18 April Thursday

ഫാസിസ്റ്റ്കാലത്തെ അപകടമരണങ്ങള്‍

കെ ഗിരീഷ്Updated: Sunday Apr 2, 2017

ഫാസിസ്റ്റുകാലത്ത് മരണങ്ങള്‍ക്ക് രാഷ്ട്രീയമുണ്ട്. വിശേഷിച്ച് അപകടമരണങ്ങള്‍ക്കും ആത്മഹത്യകള്‍ക്കും ദുരൂഹമരണങ്ങള്‍ക്കും. കലാപങ്ങള്‍ക്കും അതിലെ കൂട്ടക്കുരുതികള്‍ക്കും രാഷ്ട്രീയമുണ്ടെന്ന് ഗുജറാത്തുള്‍പ്പെടെ തെളിയിച്ചതുമാണ്്.

1969ല്‍ ഇറ്റലിയിലെ മിലന്‍ പൊലീസ്സ്റ്റേഷനില്‍ നടന്ന ഗിസെപ്പെ പിനേലി എന്ന അരാജകവാദിയുടെ മരണം ഇത്തരത്തിലൊന്നാണ്. അയാള്‍ പങ്കാളിയല്ലാത്ത, സത്യത്തില്‍ പൊലീസുതന്നെ സൃഷ്ടിച്ച ബോംബുസ്ഫോടനത്തിലെ പ്രതിയെന്നു കാണിച്ചായിരുന്നു പിനേലിയുടെ അറസ്റ്റ്. പിന്നീട് പൊലീസ്സ്റ്റേഷനിലെ ബാല്‍ക്കണിയില്‍നിന്ന് ഇയാള്‍ വീണുമരിച്ച നിലയിലാണ് കാണപ്പെട്ടത്. ഇതിന്റെ സത്യാവസ്ഥ തേടി നടത്തിയ അന്വേഷണവും അതിലെ വെളിപ്പെടലുകളുമാണ് ദാരിയോ ഫോയുടെ എക്കാലത്തെയും മികച്ച  രാഷ്ട്രീയനാടകങ്ങളിലൊന്നായ 'അരാജകവാദിയുടെ അപകടമരണം.'

ശ്രീജിത് പൊയില്‍ക്കാവ്

ശ്രീജിത് പൊയില്‍ക്കാവ്

ലോകത്തെമ്പാടും ഒട്ടേറെ പുനര്‍വ്യാഖ്യാനവും അവതരണവും നടന്ന ഈ നാടകത്തിന് മലയാളത്തിലും നിരവധി അവതരണങ്ങളുണ്ടായിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും ശക്തമത്തായ ഒരവതരണമാണ് ഷാര്‍ജയില്‍ ഭരത് മുരളി നാടകോത്സവത്തില്‍ നടന്നത്. ഷാര്‍ജ തിയറ്റര്‍ ക്രിയേറ്റീവ് അവതരിപ്പിച്ച നാടകത്തിന് മികച്ച നാടകം, നടന്‍, സംവിധായകന്‍ എന്നീ അവാര്‍ഡുകള്‍ നേടാനായി. കേരളത്തിലും നാടകമവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്.

പൂര്‍ണമായും ഇന്ത്യനവസ്ഥയിലേക്ക് പറിച്ചുനടപ്പെട്ട നാടകം അഹമ്മദാബാദിലെ ഒരു റെയില്‍വേ തൊഴിലാളിയുടെ  മരണമാണ് പറയുന്നത്. അപകടമരണമെന്ന് പൊലീസ് വിധിയെഴുതിയ ഈ മരണം ഒരു കൊലപാതകമായിരുന്നുവെന്ന്, പൊലീസുതന്നെ നടത്തിയ ക്രൂരമായ കൊലപാതകമായിരുന്നുവെന്ന് ഒരു കിറുക്കന്‍ വേഷംമാറി വന്ന് തെളിയിക്കുകയാണ്. സര്‍ക്കസ് കൂടാരത്തിന്റെ രൂപത്തില്‍ നിര്‍മിക്കപ്പെട്ട സെറ്റിലാണ് നാടകം അരങ്ങേറുന്നത്. അതിനുള്ളില്‍ അംബേദ്കറുടെയും ഗാന്ധിയുടെയും ചിത്രം തൂങ്ങുന്ന ഒരു പൊലീസ് സ്റ്റേഷന്‍. ഒരുപക്ഷേ ഗുജറാത്തിയിലെ 'മോദിയന്‍ ജനാധിപത്യത്തിന്റെ', അതിന്റെ മറവില്‍ നടക്കുന്ന ഭയാനകമായ ഫാസിസ്റ്റുവല്‍ക്കരണത്തിന്റെ ചിത്രങ്ങളെ ഇത്രയും ശക്തമായി വരച്ചുകാണിച്ച നാടകം സമീപകാലത്ത് മലയാളത്തിലുണ്ടായിട്ടില്ല. ഒപ്പം ഗള്‍ഫ് നാടകവേദിയിലെ പതിവുശീലങ്ങളായ ലക്ഷങ്ങളുടെ വെളിച്ചത്തെയും സെറ്റിനെയും മറ്റ് ആര്‍ഭാടങ്ങളെയും നാടകം തിരസ്കരിക്കുന്നു. അതോടൊപ്പം രാഷ്ട്രീയനിലപാടിലുറച്ച് നിരന്തരം അതിനെ നവീകരിക്കുന്ന ഒരു ജനത പ്രവാസികള്‍ക്കിടയിലുണ്ടെന്നും നാടകം വെളിവാക്കുന്നു.

പുനരാഖ്യാനം, രൂപകല്‍പ്പന, ദീപവിതാനം, സംവിധാനം എന്നിവ നിര്‍വഹിച്ചത് ശ്രീജിത് പൊയില്‍ക്കാവാണ്. അഷ്റഫ് കിനാലൂര്‍,  സൈഫുദീന്‍ മാമൂട്ടി, നിധിന്‍ തിമോത്തി, അഷ്റഫ് പെരിഞ്ഞനം, ആന്‍സന്‍, ദിവ്യ കെ ജി, പ്രവീണ്‍, കിരണ്‍, ജില്‍സി എന്നിവരാണ് അരങ്ങില്‍. കല: നിസാര്‍ ഇബ്രാഹിം, ശശി വെള്ളിക്കോത്ത്. സംഗീതം: വിജു ജോസഫ്. ഗാനരചന: ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ശിഹാബുദീന്‍ പൊയ്തുംകടവ് എന്നിവര്‍ നിര്‍വഹിച്ചു. ശോഭ കരിപ്പാടത്ത് വേഷവിതാനവും അഷ്റഫ് ഖാദര്‍, അഫ്സല്‍ എന്നിവര്‍ സംഘാടനവും നിര്‍വഹിച്ചു.

girish.natika@gmail.com


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top