19 March Tuesday

'തെരുവരങ്ങി'ന് തുടക്കമായി

സ്വന്തം ലേഖികUpdated: Thursday Mar 2, 2017

കൊച്ചി > പൊതുജീവിതത്തിന്റെ നഷ്ടമാകുന്ന അടരുകള്‍ വീണ്ടെടുക്കാനും തെരുവിനെയും നാടകത്തെയും ജീവിതത്തോട് ചേര്‍ത്തുപിടിക്കാനുമുള്ള സന്ദേശവുമായി തെരുവുനാടകോത്സവം 'തെരുവരങ്ങ് 2017'ന് തുടക്കമായി. ജില്ലയില്‍ ഒരേസമയം നാലിടത്താണ് നാടകാവതരണത്തിന് തുടക്കമായത്.

എറണാകുളം പബ്ളിക് ലൈബ്രറി അങ്കണം, പനങ്ങാട് മഹാഗണപതി മൈതാനം, വടക്കന്‍ പറവൂര്‍ തത്തപ്പിള്ളി ജവഹര്‍ ആര്‍ട്സ് ക്ളബ് ആന്‍ഡ് ലൈബ്രറി അങ്കണം, കോതമംഗലം തൃക്കാരിയൂര്‍ മഹാദേവ ക്ഷേത്രമൈതാനം എന്നിവിടങ്ങളിലാണ് വൈകിട്ട് 5.30ന് തെരുവുനാടകങ്ങള്‍ അവതരിപ്പിച്ചത്.

അവതരണത്തിനു മുന്നോടിയായി എറണാകുളം പബ്ളിക് ലൈബ്രറി അങ്കണത്തില്‍ ചേര്‍ന്ന സമ്മേളനം അന്താരാഷ്ട്ര നാടകപ്രവര്‍ത്തകന്‍ പ്രൊബിര്‍ ഗുഹ  ഉദ്ഘാടനംചെയ്തു.
പ്രൊബീര്‍ ഗുഹ സംവിധാനംചെയ്ത 'ഘര്‍ വാപ്പസി കാ ഗീത്'എന്ന നാടകം സമ്മേളനത്തിനുശേഷം അവതരിപ്പിച്ചു. ജയപ്രകാശ് കുളൂരിന്റെ 'വെളിച്ചെണ്ണ', ഇണക്കം പെണ്‍കൂട്ടായ്മയുടെ 'ഇത് ജോസഫന്റെ കഥ, അന്നയുടെയും' എന്നീ നാടകങ്ങളും അരങ്ങേറി.

പനങ്ങാട് നടി സജിത മഠത്തിലും തൃക്കാരിയൂരില്‍ സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ടും പറവൂരില്‍ പി രാജീവും തെരുവരങ്ങ് ഉദ്ഘാടനംചെയ്തു. നാലുവരെ എല്ലാ ദിവസവും നാലു കേന്ദ്രങ്ങളിലും വൈകിട്ട് 5.30 മുതല്‍ മൂന്നുവീതം നാടകം അവതരിപ്പിക്കും. 12 നാടകങ്ങളാണ് തെരുവരങ്ങ് നാടകോത്സവത്തിലേക്ക് അവതരണത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. നാടകോത്സവ വേദികളില്‍ എല്ലാ ദിവസവും സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിച്ചിട്ടുമുണ്ട്.

പി ജെ ആന്റണി മെമ്മോറിയല്‍ ഫൌണ്ടേഷന്‍ ആഭിമുഖ്യത്തില്‍ ജില്ലയിലെ സാംസ്കാരിക സ്ഥാപനങ്ങളും വായനശാലകളും സംയുക്തമായാണ് ഇത്തവണ തെരുവു നാടകോത്സവത്തിന് അരങ്ങൊരുക്കിയിട്ടുള്ളത്.

തെരുവുനാടകങ്ങളെ അംഗീകരിക്കാന്‍  തയ്യാറാകണം: പ്രോബിര്‍ ഗുഹ

കൊച്ചി > സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കുന്ന തെരുവുനാടകങ്ങളെ അംഗീകരിക്കാന്‍ സര്‍വകലാശാലകളും നാടകപാഠശാലകളും അക്കാദമികളും തയ്യാറാകണമെന്ന് പ്രോബിര്‍ ഗുഹ പറഞ്ഞു. തെരുവരങ്ങിന്റെ ഭാഗമായ നാടകാവതരണങ്ങള്‍ക്ക് മുന്നോടിയായി ചേര്‍ന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരന്റെ രാഷ്ട്രീയവുമായി അടുത്തുനില്‍ക്കുന്നവയാണ് തെരുവുനാടകങ്ങള്‍. അക്കാദമികളും യൂണിവേഴ്സിറ്റികളും തെരുവുനാടകത്തെക്കുറിച്ച് ശില്‍പ്പശാലകള്‍ സംഘടിപ്പിക്കണം. പ്രൊഫഷണല്‍ നാടകവേദിയെ സീരിയല്‍, സിനിമാ രംഗത്തേക്കുള്ള ചവിട്ടുപടിയായാണ് പലരും കാണുന്നത്. തെരഞ്ഞെടുപ്പുകാലത്തുമാത്രമേ തെരുവുനാടകങ്ങള്‍ കാണാനാവൂ എന്ന സ്ഥിതി മാറണമെന്നും ഗുഹ പറഞ്ഞു.



പി ജെ ആന്റണി മെമ്മോറിയല്‍ ഫൌണ്ടേഷന്‍ പ്രസിഡന്റ് എ ആര്‍ രതീശന്‍ അധ്യക്ഷനായി. നാടകോത്സവം ഡയറക്ടര്‍ ചന്ദ്രദാസന്‍, സതീഷ് എം കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു.
തൃക്കാരിയൂരിലെ ഉദ്ഘാടന ചടങ്ങില്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദാ സലിം അധ്യക്ഷയായി. കെ പി ജയകുമാര്‍, എ വി രാജേഷ്, എന്‍ ആര്‍ രാജശേഖരന്‍, എം എന്‍ ജഗദീഷ്, എന്‍ കെ പ്രമോദ്, കെ എസ് ഷാജഹാന്‍, കെ പി ഗോപി എന്നിവര്‍ സംസാരിച്ചു. മാറ്റുവിന്‍ ചട്ടങ്ങളെ, ഫോട്ടോപ്രദര്‍ശനം, ട്രാന്‍സ്ഫോര്‍മേഷന്‍ എന്നീ നാടകങ്ങള്‍ അരങ്ങേറി. വ്യാഴാഴ്ച രാത്രി ഏഴുമുതല്‍ യൂണിഫോം, ശുദ്ധമദ്ദളം, ഇത് ജോസഫിന്റെ കഥ അന്നയുടെയും എന്നീ നാടകങ്ങള്‍ അരങ്ങേറും.
തത്തപ്പിള്ളിയിലെ ചടങ്ങില്‍ ചടങ്ങില്‍ സി കെ അനില്‍കുമാര്‍ അധ്യക്ഷനായി. പി ആര്‍ രഘു, പി പി അജിത്ത്കുമാര്‍, പി ഡി ദിഭാഷ്, എല്‍ ആദര്‍ശ്, പി രമാദേവി, പി വി ബാലന്‍, ബൈജു എന്നിവര്‍ സംസാരിച്ചു. വിവിധ ഭാഷകളിലെ 12 നാടകങ്ങളാണ് അരങ്ങേറുന്നത്. ശനിയാഴ്ച സമാപിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top