളിലും പ്രദര്‍ശനങ്ങളിലും പങ്കാളിയായി ചിത്രാസ്വാദകര്‍ക്ക് പരിചിതനായ ഈ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിക്ക് ചിത്രകലയുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്തുമുണ്ട്.

മാവേലിക്കര ഫൈനാര്‍ട്സ് സ്കൂളില്‍നിന്ന് പെയിന്റിങ്ങില്‍ ഡിപ്ളോമ നേടിയ ഉദയകുമാര്‍ പത്തുവര്‍ഷത്തോളമായി സര്‍ഗാത്മകരചനയില്‍ മുഴുവന്‍സമയമുണ്ട്. അതിനുമുമ്പ് ദീര്‍ഘകാലം പ്രമുഖ പ്രസാധന സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. പുസ്തകങ്ങള്‍ക്ക് പുറംചട്ട വരയ്ക്കുന്ന ജോലിയില്‍ സ്വയം അവകാശപ്പെടാത്ത റെക്കോഡുപോലും ഉദയകുമാറിന്റെ പേരിലാകണം. ഇതുവരെ രണ്ടായിരത്തിലേറെ പുസ്തകങ്ങള്‍ക്ക് ഉദയകുമാര്‍ പുറംചട്ട വരച്ചിട്ടുണ്ട്. ഇതില്‍ കമലാദാസ് മുതല്‍ സി വി ബാലകൃഷ്ണന്‍വരെയുള്ളവരുടെ പ്രധാന രചനകള്‍ ഉള്‍പ്പെടും. പ്രമുഖ പ്രസാധന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ആ ജോലി ചെയ്തിരുന്നത്. ആ രംഗത്ത് മൂന്നുപതിറ്റാണ്ടിലേറെ പ്രവര്‍ത്തനപരിചയമുള്ള ഉദയകുമാറിന്റെ അനുഭവസമ്പത്ത് പുറംചട്ട രൂപകല്‍പ്പനയില്‍ വന്ന പരിണതിയുടെകൂടി ചരിത്രം പറയുന്നു.

ഉദയകുമാര്‍

ഉദയകുമാര്‍

ആദ്യകാലത്തെല്ലാം നോവലായാലും കഥയായാലും കവിതയായാലും അച്ചടിയിലിരിക്കുന്ന പുസ്തകം മുഴുവന്‍ വായിച്ചശേഷമാണ് പുറംചട്ട വരച്ചിരുന്നത്. അക്കാര്യത്തില്‍ പ്രസാധകനും രചയിതാവിനും ചിത്രകാരനും നിര്‍ബന്ധമുണ്ടായിരുന്നു. പുസ്തകത്തിന്റെ ഉള്ളടക്കത്തെ സാധൂകരിക്കുന്നതും വായനക്കാരനെ ആകര്‍ഷിക്കുന്നതും അതേസമയം ചിത്രണത്തിലെ മൌലികത സൂക്ഷിക്കുന്നതുമായിരുന്നു അക്കാലത്തെ പുറംചട്ട രൂപകല്‍പ്പനകളെന്ന് ഉദയകുമാര്‍ പറയുന്നു. ഇന്നിപ്പോള്‍ നിര്‍ബന്ധങ്ങള്‍ ഒന്നിലേക്ക് ചുരുങ്ങി. പുസ്തകം വില്‍ക്കാന്‍ സഹായിക്കുന്നതാകണം പുറംചട്ട എന്നതില്‍മാത്രമാണ് നിര്‍ബന്ധം. ഉള്ളടക്കവുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ അത്രയും നല്ലതെന്നുമാത്രം. അതിനെല്ലാമിണങ്ങുന്ന കംപ്യൂട്ടര്‍ ഇമേജുകളും സുലഭമായതോടെ പുസ്തകത്തെക്കുറിച്ചുള്ള വണ്‍ലൈന്‍ സൂചനയില്‍നിന്ന് ആകര്‍ഷകമായ എത്ര പുറംചട്ട വേണമെങ്കിലും രൂപപ്പെടുത്താം. ബഹുവര്‍ണ അച്ചടിയിലുണ്ടായ പുതുമകളും പുറംചട്ടകളെ പുസ്തകത്തിലെ ഉള്ളടക്കത്തേക്കാള്‍ വിലപിടിച്ചതാക്കി എന്ന് ഉദയകുമാര്‍.

വലിയ ക്യാന്‍വാസില്‍ അക്രിലിക്കിലാണ് ഉദയകുമാറിന്റെ പെയിന്റിങ്ങുകള്‍ ഏറെയും. പ്രമേയപരമായി ചിത്രങ്ങളെല്ലാം കാഴ്ചയുടെ വലിയ പനോരമതന്നെയാണ്. പുലിവേഷമിട്ട മനുഷ്യരും വെട്ടിമുറിച്ചിട്ട പൂമരങ്ങളും കരിഞ്ഞുണങ്ങിയ പച്ചപ്പുകളുമെല്ലാം ചിത്രങ്ങളില്‍ ആവര്‍ത്തിച്ചുവരുന്ന ഇമേജുകളാണ്. ഭീഷണമായ എന്തിന്റെയൊക്കെയോ സാമീപ്യം സൌമ്യനിറക്കൂട്ടുകളുടെ ആധിക്യത്തിലും കാഴ്ചയെ അസ്വസ്ഥമാക്കുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സഹവര്‍ത്തിത്വത്തേക്കാള്‍ വിരുദ്ധദ്വന്ദ്വങ്ങളിലെ വിയോജിപ്പുകളിലൂടെ പരസ്പരം തീപൂട്ടി കാത്തിരിക്കുന്നതിന്റെ വിനാശകരമായ യാഥാര്‍ഥ്യത്തിലേക്കാണ് ഉദയകുമാറിന്റെ ചിത്രക്കിനാവുകള്‍ ആസ്വാദകനെ ഉണര്‍ത്തുന്നത്.

ഈ വര്‍ഷാവസാനം കൊച്ചിയില്‍ പ്ളാന്‍ ചെയ്യുന്ന ഏകാംഗ പ്രദര്‍ശനത്തിനുള്ള രചനകളിലാണ് ഇപ്പോള്‍ ഉദയകുമാര്‍. ഹേണ്ടിങ് ഇന്‍സൈറ്റ് എന്ന പരമ്പരയിലെ ചിത്രങ്ങളാണ് ഈ പ്രദര്‍ശനത്തിലുണ്ടാകുക.

ഏറ്റുമാനൂരില്‍ പേരൂരാണ് താമസം. ഭാര്യ: മിനിമോള്‍. മക്കള്‍: ചിന്തു, ആതിര.

msasokms@gmail.com





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top