25 April Thursday

കഥകളിലെ പുരുഷന്മാരെക്കുറിച്ചും സംസാരിക്കണം

സി വി രാജീവ്Updated: Thursday Feb 3, 2022

മലയാള കഥയില്‍ വേറിട്ട വഴിതുറന്ന എഴുത്തുകാരിയാണ് മിനി പി സി.  പ്രപഞ്ച കേന്ദ്രീകൃതമായ പാരിസ്ഥിതികബോധമാണ് ആ കഥകളുടെ കാതല്‍. ലളിതവും ശക്തവുമായ രചനകള്‍. ഫ്രഞ്ച്കിസ്സ്, മഞ്ഞക്കുതിര, ഒരു സ്വവര്‍ഗാനുരാഗിയോട് ചെയ്തുകൂടാത്തത്, എന്റെ കഥകള്‍ എന്നീ കഥാസമാഹാരങ്ങള്‍.  കാന്തം (നോവല്‍), കുക്കുടു എലിയും തേനൂറന്മാരും, കുട്ട്യാസുവപ്പൂപ്പനും കുട്ടികളും (ബാലസാഹിത്യങ്ങള്‍) എന്നിവയാണ് കൃതികള്‍. പുതുഭാവുകത്വത്തിന്റെ ആഖ്യാനങ്ങളാണ് അവയെല്ലാം. കഥാവഴികളെപ്പറ്റി മിനി സംസാരിക്കുന്നു.

 ? കഥകളില്‍  പ്രകൃതിയും കഥാപാത്രത്തെപ്പോലെ പ്രധാനം. എന്നാല്‍, പരിസ്ഥിതി കഥകള്‍ എന്ന ലേബലിനപ്പുറം അവ ഉയരുന്നുമുണ്ട്. മണ്ണും മരങ്ങളും മനുഷ്യനും പുതുകാലത്തെ എഴുത്തുരീതിയിലേക്ക് സന്നിവേശിപ്പിക്കുന്നതെങ്ങനെ?
 
   'പരിസ്ഥിതികഥ' എന്ന ലേബലിംങ് യഥാര്‍ഥത്തില്‍  ആവശ്യമില്ല. പല അടരുകളുള്ളഅവസ്ഥകളെ പ്രതിഫലിപ്പിക്കുകയാണ് ചെയ്യുന്നത്. അതില്‍ ചിലപ്പോള്‍ പാരിസ്ഥിതികതലത്തെ കൂടുതല്‍ അടയാളപ്പെടുത്തിയിട്ടുണ്ടാകാം. അല്ലെങ്കില്‍ സ്ത്രീപക്ഷ തലം, ലാവണ്യാത്മകതലം എന്നിവയുണ്ടാകാം.ഏതെങ്കിലും സാമൂഹികാവസ്ഥയുടെ പ്രതിഫലനത്തെ, ആത്മഹത്യയെ, കൊലപാതകങ്ങളെ, ഇന്ത്യന്‍  സാഹചര്യങ്ങള്‍ക്കകത്ത് വര്‍ധിച്ചുവരുന്ന വര്‍ഗീയതയെ അങ്ങനെ നിരവധി ഘടകങ്ങളെ അഭിസംബോധനചെയ്യാം. ഓരോന്നിനെയും അതാതിന്റെ സമഗ്രതയില്‍ കാണുക എന്നതാണ് പ്രധാനം. എന്റെ കഥകള്‍ക്ക് സ്വയം ആര്‍ജിച്ചെടുത്ത  സാമൂഹികബോധവും പാരിസ്ഥിതികാവബോധവും എല്ലാകാലത്തും ഉണ്ട്. അത് അടിസ്ഥാനപരമായി മണ്ണിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. ബഷീറൊക്കെ പറഞ്ഞതുപോലെ സര്‍വചരാചരങ്ങള്‍ക്കും ഇടമുള്ള ഒന്നാണ് നമ്മുടെ ലോകമെന്നും അതിന്റെ ഭാഗമായ ജീവിയാണ് മനുഷ്യന്‍ എന്നുമുള്ള ബോധ്യം ഉണ്ടാകുകയാണ് പ്രധാനം. ആ പാരിസ്ഥിതികാവബോധം ഉണ്ടെങ്കില്‍ നമ്മള്‍ ആധുനിക സാമൂഹിക ജീവിയായി തീരും. അത് സാധ്യമാകണമെങ്കില്‍  മികച്ച സാംസ്‌കാരിക അവബോധം ഉണ്ടാകണം.  സ്വാര്‍ഥതയില്‍നിന്ന് കുറേക്കൂടി പരിഷ്‌കൃതമായ സാമൂഹിക--രാഷ്ട്രീയ അവബോധത്തിലേക്ക് എത്തിപ്പെടണം.

 ചുറ്റുപാടുമുള്ള ആവാസവ്യവസ്ഥയുടെ നിലനില്‍പ്പാണ് മനുഷ്യരാശിയുടെ നിലനില്‍പ്പ് എന്നുള്ള അടിസ്ഥാന ബോധ്യത്തില്‍ നിന്നാണ് പാരിസ്ഥിതികബോധം വളരേണ്ടത്. ചുറ്റുപാടും ജീവിക്കുന്ന ദരിദ്രരായ ജാതി --മത സമൂഹങ്ങളിലെ ഒറ്റപ്പെട്ട മനുഷ്യരുടെ, അനാഥരാക്കപ്പെട്ട കുട്ടികളുടെ വിശപ്പിനെ, അവര്‍ അനുഭവിക്കേണ്ടുന്ന വിഭവ സമാഹാരത്തെയൊക്കെ മനസ്സിലാക്കിക്കൊണ്ടുള്ള പാരിസ്ഥിതികാവബോധം കഥകളില്‍ പലയിടങ്ങളിലുമുണ്ടെന്ന് കരുതുന്നു.  



? കേരളത്തിന്റെ പൊതുബോധത്തിനകത്ത് ഇത്തരം കാര്യങ്ങളുടെ പ്രസക്തിയും പരിമിതിയും
 
  ശാസ്ത്രീയ വിഷയങ്ങള്‍ അല്ലെങ്കില്‍ പാരിസ്ഥിതിക വിഷയങ്ങള്‍ പറയുമ്പോള്‍ സംഭവിക്കുന്ന പരിമിതിയുണ്ട്. ഇവിടെ ഒരു പൊതുബോധം നിലനില്‍ക്കുന്നുണ്ട്. കിളിയെ പാമ്പ് പിടിക്കുകയാണെങ്കില്‍ പാമ്പിനെ ഓടിച്ചുവിട്ട് കിളിയെ രക്ഷിക്കാന്‍ ശ്രമിക്കും. അതാണ് ശരിയെന്നാണ് ഗുണപാഠ കഥകളിലൊക്കെയുള്ളത്. ഇതേ കിളി ഒരു പുഴുവിനെ തിന്നുമ്പോള്‍ പുഴുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നില്ല. അവിടെ നമ്മുടെ സൗന്ദര്യബോധം പ്രവര്‍ത്തിക്കുന്നു. ഇങ്ങനെ നമ്മള്‍ കരുതാത്ത എത്ര ജീവിക്രമങ്ങള്‍. കാക്ക, കഴുകന്‍, കുറുക്കന്‍... സാഹിത്യ രൂപങ്ങളില്‍ കഴുകനെ  ക്രൂരജീവി ആയിട്ടാണ് അവതരിപ്പിക്കുന്നത്. കഴുകന്റെ നഖം, കഴുകന്റെ കണ്ണുകള്‍, കഴുകന്റെ ചിറകടി എന്നീ പ്രയോഗങ്ങള്‍ പരിചിതം. എന്നാല്‍  അതിജീവിക്കാന്‍ വേണ്ടി മാത്രം ഭക്ഷണം കഴിക്കുന്ന ജീവികളാണ് ഇവ. മനുഷ്യര്‍ മാത്രമാണ് ഭക്ഷണാവശ്യത്തിന് വേണ്ടിയല്ലാതെ മറ്റുള്ളവയെ കൊല്ലുന്നത്.  പൊതുവായ ആഖ്യാനങ്ങളിലെല്ലാം വളരെ സൂത്രശാലികളായ,ദുഷ്ടരായ, നിഗൂഢതകളും സങ്കീര്‍ണ്ണതകളും ഉള്ളവരെ അടയാളപ്പെടുത്താനാണ് കുറുക്കന്‍ എന്ന വാക്കുതന്നെ ഉപയോഗിക്കുന്നത്.  എന്നാല്‍ കുറുക്കന്‍ ഇക്കോസിസ്റ്റത്തിനകത്ത് ജീവിക്കുന്ന സാധുജീവിയാണ്. അത്തരത്തില്‍ അഴിച്ചുപണിയേണ്ട അവബോധങ്ങളേറെ. അതിനാല്‍ മനുഷ്യാവസ്ഥകളെ അഭിസംബോധന ചെയ്യുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം പ്രധാനമാണ്.

? ഇത്തരം പ്രാപഞ്ചിക കാഴ്ചപ്പാടും കഥയും എങ്ങനെ ബന്ധപ്പെടുത്താം

' ഒരു പീഢ ഉറുമ്പിനും വരരുതെന്ന ശ്രീനാരായണഗുരുവിന്റെ ചിന്തയ്‌ക്കൊപ്പം ബുദ്ധിസ്റ്റ് --ജൈന ക്രിസ്ത്യന്‍ അടക്കമുള്ള വളരെ പ്രാചീനമായ ചിന്തകളിലൊക്കെ വയലന്‍സ് അല്ലാതെ ബദല്‍ ഉണ്ട്. യുദ്ധങ്ങളില്‍ കൂടിയല്ലാതെ, ശത്രുനിഗ്രഹം നടത്താതെതന്നെ നീതിയുടെ നിര്‍വഹണം സാധ്യമാക്കാന്‍ കഴിയും-- അത്തരം ദര്‍ശനങ്ങളാണ് എന്റെ ആത്മീയത. അത്തരം ആത്മീയതയുടെ ഒത്തുചേരലും  പ്രപഞ്ച കേന്ദ്രീകൃത മനുഷ്യ ബോധത്തിന്റെ അടരുകളും കൂടിച്ചേരുന്ന ഒന്നാണ് കഥകളുടെ അടിത്തറ.  മനുഷ്യര്‍ ജീവിച്ച ചരിത്രത്തില്‍നിന്ന് ഊര്‍ജ്ജം സംഭരിച്ചിട്ടുള്ള വിനിമയങ്ങളാണ് അവ.

? കഥ വരുന്ന വഴികളെപ്പറ്റി? സ്വാഭാവികമായ ഒഴുക്ക് എന്നതിനാണോ ബോധപൂര്‍വമായ പ്രമേയ തെരഞ്ഞെടുപ്പിനാണോ പ്രാധാന്യം.

കഥകള്‍ പല തരത്തില്‍ പല വഴികളിലൂടെ വരും.ഫാന്റസി, നിത്യജീവിതം, പത്രവാര്‍ത്ത, ചലച്ചിത്രം,  വായിച്ച പുസ്തകം എന്നിവയില്‍നിന്നൊക്കെ വരാം. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട 'കറുത്തമ്മ' എന്ന കഥ അത്തരത്തില്‍ പല അടരുകളിലൂടെ കടന്നുവന്നതാണ്. 'കനകദുര്‍ഗ്ഗ' അതിന്റെ വേറൊരു തലത്തില്‍ നില്‍ക്കുന്നതാണ്. ആകാശവാണിയിലൂടെ നൂറുകണക്കിന് തവണ കേട്ട് പരിചിതമായ പാട്ടുകളുള്ള സിനിമയായിരുന്നു ചെമ്മീന്‍. പില്‍ക്കാലത്ത് അത് വായിക്കുന്നു, ചലച്ചിത്രത്തിലും അതല്ലാത്ത പരിപാടികളിലുമൊക്കെ ആ പാട്ട് കേള്‍ക്കുന്നു. സിനിമയുടെ വിഷ്വല്‍സ് കാണുന്നു, സിനിമ തന്നെ കാണുന്നു. അങ്ങനെ മലയാളിയുടെ മനസ്സില്‍  ലിറ്റററി ടെക്സ്റ്റ് എന്ന രീതിയിലും വിഷ്വല്‍ ആര്‍ട്ട് എന്ന നിലയിലും ഒരേസമയം ഇടംപിടിച്ച സിനിമകള്‍, ക്രിയേറ്റീവ് വര്‍ക്കുകള്‍ വളരെ കുറവാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ചെമ്മീന്‍.

ചെമ്മീന്‍ ഉപരിവര്‍ഗ ജീവിത കഥയല്ല. സമൂഹത്തിന്റെ അടിത്തട്ടിലുള്ള, തീരദേശമേഖലയിലെ മനുഷ്യരുടെ ജീവിതകഥ പറയുന്ന ഒന്നാണ് . സിനിമയിലെ അല്ലെങ്കില്‍ നോവലിലെ  പ്രധാനഘടകം അത് അവിടെ നിലനിന്നിരുന്ന  പുരുഷകേന്ദ്രീകൃത മിത്തിനെ കേന്ദ്രീകരിച്ച് രൂപംകൊണ്ടിട്ടുള്ളതാണ് എന്നതാണ്. പുരുഷന്‍ കടലില്‍ പോകുന്ന ഘട്ടത്തില്‍ അവന്റെ പങ്കാളിയായ സ്ത്രീ പിഴച്ചാല്‍ അവന്റെ മരണം സംഭവിക്കും-- അത് പുരുഷകേന്ദ്രീകൃത മിത്താണ്. ആ ത്രെഡിന്റെ വേറൊരു തരത്തിലുള്ള സ്ത്രീപക്ഷ വായനയാണ്  'കറുത്തമ്മ' എന്ന കഥ.  കൗണ്ടര്‍ നരേഷന്‍ എന്ന് പറയാം.

അത്തരത്തില്‍ കടന്നുവന്ന മറ്റൊരു കഥയാണ് 'കനകദുര്‍ഗ്ഗ'. കനകദുര്‍ഗ്ഗ പോലുള്ള ക്യാരക്ടറുകള്‍ സിനിമയിലൂടെ കടന്നുവരുമ്പോള്‍ ആളുകളുടെ മനസ്സില്‍ ഉണ്ടാകുന്ന വിഷ്വല്‍ ഇംപാക്ടുണ്ട്. വ്യത്യസ്ത കാലഘട്ടങ്ങളില്‍ കനകദുര്‍ഗ്ഗയുടെ സിനിമകള്‍ കണ്ടിട്ടുള്ളവര്‍ക്ക്, അനുഭവിച്ചവര്‍ക്ക് അത് മനസ്സിലാകും. അങ്ങനെയുള്ള ചില ചരിത്രവഴികള്‍ അറിയാന്‍ പാടില്ലാത്തവരുമുണ്ടാകും. എന്നാല്‍, അത് രൂപപ്പെട്ട് വരുന്നതിന് ചരിത്ര--സാമൂഹിക പശ്ചാത്തലമുണ്ട്. കടുവയുടെ കഥ പറയുന്ന 'ദേശീയ മുരള്‍ച്ച' എന്ന കഥ കേവലം കാടിന്റെ പശ്ചാത്തലത്തില്‍ മാത്രമുള്ളതല്ല. അതിനൊരു സാമൂഹിക മാനമുണ്ട്. പശുവും കടുവയും സവിശേഷമായ രീതിയില്‍ ഇന്ത്യന്‍ സാമൂഹിക സാഹചര്യത്തിനകത്ത് മറ്റ് പലതുമായി തീരുന്ന അവസ്ഥകള്‍.  ബൈബിളിന്റെ അനന്തമായ സാധ്യതകളും കഥാന്തരീക്ഷത്തില്‍ ഉണ്ട്. ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ ജനിച്ചു വളര്‍ന്ന വ്യക്തി എന്നുള്ള സാങ്കേതിക അര്‍ഥത്തില്‍ അല്ലാതെ ക്രിസ്തു മുന്നോട്ടുവയ്ക്കുന്ന വലിയ ദാര്‍ശനിക ചിന്തയുണ്ട്.  ഏറ്റവും പ്രധാനപ്പെട്ട ഒന്ന് അതിനകത്ത് വയലന്‍സ് ഇല്ല എന്നതാണ്.  രക്തരഹിതമായി നിലനില്‍ക്കൂ, അറിയൂ, പഠിക്കൂ, പെരുമാറൂ, പരപീഢ ചെയ്യാതിരിക്കൂ എന്നൊക്കെയുള്ള കാര്യങ്ങള്‍ യേശു മുന്നോട്ടുവയ്ക്കുന്നുണ്ട്.

അത്തരത്തിലുള്ളകുട്ടിക്കാലത്തിന്റെയോ, ആ അനുഭവങ്ങളുടെ പരിസരമോ കഥകളിലുണ്ടാകാം. വ്യക്തിജീവിതത്തില്‍ കണ്ടിട്ടുള്ള, അനുഭവിച്ചിട്ടുള്ള മറ്റു പല തരത്തിലുള്ള മനുഷ്യരുടെയോ, നാട്ടിലെയും അതല്ലാത്ത തരത്തില്‍ പരിചിതര്‍ ആയിട്ടുള്ള മറ്റ് സ്ത്രീകളുടെയോ സഹനത്തിന്റെയും പ്രതിരോധത്തിന്റെയും ചില കൈവഴികളും കഥയിലേക്ക് കടന്നു വന്നിട്ടുണ്ടാവാം. 'മഞ്ഞക്കുതിര'യിലെ ചിലങ്ക, 'അരുത് നിലാവര്‍ന്നീസ വിവാഹിതയാവുകയാണ്' എന്ന കഥയിലെ നിലാവര്‍ന്നീസ, 'അഹിംസ സില്‍ക്കി'ലെ അലോഷി, എസ്‌തേര്‍, 'ഫ്രഞ്ച്കിസ്സി'ലെ ബീന കൊച്ചേച്ചി, പാപ്പുകുഞ്ഞ്, 'എന്തിന്നോ ആദമേ നിന്നെ ഞാന്‍ തോട്ടത്തിലാക്കി'യിലെ കോരവല്ലിപ്പാപ്പന്‍, 'സുന്ദരിമുളകി'ലെ ബാബ് ലി, ദാവീദ് ജെസ്സെ തുടങ്ങി കഥകളിലെ മിക്ക കഥാപാത്രങ്ങളും ഞാന്‍ അടുത്തറിയുന്നവരാണ്.

ഇന്ത്യന്‍ സാമൂഹിക സാഹചര്യങ്ങളില്‍ നിലനില്‍ക്കുന്ന ആണ്‍കോയ്മ വ്യവസ്ഥകള്‍, അതിന്റെ അധികാരഘടനകള്‍, വര്‍ഗീയവാദത്തിന് ലഭിക്കുന്ന മേല്‍കൈ, മതസ്പര്‍ദ്ധ... അവ ഉയര്‍ത്തുന്ന ആശങ്കകളും അസ്വസ്ഥതകളും  കഥകളായിട്ട് രൂപം കൊള്ളാം. അങ്ങനെ നിരവധി മേഖലകള്‍ക്ക് അകത്തു നിന്നിട്ടുള്ള അനേകം ഉറവകളില്‍നിന്നുള്ള ഒത്തുചേരല്‍ ആയിട്ടാണ് കഥയുടെ ഒഴുക്ക്.

? കഥയിലെ സ്ത്രീകള്‍ ... അവരെപ്പറ്റി? ചെറിച്ചി പോലുള്ള കഥാപാത്രങ്ങള്‍...?

പൊതുവേ നമ്മുടെ ചര്‍ച്ചകളിലൊക്കെ എപ്പോഴും പറയുന്ന ഒന്നാണ് കഥകളിലെ സ്ത്രീകള്‍, നോവലുകളിലെ സ്ത്രീകള്‍, സിനിമയിലെ സ്ത്രീകള്‍, നാടകത്തിലെ സ്ത്രീകള്‍ എന്നൊക്കെ. അതുവളരെ പ്രധാനം തന്നെയാണ്-- പ്രത്യേകിച്ച്, സ്ത്രീശാക്തീകരണത്തിന്റെയും ഫെമിനിസത്തിന്റെയുമൊക്കെ പുതിയ വര്‍ത്തമാനകാലത്ത്. പക്ഷെ കുറച്ചുകൂടി സൂക്ഷ്മമായി നോക്കുമ്പോള്‍ അത് അത്തരത്തില്‍ എടുത്തുപറയേണ്ടി വരുന്നത് എന്തുകൊണ്ടാണ്? പുരുഷാധിപത്യസ്വഭാവമുള്ള സമൂഹം അതിന്റെ അധികാര സംവിധാനം സ്ത്രീവിരുദ്ധമായി നിലനിര്‍ത്തി കൊണ്ടിരിക്കുന്നത് കൊണ്ടാണ് നമുക്ക് അങ്ങനെ പറയേണ്ടി വരുന്നത്. അപ്പോള്‍ കഥകളിലെ പുരുഷന്മാരെക്കുറിച്ച് കൂടി സംസാരിക്കണം എന്നുള്ള ആലോചന നല്ലതല്ലേ? അല്ലെങ്കില്‍ അത്തരത്തിലുള്ള ചര്‍ച്ച കൂടി മുന്നോട്ടു വയ്ക്കാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ ബഹുഭൂരിപക്ഷം വരുന്ന എഴുത്തുകാരുടെയും രചനകളിലെ സ്ത്രീ ഐഡന്‍ഡിറ്റിയെപ്പറ്റി പഠിക്കുമ്പോള്‍തന്നെ അതിന് ബദലായി പുരുഷന്മാരെക്കുറിച്ചുള്ള അന്വേഷണം കൂടി വേണം. 

ഇതര ജെന്‍ഡറുകള്‍ ഉണ്ടെങ്കില്‍ അവരെപ്പറ്റിയും പറയണം. എല്ലാ കഥാപാത്രങ്ങളും ഒരുപോലെ പ്രതിരോധ സ്വഭാവത്തില്‍ നില്‍ക്കുന്നവരോ അതിശക്തമായി തിരിച്ചടിക്കുന്നവരോ മുദ്രാവാക്യ സ്വഭാവത്തിലുള്ളവരോ ആകണമെന്നോ ആയിതീരേണ്ടതുണ്ടെന്നോ ചിന്തിക്കേണ്ട കാര്യമില്ല. മറിച്ച് ആ കഥയുടെ സന്ദര്‍ഭം ആവശ്യപ്പെടുന്നതിനനുസരിച്ച് അതിനകത്ത് എന്തൊക്കെ തരത്തിലുള്ള ഇടപെടലുകളാണ് ആ കഥാപാത്രങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത്, എങ്ങനെയാണ് അതിനെ മുന്നോട്ടു കൊണ്ടു പോകേണ്ടത് എന്ന് തുടങ്ങിയുള്ള സര്‍ഗാത്മകമായ ആലോചനകള്‍ ആണ് പ്രധാനം. എഴുതപ്പെട്ട ഒരു കൃതി ആ കൃതിയിലെ ഒരു കഥാപാത്രം ഇന്ന രീതിയില്‍ മാറ്റണമെന്ന് നമ്മള്‍ പറയുന്നതില്‍ അര്‍ഥമില്ല. മറിച്ച് ആ കൃതിയില്‍ ആ കഥാപാത്രം ചരിത്രപരമായി എന്തുകൊണ്ട് അങ്ങനെ ആയിത്തീര്‍ന്നു എന്നുള്ള സാംസ്‌കാരിക വിശകലനങ്ങള്‍ വളരെ പ്രധാനമാണ് താനും. അപ്പോള്‍ ആ രീതിയില്‍ ഒക്കെയാണ് കഥാപാത്രങ്ങള്‍ വരുന്നത് . പിന്നെ ഓരോ കഥയിലെയും കഥാപാത്രങ്ങള്‍ വ്യത്യസ്തമാക്കാനുള്ള ശ്രമം നടത്താറുണ്ട്.

പക്ഷേ പൊതുവായ സ്ത്രീ അവസ്ഥകളുടെ ചില പ്രതിസന്ധികള്‍, കഷ്ടപ്പാടുകള്‍ ദുരിതങ്ങള്‍,ബുദ്ധിമുട്ടുകള്‍ ഇതൊക്കെ പലതരം സ്ത്രീകളുടെ ജീവിതത്തില്‍ ഉള്ളതുപോലെ  കഥകളിലും സമാനമായി മറ്റുള്ള ഇടങ്ങളിലും വന്നിട്ടുണ്ടാവാം. എങ്കിലും പലതരം കഥാപാത്രങ്ങളും വ്യത്യസ്തരായി നില്‍ക്കുന്നവരാണ്. സ്വതന്ത്രമായി അഭിപ്രായം പറയുന്ന കാര്യത്തില്‍, സാമ്പത്തികമായി സ്വതന്ത്രമായ നില സ്വീകരിക്കുന്ന കാര്യത്തില്‍, ലൈംഗികമായ ആഗ്രഹങ്ങളുടെ കാര്യത്തില്‍, അതിന്റെ അടിച്ചമര്‍ത്തലിന്റെ കാര്യത്തില്‍, ഒക്കെ പ്രതിസന്ധികള്‍ നേരിടുന്നവരും അതിനെ ചിലപ്പോഴൊക്കെ അതിജീവിക്കുന്നവരും സമൂഹത്തോട് പൊരുതുന്നവരും അങ്ങനെ നിരവധി തലങ്ങളില്‍ നില്‍ക്കുന്ന സ്ത്രീ കഥാപാത്രങ്ങളുണ്ട്. 'കറുത്തമ്മ'യിലെലീല, ഫ്രഞ്ച്കിസ്സിലെ ബീനകൊച്ചേച്ചി, 'സുന്ദരിമുളകി'ലെ ബാബ്ലി, 'മഞ്ഞകുതിര'യിലെ ചിലങ്ക, 'വീണാധരി'യിലെ വീണാധരി, 'കനകദുര്‍ഗ്ഗ'യിലെ മേരി, 'ചെറിച്ചി'യിലെ ചെറിച്ചി , 'ഹമ്പടി ജിഞ്ചില്ലാക്കടി മനമേ'യിലെ യോനാ കുഞ്ഞമ്മ, ലീന, ഷൈബി തുടങ്ങിയവരൊക്കെത്തന്നെ വെല്ലുവിളികള്‍ക്കു മുന്‍പില്‍ സ്വയം കരുത്താര്‍ജ്ജിക്കുന്നവരാണ് .

?പേരുകളാണ് മിനിയുടെ കഥകളെ വ്യത്യസ്തമാക്കുന്നത്. ഫ്രഞ്ച് കിസ്സ്, ഹമ്പടി ജിഞ്ചില്ലാക്കടി മനമേ, സുന്ദരി മുളക്, ആത്മാവില്‍ ദരിദ്രരായവര്‍... അങ്ങനെ വ്യത്യസ്തമായ ഭാവതലമുള്ള തലക്കെട്ടുകളേറെ. അവയുടെ തെരഞ്ഞെടുപ്പിനെപ്പറ്റി?


 ഒരു പേരിലെന്തിരിക്കുന്നു? എന്ന് ആദ്യമായി ലോകത്തോട് ചോദിച്ചത് മഹാനായ വില്യം ഷേക്‌സ്പിയര്‍ ആണ്. പക്ഷെ ഒരു പേരില്‍ ഒരുപാടുകാര്യങ്ങള്‍ ഇരിക്കുന്നുണ്ട് എന്നുള്ളതാണ് വാസ്തവം. നമുക്ക്  കൃതിയുടെ, സിനിമയുടെ, പുസ്തകത്തിന്റെ, നാടകത്തിന്റെ,നമ്മള്‍ ഉദ്ദേശിക്കുന്ന വിഷയത്തിന്റെയൊക്കെ ഫോക്കസ് കിട്ടാനുള്ളതാണ് ടൈറ്റില്‍.  എഴുത്തിന്റെ വൈകാരിക അന്തരീക്ഷം  ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള വ്യത്യസ്തമായ പേരുകളാണ് നോക്കുന്നത്. 'കറുത്തമ്മ' എന്ന പേരുണ്ടാവുന്നത് ചെമ്മീന്‍ എന്ന സിനിമയിലെ നായികയുടെ പേരില്‍ നിന്നാണ്. ആ സിനിമയില്‍ കറുത്തമ്മ ഒരു കഥാപാത്രം മാത്രമാണ്. എന്നാല്‍ അത് കഥയിലേക്ക് വന്നു കഴിഞ്ഞപ്പോള്‍ അതിന്റെ ഫോക്കസ് കറുത്തമ്മ എന്ന സ്ത്രീയുടെ സമാന്തര ജീവിതമായി തീര്‍ന്നതുകൊണ്ട് അതിന് കറുത്തമ്മ എന്ന പേരു വരുന്നു. അതുപോലെ കനകദുര്‍ഗ്ഗ എന്ന കഥയ്ക്കും അങ്ങനെയാണ് ആ പേര് ഉണ്ടാവുന്നത് . ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍ എന്ന കഥയുടെ ടൈറ്റില്‍ ബൈബിളില്‍നിന്നാണ് രൂപംകൊള്ളുന്നത്. അത്തരത്തിലുള്ള ഒരുപാട് സംഗതികള്‍ക്കകത്ത് പ്രമേയത്തിന്റെ സമഗ്രമായ അതായത് അതിന്റെ സൂക്ഷ്മ രൂപത്തെയോ സ്ഥൂലരൂപത്തെയോഉള്‍ക്കൊള്ളുന്ന തരത്തിലുള്ള,എന്നാല്‍ വായനക്കാരുടെ മനസ്സില്‍ ഏറ്റവും ശക്തമായി തങ്ങിനില്‍ക്കുന്ന എന്നാല്‍ ലളിതമായ ഒന്നായിരിക്കണം തലവാചകം എന്നുള്ളതാണ്. ഒരു പഞ്ച് ഉണ്ടാവുക എന്ന് പറയാറില്ലേ? എന്നാല്‍ ബോധപൂര്‍വ്വമായി ഒരു പരിധിയില്‍ കൂടുതല്‍ അതിനുള്ള ശ്രമങ്ങളൊന്നും നടത്താറില്ല. പക്ഷേ ദുര്‍ബലമാകാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. അതിനായുള്ള അന്വേഷണങ്ങള്‍ നടത്താറുണ്ട്.

?  ജീവിതം, കഥാപരിസരം... എന്നിവയെ എങ്ങനെ നിര്‍വചിക്കാം?


_
ജീവിതത്തെ അതേപടിതന്നെ സാഹിത്യത്തിലേക്ക് പറിച്ചു നടണമോ വേണ്ടയോ എന്നുള്ള ചര്‍ച്ച കഥ,നോവല്‍ തുടങ്ങിയ ആവിഷ്‌കാരങ്ങളുടെ ആദ്യകാലഘട്ടങ്ങളിലേയുണ്ട്. നാടകങ്ങളിലും സിനിമകളിലും തുടങ്ങിയ വ്യത്യസ്ത ആവിഷ്‌കാരങ്ങളിലെല്ലാം തന്നെ ഇത്തരത്തില്‍  ചര്‍ച്ച നടന്നിട്ടുണ്ട്. അത് കഥ ജീവിതം തന്നെ ആകണമോ അതോ ജീവിതത്തില്‍ നിന്ന് എടുക്കുന്നത് ആകണമോ എന്നൊക്കെയുള്ള
ചര്‍ച്ചകള്‍. പക്ഷേ നമുക്ക് വളരെ ലളിതമായിട്ടതിനെ ജീവിതത്തില്‍ നിന്ന് ആവശ്യമുള്ളത് സ്വാംശീകരിക്കുകയും ജീവിതത്തിന് പുറത്തുനില്‍ക്കുന്ന ഫാന്റസിയുടെ ഭാഗമായിട്ടുള്ളതിനെആവശ്യാനുസരണം സ്വാംശീകരിക്കുകയും ചെയ്യാം എന്നുള്ളതാണ് . സര്‍ഗാത്മകതയാണ് പ്രധാനപ്പെട്ട വിഷയം. പറയാനുള്ള കഥയാണ് പ്രധാനപ്പെട്ട വിഷയം. അതുകൊണ്ട് ജീവിതം ചിലപ്പോള്‍ കടന്നുവരും. ചിലപ്പോള്‍ നിര്‍മ്മിതമായ കഥകള്‍ വരും. അതിന് പ്രത്യേകിച്ച്  പാറ്റേണ്‍ ഇല്ലല്ലോ. കഥാപരിസരങ്ങള്‍ രൂപപ്പെടുന്നതിന് ഒരുപരിധിവരെ ഞാന്‍ ജീവിക്കുന്ന ജീവിതാന്തരീക്ഷം അല്ലെങ്കില്‍ കുട്ടിക്കാലം തൊട്ട് അനുഭവിച്ചുപോന്ന സാമൂഹികാന്തരീക്ഷം, രൂപപ്പെട്ടുവന്ന വായനയുടെ അന്തരീക്ഷം ,മതബോധം,സൈക്യുലര്‍ ആയിട്ടുള്ള കാഴ്ചപ്പാടുകള്‍ , സ്ത്രീജീവിതത്തിന്റെ വ്യത്യസ്തമായിട്ടുള്ള അനുഭവങ്ങളുടെ പശ്ചാത്തലം, നമ്മുടെ സമൂഹത്തില്‍ നടക്കുന്ന കൊലപാതകം, റേപ്പ് തുടങ്ങിയിട്ടുള്ള അപകടകരമായ പ്രവണതകള്‍ എന്നിവയുണ്ട്. അവ ബോധ്യപ്പെടുന്ന ഒരു എഴുത്തുകാരിയ്ക്ക് അതിനെതിരെയുള്ള പ്രതികരണം കൂടിയാണ് എഴുത്ത് എന്നുവരും. കഥാപരിസരങ്ങള്‍ രൂപപ്പെടുന്നതില്‍ നമ്മുടെ ചരിത്രത്തിനുംസാമൂഹിക അന്തരീക്ഷത്തിനും വര്‍ത്തമാനകാലത്തിനും ഫാന്റസിക്കും ഒക്കെ വലിയ പങ്കുണ്ട്

നമ്മുടെ കാലത്തോട് സംവദിക്കുക അല്ലെങ്കില്‍ പ്രതികരിക്കുക എന്നുള്ളത് രചനയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. അത് രണ്ട് രീതിയില്‍ ഉണ്ട്. ഒന്ന് വര്‍ത്തമാനകാലത്തിലെപ്രത്യക്ഷമായ  വിഷയം എടുത്ത് അതിനെ അടിസ്ഥാനമാക്കി കഥ എഴുതുക എന്നുള്ള അര്‍ത്ഥത്തിലല്ല അത് പറയുന്നത്. അത്തരത്തിലുള്ള കഥകള്‍ എഴുതുന്നതിലും പ്രശ്‌നമൊന്നുമില്ല. അതൊക്കെ വ്യക്തികളുടെ സ്വാതന്ത്ര്യമാണ്. എന്നാല്‍ അതല്ലാത്ത തരത്തില്‍ സാര്‍വലൗകികമായി നില്‍ക്കുന്ന കഥകള്‍, ഏതു കാലത്തെയും സാമൂഹിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ പ്രാപ്തമായ വിധത്തിലുള്ള മികച്ച കഥകള്‍ എഴുതുക എന്നുള്ളതാണ്  ലക്ഷ്യം. വ്യക്തി ജീവിതത്തിന്റെ കാഴ്ചപ്പാടുകള്‍,നമ്മുടെ സാമൂഹിക ബോധം , കുട്ടിക്കാലത്ത് സുഹൃത്തുക്കളില്‍ നിന്നും മാധ്യമങ്ങളിലൂടെയുംചുറ്റുപാടുകളില്‍ നിന്നും വായനയിലൂടെയും മറ്റും ആര്‍ജ്ജിച്ചെടുത്ത അറിവുകള്‍ എന്നിവയെല്ലാം നമ്മുടെ സാമൂഹിക ബോധത്തെ കൃത്യമായി നിര്‍ണ്ണയിക്കുന്നുണ്ട്.

ഇപ്രകാരം നിര്‍ണയിക്കപ്പെടുന്ന സാമൂഹികബോധം സൂക്ഷ്മതലത്തിലോ അല്ലാതെയോ നമ്മുടെ എഴുത്തില്‍ പ്രതിഫലിക്കുന്നു. എഴുത്തില്‍ സര്‍ഗ്ഗാത്മകമായി ഇരിക്കുക എന്നുള്ളതാണ്. അതിനൊപ്പംതന്നെ വളരെ സൂക്ഷ്മമായ തലത്തില്‍ എഴുത്തിന്റെ ഘടനയെപ്പറ്റി, ഉള്ളടക്കത്തെപ്പറ്റി, ജാഗ്രതയോടു കൂടി നില്‍ക്കുക എന്നുള്ളതും പ്രധാനമാണ്. വര്‍ത്തമാനകാലത്ത് നമ്മള്‍ ഒരു കഥ എഴുതുമ്പോള്‍ ആ കഥ എന്തു തരത്തിലുള്ള സാംസ്‌കാരിക രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യുന്നത്? ആ കഥയുടെ ഘടന പൊതുസമൂഹത്തോട് എന്താണ് സംവദിക്കുന്നത്?

എന്നിവ വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ആയി കാണുന്നു. ആന്തരികമായി തൃപ്തി തരുന്ന കഥ മാത്രമേ ഞാന്‍ പ്രസിദ്ധീകരണത്തിന് അയക്കാറുള്ളൂ. ജീവിതം അതേപടി ചിത്രീകരിച്ചാല്‍ അത് കഥ ആവണമെന്നില്ല. ചിലപ്പോള്‍ ആകാം . എന്നാലും അതേപടി ആകണമെന്നില്ല.അതുപോലെ വലിയ ഫാന്റസികള്‍ അതേപടി ആവിഷ്‌കരിച്ചു വെച്ചാലും  കഥയോ നോവലോ ആവണമെന്നില്ല. അതൊന്നും അല്ലാത്ത സവിശേഷമായ കെമിസ്ട്രി, മാജിക്, ക്രിയേറ്റീവ് ആയിട്ടുള്ള ഒരു സംഗതി അതിനകത്ത് സംഭവിക്കാനുണ്ട്. അത് സംഭവിക്കുമ്പോള്‍ മാത്രമാണ് ആ രചന ഉജ്ജ്വലമായ, ഉദാത്തമായ സൃഷ്ടിയായി മാറുന്നത്. നമുക്ക് അതിന്റെ പരിസരങ്ങളുടെ സാംസ്‌കാരിക സവിശേഷതകളെപ്പറ്റി,അതിന്റെ സാമൂഹിക പരിസരങ്ങളെപ്പറ്റി,സ്ത്രീപക്ഷ നിലപാടുകളെപ്പറ്റി,അതിന്റെ രാഷ്ട്രീയത്തെപ്പറ്റി, ചരിത്രപരതയെപ്പറ്റി അങ്ങനെ നിരവധി വിഷയങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാം.പക്ഷേ അതിലെ കഥാപാത്രങ്ങള്‍ അങ്ങനെ ആയിരിക്കണം എന്ന് ശഠിക്കാന്‍ ആവില്ല എന്നുള്ളതാണ്. ആ കഥാപാത്രങ്ങള്‍ അങ്ങനെ നിലനില്‍ക്കുന്നത് എന്തുകൊണ്ട്? എന്ന അന്വേഷണം ആവാം. അതിനപ്പുറത്തേക്ക് എല്ലാ കഥാപാത്രങ്ങളും നല്ല കഥാപാത്രങ്ങളായി, എല്ലാവരും ശരിമാത്രം ചെയ്യുന്നവരായി,നന്മയ്ക്ക് വേണ്ടി മാത്രം നിലകൊള്ളുന്നവരായാല്‍ അതില്‍ കഥയുണ്ടോ എന്നൊരു ചോദ്യം വരുന്നുണ്ടല്ലോ?




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top