03 October Tuesday

സര്‍വനാശത്തിന്റെ നീലക്കുടകള്‍

കെ ഗിരീഷ്Updated: Sunday Aug 6, 2017

നിഷ്കളങ്കതയിലേക്ക് കടന്നുവരുന്ന കരിമേഘങ്ങളാണ് മോഹങ്ങള്‍. ഒരു കാലത്തെയും ജീവിതത്തെയുംതന്നെ കീഴ്മേല്‍ മറിച്ചു കളയുന്നു ചില മോഹങ്ങള്‍. മോഹങ്ങളാണ് അധിനിവേശത്തിന്റെ ആയുധം. ഒരു സമൂഹത്തെ അതിന്റെ കാലങ്ങളായുള്ള സ്നേഹധാരയില്‍നിന്ന്, നദിപോലെ ഒഴുകുന്ന സ്വസ്ഥജീവിതത്തില്‍നിന്ന് പറിച്ചെറിയാന്‍ ആധുനികതയുടെ ഒരടയാളം മതിയാകും. കാഴ്ചയില്‍ സുന്ദരമെന്നുതോന്നുന്ന എന്തെങ്കിലുമൊന്ന് മതിയാകും. പാലക്കാട് നവ്രംഗ് അവതരിപ്പിച്ച കുട്ടികളുടെ നാടകം 'നീലക്കുട'’ഇത്തരമൊരു ഗ്രാമത്തിന്റെയും മോഹത്തിന്റെയും കഥയാണ് പറഞ്ഞത്. കഴിഞ്ഞ വേനലവധിക്ക് കുട്ടികളുടെ നാടകക്യാമ്പില്‍ രൂപംകൊണ്ട നാടകം മികച്ച രീതിയില്‍ സംവിധാനം ചെയ്തത് കണ്ണന്‍ പാലക്കാടാണ്.

കണ്ണന്‍ പാലക്കാട്

കണ്ണന്‍ പാലക്കാട്

റസ്കിന്‍ ബോണ്ട് എഴുതിയ ബ്ളൂ അംബ്രല എന്ന കൃതിയെ ആസ്പദമാക്കിയായിരുന്നു നാടകം. നിഷ്കളങ്കരായ ഗ്രാമീണര്‍ക്കിടയിലേക്ക് വന്നുകയറുന്ന ടൂറിസ്റ്റിന്റെ കൈയിലെ അഴകാര്‍ന്ന നീലക്കുടയില്‍ ഭ്രമിക്കുന്ന ഗ്രാമീണ പെണ്‍കുട്ടി തന്റെ പുലിനഖമാല പകരം നല്‍കി കുട സ്വീകരിക്കുന്നതും, ആ കുട  ഗ്രാമത്തിലുണ്ടാക്കുന്ന പുകിലുകളുമാണ് നാടകം. പരിഷ്കാരത്തിന്റെ പ്രതീകമായി കടന്നുവരുന്ന കുട ഗ്രാമത്തിന്റെ സ്വസ്ഥത നഷ്ടപ്പെടുത്തി സ്നേഹബന്ധങ്ങളില്‍ വരുത്തുന്ന വിള്ളലുകളിലൂടെയാണ് നാടകം പുരോഗമിക്കുന്നത്. ഗ്രാമീണസ്ത്രീയുടെ വീട്ടില്‍നിന്നാണ് നാടകത്തിന്റെ തുടക്കം. അമ്മയും രണ്ടു മക്കളും ആഹ്ളാദത്തോടെ കഴിയുന്നതിനിടയിലാണ് കുട കടന്നുവരുന്നത്. ഗ്രാമത്തിലെ ചായക്കടക്കാരന്  കുടയില്‍ ഭ്രമംതോന്നുന്നു, അത് കരസ്ഥമാക്കാന്‍ അയാളും സഹായിയും ദുര്‍മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കുന്നു. ഒടുവില്‍ കുട മോഷ്ടിക്കുന്നതും പിടിക്കപ്പെടുന്നു. ഗ്രാമം ചായക്കടക്കാരനെ തിരസ്കരിക്കുമ്പോള്‍ സങ്കടം തോന്നിയ കുട്ടി തന്റെ കുട ചായക്കടക്കാരനു സമ്മാനിക്കുന്നതും ചായക്കടക്കാരന്‍ ഒരു കരടിനഖമാല തിരിച്ചുനല്‍കി സന്തോഷം വീണ്ടെടുക്കുന്നതുമാണ് കഥ.
ദൃശ്യസമൃദ്ധമാണ് നീലക്കുട. കുട്ടികളും കുരങ്ങുകളും കരടിയും ചേര്‍ന്ന് കാണികളെ, വിശേഷിച്ച് കുട്ടികളെ പിടിച്ചിരുത്തുന്ന രംഗങ്ങള്‍ നൃത്തവും പാട്ടുമായി വര്‍ണാഭം. കുട്ടിയും കുടയും കാറ്റും തമ്മിലുള്ള പിടിവലിയുള്ള രംഗം മികച്ച മെയ്വഴക്കംകൊണ്ട് ശ്രദ്ധേയമാക്കി. കുട കക്കാന്‍ വരുമ്പോള്‍ അവതരിപ്പിക്കുന്ന ശ്മശാനവും പ്രേതങ്ങളും സൃഷ്ടിക്കുന്ന അന്തരീക്ഷവും അത്ഭുതകരമായി. രണ്ടുതട്ടുകളിലായി അവതരിപ്പിച്ച നാടകം ലാളിത്യംകൊണ്ട് ശ്രദ്ധേയവുമാണ്.
സംഗീതമൊരുക്കാന്‍  പ്രകാശ് ഉള്ള്യേരിയും ദീപവിതാനമൊരുക്കാന്‍ ജോസ് കോശിയും ചേര്‍ന്നതോടെ നാടകം വളരെ മികച്ച തലത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. ഒപ്പം ശിവശങ്കര്‍ നീനാസം ഒരുക്കിയ രംഗോപകരണങ്ങള്‍ നാടകത്തിന്റെ മികവ് വര്‍ധിപ്പിച്ചു. പശ്ചാത്തല സംഗീതം സുനില്‍കുമാര്‍. ഗാനം എന്‍ എം സന്തോഷ്. ചമയം കൃഷ്ണന്‍കുട്ടി പുതുപരിയാരം. നൃത്തം  രഞ്ജിത് വി ചന്തു. നിര്‍മാണനിര്‍വഹണം  ജയനാരായണന്‍. സഹസംവിധാനം വിഷ്ണു പ്രസാദ് എന്നിവര്‍ നിര്‍വഹിച്ചു.
പി അതിഥി, അഹമ്മദ് ഫിറോസ്, മഹാലക്ഷ്മി, മാധവന്‍, ഭുവനേശ്, അക്ബറലി, മഹാദേവന്‍ പൂനം, പൂജ, ശ്രീനിഥി, ഭരതന്‍, പവിത്ര, ആരതി, ഭാഗ്യശ്രീ, തീക്ഷ്ണ, അരുന്ധതി, അഥീന, ആന്റേഴ്സണ്‍, ദീപക്, ഫസീന്‍, രഞ്ജന, വൈഗ, ശിവാത്മിക, വിദ്യ, ഋതി ഫിറോസ്, നിതീഷ് കൃഷ്ണ, അഞ്ജു, അശ്വതി എന്നിവരാണ് അരങ്ങില്‍.

girish.natika@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top