26 April Friday

കുട്ടനാടിന്റെ പ്രളയതീവ്രത പകര്‍ത്തിയ ചിത്രങ്ങളുമായി കാജലിന്റെ പ്രദര്‍ശനം

വെബ് ഡെസ്‌ക്‌Updated: Thursday Feb 7, 2019
ന്യൂഡൽഹി: കേരളം കൈകോര്‍ത്ത് നീന്തിക്കയറിയ പ്രളയകാലത്ത് കുട്ടനാട്ടില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങളുമായി  ചിത്രകാരി കാജല്‍ ദത്തിന്റെ പ്രദര്‍ശനം. കഴിഞ്ഞയാഴ്ച ന്യൂഡല്‍ഹിയില്‍ ഏറെ ശ്രദ്ധനേടിയ പ്രദര്‍ശനം ഇനി കൊച്ചിയില്‍ മറൈന്‍ഡ്രൈവില്‍ കൃതി അക്ഷരോത്സവ വേദിയില്‍ കാണാം.

പ്രളയത്തെ അതിജീവിച്ച വ്യക്തികളുടെ ചിത്രങ്ങളും പ്രളയം വിഴുങ്ങിയ കുട്ടനാടന്‍ പാടങ്ങളും ദുരിതാശ്വാസ ക്യാമ്പുകളിലെ കാഴ്ചകളും ക്യാമറയില്‍ പകര്‍ത്തിയാണ് ചേര്‍ത്തല സ്വദേശിയായ കാജല്‍ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.

കുട്ടനാട്ടില്‍ നിന്ന് പ്രളയകാലത്ത് കാജൽ എടുത്തത് ആയിരത്തഞ്ഞൂറോളം ചിത്രങ്ങളാണ്. അതില്‍ നിന്നു തെരഞ്ഞെടുത്ത 26 ചിത്രങ്ങളാണ് ഡല്‍ഹിയില്‍ പ്രദര്‍ശിപ്പിച്ചത്. ഒറ്റയ്ക്ക് സഞ്ചരിച്ചാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

"കാജൽ കലയുടെ ഭാഷയിലും പദസമ്പത്തും നന്നായി അറിയാവുന്ന ഒരു കലാകാരി ഇപ്പോൾ ഫോട്ടോഗ്രാഫിയിൽ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. ആ സമകാലിക പ്രശ്നങ്ങൾ സംബന്ധിച്ച ഡോക്യുമെന്റേഷനായിത്തീർന്ന സത്യം പര്യവേക്ഷണം ചെയ്യുന്നതിനുള്ള വസ്തുതകൾ ഈ ഫോട്ടോഗ്രാഫുകൾ രേഖപ്പെടുത്തുന്നു. ചരിത്രം, വിനാശകരമായ നഗരവൽക്കരണത്തെക്കുറിച്ചുള്ള ആശങ്ക, കലയൂടെ പ്രകടമാകുന്ന  സ്ത്രീശക്തി,ഫോട്ടോകളിൽ പ്രകടമാണ്. ക്യാമറയി ലൂടെ പ്രകടമാകുന്ന ഒരു ദൃശ്യ പ്രസ്താവനയാണ് ഈ ഫോട്ടോഗ്രാഫുകൾ''-പ്രദര്‍ശനത്തിനെഴുതിയ ആമുഖ കുറിപ്പില്‍ കലാ ചരിത്രകാരൻ വിജയ് കുമാർ മേനോൻ പറയുന്നു.

ആദ്യപ്രദർശനമാണ് ഡൽഹിയിൽ നടന്നത്. കാജല്‍ ഒറ്റയ്ക്ക് സഞ്ചരിച്ച് പകര്‍ത്തിയവയാണ് ചിത്രങ്ങള്‍.  പ്രളയത്തിന്റെ വൈപുല്യം ഉള്‍ക്കൊള്ളാന്‍   വരയുടെ ഫ്രെയിമിനെക്കാള്‍ ഫോട്ടോഗ്രാഫുകളാകും നല്ല മാധ്യമം എന്നതിനാലാണ് ഫോട്ടോയിലേക്ക് തിരിഞ്ഞതെന്നു കാജല്‍ പറയുന്നു.
സമൂഹമാധ്യമങ്ങളിലൂടെ  ചിത്രങ്ങള്‍ മിക്കതും മുമ്പുതന്നെ കാജല്‍ കാഴ്ചക്കാര്‍ക്കു മുന്നില്‍ എത്തിച്ചിരുന്നു.


ഫെയ്‌സ്‌ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിലൂടെ ചിത്ര പരമ്പരകള്‍ തന്നെ കാജൽ പങ്കുവെക്കാറുണ്ട് .ചേര്‍ത്തല എസ്എന്‍ കോളേജിലെ പഠനത്തിനുശേഷം തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍നിന്നാണ് പെയ്ന്റിങ്ങില്‍ ബിരുദം നേടിയത്.  ചിത്രകാരി എന്ന നിലയില്‍ വേറിട്ട വഴികള്‍ അന്വേഷിക്കുന്ന കാജലിന്റെ പോര്‍ട്രെയിറ്റ് പരമ്പര ഏറെ ശ്രദ്ധ നേടി. ചെഗുവേരയുടെ ചിത്രവുമായി തുടങ്ങിയ ഈ പരമ്പരയില്‍ സമരവും സൌഹൃദവും രാഷ്ട്രീയവും  ചാലിച്ച ചിത്രങ്ങള്‍ നിരവധിയുണ്ടായി.

പ്രളയ ചിത്രങ്ങള്‍ പകര്‍ത്തി മടങ്ങുക മാത്രമായിരുന്നില്ല കാജല്‍. കുട്ടനാട്ടില്‍ പ്രളയാനന്തര സഹായ പ്രവര്‍ത്തനത്തിലും കാജലും കാജലിന്റെ സോഷ്യല്‍ മീഡിയ പേജും സജീവമായിരുന്നു. ഇൻസ്റ്റഗ്രാം ഫേസ്‌ബുക് പേജിലൂടെയും സുഹുത്തുക്കളും പഴയ എസ്എഫ്ഐ സഹപ്രവർത്തകരും ചേർന്നും നടത്തിയ പരിശ്രമത്തിലൂടെ  185 സ്കൂൾ ബാഗുകൾ കുട്ടനാട്ടിലെ കാവാലം സ്കൂളിൽ വിതരണം ചെയ്തു. 3000 നോട്ടുബുക്ക് കുട്ടനാട് പ്രളയബാധിത പ്രദേശത്തെ കുട്ടികൾക്ക് വിതരണം ചെയ്തു, കുട്ടനാട്ടിലെ 3 പെൺകുട്ടികൾക്ക് ഡിഗ്രി തലം വരെ പഠിക്കുന്നതിനു സ്പോണ്‍സര്‍മാരെ കണ്ടെത്താനുമായി.ഒന്നര ലക്ഷം രൂപയുടെ പഠന ഉപകരണങ്ങൾ ഇപ്പോളും Art Every Moment എന്ന പരിപാടിയിലൂടെ നല്‍കി വരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ വിദ്യാർത്ഥികളുമായി കലയെ ബന്ധിപ്പിക്കുന്ന ഒരു education out reach program ആണ് Art Every Moment. പല സംഘടനകളും ഇക്കാര്യത്തില്‍  സഹായിച്ചതായി കാജല്‍ പറഞ്ഞു.

ചിത്രങ്ങളില്‍ ചിലത്:

 

കൂടുതല്‍ ചിത്രങ്ങള്‍ കാജലിന്റെ സോഷ്യല്‍ മീഡിയ ലിങ്കുകളില്‍ കാണാം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top