20 April Saturday

നൂറ്റമ്പതോളം കലാരൂപങ്ങളിൽ ‘മഴമിഴി’; കണ്ടത് കാൽക്കോടി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021

മഴമിഴി മൾട്ടി മീഡിയ സ്ട്രീമിങ്ങിലെ ‘ഉണരുമീ ഗാനം’സെഷൻ ഉദ് ഘാടനത്തിനെത്തിയ മന്ത്രി
പി എ മുഹമ്മദ് റിയാസിനൊപ്പം സെൽഫി എടുക്കുന്ന സുബ്ബലക്ഷ്മിയും ജി വേണുഗോപാലും. ജീവൻ സത്യൻ സമീപം

‌തിരുവനന്തപുരം > കേരളത്തിന്റെ വൈവിധ്യമാർന്ന കലാരൂപങ്ങൾ ഉൾപ്പെടുത്തിയ മഴമിഴി ഓൺലൈൻ മെഗാ സ്ട്രീമിങ് ദൈനംദിനം കാണുന്നത്‌ 25 ലക്ഷത്തിലേറെ പേർ. വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളുടെയും ലോകമലയാളി സംഘടനകളുടെയും വെബ്‌ പേജുകളിലൂടെയാണ്‌ ലോകത്താകെ ഇത്രയേറെ പേർ ദിവസവും കലോത്സവത്തിന്റെ ഭാഗമാകുന്നത്‌. samskarikam.org, https://www.facebook.com/samskarikam.org  എന്നീ വെബ് പേജുകളിലാണ്‌ കാഴ്‌ചക്കാരിലേറെയും. ദിവസവും  രാത്രി ഏഴുമുതൽ ഒമ്പതുവരെയാണ് പരിപാടി. 
 
കോവിഡിൽ പ്രതിസന്ധിയിലായ കലാ സമൂഹത്തിന് ഉണർവും കൈത്താങ്ങുമേകാനാണ് സംസ്ഥാന സർക്കാർ മഴമിഴി ആശയം ആവിഷ്‌കരിച്ചത്‌.
 
  സാംസ്‌കാരിക വകുപ്പ്, ചലച്ചിത്ര, ഫോക്‌ലോർ, ലളിതകലാ, സംഗീത നാടക  അക്കാദമികൾ, ഗുരുഗോപിനാഥ് നടനഗ്രാമം എന്നീ സ്ഥാപനങ്ങൾ സംയുക്തമായാണ്‌ ആശയം പ്രാവർത്തികമാക്കിയത്‌. ഭാരത് ഭവൻ മഴമിഴി മൾട്ടി മീഡിയ മെഗാ സ്ട്രീമിങ്‌ ലോക മലയാളികൾക്കുമുന്നിൽ പ്രാവർത്തികമാക്കി. ജീവ കാരുണ്യ ദിനമായ ആഗസ്‌ത്‌ 28 ന്‌ തുടക്കമിട്ട സ്‌ട്രീമിങ്‌  കേരള പിറവി ദിനംവരെ 65 ദിവസത്തെ കലാസ്വാദന അവസരമൊരുക്കുന്നു. 
 
ഒപ്പം കോവിഡിൽ പകച്ചുപോയ കലാകാരൻമാർക്ക്‌ വേദിയും വരുമാനവുമൊരുക്കി കൈത്താങ്ങാകുന്നു. നൂറ്റമ്പതോളം കലാരൂപങ്ങളിലായി 3500ൽപ്പരം കലാ സംഘങ്ങളുടെ അവതരണങ്ങളാണ് സാംസ്കാരിക വകുപ്പ് ഒരുക്കുന്നത്. 
 
‘ഉണരുമീ ഗാന’ത്തിൽ ഗായകരും
മഴമിഴിയിൽ ‘ഉണരുമീ ഗാനം’ വിഭാഗത്തിന്‌ തുടക്കമായി.ശ്രദ്ധിക്കപ്പെടാതെപോകുന്ന ഗായക സംഘങ്ങളുടെ പ്രകടനങ്ങൾക്കാണ്‌ മുൻഗണന. കാഴ്‌ച പരിമിതിയുള്ളവർ,  തെരുവുഗായകർ, അനാഥാലയങ്ങളിൽനിന്നുള്ളവർ, 
വൃദ്ധ സദനങ്ങളിൽനിന്നുള്ളവർ, ജയിലുകളിൽനിന്നുള്ളവർ തുടങ്ങിയ ഗായക സംഘങ്ങളുടെയും കലാപ്രകടനങ്ങളുണ്ടാകും. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉണരുമീ ഗാനം ഉദ്ഘാടനം ചെയ്‌തു. മഴമിഴിയുടെ രണ്ടാംഘട്ട പ്രമോ വീഡിയോയും മന്ത്രി പുറത്തിറക്കി. 
 
ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും മഴമിഴി ഫെസ്റ്റിവൽ ഡയറക്ടറുമായ പ്രമോദ് പയ്യന്നൂർ അധ്യക്ഷനായി. ഗാനാലാപന രംഗത്ത് 40 വർഷം പിന്നിടുന്ന ഗായകൻ ജി വേണുഗോപാൽ,  മുതിർന്ന നടി സുബ്ബലക്ഷ്മി, അഭിനേത്രിയും ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ സി എസ് രാധാദേവി, അന്തരിച്ച നടൻ സത്യന്റെ മകൻ ജീവൻ സത്യൻ, ഉണരുമീ ഗാനത്തിന്റെ ഭാഗമാകുന്ന ജി വിനോദ്‌, മേരി സുമ, ശുഭ എന്നിവരെ ആദരിച്ചു. 
ഹിന്ദുസ്ഥാനി സംഗീതജ്ഞ അബ്രദിതോ ബാനർജി, ഡോ കെ ഓമനക്കുട്ടി, വി ടി മുരളി, റോബിൻ സേവ്യർ എന്നിവർ സംസാരിച്ചു. 
 
കലാകാരന്മാർക്ക്‌ സഹായം: വകുപ്പുകള്‍ കൈകോര്‍ക്കും

തിരുവനന്തപുരം> കലാകാരന്മാർക്ക്‌ സഹായം എത്തിക്കുന്നതിൽ ടൂറിസം, സാംസ്‌കാരിക വകുപ്പുകൾ കൈകോർത്തുള്ള കൂടുതൽ പ്രവർത്തനങ്ങൾ പരിഗണനയിലാണെന്ന്‌ മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതുസംബന്ധിച്ച്‌ മന്ത്രിതലത്തിൽ പ്രാഥമിക ചർച്ചകൾ പൂർത്തിയായതായും മന്ത്രി വ്യക്തമാക്കി. ഭാരത് ഭവന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്ന മഴമിഴി മെഗാ സ്ട്രീമിങ്ങിലെ ഉണരുമീ ഗാനം പുതിയ വിഭാഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോവിഡുകാലത്ത്‌ ശാരീരിക അകലം പാലിച്ചു, സാങ്കേതികവിദ്യയുടെയും നവമാധ്യമങ്ങളുടെയും സഹായത്തോടെ  സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക്‌ പരമാവധി സഹായം എത്തിക്കാനുള്ള ശ്രമങ്ങളാണ്‌ സർക്കാർ ഏറ്റെടുക്കുന്നത്‌. അതിൽ കലാകാരന്മാർക്കായി ആരംഭിച്ച മഴമിഴി രാജ്യത്തുതന്നെ ആദ്യശ്രമമാണ്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കലാ സാംസ്‌കാരിക പ്രവർത്തനങ്ങളും കൂട്ടായ്മകളും സാധ്യമാകുന്നുവെന്നും മന്ത്രി പറഞ്ഞു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top