26 April Friday

മണ്ണിന്റെ ഹൃദയംതൊട്ട്

എം എസ് അശോകന്‍Updated: Sunday Jul 3, 2016

മണ്ണില്‍ ഉറപ്പിച്ച വിരലുകളാണ് അഗസ്റ്റിന്‍ വര്‍ഗീസിന്റേത്. ശില്‍പ്പകല പഠിച്ചവര്‍പോലും സൌകര്യങ്ങളുടെ പേരില്‍ പില്‍ക്കാലം ചിത്രംവരയിലേക്ക് വഴുതുമ്പോള്‍ ചിത്രകലയില്‍ ബിരുദമെടുത്ത അഗസ്റ്റിന്‍ നിര്‍മിക്കുന്നത് ശില്‍പ്പങ്ങള്‍. കുഴച്ചെടുത്ത മണ്ണില്‍മെനഞ്ഞ ശില്‍പ്പങ്ങള്‍ സൂക്ഷിച്ചുവയ്ക്കാനും കൊണ്ടു നടക്കാനും പ്രയാസമാണെന്നറിഞ്ഞിട്ടും ഒരു കളിമണ്‍രൂപംപോലും പടുക്കാത്ത ദിവസമില്ല ഈ യുവ ശില്‍പ്പിയുടെ ജീവിതത്തില്‍. ചിത്രങ്ങളോളം വില്‍പ്പന സാധ്യതയില്ലാതിരുന്നിട്ടും ജീവസ്സ് ചോരാത്ത തന്റെ സൃഷ്ടികള്‍ ഒന്നിനും വേണ്ടിയല്ലാതെ ചുറ്റിനും സ്വരുക്കൂട്ടിവയ്ക്കുന്നു അഗസ്റ്റിന്‍ വര്‍ഗീസ്.

 അഗസ്റ്റിന്‍ വര്‍ഗീസ്

അഗസ്റ്റിന്‍ വര്‍ഗീസ്

പെരുമ്പാവൂര്‍ കൂവപ്പടി മാവേലിപ്പടി സ്വദേശി അഗസ്റ്റിന്‍ വര്‍ഗീസ് വയല്‍മണ്ണും ചേറുംപുരണ്ട തന്റെ കുട്ടിക്കാലത്തിലാണ് ശില്‍പ്പങ്ങളോടുള്ള ഈ ആത്മബന്ധത്തിന്റെ വേരുകള്‍ കണ്ടെത്തുന്നത്. പാടത്തെ ചേറ് കുഴച്ച് മെനഞ്ഞ ശില്‍പ്പങ്ങളാണ് മുതിര്‍ന്നപ്പോള്‍ കലാപഠനത്തിന് പ്രേരണയായത്. കാലടി ശ്രീശങ്കര കോളേജില്‍ ശില്‍പ്പകലാ കോഴ്സില്ലാത്തതിനാലാണ് ചിത്രകലാ പഠനത്തിന് ചേര്‍ന്നത്. ഉപവിഷയമായി ശില്‍പ്പപഠനമുണ്ടെന്നതായിരുന്നു ആശ്വാസം. 2009ല്‍ പഠനം പൂര്‍ത്തിയാക്കിയശേഷം ശില്‍പ്പരചനയുടെ ആവശ്യത്തിനുമാത്രമായി ചിത്രംവര. ശില്‍പ്പരചനയില്‍ ഉപരിപഠനത്തിന് ആലോചിച്ചിരുന്നെങ്കിലും സാഹചര്യം അനുവദിക്കാത്തതിനാല്‍ കലാധ്യാപന ജോലി ഏറ്റെടുത്ത് അങ്കമാലി ഡോണ്‍ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ ചേര്‍ന്നു. അവിടെ ചിത്രരചന പഠിപ്പിക്കുന്നത്രയും പ്രാധാന്യത്തോടെ ശില്‍പ്പകലയും കുട്ടികളെ അഭ്യസിപ്പിക്കുന്നു.

വലിയ ശില്‍പ്പങ്ങളാണ് അഗസ്റ്റിന്‍ കൂടുതല്‍ ചെയ്തിട്ടുള്ളത്. രൂപങ്ങളിലേക്കുള്ള പരിണാമത്തെ അപൂര്‍ണമായി അവസാനിപ്പിക്കുകയാണ് ചിലതെല്ലാം. ജീവിതഭാവങ്ങളിലേക്ക് ചിതല്‍പ്പുറ്റില്‍നിന്നെന്നപോലെ ഉണരുന്ന മുഖങ്ങള്‍. മണ്ണുമായുള്ള ജൈവബന്ധം നഷ്ടമായവരുടെ മുഖമില്ലായ്മകള്‍. പലതും മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച് ചെയ്യുന്നതല്ലെന്ന് അഗസ്റ്റിന്‍ വര്‍ഗീസ്. ചെയ്തുവരുമ്പോള്‍ അങ്ങനെയൊക്കെയാവുകയാണ്. പ്രമേയ നിബന്ധനയോടെ ചെയ്തവയുമുണ്ട്. ഷെല്‍ട്ടര്‍പോലുള്ള പരമ്പരകള്‍ ഉണ്ടായത് അങ്ങനെയാണെന്ന് അഗസ്റ്റിന്‍ പറഞ്ഞു.

അഗസ്റ്റിന്‍ വര്‍ഗീസ് നിര്‍മിച്ച ശില്‍പ്പം

അഗസ്റ്റിന്‍ വര്‍ഗീസ് നിര്‍മിച്ച ശില്‍പ്പം


രൂപങ്ങളെ മൌനക്കൂട്ടില്‍ ഒളിപ്പിച്ച മണ്ണ് അവയുമായി ആത്മബന്ധം പുലര്‍ത്തുന്ന വിരലുകളിലൂടെ ഉരുവപ്പെടുകയാണ് പലതുമായി. സിമന്റുപോലുള്ള മാധ്യമങ്ങളിലും ശില്‍പ്പങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ക്ളേപോലെ സുഖകരമായി തോന്നിയിട്ടില്ല അഗസ്റ്റിന്. ടെറക്കോട്ട ശില്‍പ്പങ്ങളില്‍ നിരവധി പരീക്ഷണങ്ങളും നടത്തുന്നു. ചായങ്ങള്‍പൂശാതെ ടെറക്കോട്ടയുടെ ടെക്സചറുകള്‍ വ്യത്യസ്തമാക്കാന്‍ അവയുടെ നിര്‍മാണഘട്ടത്തിലും ചുട്ടെടുക്കുമ്പോഴും ശ്രമിക്കുന്നു. കളിമണ്‍ ശില്‍പ്പനിര്‍മാണത്തില്‍ ഇതര സംസ്ഥാനങ്ങളിലേതുപോലെ സമ്പന്നമായ പാരമ്പര്യമൊന്നും നമുക്കില്ലെന്ന് നിരവധി ശില്‍പ്പക്യാമ്പുകളില്‍ പങ്കെടുത്തതിന്റെ അനുഭവത്തില്‍നിന്ന് അഗസ്റ്റിന്‍ പറയുന്നു. തവിടും കൂട്ടിക്കുഴച്ച് അടിച്ച് പരുവപ്പെടുത്തുന്ന കളിമണ്ണിലാണ് തമിഴ്നാട്ടിലെ പരമ്പരാഗത ശില്‍പ്പികളുടെ ശില്‍പ്പരചന. അങ്ങനെ പലതരം രീതികള്‍ രാജ്യത്തെ വ്യത്യസ്ത പ്രദേശങ്ങളില്‍ നിലനില്‍ക്കുന്നു. കേരളത്തിന് ഈ രംഗത്ത്  മൌലികമായ രചനാ സമ്പ്രദായമൊന്നുമില്ലെന്ന് അഗസ്റ്റിന്‍. അത്തരം ക്യാമ്പനുഭവങ്ങളാണ് ടെറക്കോട്ട ശില്‍പ്പനിര്‍മാണത്തില്‍ പരീക്ഷണങ്ങള്‍ക്ക് അഗസ്റ്റിന് ധൈര്യം പകരുന്നത്. ശില്‍പ്പങ്ങളെ പ്രതിഷ്ഠാപന മാതൃകയില്‍ പുതിയൊരു സ്ഥലിയിലും അര്‍ഥത്തിലും സ്ഥാപിക്കുന്നതുപോലുള്ള അവതരണപരമായ പരീക്ഷണങ്ങള്‍ക്കും അഗസ്റ്റിന്‍ ആലോചിക്കുന്നു.

2009ല്‍ ശില്‍പ്പരചനയ്ക്ക് സംസ്ഥാന ലളിതകലാ അക്കാദമിയുടെ പുരസ്കാരം ലഭിച്ചിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലെല്ലാം അഗസ്റ്റിന്റെ ശില്‍പ്പങ്ങള്‍ക്ക് സെലക്ഷനും ലഭിക്കുന്നു. ഈ വര്‍ഷം വിപുലമായ ഏകാംഗ പ്രദര്‍ശനത്തിനും പദ്ധതിയുണ്ട്. സ്കൂള്‍ അധ്യാപനത്തോടൊപ്പം മാവേലിപ്പടിയില്‍ ശില്‍പ്പചിത്ര എന്ന പേരില്‍ ചിത്ര–ശില്‍പ്പ പരിശീലന കളരിയും അഗസ്റ്റിന്‍ വര്‍ഗീസ് നടത്തുന്നു.

msasokms@gmail.com


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top