25 April Thursday

കാവുകളിലെ മുടിയേറ്റ്‌ ‐ കാളി ദാരിക പുരാവൃത്തം

വെബ് ഡെസ്‌ക്‌Updated: Saturday Sep 22, 2018

 കാളി‐ദാരിക പുരാവൃത്തം പൂർണമായി ആവിഷ്കരിക്കുന്ന നാടോടി നാടകമാണ് മുടിയേറ്റ്. കുംഭം, മീനം മാസങ്ങളിലെ ഉത്സവത്തോടനുബന്ധിച്ച് തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ ദേവീക്ഷേത്രങ്ങളിലും കാവുകളിലുമാണ്‌ മുടിയേറ്റ്‌ നടക്കാറുള്ളത്‌. കുറുപ്പ്, മാരാർ സമുദായങ്ങളാണ് ഈ അനുഷ്‌ഠാനം നടത്തുന്നത്. ശിവനാരദസംവാദത്തിൽ ആരംഭിച്ച് കാളി ദാരികന്റെ മുടിയെടുക്കുന്നതുവരെയുള്ള രംഗങ്ങൾ അനുക്രമമായി ഇതിൽ വികസിക്കുന്നു.  ദാരികദാനവേന്ദ്രന്മാരുടെ പരാക്രമങ്ങളാൽ സർവലോകങ്ങളിലും സ്വൈരജീവിതം നഷ്ടമായ വിവരം ശിവസന്നിധിയിൽ നാരദൻ സങ്കടമായുണർത്തിക്കുന്നു. പരിഹാരനിവൃത്തിക്കായി ശിവൻ  തൃക്കണ്ണിൽനിന്ന‌് ഭദ്രകാളിയെ ജനിപ്പിക്കുന്നു. ദാരിക‐ദാനവേന്ദ്രന്മാരോട‌് കാളി ഏറ്റുമുട്ടി അവരുടെ മുടിയെടുത്ത‌് നിഗ്രഹിക്കുന്നു. 

 

കളമെഴുത്തിനും പാട്ടിനും ശേഷമാണ്‌ മുടിയേറ്റ്. ഗണപതി സ്തുതിയിലാരംഭിച്ച് പന്തൽ നിർമാണം, ഭദ്രകാളിയുടെ പാദാദികേശം, കേശാദിപാദം, ഭദ്രകാളിയുടെ വിശേഷണങ്ങൾ എന്ന ക്രമത്തിലാണ് കളംപാട്ട്. കുരുത്തോലകൊണ്ടു കളം മായ്ച്ച് പൊടി ഭക്തർക്കു പ്രസാദമായി നൽകുന്നതോടെ അനുഷ്ഠാനം പൂർണമാകും. കരനാഥൻ അണിയറയിൽനിന്ന‌് രംഗത്തുവന്ന് കളിവിളക്കു തെളിയിക്കുന്നതോടെ മുടിയേറ്റ് ആരംഭിക്കും. മേളക്കാർ മുടിയേറ്റിനെക്കുറിച്ച് കൊട്ടിയറിയിക്കുന്ന അരങ്ങുകേളി നടത്തും. വീക്കൻചെണ്ടയും ഉരുട്ടുചെണ്ടയും ഇലത്താളവും കേളിയ‌്ക്കുപയോഗിക്കുന്നു. തിരശ്ശീല പിടിച്ച് അതിനുപിന്നിൽ ഒരാൾ വാദ്യങ്ങളുടെ അകമ്പടിയോടെ വന്ദനശ്ലോകങ്ങൾ പാടും. 
 
തുടർന്നാണ്‌ ശിവനാരദന്മാരുടെ രംഗപ്രവേശം. മഹാദേവൻ കാളപ്പുറത്ത‌് കയറി നാരദനോടൊപ്പം തിരശ്ശീലയ്ക്കു പിന്നിലെത്തും. കണ്ണെഴുതി ഗോപിക്കുറി വരച്ച ശിവനും കാളയുടെ പൊയ്മുഖവും തിരശ്ശീലയ്ക്കു മുകളിൽ ദൃശ്യമാകും. ഓലഗ്രന്ഥവുമായാണ് നാരദനെത്തുക. വെള്ള വസ്ത്രവും നരച്ചതാടിയും കൂമ്പൻ തൊപ്പിയുമാണ് വേഷം. നാരദനും ശിവനും ചുവടുവച്ചു കഴിയുമ്പോൾ മേളക്കാർ പാടുന്നു. ദാരികന്റെ ചെയ്തികളെക്കുറിച്ച്‌ അറിഞ്ഞുവരാൻ നാരദനോടു പറയുന്നതാണ് പാട്ടിലെ വിഷയം. അവയറിഞ്ഞ‌് വന്ന നാരദൻ ഓല വായിക്കുന്നു. മഹാദേവന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതായി അഭിനയിക്കുന്നു. ദാരികനിൽ നിന്നുണ്ടായ അവഹേളനവും പീഡയും ശിവനെ അറിയിക്കുന്നു. 
 
ദാരികന്റെ ധാർഷ്ട്യവും വരബലവും പരാക്രമവും ബലവീര്യാദികളും പ്രദർശിപ്പിക്കുന്ന പുറപ്പാടാണ് പിന്നെ. വെള്ള ഉത്തരീയവും ഉടുത്തുകെട്ടുമുള്ള കത്തിവേഷമാണ‌് ദാരികൻ. കിരീടവും കാതുകളിൽ കൂർത്ത തോടയും കരങ്ങളിൽ കടകകങ്കണങ്ങളും അണിയുന്നു. വരിക്കപ്ലാവിന്റെ കാതലിൽ തീർത്ത പഞ്ചവർണങ്ങൾ പൊതിഞ്ഞ  ചെറിയ കിരീടത്തിൽ മയിൽപ്പീലി അഞ്ചു വരികളായി വളച്ചുവച്ചിരിക്കും. തിരനോട്ടത്തിനുശേഷം പീഠത്തിൽ കയറിനിന്ന് അഭ്യാസപ്രകടനങ്ങൾക്കൊടുവിൽ ദിഗ്വിജയം പ്രഖ്യാപിച്ച് കാളിയെ പോരിന‌് വിളിക്കുന്നു.
 
 ദാരികന്റെ പുറപ്പാട‌് കഴിഞ്ഞാലുടൻ കൈലാസത്തിൽനിന്ന‌് യാത്രാനുവാദവും അനുഗ്രഹവും വാങ്ങി അട്ടഹസിച്ചുവരുന്ന കാളിയുടെ പുറപ്പാടാണ്. എണ്ണയിൽ ചാലിച്ച കരി പുരട്ടിയ മുഖത്ത‌് ചുണ്ണാമ്പും അരിമാവും കുഴച്ച‌് പശയാക്കി വസൂരിക്കലകൾ പോലെ ചുട്ടികുത്തി കരിവേഷത്തിലാണ് കാളി. നടയിൽച്ചെന്ന‌് ഭഗവതിയെ വണങ്ങി തീർഥവും പ്രസാദവും സ്വീകരിച്ച് വാളും മാലയും ഏറ്റുവാങ്ങിയശേഷം കിരീടം ധരിയ്ക്കുന്നു. ക്ഷേത്രം വലം ചുറ്റി പോർവിളിച്ച‌് കാളി പ്രവേശിക്കുന്നു. ദാരികന്റെ പോർവിളി കേട്ട കാളി തിരശ്ശീലയ്ക്ക‌് മറഞ്ഞുനിന്ന് ഉത്തരം പറയുന്നു. തിരശ്ശീല താഴ്ത്തി കാളിയും ദാരികനും പരസ്പരം കണ്ടുമുട്ടുന്നതോടെ ദാരികൻ ദാനവേന്ദ്രനേയും സൈന്യത്തേയും കൂട്ടിക്കൊണ്ടുവരാൻ രംഗത്തുനിന്ന‌് മറയുന്നു. 
 
 കാളിയുടെ പോർവിളിയും ദാരികന്റെ മറുപടിയും കേട്ട് പിരിമുറുക്കം അനുഭവപ്പെടുമ്പോഴാണ്‌ നർമസംഭാഷണങ്ങളുമായി കോയിമ്പടനായരുടെ വരവ്‌. തലയിൽ വട്ടക്കെട്ടും ഗോപിക്കുറിയും വെള്ള വസ്ത്രവും ധരിച്ചെത്തുന്ന കോയിമ്പടനായരുടെ ഇടംകൈയ്യിൽ പരിചയും വലംകൈയ്യിൽ കടുത്തിലയുമുണ്ടാകും. അസംബന്ധ ഭാഷണങ്ങളിലൂടെ സാമൂഹികവിമർശനം നടത്തുന്നു കോയിമ്പടനായർ.
 
 ദാരികന്റെ ജ്യേഷ്ഠൻ ദാനവേന്ദ്രന്റെ രംഗപ്രവേശമാണ് പിന്നെ. പച്ച വേഷമാണ് ദാനവേന്ദ്രന്. ദാരികന് തുല്യമായ ഉടുത്തുകെട്ടും ദാരികകിരീടത്തിന് സമാനമായ കിരീടവും കാണുന്നു. തന്റെ പരാക്രമങ്ങൾ മുഴുവൻ പ്രദർശിപ്പിക്കുന്നു. ദാനവേന്ദ്രൻ മടങ്ങുന്നതോടെ കാളിയുടെ പരിവാരത്തിലൊരാളായ കൂളി രംഗത്തെത്തുന്നു. കരിവേഷമാണ് കൂളിക്ക്. കൂമ്പൻ കിരീടം വച്ചിരിക്കും. ചപ്പുചവറുമുടുത്ത് ചിരട്ടയോ പാളയോ കൊണ്ടുള്ള സ്തനങ്ങളണിഞ്ഞ‌് വരുന്ന വികൃതരൂപമാണ് കൂളി. ചേഷ്ടകളിലൂടെ കൂളി സദസ്യരെ ചിരിപ്പിക്കും. ഇടയ്ക്ക് ‘അമ്മേ പൂയ്’ എന്നു വിളിക്കും. പ്രേക്ഷകരെ ‘മക്കളേയ്’ എന്നു വിളിച്ചുകൊണ്ട് ഒരാളെ എടുത്ത് മടിയിലിരുത്തി മുല കൊടുക്കുന്നു. ദാരിക‐ദാനവേന്ദ്രന്മാരുടെ കഥകളവതരിപ്പിച്ച പുരാവൃത്തത്തെ നാടകസന്ദർഭവുമായി ഇണക്കുന്നു. തുടർന്നാണ് കൂടിയാട്ടം. കാളിയെ നേരിടാനാവാതെ ദാരിക‐ദാനവേന്ദ്രന്മാർ യുദ്ധക്കളത്തിൽനിന്ന‌് ഓടി പാതാളത്തിലൊളിക്കുന്നു.
 
കാളി ലോകം മുടിക്കുമെന്നോർത്ത് കോയിമ്പടനായർ കാളിയുടെ മുടി പിടിച്ചെടുത്ത്‌ ആയുധം നിലത്തുകുത്തിക്കുന്നു. അടുത്ത രംഗം കാളിയും ദാരികനും പാതാളത്തിൽ വച്ചുണ്ടായ വാക്കുതർക്കമായ പേശലാണ്. പേശലിനുമുമ്പ് എടുത്തുമാറ്റിയ മുടി വീണ്ടും തലയിലേറ്റി കെട്ടിമുറുക്കും. കാളിയും കോയിമ്പടനായരും ദാരികനും ദാനവേന്ദ്രനും വിളക്കിനു ചുറ്റുമായി നടന്നാണ് പേശൽ നടത്തുന്നത്. ഈ സമയത്ത് ദാരികൻ പരമസാത്വികനായിത്തീർന്ന് തനിക്കു പറ്റിയ എല്ലാം തെറ്റുകുറ്റങ്ങളും കാളിയോട് ഏറ്റുപറഞ്ഞ് മോക്ഷത്തിനായി പ്രാർഥിക്കും. പേശലു കഴിഞ്ഞാൽ പോരാണ്. കളരിപ്പയറ്റിലെ അഭ്യാസമുറകളോട് സാദൃശ്യമുള്ള വെട്ടിത്തിരിച്ചിൽ, ഓതിരംവച്ച് തടുക്കൽ, ചാടിവെട്ട്, പറന്നുവെട്ട് തുടങ്ങിയ പയറ്റു മുറകൾ കാളി‐ദാരിക സംഘട്ടനത്തിൽ കാണാം. തുടുകണ്ണുരുട്ടി മിഴിച്ചും ദംഷ്ട്രം കടിച്ചും നെടുവീർപ്പിട്ട് ഉടലാകെയിളക്കിയും ക്രോധമഭിനയിക്കുന്നു. പോര് അവസാനിക്കുമ്പോൾ കാളി ദാരികദാനവേന്ദ്രന്മാരുടെ ശിരസ്സ് (മുടി) വെട്ടിയെടുത്ത് ശിവനെന്ന‌് സങ്കല്പിച്ച് വിളക്കിനെ മുടികൊണ്ട്  ഉഴിയുന്നു. തുടർന്ന്  എല്ലാ പ്രജകളേയും അനുഗ്രഹിച്ചുകൊണ്ട് നാടകം അവസാനിക്കുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top