29 March Friday

നൃത്തത്തിന്റെ ഭാഷണങ്ങള്‍

ആശാ ശരത് വി കെ ജോബിഷ്Updated: Friday Jan 1, 2016

ഉടലിന്റെ കവിതയാണ് നൃത്തം. ചടുലമായ ചലനങ്ങളില്‍ മുദ്രകള്‍കൂടി കൊരുക്കുമ്പോള്‍ അഴകിന്റെ ആഴങ്ങളില്‍ ഭാവങ്ങള്‍ തെളിഞ്ഞുകാണാം. ഒരേ സങ്കേതങ്ങള്‍കൊണ്ട് ആവിഷ്കരിക്കപ്പെടുമ്പോഴും തന്റെ തന്മയെ അനന്യമായി അടയാളപ്പെടുത്തുന്ന നര്‍ത്തകികളെയാണ് കാലം ഓര്‍ത്തുവയ്ക്കുക. തന്റെ ഉടല്‍വേഗങ്ങള്‍കൊണ്ട് കൊത്തിയ അനുപമമായ നൃത്തശില്‍പ്പങ്ങളിലൂടെയാവും പിന്നിട്ട അരങ്ങ് ആശാ ശരത് എന്ന നര്‍ത്തകിയെയും ഓര്‍ക്കുക. വികാരാവിഷ്കരണത്തിനും ആശയസംവേദനത്തിനുംവേണ്ടി നടത്തുന്ന കേവലമായ അംഗചലനങ്ങളല്ല ആശാശരത്തിന് നൃത്തം. മറിച്ച്, ജീവിതം തന്നെയാണ്. തന്റെ ഉള്ള് ഇത്രയും തീവ്രമായി ആവിഷ്കരിക്കാന്‍ നൃത്തംപോലെ മറ്റൊരു മാധ്യമത്തിനും ശേഷിയില്ലെന്ന ഉറപ്പാണ് ഇപ്പോഴും പ്രണയത്തോടെയും അര്‍പ്പണബോധ  ത്തോടെയും അരങ്ങിലെത്താന്‍ ആശാ ശരത്തിനെ പ്രേരിപ്പിക്കുന്നത്. അരങ്ങിനെ തന്റെ മനസ്സിന്റെ പ്രകാശനസ്ഥലം കൂടിയായാണ് ഈ നര്‍ത്തകി കാണുന്നത്. പ്രണയവും വിരഹവും വിഷാദവും വിദ്വേഷവും ക്രോധവുമൊക്കെ ഞൊടിയിടയില്‍ മിന്നിമറയുന്ന മുഖം. ഗഹനമായ ആശയങ്ങളെ ലളിതമായി ആവിഷ്കരിക്കാനാണ് ഈ നര്‍ത്തകി എപ്പോഴും ശ്രമിക്കാറുള്ളത്. പദങ്ങളില്‍ ബന്ധിതമാക്കപ്പെട്ട പാത്രങ്ങളുടെ വികാരവിചാരങ്ങളെ അംഗോപാംഗചലന വിന്യാസത്തിന്റെ സൌന്ദര്യംകൊണ്ടും ഭാവാവിഷ്കാരത്തിന്റെ ഗരിമകൊണ്ടും മനോധര്‍മത്തിന്റെ സാധ്യതകളുപയോഗിച്ച് ആഴത്തില്‍ അനുഭവിപ്പിക്കാനുള്ള ശേഷിയാണ് നൃത്തമണ്ഡപത്തില്‍ ആശയെ ഇത്രമാത്രം സ്വീകാര്യയാക്കിയത്. ഓരോ നൃത്തശില്‍പ്പവും അരങ്ങില്‍ താന്‍തേടുന്ന പൂര്‍ണതയിലേക്കുള്ള ചുവടുകളാണ്. അതുകൊണ്ടുതന്നെ നൃത്തത്തിലുള്ള ഓരോ ചുവടും സ്വപ്നത്തിലേക്കുള്ള ചുവടുകളും കൂടിയാണ്.

ആശാ ശരത്                  ഫോട്ടോ: കെ എസ് പ്രവീണ്‍ കുമാര്‍

ആശാ ശരത് ഫോട്ടോ: കെ എസ് പ്രവീണ്‍ കുമാര്‍

 

ലാസ്യപ്രധാനമായ നൃത്തത്തിന്റെ അരങ്ങില്‍ ആശയുടെ ഉടല്‍വേഗങ്ങള്‍ക്കുള്ള സൌന്ദര്യമാണ് 1992ല്‍ ബനാറസില്‍ നടന്ന അഖിലേന്ത്യ ഡാന്‍സ് ഫെസ്റ്റില്‍ ദേശീയ അംഗീകാരത്തിലേക്ക് എത്തിച്ചത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി തുടങ്ങിയ മനോരഞ്ജകകലകളില്‍ ഒരുപോലെ മെയ്വഴക്കമുള്ളവള്‍. അമ്മയായ കലാമണ്ഡലം സുമതിടീച്ചറുടെ നാട്യാലയ എന്ന നൃത്തക്കളരിയില്‍ നിന്ന് ചുവുടുകള്‍വെച്ച് തുടങ്ങിയ ആശയിപ്പോള്‍ ദുബായിലെ ഏറ്റവും വലിയ കലാപഠനകേന്ദ്രങ്ങളിലൊന്നായ കൈരളി കലാകേന്ദ്രയുടെ സാരഥികൂടിയാണ്. വി എസ് കൃഷ്ണന്‍കുട്ടി നായരുടെയും കലാമണ്ഡലം സുമതിയുടെയും മകളായി പെരുമ്പാവൂരില്‍ ജനിച്ച ആശ ഇന്ന് നൃത്തത്തില്‍ മാത്രമല്ല

തിരശ്ശീലയിലെയും പ്രധാന താരമാണ്. സിനിമ നല്‍കിയ അവസരം ആദ്യമുപേക്ഷിച്ച ആശ ടെലിവിഷന്‍ സ്ക്രീനിലാണ് പിന്നെത്തുടങ്ങിയത്. വര്‍ഷങ്ങള്‍ക്കിപ്പുറം മലയാളം തമിഴ് സിനിമകളിലെ പ്രധാന സാന്നിധ്യം. ദൃശ്യം, വര്‍ഷം, കര്‍മയോദ്ധ, ഫ്രൈഡെ, ബഡി, പാപനാശം, സക്കറിയയുടെ ഗര്‍ഭിണികള്‍, തൂങ്കാവനം തുടങ്ങിയ ചിത്രങ്ങളിലെ പ്രധാനവേഷം തിരശ്ശീലയില്‍ പകരക്കാരില്ലാത്ത  അഭിനേത്രിയാക്കി. നൃത്തത്തിന് 1992ല്‍ ദേശീയാംഗീകാരം, 2006 ല്‍ കലാരത്ന സ്വാതി തിരുനാള്‍ അവാര്‍ഡ്, മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ടെലിവിഷന്‍ അവാര്‍ഡ് തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ച ആശ മനസ്സുതുറക്കുന്നു.

? നര്‍ത്തകി, ചലച്ചിത്രതാരം, സീരിയല്‍ നടി–ഇതില്‍ ഏത് Identity നിലനില്‍ക്കണമെന്നാണ് അല്ലെങ്കില്‍ തിരിച്ചറിയപ്പെടണമെന്നാണ് വിചാരിക്കുന്നത്.
= ആത്യന്തികമായി ഒരു കലാകാരി എന്നനിലയില്‍ തിരിച്ചറിയപ്പെടണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇതൊക്കെത്തന്നെ കലയുടെ വിവിധമേഖലകളാണല്ലോ. എന്നാല്‍ ഇതില്‍ ഏറ്റവും വലിയ വികാരം എനിക്ക് നൃത്തം തന്നെയാണ്. കാരണം ഞാന്‍ ജനിച്ചുവളര്‍ന്നത് നൃത്തത്തിലാണ്. ജീവിതത്തിനു മൊത്തത്തില്‍ അതിന്റെ റിഥം ഉണ്ടായിരുന്നു. അഭിനയം വൈകിവന്ന മോഹമാണ്. നൃത്തം ജീവിതത്തോടൊപ്പം തുടരുന്നതാണ്. അതില്ലാതെ ജീവിക്കാന്‍ കഴിയില്ല. ഒരു ട്വിന്‍ സിസ്റ്ററിനെപ്പോലെ, ബ്രദറിനെപ്പോലെ ജനിച്ചപ്പോള്‍ കൂടെയുള്ള ആളാണ് നൃത്തം Dance is my heart..

? ഔപചാരികമായി നൃത്തം പഠിച്ചുതുടങ്ങിയതെപ്പോഴാണ്.
= നൃത്തം പഠിച്ചുതുടങ്ങിയത് എന്റെ ഓര്‍മയിലില്ല. Institution പഠിച്ചത് എപ്പോഴാണെന്നറിയില്ല. കാരണം വീടുതന്നെ നൃത്തക്കളരിയായിരുന്നു. അമ്മയാണ് എന്റെ കിശെേൌശീിേ. ഞാന്‍ അമ്മയോട് എപ്പോഴും ചോദിക്കുന്ന ചോദ്യമാണ് അമ്മ എന്നെ ആമശെര പഠിപ്പിച്ചിട്ടില്ലേ എന്നത്. ചെറുപ്പത്തില്‍ ഓടിനടന്നിരുന്ന കാലത്ത് അമ്മയുടെ നൃത്തക്കളരിയില്‍ നിന്ന് പഠിച്ചതാവാം.

? നൃത്തം ചെയ്യുമ്പോള്‍ എന്താണ് അനുഭവപ്പെടാറുള്ളത്.
= ചിലങ്ക കെട്ടിത്തുടങ്ങുമ്പോള്‍ ഞാന്‍ വീണ്ടും കുട്ടിയാവുന്ന ഫീലിങ്ങാണ്. ആ സമയത്ത് നമ്മള്‍ മെച്വേഡായ ഒരു സ്ത്രീയാണെന്നോ അമ്മയാണെന്നോ ടീച്ചറാണെന്നോ എന്നൊന്നുമുള്ള ഫീലല്ല. തീര്‍ത്തും ഒരു കുട്ടിയാവുകയാണ്. നോക്കൂ, ഞാന്‍ യോഗ ചെയ്യാറുണ്ട്.    അതില്‍ ധ്യാനത്തിന്റെ ഒരു തലമുണ്ട്. എന്നാല്‍ എനിക്ക് യോഗചെയ്യുമ്പോള്‍ ആയിരം കാര്യങ്ങള്‍ ഓര്‍മവരും. ഒരിക്കലും മെഡിറ്റേഷനില്‍ ഏകാഗ്രത കിട്ടുന്ന ആളല്ല ഞാന്‍. എന്നാല്‍ നൃത്തത്തിലേക്ക് വരുമ്പോള്‍ മറ്റെല്ലാം മറക്കും. നൃത്തം ആവശ്യപ്പെടുന്ന അത്രമാത്രം ഏകാഗ്രതയിലേക്ക് മെല്ലെ പ്രവേശിക്കും. ഉദാഹരണത്തിന് രാമായണത്തിലെ സീതയാണ് ചെയ്യുന്നതെങ്കില്‍ ഞാന്‍ പൂര്‍ണമായും മറ്റൊരു സീതയായിത്തീരുകയാണ്. നൃത്തത്തിലേക്ക് വരുമ്പോള്‍ ഞാന്‍ മറ്റൊരു ജീവിതത്തിലൂടെ കടന്നുപോവുന്നുണ്ട്.

? യഥാര്‍ഥസ്വത്വം നര്‍ത്തകിയിലൂടെയാണ് ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നത്. ഈ ആവിഷ്കരണത്തിന്റെ പ്രകടനത്തില്‍ പ്രേക്ഷകര്‍ ഒരു പ്രധാനഘടകം തന്നെയാണ്. എങ്ങനെയാണ് അവരുമായുള്ള വിനിമയം.
= ഞാന്‍ എപ്പോഴും മുന്നില്‍ കാണുന്നത് ഒരു ദൈവസങ്കല്‍പ്പത്തെയാണ്. അല്ലെങ്കില്‍ ഒരു കേന്ദ്രമുണ്ട്. അതിനപ്പുറത്ത് എന്റെ കലയെ സ്വീകരിക്കുന്ന ഓഡിയന്‍സ്. ആ ഓഡിയന്‍സുമായി എപ്പോഴും ഒരു കെമിസ്ട്രി സൂക്ഷിക്കുന്ന ഒരാളാണ് ഞാന്‍. അവരുടെ സാന്നിധ്യം എന്റെ പ്രകടനത്തില്‍ വലിയരീതിയില്‍ സ്വാധീനമുണ്ടാക്കാറുണ്ട്. പ്രേക്ഷകര്‍ ഒരു ഭാഗത്താണെങ്കിലും എന്റെ ഏകാഗ്രത മുഴുവന്‍ നൃത്തത്തില്‍ത്തന്നെയായിരിക്കും. നല്ല സദസ്സ്  നമ്മെ വല്ലാതെ എന്‍കറേജ് ചെയ്യും.

? ആശാ ശരത്തിന്റെ നൃത്തത്തെ എങ്ങനെ വിശദീകരിക്കാനാണിഷ്ടം
= നമ്മള്‍ എപ്പോഴും ക്രിയേറ്റീവ് ആകുന്നത് നമ്മള്‍ പെരുമാറുന്ന കലയില്‍ നമ്മുടേതായ സെല്‍ഫ് ഐഡന്റിറ്റികൊണ്ടുവരുമ്പോഴാണ്. അതിന് നമ്മുടേതായ ഡെഡിക്കേഷനും ആലോചനയുമൊക്കെ വളരെ പ്രധാനപ്പെട്ടതാണ്. ഞാന്‍ എന്റെ നൃത്തത്തില്‍ അത്രമാത്രം  ഇന്‍വോള്‍വ്ഡ് ആണ്. നൃത്തം കൊണ്ട് കിട്ടിയതാണ് എനിക്ക് മറ്റെല്ലാം. നൃത്തം ചെയ്യുമ്പോള്‍ അത് ഏത് കഥാപാത്രമായാലും എന്റെ ജീവിതവുമായി റിലേറ്റ്   ചെയ്യാറുണ്ട്. കൃഷ്ണനായാലും രാമനായാലും യശോദയായാലും ഒക്കെ ആ കഥാപാത്രങ്ങള്‍ എന്റെ അനുഭവങ്ങളെയുംകൂടെ സ്പര്‍ശിച്ചുകൊണ്ടാണ് കടന്നുപോവുന്നത്. അത് ഞാനായിരുന്നെങ്കില്‍ 'വാട്ട് ഐ വില്‍ ഡു?' അങ്ങനെയാണ് ഞാന്‍ പെരുമാറാറുള്ളത്. പക്ഷേ, ചിട്ടപ്രകാരവും ശാസ്ത്രപ്രകാരവുമുള്ള ഒരു ചട്ടക്കൂടില്‍ നിന്നുകൊണ്ടുതന്നെയാണ് ആവിഷ്കരിക്കാറുള്ളത്.

? ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി–ഈ മൂന്ന് നൃത്തമേഖലകളിലും പരിചയമുള്ള ആളാണ് ആശ. ഇതിനകത്ത് എളുപ്പം വഴങ്ങുന്നത് ഏതാണ്.
= I am more comfortable in Bharatha Natyam. അമ്മ കൂടുതലും പഠിപ്പിച്ചത് ഭരതനാട്യം തന്നെയാണ്.  അതുകൊണ്ടായിരിക്കാമത്.

? ഭരതനാട്യം ഒരു ഡാന്‍സ് ഫോം മാത്രമല്ല നമുക്ക്. ഇന്ത്യന്‍ ഫിലോസഫി, പൌരാണികമായ സന്ദര്‍ഭങ്ങള്‍, അതിന്റേതായ പദകോശം, സംഗീതം, താളം ഇതിലൂടെയൊക്കെ കടന്നുപോകുന്നുണ്ട്.
= തീര്‍ച്ചയായും. ഗഹനമായ ഒരു ആന്തരികജീവിതം ഭരതനാട്യത്തിനുണ്ട്. ശാസ്ത്രീയമായി ഒരു ചട്ടക്കൂടിനകത്തുനിന്നു തന്നെയാണ് അവയിലേക്ക് നമുക്ക് പ്രവേശിക്കാന്‍ കഴിയുക. എന്നാല്‍ ആ ചട്ടക്കൂടിനകത്ത് നിന്നുകൊണ്ട് കുറച്ചുകൂടി ലളിതമായി ആവിഷ്കരിക്കാനാണ് ഞാന്‍ ശ്രമിച്ചുപോരുന്നത്. രാമായണം കാണുന്നൊരാള്‍ക്ക് മുദ്രകളിലൂടെ മാത്രമല്ലാതെ ഭാവങ്ങളിലൂടെയുംകൂടി എളുപ്പം മനസ്സിലാകാവുന്ന തരത്തില്‍ വിനിമയം ചെയ്യാനാണ് ശ്രമിക്കാറുള്ളത്. അരങ്ങിലാവുമ്പോള്‍ ഓഡിയന്‍സിന്റെ സാക്ഷരതയെയും കൂടി മിക്സ് ചെയ്താണ് തുടരുന്നത്.

? ആസ്വാദനത്തില്‍ പഴയ കാലത്തില്‍നിന്ന് എന്ത് വ്യത്യാസമാണ് ഫീല്‍ ചെയ്തത്.
= പഴയ ആസ്വാദന രീതിയില്‍ നിന്ന് ഇന്ന് വളരെയേറെ പുരോഗമിച്ചു എന്നാണ് തോന്നിയിട്ടുള്ളത്. പണ്ട് ഗുരു പഠിപ്പിക്കുന്നത് അങ്ങനെതന്നെ കളിക്കുകയായിരുന്നു കൂടുതല്‍ പേരും. ഇന്നങ്ങനെയല്ല. കുറച്ചുകൂടി സ്വാതന്ത്യ്രം കൂടി. നമ്മുടേതായ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് വലിയ സാധ്യതയുണ്ട്. ഏതു പുതുമയെയും ഓഡിയന്‍സ് സ്വീകരിക്കാന്‍ തയ്യാറാവുന്നുണ്ട്.

? ഈ സ്വീകാര്യതയാണോ ഇന്ന് ഫ്യൂഷനെയൊക്കെ സാധ്യമാക്കിയത്. മാത്രമല്ല ഇപ്പോള്‍ പ്രധാന നര്‍ത്തകര്‍പോലും ഫ്യൂഷനില്ലാതെ അരങ്ങു വിടുന്നുമില്ല. യഥാര്‍ഥത്തില്‍ കലാമണ്ഡലത്തിന്റെയൊക്കെ ഒരു സംസ്കാരത്തില്‍ നിന്ന് മാറി ഇത് ചലച്ചിത്രത്തിന്റെ സംസ്കാരത്തിലേക്കുള്ള  ചുവടുമാറ്റമല്ലേ.
= ഞാന്‍ ഫ്യൂഷന് എതിരല്ല. ഞാന്‍ ഒരുപാട് ഫ്യൂഷന്‍ ചെയ്തിട്ടുണ്ട്. ശിവമണി സാറിന്റെയൊപ്പമൊക്കെ ഫ്യൂഷന്‍ ചെയ്തിട്ടുണ്ട്. അപ്പോഴും ചിട്ടക്കുള്ളില്‍നിന്നു തന്നെയാണ് ചെയ്യുന്നത്. വായ്പ്പാട്ടിനൊപ്പം, പക്കമേളത്തിനൊപ്പം, ഇന്‍സ്ട്രുമെന്‍സിനൊപ്പം ഒക്കെത്തന്നെയാണ് ചെയ്യുന്നത്. ഇപ്പോഴത്തെ തലമുറയില്‍ ഇത് കൂടുതലാണ്. നൃത്തത്തിന്റെ പുതിയ തുടര്‍ച്ചയായി വേണം അതിനെയും കാണാന്‍. ഞാനതിനെ പോസിറ്റീവ് ആയാണ് കാണുന്നത്.

? കലിയുഗവരദനെ പാടിയുറക്കുന്ന ഹരിവരാസനം ആശ ആവിഷ്ക്കരിച്ചപ്പോള്‍ വലിയ വിമര്‍ശനം ഭക്തന്മാരുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ദേവസ്വം ബോര്‍ഡില്‍നിന്ന്. സന്ദര്‍ഭത്തിന്റെ ഔചിത്യത്തെ ചോദ്യം ചെയ്തതിന്.
= തീര്‍ച്ചയായും ബോധപൂര്‍വമാണ് ഞാനാ പാട്ടെടുത്ത് കളിക്കുന്നത്. എന്നെ ഏറ്റവും സ്വാധീനിച്ച പാട്ടാണത്. അതാണ് മനസ്സിലൂടെ ശരീരത്തിലൂടെ നൃത്തമായി പുറത്തുവന്നത്. അതിനെ ഉറക്കുപാട്ടായി മാത്രം മനസ്സിലാക്കിയാല്‍, ഉറപ്പിച്ചെടുത്താല്‍ നമുക്ക് മറ്റൊന്നും ചെയ്യാന്‍ കഴിയില്ല. അങ്ങനെയാണെങ്കില്‍ ഒരുപാട് കീര്‍ത്തനങ്ങള്‍ ഒരിക്കലും അരങ്ങില്‍ ആവിഷ്കരിക്കാന്‍ കഴിയാതെപോകും. എനിക്കെപ്പോഴും തോന്നുന്നതാണ് ശബരിമലക്ക് പോവണമെന്ന്. അതുകൊണ്ടാണ് ഒരു നര്‍ത്തകിയുടെ മനസ്സ് പതിനെട്ട് പടി ചവിട്ടി അയ്യപ്പനെ കാണുന്ന നൃത്തശില്‍പ്പം ഞാന്‍ ചെയ്തത്. അതെന്റെ മനസ്സാണ്.

? നൃത്തത്തിനകത്ത് ഒരു ഫെമിനിസ്റ്റ് സ്വരത്തിന്റെ സാധ്യത അന്വേഷിക്കുകയായിരുന്നോ.
= അങ്ങനെയല്ല. അങ്ങനെ വിമര്‍ശനാത്മകമായൊന്നും ആലോചിച്ച് ചെയ്തതല്ല. എന്റെ ആഗ്രഹം നൃത്തരൂപത്തില്‍ ചിട്ടപ്പെടുത്തി; അത്രമാത്രം.

? രാമസങ്കല്‍പ്പം, സീതാസങ്കല്‍പ്പം, കൃഷ്ണസങ്കല്‍പ്പം ഇങ്ങനെ ഭക്തിയുടെ പാരമ്പര്യത്തില്‍ നിന്നല്ലാതെ മറ്റ് വിഷയങ്ങള്‍ നൃത്തരൂപത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ടോ.
= ഉണ്ട്. ഗുജറാത്ത് ഭൂകമ്പം നടന്നകാലത്ത് ആ ദൂരന്തഭൂമിയില്‍നിന്ന് പ്രസിദ്ധീകരിച്ച  അനാഥമാക്കപ്പെട്ട കുട്ടിയെക്കുറിച്ചു വന്ന ഒരു ഫോട്ടോ– കുട്ടി അമ്മയെ വിളിച്ച് അലറിക്കരയുന്ന ചിത്രം. ആ ചിത്രത്തില്‍നിന്ന് ഞാന്‍ ഒരു നൃത്തശില്‍പ്പം ചെയ്തിരുന്നു. അതിനകത്ത് നാലുവരി പദമേ ഉപയോഗിച്ചുള്ളൂ. ബാക്കി മുഴുവന്‍ ഇന്‍സ്ട്രുമെന്റ്സ് ആണ് ഉപയോഗിച്ചത്. ദുരന്തത്തിന്റെ ഭാഷ എല്ലായിടവും ഒന്നാണല്ലോ. സ്വദേശത്തും വിദേശത്തുമായി അത് കളിച്ച ഓരോ അരങ്ങിലും ഞാന്‍ കരഞ്ഞിട്ടുണ്ട്.

? നൃത്തത്തില്‍ പഴമയുടെ, പാരമ്പര്യത്തിന്റെ കല്‍പ്പിതപാഠങ്ങള്‍ക്കാണ് മേല്‍ക്കൈ. അതിന്റെ പദകോശങ്ങള്‍പോലും പാരമ്പര്യത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ്. പുതിയ ജീവിതങ്ങള്‍ അതിന്റെ സംഘര്‍ഷങ്ങള്‍ തുടങ്ങിയവ പ്രമേയങ്ങളായി അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ.
= എപ്പോഴും പഠിച്ചതുതന്നെ കാണാപ്പാഠം പഠിച്ച് അരങ്ങില്‍   പെര്‍ഫോം ചെയ്ത് ഉറപ്പിച്ചാല്‍– നമ്മള്‍ പുതിയതിലേക്ക് പോകണം. അല്ലെങ്കില്‍ യാന്ത്രികമാകും. പുതിയ ഫോമുകള്‍ ക്രിയേറ്റ് ചെയ്യാന്‍ ശ്രമിക്കാറുണ്ട്. അഹല്യ എന്നൊരു നൃത്തശില്‍പ്പം ഞാന്‍ ചെയ്തിട്ടുണ്ട്. പുരാണത്തിലെ ആ അഹല്യ. ശിലയ്ക്കകത്ത് തളയ്ക്കപ്പെട്ടവള്‍. പുറത്തേക്കു വന്ന് ഓരോ ചരിത്ര ഘട്ടത്തിലെയും സ്ത്രീയുടെ ജീവിതത്തിലെ വിഭിന്ന ഭാവങ്ങളിലൂടെ കടന്നുവരുന്നതാണ്. അതില്‍ ഇന്നത്തെ സ്ത്രീവരെയുള്ള വിവിധ സ്ത്രീഅനുഭവങ്ങളെയാണ് അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. അടിച്ചമര്‍ത്തപ്പെട്ട     സ്ത്രീയുടെ ഉണര്‍ച്ചയാണത്. പ്രമേയത്തിലും ആഖ്യാനത്തിലും പാരമ്പര്യവും വര്‍ത്തമാനവും ഇഴചേര്‍ക്കുമ്പോള്‍ അതിന്റേതായ വെല്ലുവിളിയുമുണ്ട്.

? ഈ ആര്‍ട്ടിസ്റ്റിനകത്ത് ഒരു ആക്ടിവിസ്റ്റ് കൂടി ഉണ്ട്, അല്ലേ.
= ഒരാര്‍ട്ടിസ്റ്റ് എപ്പോഴും തന്റെ കലയിലൂടെയാണ് ലോകത്തിന്റെ വേദനകളെ ആവിഷ്കരിക്കുക. ഞാന്‍ അത് നൃത്തത്തിലൂടെ ആവിഷ്കരിക്കുന്നു. ഞാനും സമൂഹത്തിന്റെ ഭാഗമാണല്ലോ. എനിക്കുചുറ്റും നടക്കുന്ന കാര്യങ്ങളെ നിരീക്ഷിക്കുന്ന ഒരാള്‍കൂടിയാണ് ഞാന്‍.

? മല്ലികാ സാരാഭായിയെയൊക്കെ എപ്പോഴും നാമൊരു ആര്‍ട്ടിസ്റ്റെന്നതിലുപരി ആക്ടിവിസ്റ്റ് കൂടിയായാണ് മനസ്സിലാക്കുന്നത്.
= അയ്യോ. അവരൊരു ഗ്രേറ്റ് ആര്‍ട്ടിസ്റ്റല്ലേ. ഞാനും അവരും ഭൂമിയും ആകാശവും പോലെ രണ്ടു തട്ടില്‍ നില്‍ക്കുന്നവര്‍. ഒരിക്കലും താരതമ്യം ചെയ്യാന്‍ കഴിയില്ല.

? ശാസ്ത്രീയമായ ചിട്ടകള്‍ക്കകത്ത് രൂപപ്പെടുത്തിയെടുക്കുന്നതുകൊണ്ടുതന്നെ ചുവടു പലപ്പോഴും യാന്ത്രികമായിത്തീരാം. എന്നാല്‍ കലയുടെ മര്‍മമറിഞ്ഞവര്‍ തങ്ങളുടെ സെല്‍ഫ് ഐഡന്റിറ്റി ഉറപ്പിച്ചെടുക്കുകയും ചെയ്യുന്നുണ്ട്. നിങ്ങളെങ്ങനെയാണ് ഇത് സാധ്യമാക്കുന്നത്.
= അത് ഓരോ കലാകാരന്റെയും/കലാകാരിയുടെയും ആത്മാംശവുമായി ബന്ധപ്പെട്ടതാണ്. ഉദാഹരണത്തിന് അഷ്ടപദി. കൃഷ്ണന് രാധയോടുള്ള പ്രണയം. ഇത് ഞാന്‍ ആവിഷ്കരിക്കുന്നത് എന്റെ ജീവിതത്തെയും കൂടി പകുത്ത് നല്‍കിയാണ്. എന്റെ ഒരു വ്യൂ പോയിന്റ് അതിലുണ്ടാവുന്നുണ്ട്. മനോധര്‍മത്തിലൂടെയാണ് അത് ഉറപ്പിച്ചെടുക്കുന്നത്.

? നൃത്തത്തില്‍ മനസ്സല്ല പ്രധാനം. ശരീരമാണെന്ന് ചിലര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. അങ്ങനെ തോന്നിയിട്ടുണ്ടോ.
= മനസ്സും ശരീരവും രണ്ടും ഒരുപോലെ പ്രധാനപ്പെട്ടതാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ചിലങ്ക കെട്ടിക്കഴിയുമ്പോള്‍ നമ്മള്‍ മറ്റൊന്നും ആലോചിക്കുന്നില്ലല്ലോ. ദൈവം തലയില്‍ തൊട്ട ഫീലിങ്ങല്ലേ.

? അതായത് ഒരു കറുത്ത ശരീരത്തിന്റെ/അല്ലെങ്കില്‍ ഒരു ദളിത് ശരീരത്തിന്റെ സാധ്യത നൃത്തത്തില്‍ എത്രത്തോളമാണ്. ഈ അരങ്ങില്‍ എപ്പോഴും വെളുപ്പിനാണ് പരിഗണന എന്ന് തോന്നിയിട്ടുണ്ടോ.
= ഒരിക്കലുമില്ല. ഒരു കറുത്ത ശരീരം അല്ലെങ്കില്‍ ഒരാര്‍ട്ടിസ്റ്റ് വളരെ നന്നായിട്ട് പെര്‍ഫോം ചെയ്യുമ്പോള്‍ ആദ്യ കാഴ്ചയില്‍ ഭംഗിയില്ല എന്നൊക്കെ തോന്നിയേക്കാം. എന്നാല്‍ തുടര്‍ച്ചയില്‍ നിങ്ങള്‍ മാറും. ഒരാളുടെ പെര്‍ഫോമന്‍സാണ് അയാളുടെ അഴക്. അല്ലാതെ നിറമല്ല. ആ അഴകിനു മുന്നില്‍ നാമെല്ലാം മറക്കും. കലയില്‍ മാത്രമാവും ശ്രദ്ധ. നിറം ഒരിക്കലും അരങ്ങില്‍ പ്രതിബന്ധമായി പ്രവര്‍ത്തിക്കുകയില്ല.

? പഠിച്ചതൊക്കെ എവിടെയായിരുന്നു.
= പെരുമ്പാവൂര്‍ ഗേള്‍സ് ഹൈസ്കൂളില്‍. തുടര്‍ന്ന് പ്രീഡിഗ്രിക്ക് മാര്‍ത്തോമാ വിമന്‍സ് കോളേജില്‍. ഡിഗ്രി കാലടി ശ്രീശങ്കര കോളേജ്.

? ബനാറസില്‍ നടന്ന ദേശീയനൃത്ത മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിക്കൊണ്ടാണ് ആശ ശ്രദ്ധയിലേക്ക് വരുന്നത് അല്ലേ.
= കുച്ചിപ്പുഡിക്കാണ് ദേശീയതലത്തില്‍ എനിക്ക് പ്രൈസ് കിട്ടിയത്. അത് ചിട്ടപ്പെടുത്തിയത് വിനയചന്ദ്രന്‍ മാഷാണ്. അവിടെ കൃഷ്ണജീവിതം പ്രമേയമായുള്ള കുച്ചിപ്പുഡി തരംഗമാണ് ചെയ്തത്. മൂന്ന് കഥകള്‍ ഉണ്ടായിരുന്നു. കാളിയമര്‍ദനം, രുഗ്മിണീസ്വയംവരം, ഗീതോപദേശം. ഇത് മൂന്നും ചേര്‍ന്നാണ് ഈ തരംഗം. അവിടെ എല്ലാ നൃത്തരൂപങ്ങളും ഒരുമിച്ചാണ് മത്സരത്തിനു വരുന്നത്. ഈസ്റ്റ്, വെസ്റ്റ്, നോര്‍ത്ത്, സൌത്ത് എന്ന നിലയില്‍. ഭരതനാട്യവും മോഹിനിയാട്ടവും അമ്മയും അമ്മയുടെ സഹോദരനും ചേര്‍ന്നാണ് എനിക്കുവേണ്ടി ചിട്ടപ്പെടുത്തിയത്.

? ഗ്രൂപ്പ് ചെയ്യാനാണോ സോളോ ചെയ്യാനാണോ ഇഷ്ടം.
= ഞാന്‍ രണ്ടും ചെയ്യാറുണ്ട്. എന്നാല്‍ സോളോ ചെയ്യുമ്പോള്‍ ഞാനൊരു ഫ്രീ ബേര്‍ഡ് ആണ്. എവിടെത്തുടങ്ങുന്നു എവിടെപ്പോകുന്നു എന്നൊക്കെ ഒറ്റയ്ക്ക് തീരുമാനിക്കാം. ഗ്രൂപ്പാവുമ്പോള്‍ അങ്ങനെ പറ്റില്ല. പിന്നെ പ്രമേയത്തിനനുസരിച്ചും മറ്റുമിരിക്കും സോളോയുടെയും ഗ്രൂപ്പിന്റെയും സാധ്യത. ചിലത് സോളോക്കായിരിക്കും സാധ്യത. രാമായണമൊക്കെ ഞാന്‍ സോളോയായി ചെയ്യാറാണ് പതിവ്. രാമന്റെ ജന്മം മുതല്‍ പട്ടാഭിഷേകം വരെയുള്ള ഭാഗം.

? മലയാളത്തിലെ എഴുത്തുകാര്‍ സൃഷ്ടിച്ച ഏതൊക്കെ കഥാപാത്രങ്ങള്‍ക്കാണ് നൃത്തത്തിന്റെ അരങ്ങില്‍ സാധ്യതയുള്ളത്.
= ഞാന്‍ വലിയ വായനക്കാരിയല്ല. എന്നാലും വായിച്ചതില്‍ വെച്ച് തോന്നിയത് എം ടി യുടെ കഥാപാത്രങ്ങള്‍ക്ക് നൃത്തത്തില്‍ വലിയസാധ്യതയുണ്ട് എന്നാണ്. പുരാണങ്ങളുമായോ മിത്തുമായോ ബന്ധപ്പെട്ട് അദ്ദേഹം സൃഷ്ടിച്ച പുരാണകഥാപാത്രങ്ങളായാലും ആധുനിക കഥാപാത്രങ്ങളായാലും ഒരു നര്‍ത്തകിക്ക് വലിയ സാധ്യതകളുണ്ട്. വടക്കന്‍ വീരഗാഥയില്‍ എം ടി ഉണ്ണിയാര്‍ച്ചയെ നെഗറ്റീവായിട്ടാണല്ലോ സൃഷ്ടിച്ചത്. അതുമാറ്റി പോസറ്റീവായി അവളുടെ മനസ്സിനെ ആവിഷ്കരിക്കണമെന്ന് എനിക്കുണ്ട്. ആര്‍ച്ചയുടെ നോട്ടത്തിലൂടെയുള്ള ഒരു നൃത്തശില്‍പ്പം എന്നെങ്കിലും ഉണ്ടാവും. മറ്റൊന്ന് കലാമണ്ഡലം ഗോപിയാശാനോടൊപ്പം ഞാന്‍ നളദമയന്തി ചെയ്യുന്നുണ്ട്. കഥകളിയില്‍ അദ്ദേഹവും മോഹിനിയാട്ടത്തില്‍ ഞാനും. ദമയന്തി സ്ത്രീയാണല്ലോ. അവരുടെ വിഷനില്‍ സ്ത്രീ എങ്ങനെയാവണം എന്നതിനനുസരിച്ച് എം ആര്‍ രാജന്‍ രൂപപ്പെടുത്തിയ സ്ക്രിപ്റ്റ്. സാമ്യമകന്നോരുദ്യാനം ഞാന്‍ മോഹിനിയാട്ടത്തിലും കുവലയ എന്ന പദം ഗോപിയാശാന്‍ കഥകളിയിലും. അതുടന്‍വരും.

? ചിലര്‍ പറയാറുണ്ട് ഒരാള്‍ എഴുതുമ്പോള്‍ മാത്രമാണ് എഴുത്തുകാരി എന്ന്. പാടുമ്പോള്‍ മാത്രമാണ് പാട്ടുകാരി എന്ന്. അല്ലാത്തപ്പോള്‍ അതല്ലെന്ന്. നര്‍ത്തകി എന്ന ഐഡന്റിറ്റി മുഴുവന്‍ സമയവും കൊണ്ടു നടക്കുന്നതാണോ.
= തീര്‍ച്ചയായും അല്ല. ഞാന്‍ നൃത്തം ചെയ്യുമ്പോള്‍ മാത്രമാണ് നര്‍ത്തകിയായിത്തീരുന്നത്. അല്ലെങ്കില്‍ നൃത്തം പഠിപ്പിക്കുമ്പോള്‍ മാത്രമാണ്. നമുക്കോരോരുത്തര്‍ക്കും മറ്റ് ഐഡന്റിറ്റികളും ഉണ്ടല്ലോ. ഒരേ സമയം അമ്മയാണ്,  മകളാണ്, ടീച്ചറാണ്, നടിയാണ് അങ്ങനെ പലതരം ഐഡന്റിറ്റികള്‍ക്കകത്തു ജീവിക്കുകയാണ്.

? നര്‍ത്തകി എന്ന നിലയില്‍ ഏറ്റവും ആഹ്ളാദമുണ്ടാക്കിയ വേദി ഏതായിരുന്നു.
= ഞാനും അമ്മയും എന്റെ മക്കളും ചേര്‍ന്ന് പെരുമ്പാവൂര്‍ അയ്യപ്പക്ഷേത്രത്തില്‍ വെച്ച് ത്രികാലം എന്ന നൃത്തശില്‍പ്പം ചെയ്തിരുന്നു. മൂന്ന് തലമുറകളുടെ സംഗമമായിരുന്നു അത്. ജീവിതത്തില്‍ ഏറ്റവും ആഹ്ളാദം തോന്നിയ അനുഭവങ്ങളിലൊന്നായിരുന്നു അത്. മറ്റൊന്ന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍. സ്വാതിതിരുനാള്‍ തന്റെ കൃതികള്‍ എഴുതിയ സ്ഥലത്തുവെച്ച് ഞാനും എന്റെ കുട്ടികളും കൂടി നൃത്തം ചെയ്തത്. ജീവിതത്തിലെ വലിയ മോഹങ്ങളിലൊന്നാണ് അന്ന് സാക്ഷാത്കരിച്ചത്.

വര്‍ഷത്തില്‍ മമ്മൂട്ടിക്കൊപ്പം

വര്‍ഷത്തില്‍ മമ്മൂട്ടിക്കൊപ്പം

? യഥാര്‍ഥത്തില്‍ ആശാശരത്തിനു മുന്നിലുള്ള കാണികള്‍ ഈ നര്‍ത്തകിയുടെ പെര്‍ഫോമന്‍സിന്റെ സൌന്ദര്യത്തില്‍ പ്രേരണയുണ്ടായിട്ട് തന്നെയാണോ വരുന്നത്. അതോ സിനിമ നല്‍കിയ താരപദവിയില്‍ ആകൃഷ്ടരായിട്ടാണോ. ഏതാണ് അവരുടെ പ്രേരണ എന്നാണ് വിചാരിക്കുന്നത്.
= രണ്ടുമുണ്ടാവാം. ഒരു പരിധിവരെ സെലിബ്രിറ്റി അട്രാക്റ്റ് ചെയ്യുന്നുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അത് നൃത്തത്തിന് ഒരുപാട് സഹായിച്ചിട്ടുമുണ്ട്. പണ്ടും ഞാന്‍ തന്നെയാണ് നൃത്തം ചെയ്തത്. അന്ന് എന്റെ ഓഡിയന്‍സ് ഇപ്പോഴുള്ളതുപോലെ ക്രൌഡ് അല്ല. സിനിമയില്‍ വന്നതോടെ വൈഡ് വ്യൂവര്‍ഷിപ്പിലേക്കു വന്നു. ആര്‍ട്ടിസ്റ്റിനോടുള്ള ഇഷ്ടംകൂടി പ്രവര്‍ത്തിക്കുന്നുണ്ടാവാം. അത് എന്റെ നൃത്തത്തിനെ സ്വാധീനിച്ചിട്ടുണ്ട്. എന്തായാലും രണ്ട് തരത്തിലുള്ള കാണികളുണ്ട്. ഒന്ന് നൃത്തം കാണാനായി വരുന്നവര്‍. മറ്റൊന്ന് താരത്തെ കാണാനായി വരുന്നവര്‍. എന്നാല്‍ ഞാന്‍ നൃത്തം ചെയ്യുമ്പോള്‍ ഇപ്പോള്‍ ഈ രണ്ട് കൂട്ടരെയും പരിഗണിക്കാറുണ്ട്. അതുകൊണ്ട് ക്ളാസിക്കലും സെമിക്ളാസിക്കലും ചെയ്യുന്നു. ചിലപ്പോള്‍ ഫ്യൂഷനും ചെയ്യുന്നു. എപ്പോഴും നൃത്തം ചെയ്യുമ്പോള്‍ മനസ്സിന്റെ ഉള്ളില്‍ ഒരു തീയുണ്ട്. നൃത്തത്തെക്കുറിച്ച് അറിവുള്ള ഒരാളെങ്കിലും ഓഡിയന്‍സില്‍ കാണും. അതുണ്ടാക്കുന്ന ഭയവും കളിയുടെ കൂടെയുണ്ടാവും.

? സ്ത്രീ നൃത്തം ചെയ്യുമ്പോള്‍ അല്ലെങ്കില്‍ പുരുഷന്‍ നൃത്തം ചെയ്യുമ്പോള്‍ ഒന്നിനുപകരം വെക്കാന്‍ കഴിയാത്തത്ര അനന്യത നൃത്തനാട്യ പ്രയോഗങ്ങളില്‍ സ്ത്രീയുടെ ചുവടുകള്‍ക്ക് ഉണ്ടാവുന്നതായി തോന്നാറുണ്ടോ.
= ഈ മേഖലയില്‍ സ്ത്രീകളാണ് കൂടുതല്‍ എന്നുള്ളതുകൊണ്ട് അങ്ങനെ പറയാന്‍ കഴിയില്ല. നൃത്തം എന്നു പറയുമ്പോള്‍ സ്ത്രീരൂപമാണ് ആദ്യം ഓര്‍മയില്‍ എത്തുക. എന്നാല്‍ രണ്ടുപേരുടെയും ചുവടുകള്‍ക്ക് അതിന്റേതായ സൌന്ദര്യമുണ്ട്. പക്ഷേ, ഗുരുക്കന്മാര്‍ ഭൂരിപക്ഷവും പുരുഷന്മാരാണ്. എന്റെ അമ്മയുടെ ഗുരു തഞ്ചാവൂര്‍ ഭാസ്കര്‍റാവു ആണ്.

? അത് പറഞ്ഞപ്പോഴാണ് ഓര്‍മ വന്നത്. നൃത്തത്തിന്റെ പാരമ്പര്യത്തെയും വര്‍ത്തമാനത്തെയും ഇന്നും സവര്‍ണതയുടെ പ്രത്യയശാസ്ത്രംകൊണ്ട് ഉറപ്പിച്ചെടുക്കുന്നില്ലേ. ഉദാഹരണത്തിന് തഞ്ചാവൂര്‍ പോലെയുള്ള പ്രധാന സ്ഥലങ്ങളില്‍ നൃത്തം അവതരിപ്പിക്കാന്‍ അവസരം   കിട്ടണമെങ്കില്‍ നിങ്ങള്‍ അയ്യരാണോ അയ്യങ്കാരാണോ എന്ന് ബോധ്യപ്പെടുത്തേണ്ട അവസ്ഥയില്ലേ.
= എനിക്ക് അതിനെക്കുറിച്ച് അറിയില്ല. എനിക്ക് തഞ്ചാവൂരില്‍ പെര്‍ഫോം ചെയ്യാന്‍ അവസരം കിട്ടിയിട്ടില്ല. നൃത്തത്തിന് അങ്ങനെ ജാതിയോ മതമോ ഉണ്ടെന്ന് എന്റെ അനുഭവത്തില്‍ തോന്നിയിട്ടില്ല. ഞാന്‍ നടത്തുന്ന കൈരളി കലാകേന്ദ്രയില്‍ വ്യത്യസ്ത ജാതിമതത്തില്‍പ്പെട്ട ആളുകളാണ് നൃത്തം പഠിക്കാനായി വരുന്നത്. എനിക്ക് നൃത്തത്തിന്റെ സവര്‍ണവഴിയെക്കുറിച്ച് പരിചയമില്ല.

? അങ്ങനെ പറയാന്‍ കഴിയുമോ. യഥാര്‍ഥത്തില്‍ നമ്മള്‍ ഇപ്പോള്‍ തുടരുന്ന നടനത്തിന്റെ ഈ രൂപം സവര്‍ണമല്ലേ. അതായത് നൂറ്റാണ്ടുകള്‍കൊണ്ട് രൂപം കൊണ്ട ബഹുസ്വരമായ നടനപാരമ്പര്യത്തിന്റെ വിവിധ ചുവടുകളെ ഇല്ലായ്മ ചെയ്തുകൊണ്ടല്ലേ ഇന്നീ കാണുന്ന ബ്രാഹ്മണികമായ ഏകരൂപത്തിലേക്ക്    എത്തിയത്.
= എല്ലാ പാരമ്പര്യങ്ങളെയും പരിഗണിച്ചിട്ടുണ്ടാവുമെന്നാണ് എനിക്കു തോന്നുന്നത്. രുഗ്മിണിദേവി അരുണ്ഡേലായാലും ബാലസരസ്വതിയായാലും എല്ലാറ്റില്‍നിന്നുമുള്ള ഏറ്റവും മികച്ചവ എടുത്തുചേര്‍ത്തിട്ടായിരിക്കാം ഈ ഒരു ഏകരൂപത്തിലേക്ക് എത്തിയിട്ടുണ്ടാവുക. മോഹിനിയാട്ടമാണെങ്കിലും നമുക്കിതേ പ്രശ്നങ്ങള്‍ കാണാം. കലാമണ്ഡലത്തിന്റേതായാലും കല്യാണിക്കുട്ടിയുടെതാണെങ്കിലും രണ്ടുതരം ശൈലികളാണ്. ഞാന്‍ അമ്മവഴി കലാമണ്ഡലത്തിന്റെ പാരമ്പര്യത്തെയാണ് ആദ്യം സ്വീകരിച്ചത്. ഇപ്പോള്‍ തഞ്ചാവൂര്‍ പാണിയാണ് ഫോളോ ചെയ്യുന്നത്. രുഗ്മിണിദേവി അരുണ്ഡേലിന്റെ കലാക്ഷേത്രയില്‍ പഠിക്കണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. അതു നടന്നില്ല. കലാക്ഷേത്രയില്‍ പഠിക്കാതിരുന്നതില്‍ പിന്നീട് വലിയ പരിഭവമുണ്ടായിട്ടുണ്ട്. എന്തൊക്കെയാണെങ്കിലും നൃത്തമേഖലയെ പരിഷ്കരിക്കാന്‍ ഇറങ്ങിയ എല്ലാവരെയും ഞങ്ങള്‍ പരിഗണിക്കാറുണ്ട്. കാരണം അവരുടെ ഇടപെടല്‍കൊണ്ടാണ് നമുക്ക് ഇന്ന് കളിക്കാന്‍ പാകത്തില്‍ ഒരു ക്രീംഫോം ഉണ്ടായത്.

? താങ്കളുടെ കൈരളി കലാകേന്ദ്രയെക്കുറിച്ച് പറയാമോ.
= അമ്മയ്ക്കുള്ള ഗുരുദക്ഷിണയാണ് കൈരളി കലാകേന്ദ്ര. പതിനാല് വര്‍ഷം മുമ്പ് വെറും 44 വിദ്യാര്‍ഥികളുമായി തുടങ്ങിയ കലാകേന്ദ്രമാണ് അത്. ഇന്നത് നാല് ശാഖകളുള്ള 3500 വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനമാണ്. 4 വയസ്സുമുതല്‍ 65 വയസ്സുവരെയുള്ളവര്‍ ഇവിടെ അധ്യയനം നടത്തുന്നു. വെസ്റ്റേണും ക്ളാസിക്കലും എല്ലാം പരിശിലീപ്പിക്കുന്നുണ്ട്. ദുബായിലെ ഏറ്റവും വലിയ കലാ സ്ഥാപനങ്ങളിലൊന്ന്. ലണ്ടനിലെ ട്രിനിറ്റി കോളേജുമായി അഫിലിയേറ്റ് ചെയ്താണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷമായി അവിടത്തെ റാങ്ക് ഹോള്‍ഡേഴ്സില്‍ ആദ്യത്തെ രണ്ടോ മൂന്നോ പേര്‍ കൈരളി കലാകേന്ദ്രയിലെ കുട്ടികളാണ്. ഡാന്‍സ് മാത്രമല്ല    ചിത്രകല, വാദ്യകല, സംഗീതം ഒക്കെ പഠിപ്പിക്കുന്നുണ്ട്.

? ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി തുടങ്ങിയവയൊക്കെ ഇന്ത്യന്‍ പാരമ്പര്യത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ ആ പാരമ്പര്യവുമായി ചേര്‍ന്നുനിന്നുകൊണ്ടുള്ള കലാമണ്ഡലത്തിലെയൊക്കെ പഠനരീതിപോലെ എളുപ്പമുള്ളതായിരിക്കില്ലല്ലോ കൈരളി കലാകേന്ദ്രയിലെ പഠനരീതി.
= അങ്ങനെയൊരു പ്രശ്നം നൃത്തത്തിന്റെ കാര്യത്തിലില്ല. കാരണം നൃത്തത്തിന്റെ ഭാഷ ലോകഭാഷയായി തീര്‍ന്നിട്ടുണ്ട്. സമാന്തരമായി നൃത്തത്തിലൂടെ മറ്റൊരു കേരളം വിദേശത്ത് ഞങ്ങള്‍ നിലനിര്‍ത്തുന്നുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അത് നൃത്തത്തിലൂടെ ചെയ്യുന്നു. മലയാളികളായ പുതിയ തലമുറയിലുള്ളവരെ മാത്രമല്ല. വിദേശികളായ എത്രയോ പേരെ ഡാന്‍സ് പഠിപ്പിക്കുന്നുണ്ട്. അവരും ചിലങ്ക കെട്ടി മോഹിനിയാട്ടമാടുമ്പോള്‍ കേരളീയമാവുകയാണ്. ചൈനക്കാരി മോഹിനിയാട്ടം ചെയ്യുമ്പോള്‍ അവര്‍ മലയാളി കൂടി ആയിത്തീരുകയാണ്. പിന്നെ ഞങ്ങളെ സംബന്ധിച്ചിടത്തോളം കേരളം എന്നത് മിസ്സിങ് ആണ്. 21 വര്‍ഷമായി ഞാന്‍ ദുബായിലാണ് ജീവിക്കുന്നതെങ്കിലും ഓരോ നിമിഷവും ഞാന്‍ മലയാളിയായി നില്‍ക്കാനാണ് ശ്രമിക്കാറുള്ളത്.

? കേരളത്തിനകത്തും പുറത്തും, അതായത് വിദേശമേളകളിലും മറ്റും ധാരാളം പെര്‍ഫോമന്‍സ് ചെയ്തിട്ടുണ്ടല്ലോ. എന്ത് വ്യത്യാസമാണ് ഫീല്‍ ചെയ്തത്.
= തീര്‍ത്തും ട്രഡീഷനലായ ഒരു ക്ളാസിക്കല്‍ മൂഡില്‍ ആവിഷ്കരിക്കാനുള്ള സാധ്യത കേരളത്തിനകത്താണ്. പുറത്ത് ഫ്യൂഷനാണ് കൂടുതലും സാധ്യത. പിന്നെ എല്ലായിടവും മിക്സഡ് ക്രൌഡായിരിക്കും.

? നൃത്തം പ്രധാനപ്രമേയം മോഹന്‍ലാല്‍ എന്ന നടന്‍, ലോഹിതദാസെന്ന തിരക്കഥാകൃത്ത്, സിബി മലയില്‍ എന്ന സംവിധായകന്‍ എല്ലാ അര്‍ഥത്തിലും നവാഗതയ്ക്ക് കിട്ടാവുന്ന ഏറ്റവും നല്ല തുടക്കം. എന്നിട്ടും കമലദളം ഉപേക്ഷിച്ചു.
= അച്ഛനമ്മമാരുടെ പൊസസീവ്‌നെസ് ആണ് അതിലേക്കുള്ള എന്റെ പ്രവേശനത്തെ തടഞ്ഞത് എന്നുപറയാം. മകള്‍ സിനിമയില്‍ വന്നാല്‍ വിവാഹജീവിതം ഇല്ലാതായിപ്പോകുമോ എന്ന ഭയമാകാം. എല്ലാ അച്ഛനമ്മമാര്‍ക്കുള്ള പേടി തന്നെയാണ് അവര്‍ക്കുമുണ്ടായത്. കല്യാണം കഴിഞ്ഞതിനുശേഷം ഇഷ്ടംപോലെ ചെയ്തോ എന്ന് പറയുകയും ചെയ്തു. മറ്റൊരു കാരണത്താല്‍ ഭൂതക്കണ്ണാടി, കാബൂളിവാല തുടങ്ങിയ സിനിമകളും ഉപേക്ഷിക്കേണ്ടി വന്നു. അന്ന് കമലദളം ചെയ്തിരുന്നെങ്കില്‍ ഇന്നെനിക്ക് ദൃശ്യമോ പാപനാശമോ ചെയ്യാന്‍ അവസരം കിട്ടുമായിരുന്നില്ല. ഒരര്‍ഥത്തില്‍ വൈകി വന്നത് നന്നായി. പക്ഷേ, ലോഹിതദാസിന്റെ സിനിമയില്‍ ഇനി വേഷം ചെയ്യാന്‍ കഴിയില്ലല്ലോ എന്ന ദുഃഖം കൂടെയുണ്ടുതാനും.

? പിന്നീടെങ്ങനെയാണ് അഭിനയത്തിലേക്ക് വന്നത്.
= 20 വര്‍ഷങ്ങള്‍ക്കുമുമ്പ് മോഹന്‍ദാസ് സംവിധാനം ചെയ്ത ടെലിഫിലിമിലൂടെയാണ് വന്നത്. ഇന്നത്തെ ഹിറ്റ് സിനിമയായ എന്ന് നിന്റെ മൊയ്തീനിലെ കാഞ്ചനമാലയെയാണ് ആ ടെലിഫിലിമില്‍ ഞാന്‍ അവതരിപ്പിച്ചത്. ദൂരദര്‍ശനില്‍ വന്നിരുന്നു.

? സിനിമ, സീരിയല്‍, നൃത്തം. ജനപ്രിയതയുമായി ഈ മൂന്ന് മാധ്യമങ്ങളെ എങ്ങനെയാണ് കാണുന്നത്.
= ഏറ്റവും പോപ്പുലാരിറ്റി എനിക്ക് തന്നത് സീരിയലാണ്. നൂറ് സിനിമ തന്നതിന്റെ ഫലമാണ്  ഒരൊറ്റ സൂപ്പര്‍ഹിറ്റ് സീരിയലിലൂടെ കിട്ടിയത്. കാരണം ഇന്നും ലോകത്ത് ഏത് മലയാളി കണ്ടാലും ആദ്യം ചോദിക്കുന്നത് കുങ്കുമപ്പൂവിലെ പ്രൊഫ. ജയന്തിയായിരുന്നില്ലേ എന്നാണ്. വളരെ ലിമിറ്റഡ് ടൈമിലാണ് സീരിയല്‍ ചെയ്യുന്നത്. 35 മിനിറ്റ് സീരിയല്‍ ചെയ്യാന്‍ ഒരു ദിവസമേ എടുക്കുന്നുള്ളൂ. പക്ഷേ, രണ്ട് മണിക്കൂര്‍ സിനിമ ചെയ്യാന്‍ 60 ദിവസമാണ് എടുക്കുന്നത്. അതിന്റേതായ പരിമിതി സീരിയലുകള്‍ക്ക് കാണും. നൃത്തത്തിന്റെ പ്രേക്ഷകര്‍ മറ്റൊരുതലത്തിലുള്ള ഓഡിയന്‍സാണ്.

? പത്മാസുബ്രണ്യം, ശോഭന തുടങ്ങിയ നര്‍ത്തകികള്‍ വിവാഹിതരല്ല. മഞ്ജുവാര്യര്‍ എന്ന നര്‍ത്തകി വര്‍ഷങ്ങള്‍ക്കുശേഷം കുടുംബം ഉപേക്ഷിക്കുകയും ചെയ്തു. നൃത്തവും കുടുംബവും ഒരുമിച്ച് പോകില്ലെന്നുണ്ടോ.
= അങ്ങനെ ബന്ധപ്പെടുത്തേണ്ടതില്ല. നൃത്തവും കുടുംബവും  ഒരുമിച്ച് കൊണ്ടുപോകാനാണ് ഞാനാഗ്രഹിക്കുന്നത്. മാസത്തില്‍ മൂന്നോ നാലോ പെര്‍ഫോമന്‍സ് മാത്രമേ ചെയ്യാറുള്ളൂ. അത് നൃത്തം ഇഷ്ടമില്ലാത്തതുകൊണ്ടല്ല. നൃത്തത്തെയും കുടുംബത്തെയും ഒരേതാളത്തിനകത്ത്  നിലനിര്‍ത്തണമല്ലോ.

? 'ദൃശ്യ'ത്തിലെ പൊലീസ് ഓഫീസറുടെ ശരീരഭാഷയില്‍ നര്‍ത്തകിയെ ഒരിടത്തും കണ്ടില്ല. മലയാളസിനിമയിലെ ഏറ്റവും പവര്‍ഫുള്‍ ആയ പെണ്‍പൊലീസ്  ഓഫീസറായിരുന്നു അത്.
= അതിന്റെയും മെയിന്‍ ബെയ്സ് എന്നുപറയുന്നത് നൃത്തം തന്നെയാണ്. അതാണ് ഞാന്‍ പറഞ്ഞത് നൃത്തമാണ് എനിക്കെല്ലാം തന്നത് എന്ന്. നൃത്തത്തില്‍ കഥാപാത്രങ്ങളുടെ ഭാവം നിമിഷനേരം കൊണ്ടാണ് മാറുന്നത്. ഹനുമാനാണെങ്കിലും രാവണനാണെങ്കിലും രാമനായാലും സീതയായാലും എല്ലാം. നൃത്തത്തിലെ ഈ ഭാവാഭിനയം സിനിമയില്‍ തീര്‍ച്ചയായും നന്നായി പ്രയോജനപ്പെടും.

? എന്നാല്‍ താങ്കളെപ്പോലെ എല്ലാ നര്‍ത്തകികളും തിരശ്ശീലയില്‍ വിജയിച്ചിട്ടില്ല.
= എനിക്ക് പറ്റുന്ന കഥാപാത്രങ്ങള്‍ മാത്രമേ ഞാന്‍ എടുക്കാറുള്ളൂ. എനിക്ക് അല്‍പ്പമെങ്കിലും ആത്മവിശ്വാസമില്ലാത്ത കഥാപാത്രങ്ങള്‍ ഞാന്‍ സ്വീകരിക്കാറില്ല. അതുകൊണ്ടാവാം ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ ഓര്‍മയില്‍   നില്‍ക്കുന്നത്.

? ഇഷ്ട കോറിയോഗ്രാഫര്‍.
= അമ്മ.

? നിങ്ങളുടെ ശിഷ്യരില്‍   ശ്രദ്ധേയരായവര്‍ ആരൊക്കെയാണ്.
= എല്ലാവരും അവരുടേതായ ചുവടുകള്‍കൊണ്ട് ശ്രദ്ധേയരാണ്. അതില്‍ പ്രധാനികളിലൊരാളാണ് സഭാഗണധാരി. അദ്നാന്‍ സാമിയുടെ ഭാര്യ. ഞാന്‍ അവരുടെ പാലസില്‍പോയാണ് പഠിപ്പിച്ചിരുന്നത്. She is a very good dancer. ശ്രുതിഗ അമ്പിളി ഗോപാല്‍ തുടങ്ങി ഒട്ടേറെപേരുണ്ട്.

? ഏറ്റവും അടുപ്പവും ഇഷ്ടവുമുള്ള നര്‍ത്തകര്‍ ആരൊക്കെയാണ്.
= രാജശ്രീ വാര്യര്‍, നീന പ്രസാദ്, അശ്വതി (എം ടിയുടെ മകള്‍), മഞ്ജുവാര്യര്‍, ചിത്രാവിശ്വേശ്വര്‍, മാളവിക തുടങ്ങി പരിചയത്തിലുള്ളവരും അല്ലാത്തവരുമായ ഒട്ടേറെപേര്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്.

? എല്ലാ മാധ്യമങ്ങളിലും ന്യൂജനറേഷനുണ്ടാക്കിയ വ്യത്യസ്തമായ ഇടപെടല്‍ കാണുന്നുണ്ട്. നൃത്തത്തിനകത്ത് ഇതെങ്ങനെയാണ്.
= ഇപ്പോള്‍ നൃത്തവും പുതിയ ട്രെന്‍ഡിലാണ്. റിയാലിറ്റി ഷോയൊക്കെ വന്നതോടുകൂടി വൈവിധ്യമാര്‍ന്ന പ്രകടനങ്ങള്‍ വന്നുതുടങ്ങിയിരിക്കുന്നു. ക്ളാസിക്കലും സെമിയും സിനിമാറ്റിക്കും എല്ലാം കൂട്ടിക്കലര്‍ത്തിയുള്ള പ്രകടനങ്ങള്‍. മലയാളത്തിലെ നീരജ് മാധവനൊക്കെ രണ്ടും ചെയ്യും. എനിക്കൊരിക്കലും അങ്ങനെ ചെയ്യാന്‍ കഴിയില്ല. എന്നാല്‍ നൃത്തത്തിലെ ഇത്തരം കലര്‍പ്പുകള്‍ക്ക് വലിയ ഓഡിയന്‍സിനെ പുതിയ തലമുറയുണ്ടാക്കിയിട്ടുണ്ട്. നൃത്തത്തിന് വള്‍ഗാരിറ്റി ഇല്ലെങ്കില്‍ പ്രശ്നമൊന്നുമില്ല. ഏതൊരു നൃത്തവും ചലനമാണല്ലോ. ബെല്ലി ഡാന്‍സ് കാണുമ്പോള്‍ സെക്ഷ്വല്‍ ഫീലിങ്സ് അല്ലല്ലോ. അവരുടെ ഡ്രസിങ് സ്റ്റൈല്‍ വളരെ എക്സ്പോസ്ഡ് ആണല്ലോ. പക്ഷേ, നമ്മള്‍ ആ രീതിയില്‍ അല്ലല്ലോ നോക്കുക. സഭ്യമായിട്ട് അവതരിപ്പിക്കുന്നതിനോടെല്ലാം ഞാന്‍ ചേര്‍ന്നുനില്‍ക്കും. നൃത്തം ചെയ്യുന്ന ഒരു കുഞ്ഞിനോടുപോലും എനിക്ക് വിധേയത്വമുണ്ട്. ഒരു കുഞ്ഞിന്റെ പെര്‍ഫോമന്‍സില്‍നിന്നുപോലും നമുക്കേറെ പഠിക്കാനുണ്ട്

? മോഹന്‍ലാല്‍, മമ്മൂട്ടി, കമലഹാസന്‍ ഈ മൂന്നുപ്രതിഭകളൊടൊപ്പവും അഭിനയിക്കാനുള്ള അവസരമുണ്ടായിട്ടുണ്ട്. മൂന്നുപേരുടെയും വ്യത്യസ്തതയെക്കുറിച്ച് പറയാമോ.
= മൂന്ന് പേരിലെയും വ്യത്യസ്തതയെക്കാളും ഞാന്‍ നിരീക്ഷിച്ചത് അവരിലെ സമാനതയാണ്. അത് ഡെഡിക്കേഷനാണ്. അതുകൊണ്ടാണ് കലയില്‍ ഇപ്പോഴുമവര്‍ തുടരുന്നത്. കലാകാരന് ആത്യന്തികമായി ഉണ്ടാകേണ്ടത് അതാണ്.

? ഇഷ്ട സിനിമകള്‍.
= കമലദളം, തൂവാനത്തുമ്പികള്‍, ഭ്രമരം, തനിയാവര്‍ത്തനം, ഭൂതക്കണ്ണാടി, ദൃശ്യം ഇവയാണ് പെട്ടെന്ന് മനസ്സിലേക്കെത്തുന്ന ചിത്രങ്ങള്‍.


? സിനിമയില്‍ വന്ന നടികളില്‍ ഭൂരിപക്ഷവും ഗോസിപ്പിന് വിധേയമായിട്ടുണ്ട്. സമീപകാലത്ത് താങ്കളെ ആക്ഷേപിച്ചുകൊണ്ട് പ്രചരിച്ച വ്യാജവീഡിയോ കേരളത്തിലെ സൈബര്‍കേസുകളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു. മാധ്യമങ്ങള്‍ മാറുന്നുണ്ടെങ്കിലും ഇരയുടെ സ്ഥാനം മാറുന്നില്ല. ഇരയാക്കപ്പെടുന്നത് സ്ത്രീകള്‍ തന്നെ. ഓറല്‍ ഗോസിപ്പില്‍നിന്നും വിഷ്വല്‍ ഗോസിപ്പിലേക്ക് കാര്യങ്ങളെത്തി.
= ശരിയാണ്. എന്നെ ആക്ഷേപിച്ചുകൊണ്ടുള്ള ദൃശ്യവും സോഷ്യല്‍മീഡിയയിലൂടെ വൈറല്‍ ആയി. നാട്ടിലുള്ള ഒരു സുഹൃത്താണ് ഇത് വിളിച്ചുപറഞ്ഞത്. എന്റെ വ്യക്തിപരമായ പ്രശ്നം എന്ന നിലയിലല്ല ഞാനതിനോട് റിയാക്ട് ചെയ്തത്. ദൃശ്യങ്ങള്‍ കണ്ടപ്പോള്‍തന്നെ കമീഷണറുടെ അടുത്തേക്ക് പോയി. നാളെ ഒരു കുട്ടിക്ക് ഈ ഗതിവരരുതെന്ന് വിചാരിച്ചിട്ടാണ് ഞാന്‍ കംപ്ളെയിന്റ് ചെയ്തത്. പരാതിക്ക് പോകണ്ട എന്ന് പലരും ഉപദേശിച്ചിരുന്നു. പക്ഷേ, ഞാന്‍ ഗവണ്‍മെന്റിന് കൊടുത്ത പരാതി നിയമസഭയില്‍ വരെ ചര്‍ച്ചചെയ്തു. മീഡിയ എന്നെ നന്നായി സപ്പോര്‍ട്ട് ചെയ്തു. പൊലീസ് ആ വീഡിയോ അപ്ലോഡ് ചെയ്ത രണ്ട് കോളേജ് വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്തു. അവര്‍ ഇതുപോലുള്ള 17 ഓളം വീഡിയോസ് യുട്യൂബിലിട്ടിരുന്നു. സൈബര്‍ സെല്‍ സ്ത്രീകളുടെ പ്രശ്നവുമായി ബന്ധപ്പെട്ട് ഒരു വിങ് സ്റ്റാര്‍ട്ട് ചെയ്യാന്‍ തീരുമാനിച്ചതും ഈ പരാതിയെ അടിസ്ഥാനമാക്കിയാണ്. സ്ത്രീകളുടെ ജാഗ്രതകൊണ്ട് ഒരു പരിധിവരെ ഇത്തരം ഗോസിപ്പുകളെ പ്രതിരോധിക്കാന്‍ കഴിയും.

(ദേശാഭിമാനി വാരികയില്‍ നിന്ന്).
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top