19 April Friday

കാളിയായി സജിത മഠത്തില്‍; കാളി നാടകം ഇന്ന് വളയത്ത്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2017

കൊച്ചി> സജിത മഠത്തില്‍ കാളിയായി വേഷമിടുന്ന കാളി നാടകം വീണ്ടും അരങ്ങിലേക്ക്. സംസ്ഥാനത്ത് പല വേദികളിലും പിന്നീട് നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ സംഘടിപ്പിച്ച പൂര്‍വോത്തര്‍ രംഗ ഉത്സവത്തിലും ത്രിപുര, മേഘാലയ, ആസാം, സിക്കിം എന്നീ സംസ്ഥാനങ്ങളിലും അവതരിപ്പിയ്ക്കപ്പെട്ട നാടകം ബുധനാഴ്ച കോഴിക്കോട് ജില്ലയില്‍ വളയത്ത് അവതരിപ്പിക്കും. പട്ടികജാതി പട്ടിക വികസന വകുപ്പിന്റെ ഗദ്ദിക നാടന്‍ കലാമേളയിലാണ് നാടകം അരങ്ങേറുന്നത്. വളയം ഗവര്‍മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിലാണ് വേദി.

സമകാലിക ജീവിതത്തെ അനുഷ്ഠാനകലകളിലൂടെ കണ്ടെത്താന്‍ ശ്രമിക്കുന്നതാണ് ലോകധര്‍മ്മിയുടെ കാളി നാടകം. ഇന്നത്തെ പൊതുസമൂഹത്തില്‍ സ്ത്രീ എത്ര സ്വതന്ത്രയാണ്? കാളിയെ പോലെ സ്ത്രീ ശാക്തീകരണം നടക്കുന്നത് ഒരു പ്രത്യേക ദൌെത്യം പൂര്‍ത്തിയാക്കാന്‍ മാത്രമാണോ? തുടങ്ങിയ അന്വേഷണങ്ങളിലൂടെ വളരുന്ന നാടകത്തിന്റെ സംവിധാനവും ഡിസൈനിങ്ങും നിര്‍വ്വഹിക്കുന്നത് ചന്ദ്രദാസനാണ്. രചനയും സജിത മഠത്തിലിന്റെതാണ്.

ഫോട്ടോ: ശോഭാ മേനോന്‍

ഫോട്ടോ: ശോഭാ മേനോന്‍

വലിയന്നൂര്‍ കാവിന്റെ മുറ്റത്ത് അമ്പത്തിഒന്നു വര്‍ഷങ്ങള്‍ക്കു ശേഷം 'കാളി നാടകം' എന്ന അനുഷ്ഠാന കല അരങ്ങേറുന്നു. ദാരികനെന്ന അസുര രാജാവിന്റെ ദുഷ്പ്രവൃത്തിക്കെതിരെ പട കൂട്ടാനായി ഇറങ്ങി തിരിച്ച കാളിയും കൂളിയും ദാരികനെ കൊന്ന് തിന്മക്കെതിരെ നന്മ നടപ്പിലാക്കുന്നതാണ് കാളി നാടക പ്രമേയം. എന്നാല്‍ ഈ അനുഷ്ഠാനത്തിനിടയില്‍ കാളി വേഷധാരി ദാരിക വേഷധാരിയെ കൊല്ലുന്നു. ഭക്തമാര്‍ കാളി ദേവിയുടെ കലിയായി ഇതിനെ കാണുന്നു. നിയമ വ്യവസ്ഥയും മാധ്യമവും ഭക്തന്മാരും ചേരുന്ന ആ കൂട്ടം മനുഷ്യര്‍ എങ്ങിനെയാവും പ്രതികരിക്കുക? പെണ്ണിന്റെ എതിര്‍പ്പുകള്‍ കാളി വേഷത്തിനകത്തുറപ്പിച്ച് അവള്‍ രക്ഷപ്പെടുമോ? അതിനെ കുറിച്ചാണ് കാളി നാടകം പറയുന്നത്. കൂളിയായി പ്രിയ ശ്രീജിത്ത്‌ വേഷമിടും. ഗോപന്‍ മങ്ങാട്,ജയന്‍ തകഴിക്കാരന്‍,സുധി പാനൂര്‍, സെല്‍വരാജ്, അജി, തിരുവാങ്കുളം സുസ്മേഷ് എന്നിവരാണ് പ്രധാന നടന്മാര്‍.

ലോകധര്‍മ്മിയാണ് നാടകം നിര്‍മ്മിക്കുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ നാടകത്തില്‍ പാരീസ് ചന്ദ്രനാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. രശ്മി സതീഷ്‌ ,ദേവിക, മിഥുലേഷ് എന്നിവര്‍ പാടുന്നു. ശ്രീകാന്ത് കാമിയോ വെളിച്ചവിതാനവും, ജോളി ആന്റണി വെളിച്ചവും കിഷോര്‍  ശബ്ദവും, കലാമണ്ഡലം വൈശാഖ് മേക്കപ്പും, ശോഭ മേനോന്‍ ആര്‍ട്ട് ഡിസെനിങ്ങും , സുസ്മേഷ് ചിറ്റൂരാന്‍ പ്രോപെര്‍ടീസും, ആയില്യന്‍ ഡോക്യുമെന്റേഷനും ഭാനുവജനന്‍ സെറ്റും കൈകാര്യം ചെയ്യുന്നു. ആന്റണി പീറ്ററാണ് അസിസ്റ്റന്റ് ഡയറക്ടര്‍.

തിരുവനന്തപുരത്ത് ഫെബ്രുവരിയില്‍ നടക്കുന്ന കേരളത്തിന്റെ അന്താരാഷ്ട്ര നാടകോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള നാടകം അവിടെ അവതരിപ്പിച്ച ശേഷം  കൊച്ചിയടക്കമുള്ള കേന്ദ്രങ്ങളിലും അരങ്ങേറും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top