20 April Saturday

ഭരതമുനിയുടെ നായികമാരെ ഭീല്‍ വേഷത്തില്‍ വരച്ച് എ രാമചന്ദ്രന്‍

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021

ന്യൂഡല്‍ഹി > ഭരതമുനിയുടെ നാട്യശാസ്ത്രത്തില്‍ സ്ത്രീകളുടെ പ്രണയത്തിന് എട്ട് മാനസികാവസ്ഥയാണുള്ളത്. രാജസ്ഥാനിലെ ഭീല്‍ ഗോത്രവര്‍ഗ സ്ത്രീകളില്‍ ഈ മുഖഭാവം നല്‍കിക്കൊണ്ടാണ് സബാല്‍ടേണ്‍ അഷ്‌ടകന്യകാസ് എന്ന ചിത്രപ്രദര്‍ശനം പ്രശസ്ത കലാകാരന്‍ എ രാമചന്ദ്രന്‍ ഒരുക്കിയിരിക്കുന്നത്.

ഡല്‍ഹിയിലെ വധേര ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന പ്രദര്‍ശനത്തിലെ സൃഷ്ടികള്‍ ലോക്ഡൗണ്‍ സമയത്താണ് അദ്ദേഹം നടത്തിയത്. ഈ പ്രദര്‍ശനത്തിലൂടെ ഭീല്‍ സ്ത്രീകളുടെ പാരമ്പര്യ വേഷത്തിനൊപ്പം ഈ സമൂഹത്തില്‍ തുടര്‍ന്നുവരുന്ന ചില വസ്ത്രധാരണ രീതികള്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു.  ചിത്രത്തിന്റെ മോഡലുകളായി വന്നവരില്‍ ചിലര്‍ തലമുടി മറച്ചുള്ള സാരിയുടെ അറ്റം കയ്യില്‍ പിടിച്ചിട്ടുണ്ട്, ചിലര്‍ അത് കഴുത്തുവരെ വലിച്ചു പിടിച്ചിരിക്കുന്നു, അത് കൊണ്ട് മുഖം മറഞ്ഞു പോകുമെന്ന് അവര്‍ ഓര്‍ക്കുന്നില്ലെന്നത് നര്‍മ്മത്തിന് കാരണമായി. എങ്കിലും താന്‍ അത് കാര്യമാക്കിയുമില്ലെന്ന് രാമചന്ദ്രന്‍ നിരീക്ഷിക്കുന്നു.

ലാസ്യഭാവത്തിലും ദു:ഖഭാവത്തിലുമുള്ള സാഹചര്യങ്ങള്‍ ഈ സൃഷ്ടിയിലൂടെ അവതരിപ്പിക്കുന്നുണ്ട്. പരമ്പരാഗത ബോധത്തില്‍ നിന്നും വ്യതിചലിക്കുന്നതാണ് തന്റെ നായികമാരെന്ന് രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. സൗന്ദര്യത്തിലൂടെ ലഭിക്കുന്ന അംഗീകാരം മാത്രമല്ല പ്രണയം, മറിച്ച് ഏതൊരു സ്ത്രീക്കും പുരുഷനും പരസ്പരം ആകര്‍ഷണം തോന്നാമെന്ന് രാമചന്ദ്രന്‍ പറഞ്ഞു. ഡല്‍ഹി ഡിഫന്‍സ് കോളനിയിലെ വധേര ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന രാമചന്ദ്രന്റെ ഒരു മാസം നീണ്ടു നില്‍ക്കുന്ന സബാല്‍ടേണ്‍ നായികാസ് ആന്‍ഡ് ലോട്ടസ് പോണ്ട് എന്ന പ്രദര്‍ശനം ഡിസംബര്‍ 12 ന് അവസാനിക്കും.  ടാന്‍സന്‍ മാര്‍ഗിലെ ത്രിവേണി കലാസംഗത്തില്‍ നടന്ന പ്രദര്‍ശനം നവംബര്‍ 30 ന് അവസാനിച്ചിരുന്നു.

കൊവിഡ് കാലം രാമചന്ദ്രനെ സംബന്ധിച്ചും വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. സ്വയം സുരക്ഷിതനാകുന്നതിന്റെ ഭാഗമായി 2020 ഫെബ്രുവരി മുതല്‍ വീട്ടില്‍ത്തന്നെ കഴിയുകയാണദ്ദേഹം. ഈ സമയത്താണ് സബാല്‍ടേണ്‍ നായികാസ് എന്ന ചിത്രപരമ്പര അദ്ദേഹം വരച്ചത്. 80 കളില്‍ ഭീല്‍ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചപ്പോഴുള്ള ഓര്‍മ്മകളും അനുഭവങ്ങളും ഈ സൃഷ്ടിക്ക് പ്രചോദനമായിട്ടുണ്ട്. മലയാളിക്കുള്ള സ്വതസിദ്ധമായിട്ടുള്ള നര്‍മ്മം രാമചന്ദ്രന്റെ സൃഷ്‌ടികളിലും കാണാനാവുമെന്ന് കലാ ചരിത്രകാരിയായ രൂപിക ചാവ്ല നിരീക്ഷിച്ചു. ഇരുണ്ട നര്‍മ്മവും ആകസ്മികതയും രാമചന്ദ്രന്റെ സൃഷ്ടികളില്‍ ഒഴിച്ചുകൂടാനാവാത്തതാണ്.

ദൃശ്യസര്‍ഗ്ഗാത്മകതയുടെ അയത്നമായ ഉപയോഗത്തിലേക്കാണ് ചിത്രകാരന്‍ കൂട്ടിക്കൊണ്ടു പോകുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രാചീനസമൂഹമായ ഭീലുകളാണ് തന്റെ സൃഷ്ടികളില്‍ ഏറ്റവും യോജിക്കുന്നതെന്ന് രാമചന്ദ്രന്‍ പറഞ്ഞു. പൗരാണികമായ കെട്ടുകാഴ്ചകളും മരിച്ചു കൊണ്ടിരിക്കുന്ന സംസ്ക്കാരവുമാണ് അവരുടേത്. ആറ്റിങ്ങല്‍ സ്വദേശിയായ എ രാമചന്ദ്രന്‍ മലയാളത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയതിനു ശേഷം 1957ലാണ് പശ്ചിമബംഗാളില്‍ ടാഗോര്‍ സ്ഥാപിച്ച ശാന്തിനികേതനില്‍ പഠനത്തിനായി പോയത്. 60 കളുടെ മധ്യം മുതല്‍ ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ അദ്ദേഹം ജാമിയ മില്യ സര്‍വകലാശാലയില്‍ അധ്യാപകനായിരുന്നു. പത്മഭൂഷണ്‍, കാളിദാസ് സമ്മാന്‍ രാജാ രവിവര്‍മ്മ പുരസ്ക്കാരം എന്നിവയും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top