29 March Friday

അടുത്ത ബെല്ലോടുകൂടി...

ജിഷ അഭിനയUpdated: Thursday May 4, 2017

മലയാളനാടകവേദിയില്‍ ചരിത്രമെഴുതിയ  ദമ്പതികളാണ് ജോസ് പായമ്മലും കലാലയം രാധയും. ഇന്നും സജീവമായി കലാരംഗത്തുള്ള ഇരുവരും പിന്നിട്ടവഴികള്‍ ഓര്‍ത്തെടുക്കുന്നു...

അരങ്ങിനും ജീവിതത്തിനുമിടയിലെ സാര്‍ഥകമായ സഞ്ചാരത്തിനിടയില്‍ എപ്പോഴോ ഉള്ള തിരിഞ്ഞുനോട്ടം. ഹൃദയം നിറഞ്ഞുതൂവുന്ന മാത്രയില്‍ ആ വിരലുകള്‍ വീണ്ടും ഇഴചേരും. 'കാലമെത്രയായി ഈ  നടപ്പുതുടങ്ങിയിട്ട്'. പിന്നെ, സ്നേഹപൂര്‍വം ഒരുനോട്ടം... സ്പര്‍ശം- അതുമതി ഒരു എണ്‍പത്തിമൂന്നുകാരനും എഴുപതുകാരിക്കും യൌവനത്തിലേക്ക് മടങ്ങാന്‍. അവിടെ ഉയരുകയാണ്, ഓര്‍മകളുടെ തിരശ്ശീല.

മലയാളനാടകവേദിയില്‍ ചരിത്രം കുറിച്ച് മുന്നേറിയ ദമ്പതികള്‍. ജോസ് പായമ്മല്‍- കലാലയം രാധ. നാടകവഴികളില്‍ ഒരുകാലഘട്ടത്തിന്റെ കഥപറഞ്ഞുകൊണ്ടവര്‍ യാത്ര തുടരുകയാണ്. കാലത്തിന്റെ കോറലും   പോറലുമേതുമില്ലാതെ.

കുഞ്ഞുനാടകം കളി

കൈ നിറയെ സോപ്പ്... സോപ്പുപെട്ടികള്‍... മിഠായികള്‍... ആദ്യമായി വേദിയില്‍നിന്നിറങ്ങിയപ്പോള്‍ ചുറ്റും കൂടിയ ആളുകള്‍ സമ്മാനിച്ചുകൊണ്ടേയിരുന്നു. ഒരു എട്ടുവയസ്സുകാരിക്ക് നാടകംകളിച്ച് കിട്ടിയ സമ്മാനങ്ങള്‍. 'ആദ്യം ഞാന്‍ പറയാം. എന്നെക്കുറിച്ച്.' കലാലയം രാധ പറഞ്ഞുതുടങ്ങി.

'അന്നെനിക്ക് നാടകമെന്നോ നൃത്തമെന്നോ വ്യത്യാസമില്ല. ഒരു സംഘം കലാകാരന്മാര്‍. അവര്‍ അഭിനയിക്കുന്നു, പാടുന്നു.   അക്കൂട്ടത്തില്‍ ഇരുപതുവയസ്സു തോന്നിക്കുന്ന ഒരാള്‍ എന്നോട് നന്നായി അഭിനയിക്കാന്‍ പറഞ്ഞു. ഞാന്‍ ചെയ്തു. അത്രതന്നെ. വൈലോപ്പിള്ളിയുടെ മാമ്പഴത്തിന്റെ നൃത്താവിഷ്കാരത്തിലൂടെ ഞാന്‍ അരങ്ങിലെത്തി. മകന്‍ നഷ്ടപ്പെട്ട അമ്മയുടെ വേദന ചൊല്ലിക്കേട്ടപ്പോള്‍ അറിയാതെ കണ്ണുനിറഞ്ഞു. പരിപാടി അവസാനിച്ചിട്ടും ആ വിങ്ങല്‍   മനസ്സില്‍ അവശേഷിക്കുന്നപോലെ... കര്‍ട്ടന്‍ വീണപ്പോള്‍ എല്ലാവരും അഭിനന്ദിച്ചു. അടുത്തുള്ള പെട്ടിക്കടയില്‍നിന്നും നിറയെ സമ്മാനങ്ങള്‍ വാങ്ങിത്തന്നു.'

അങ്ങനെ ഇരിങ്ങാലക്കുട കാറളം സ്വദേശി രാധാമണി ശോഭന നൃത്തകലാലയം എന്ന സംഘത്തിലൂടെ

ആദ്യമായി അരങ്ങിലെത്തി. നന്നായി അഭിനയിക്കാന്‍ പറഞ്ഞ ഇരുപതുകാരന്‍ പിന്നീട് ജീവിതത്തിലും തുണയായി. 25-ാം വയസ്സിലാണ് ജോസേട്ടനെ വിവാഹം കഴിക്കുന്നത്. അതു കഥ വേറെ. ഓര്‍മത്തിളക്കത്തില്‍ ഇരുവരും പൊട്ടിച്ചിരിക്കുന്നു.

ഒമ്പതാംവയസ്സില്‍ 'കടലിന്റെ കളിപ്പാട്ടങ്ങള്‍' എന്ന നാടകത്തില്‍ അഭിനയിച്ചു. ഏകാംഗരംഗനാടകം എന്ന പ്രത്യേകതയും ആ നാടകത്തിനുണ്ട്. 1957ല്‍ കൊടുങ്ങല്ലൂരില്‍ നടന്ന അഖില കേരള നാടകമത്സരത്തിലെ അഭിനയത്തിന് മികച്ച നടിയായി ഈ നാടകത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടു. ഒരു പവന്‍ സ്വര്‍ണമായിരുന്നു സമ്മാനം. പിന്നെ അരങ്ങില്‍ സജീവമായി.

കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു കുട്ടിക്കാലം. മൂന്നാം വയസ്സില്‍ അച്ഛന്‍ മരിച്ചു. മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ ഉടന്‍ അച്ഛന്റെ വീട്ടില്‍നിന്ന് ഇറങ്ങേണ്ടിവന്നു. ആറുമാസം മാത്രം പ്രായമുള്ള അനിയത്തി ലീലയെയും എന്നെയുംകൊണ്ട് അമ്മ തിരിച്ച് സ്വന്തം വീട്ടിലെത്തി. അമ്മാവന്മാരുടെ ഭരണത്തിനുകീഴില്‍. ഇതിനിടയിലാണ് നാടകത്തിലേക്ക് ചുവടുമാറ്റിയത്.

കാര്‍ണിവല്‍  കഥ
1959-ല്‍ കരിവന്നൂര്‍ ക്ഷേത്രമൈതാനത്ത് നാഷണല്‍ കാര്‍ണിവല്‍ സംഘടിപ്പിക്കുന്നതായി കേട്ടു. ജോസേട്ടന്‍ പഠിപ്പിച്ച ഒരു നൃത്തം അവിടെ അവതരിപ്പിക്കണമെന്ന് ഞങ്ങള്‍ക്ക് കടുത്ത ആഗ്രഹം. അവസരം ലഭിക്കാന്‍ ആദ്യം   അതിന്റെ മാനേജര്‍    കെ കെ മേനോന് റിഹേഴ്സല്‍ കാണിച്ചുകൊടുക്കണം. എന്നാല്‍, തൃശൂരിലേക്ക് പോകാന്‍ ഒരാള്‍ക്ക് 12 അണ വേണം. വാദ്യക്കാരുള്‍പ്പെടെ നാലുപേര്‍ക്ക് വണ്ടിക്കൂലി ഇല്ല. ഒടുവില്‍ അമ്മ അയല്‍ക്കാരോട് കടം വാങ്ങി ഞങ്ങളെ തൃശൂര്‍ക്കയച്ചു. അവിടെയെത്തിയപ്പോള്‍ നൃത്തം മുഴുവനും കാണാന്‍ നില്‍ക്കാതെ മാനേജര്‍ 'മതി' എന്നു പറഞ്ഞു. ഏറെ സങ്കടത്തോടെ ഞങ്ങള്‍ കാത്തിരുന്നു. ഒടുവില്‍ അദ്ദേഹം പറഞ്ഞു. കാര്‍ണിവല്‍ തുടങ്ങുമ്പോള്‍ അറിയിക്കാം. ഹാര്‍മോണിയം പ്രൊഫ. ടി വി ബാബുവും മൃദംഗം പച്ചാളം വാസുവുമാണ് വായിച്ചത്. അവസരം ലഭിക്കാന്‍ കാത്തുകെട്ടി നില്‍ക്കേണ്ട അവസ്ഥ. ഒടുവില്‍ ഞങ്ങളെ തെരഞ്ഞെടുത്തു. നൃത്തം നന്നായതുകൊണ്ടാണ് മാനേജര്‍ തുടര്‍ന്ന് കാണാതിരുന്നതെന്ന് പിന്നീട് പറഞ്ഞു. ഏഴുരൂപ ശമ്പളത്തിന് ഞങ്ങള്‍ അവിടത്തെ ജോലിക്കാരായി. സാമ്പത്തികവും മാനസികവുമായി അതൊരു ആശ്വാസമായിരുന്നു. അതിനിടെ കലാലയം  രാധ എന്ന് പേരു മാറ്റി. നാടകത്തില്‍ സജീവമായ ദിനങ്ങള്‍. കായംകുളം പീപ്പിള്‍സ് തിയറ്റേഴ്സിന്റെ 'അഗ്നിയോളം' എന്ന നാടകം ഒരു വര്‍ഷം തുടര്‍ച്ചയായി അഭിനയിച്ചു. തിലകന്‍, വര്‍ഗീസ് കാട്ടുപറമ്പന്‍ എന്നിവരോടൊപ്പം പതിനേഴാം വയസ്സില്‍ അഭിനയിച്ച ആ നാടകം രാധയ്ക്ക് പുതിയ അനുഭവമായി. ചേര്‍ത്തല ജൂബിലി, തൃശൂര്‍ രജപുത്ര എന്നിങ്ങനെ ഒട്ടേറെ സംഘങ്ങളോടൊപ്പം രാധ അഭിനയിച്ചു. എന്നും എല്ലാം നാടകം മാത്രമായിരുന്നു, നാടകത്തില്‍ അഭിനയിക്കുകയാണെന്ന ഓര്‍മ പോലുമില്ലാതെ. അത്രയ്ക്കും ഓരോ കഥാപാത്രത്തെയും ഹൃദയത്തില്‍ ഉള്‍ക്കൊണ്ടാണ് ചെയ്തിരുന്നത്. കരഞ്ഞ് ബോധംകെട്ട് സ്റ്റേജില്‍ കിടന്ന ദിവസങ്ങള്‍വരെ      ഉണ്ടായിട്ടുണ്ട്.

തൃശൂര്‍ ഔഷധിയുടെ ആര്‍ട്സ് ക്ളബ്ബിനുവേണ്ടി ചെയ്ത 'കടല്‍' എന്ന നാടകത്തിലെ അഭിനയത്തിന് സംഗീതനാടക അക്കാദമി അവാര്‍ഡ്     ലഭിച്ചു.
'നാടകനടികളെ മോശമായി കാണുന്ന കാലമായിരുന്നു അന്ന്. സ്ത്രീകളെ വേറെ വീടുകളിലായിരുന്നു താമസിപ്പിച്ചിരുന്നത്. അത്രക്ക് സുരക്ഷിതത്വമാണ് സംഘത്തിനുള്ളില്‍. എന്നിട്ടും പുറംലോകം നാടകക്കാരിയെ മോശക്കാരിയായി ചിത്രീകരിച്ചു. ഇപ്പോള്‍ എത്ര മാറി.' രാധയുടെ വാക്കുകളില്‍ നിറയുന്ന ആശ്ചര്യം.

 'ഗര്‍ഭിണിയായിരുന്നപ്പോഴും ഞാന്‍ നിറവയറോടെ അഭിനയിച്ചു. മകന്‍ ജനിച്ച് മൂന്നു മാസമായപ്പോള്‍ അവനെ വീട്ടിലാക്കി നാടകം അവതരിപ്പിക്കാന്‍ പോയി. പാലുകൊടുക്കാനാകാതെ നീര്‍ക്കെട്ടു വന്ന് പനി പിടിച്ചും നാടകം തുടര്‍ന്നു. സര്‍ക്കാരിനുവേണ്ടി കുടുംബാസൂത്രണബോധവല്‍ക്കരണ നാടകമായിരുന്നു അത്. ഓരോ ഡയലോഗ് പറയാന്‍ വായ തുറക്കുമ്പോഴേക്കും ഛര്‍ദിക്കും. ഒപ്പം വയറിളക്കവും. അന്നൊക്കെ ചെറുപ്പമല്ലേ... ആളുകള്‍ കാണുമ്പോള്‍ നാണക്കേട് തോന്നും. എന്തുചെയ്യാനാ. വെറും ഉപജീവനത്തിന്റെ പ്രശ്നമല്ല അത്. നാടകത്തെ മാറ്റിനിര്‍ത്തിയാല്‍ പിന്നെ ഞാനില്ല... ജോസേട്ടനില്ല... നാടകം ചെയ്യാമെന്ന് പറഞ്ഞദിവസം അതു ചെയ്യുക എന്നതാണ് പ്രധാനം'.

'ഭൂമിയിലെ മാലാഖ' എന്ന നാടകത്തിന് രാധയ്ക്ക് ആദ്യമായി കിട്ടിയ പ്രതിഫലം 20 രൂപയാണ്. പിന്നെ അത് കൂടി 500ല്‍ എത്തി. നടികള്‍ക്ക് അത്രയെല്ലാം മതിയെന്ന നിലപാടായിരുന്നു പലര്‍ക്കും. പക്ഷേ, വിഷമം തോന്നിയില്ല. ആവേശമായിരുന്നു... ഓരോ തവണയും അരങ്ങിലെത്തുമ്പോള്‍ പുതിയ ആളായി മാറുന്നപോലെയെന്ന് രാധ ഓര്‍മിക്കുന്നു. 

ബാലന്‍ കെ നായര്‍, കെ പി ഉമ്മര്‍, കുതിരവട്ടം പപ്പു, തിലകന്‍, ബഹദൂര്‍, കുട്ട്യേടത്തി വിലാസിനി, ഫിലോമിന, തൃശൂര്‍ എല്‍സി, കൃഷ്ണവേണി എന്നിങ്ങനെ പ്രശസ്തരായ പലരോടുമൊപ്പം അരങ്ങിലെത്തിയ രാധയ്ക്ക് ഇപ്പോഴും നാടകമെന്ന വാക്കു കേള്‍ക്കുന്നതുതന്നെ ആഹ്ളാദമാണ്. ഏകമകന്‍ ബ്രിന്നറിന്റെ പേരില്‍ ബ്രിന്നര്‍ ആര്‍ട്സ് എന്ന നാടകസംഘത്തിനും ജോസും രാധയും നേതൃത്വം നല്‍കി. പതിനായിരത്തിലധികം സ്റ്റേജുകളില്‍ ഇവര്‍ നാടകം അവതരിപ്പിച്ചു. അത്രതന്നെ വേദികളില്‍ രാധ അഭിനയിച്ചിട്ടുമുണ്ട്. മകന്‍ ബ്രിന്നറും കുട്ടിക്കാലത്ത് അച്ഛന്റെയും അമ്മയുടെയും കൂടെ അരങ്ങിലെത്തിയിരുന്നു. പിന്നീട് മറ്റ് ജോലികളിലേക്ക് ശ്രദ്ധതിരിച്ചു.
തളരാനെനിക്കാവില്ല

'ചിലപ്പോള്‍ മാസങ്ങളോളം തുടര്‍ച്ചയായി ദിവസവും സ്റ്റേജില്‍നിന്നും സ്റ്റേജിലേക്ക്... വീട്, കുടുംബം എല്ലാം ഈ നാടകയാത്രകള്‍ക്കിടയിലെ ഓര്‍മപ്പെടുത്തലുകള്‍ മാത്രം. എങ്കിലും നാടകമെന്ന ആവേശത്തില്‍ തളരാനെനിക്കാവില്ല.' 2010 ല്‍ കൊരട്ടി രജപുത്രയുടെ 'അഗ്നിമുദ്ര'യാണ് രാധ അവസാനമായി അഭിനയിച്ച നാടകം. കടുത്ത രക്തസമ്മര്‍ദം അപ്പോഴേക്കും ശരീരത്തെ തളര്‍ത്തിയിരുന്നു. ഇപ്പോഴും സിനിമകളിലും മറ്റും അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം 'ചില്‍ഡ്രന്‍സ് പൊലീസ്' എന്ന സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞതേയുള്ളൂ. അച്ചുവിന്റെ അമ്മ, സൂര്യദാനം, രാത്രികള്‍ നിനക്കുവേണ്ടി, ഇസബെല്ല, ജമ്നപ്യാരി തുടങ്ങിയ സിനിമകളിലും നിരവധി ടെലിഫിലുമുകളിലും അഭിനയിച്ചു.

തുടര്‍ച്ചയായി നാലുതവണ സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണല്‍ നാടകമത്സരത്തില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചു. ജോസേട്ടന്‍ എഴുതിയ 'ജ്യോതിര്‍ഗമയ' എന്ന നാടകത്തിന് രചനക്കും സംവിധാനത്തിനും അവാര്‍ഡ് ലഭിച്ചപ്പോള്‍ അതേ നാടകത്തില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് എനിക്കായിരുന്നു. സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ പുരസ്ക്കാരം ഇരുവര്‍ക്കും ലഭിച്ചിട്ടുണ്ട്.      'ഇപ്പോള്‍ പ്രായം ഏറെയായി. അസുഖങ്ങളുടെ ഒരു നീണ്ടനിര തന്നെയുണ്ട്. അരങ്ങില്‍  ജ്വലിച്ചുനില്‍ക്കുമ്പോള്‍ എല്ലാവരും വാനോളം പുകഴ്ത്തും. ഒടുവില്‍ തളര്‍ന്ന് സ്വന്തം    വീട്ടിനുള്ളില്‍. കലാകാരന്റെ ജീവിതമെന്നാല്‍ അത്രേയുള്ളുവല്ലേ.' അഴിച്ചുവച്ച വേഷങ്ങള്‍ക്കപ്പുറം   നിറയുന്ന യാഥാര്‍ഥ്യങ്ങളുടെ നിസ്സംഗത.

കഥാനായകനിലേക്ക്
പൂരമില്ലാത്ത തൃശൂരിനെക്കുറിച്ച് ചിന്തിക്കാന്‍ തൃശൂരുകാര്‍ക്ക് ആവില്ല. പൂരവും എക്സിബിഷനുമുണ്ടെങ്കില്‍ അവിടെ ജോസേട്ടനുമുണ്ട്. ജോസേട്ടന്റെ നാടകവുമുണ്ട്. 50 വര്‍ഷത്തിലേറെയാണ് പൂരം സ്റ്റാളില്‍ തുടര്‍ച്ചയായി നാടകം അവതരിപ്പിച്ചത്. 1864        നാടകങ്ങള്‍ പൂരം എക്സിബിഷനില്‍ അവതരിപ്പിച്ചു.
1968ല്‍ പൂരം എക്സിബിഷനില്‍ നാടകം കളിച്ചപ്പോള്‍ പ്രതിഫലം 150 രൂപ. ഇപ്പോള്‍ അത് കൂടിയെങ്കിലും കിട്ടുന്ന തുകയെക്കാള്‍ കൂടുതലാണ് ആത്മസംതൃപ്തി. ഭാര്യ രാധയും അവരുടെ അനുജത്തി ലീലയുമാണ് അന്നത്തെ സ്ഥിരം പെണ്‍വേഷക്കാര്‍. ജോസ് പായമ്മലിനെകൂടാതെ നന്ദനും ദിവാകരനുമായിരുന്നു മറ്റ് കഥാപാത്രങ്ങളായത്. രണ്ടുപേരും മരിച്ചു.

മുന്‍കൂട്ടി എഴുതുന്ന സ്ക്രിപ്റ്റുകളല്ല നാടകത്തില്‍ അവതരിപ്പിക്കുന്നത്. തട്ടില്‍ കയറുംമുമ്പേ കൂട്ടംകൂടല്‍. അതില്‍നിന്നൊരു നാടകം.

നടീനടന്മാര്‍ തമ്മിലുള്ള ആത്മബന്ധത്തില്‍ നിന്നുമുണ്ടാകും അതിന്റെ തുടര്‍ച്ച. പ്രേക്ഷകരുടെ പ്രതികരണവും സന്ദര്‍ഭവുമനുസരിച്ച് ക്ളൈമാക്സുവരെ മാറും. എങ്കിലും പിന്നെയൊരു ആവേശമാണ്- പിടിച്ചാല്‍ കിട്ടാത്ത പോലെ. എല്ലാത്തിനും ശക്തി ഇവള്‍ തന്നെയാണ്. ഭാര്യയെ ചേര്‍ത്തുപിടിച്ച് അദ്ദേഹം പറയുന്നു. 'എന്റെ നാടകങ്ങളില്‍ ഞാന്‍ എന്താണോ മനസ്സില്‍ ഉദ്ദേശിച്ച് എഴുതുന്നത്, അത് അതേപടി പകര്‍ത്തി അരങ്ങിലെത്തിക്കാന്‍ ഇവള്‍ക്കേ ആവൂ.' അതാണല്ലോ ഈ ജീവിതയാത്രയുടെ        തുടര്‍ച്ചയും.

ഈ കഥ വേറെ
ലോനപ്പന്‍- റോസ ദമ്പതികളുടെ 11 മക്കളില്‍ മൂന്നാമനായാണ് ജോസിന്റെ ജനനം. നാലാംക്ളാസില്‍ തോറ്റതോടെ പഠിപ്പവസാനിച്ചു. പഠിക്കാന്‍ മോഹമില്ലാഞ്ഞിട്ടല്ല. പുസ്തകം വാങ്ങിത്തരാന്‍ 11 മക്കളുള്ള അപ്പനെങ്ങനെ കഴിയും? മലയാളത്തില്‍ നൂറില്‍ നൂറുമാര്‍ക്ക്. പക്ഷേ, കണക്കും  ചരിത്രവും ഭൂമിശാസ്ത്രവും പഠിക്കാന്‍ പുസ്തകമെവിടെ. അവിടെ മാത്രം ജീവിതത്തോടൊരു തോല്‍ക്കേണ്ടി വന്നു. നേരെ പോയി, അടുത്തുള്ള തുന്നല്‍ക്കടയിലെ സഹായിയായി. മാസം നാലുരൂപ ശമ്പളം. അപ്പോഴെല്ലാം പിന്നാലെയുണ്ടായി നാടകത്തോടുള്ള അടങ്ങാത്ത ആഗ്രഹം. 14-ാംവയസ്സില്‍ ഇരിങ്ങാലക്കുട സെന്റ് തോമസ് പള്ളിയിലാണ് ആദ്യനാടകം. കാനം ഇ ജെയുടെ 'എന്നിട്ടും നിങ്ങളെന്നെ സ്നേഹിക്കുന്നു' എന്ന നാടകം. 66 വര്‍ഷത്തിനിടെ ഇന്ത്യയിലെമ്പാടും 15,000 ത്തിലേറെ വേദികള്‍. 20 വര്‍ഷത്തോളം ഉദയ ആര്‍ട്സ് ക്ളബ്ബെന്ന സ്വന്തം ട്രൂപ്പ് നടത്തി.

12 നാടകങ്ങള്‍ പുസ്തകരൂപത്തിലായി. 85ഓളം റേഡിയോ നാടകവും പ്രക്ഷേപണം ചെയ്തു. 1973ല്‍ 'ജ്യോതിര്‍ഗമയ' നാടകത്തിന് സംഗീതനാടക അക്കാദമി പുരസ്കാരം ലഭിച്ചു.

കഴിഞ്ഞ ആഴ്ച ഒരു നാടകം എഴുതി പൂര്‍ത്തിയാക്കിയതിന്റെ ആഹ്ളാദത്തിലാണ് ജോസേട്ടന്‍. 'അഭയം' എന്ന് പേരിട്ട  നാടകം ഉടന്‍ അരങ്ങിലെത്തിക്കും.
'ജമ്നപ്യാരി' എന്ന സിനിമയില്‍ ജോസ് പായമ്മലും രാധയും ഒരുമിച്ചാണ് അഭിനയിച്ചത്. ജോസേട്ടന്റെ ഭാഷയില്‍ 'തകര്‍പ്പന്‍ അഭിനയമായിരുന്നു.' ഇരുവരെയും കുറിച്ച് മണിലാല്‍ സംവിധാനം ചെയ്ത 'അടുത്ത ബെല്ലോടുകൂടി ജീവിതം ആരംഭിക്കും' എന്ന ഡോക്യുമെന്ററി ഏറെ ശ്രദ്ധേയമായിരുന്നു. പുറത്തിറങ്ങാനിരിക്കുന്ന ടെലിഫിലിമിലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

തൃശൂര്‍ ചേലക്കോട്ടുകരയിലാണ് താമസം. ഏക മകന്‍ ബ്രിന്നര്‍ വിദേശത്താണ്. മരുമകളും പേരക്കുട്ടികള്‍ക്കുമൊപ്പം സ്വസ്ഥം, സമാധാനം. എങ്കിലും എണ്ണിയാലൊടുങ്ങാത്ത അസുഖങ്ങള്‍ ഇരുവരെയും വലയ്ക്കുന്നു. സമ്പാദ്യമെന്നുള്ളത് ആകെ ആ നാടകക്കാലങ്ങളുടെ ഓര്‍മകള്‍ മാത്രം.

ജീവിതത്തിനും നാടകത്തിനുമിടയിലെ ദൂരത്തെ        വിരല്‍ത്തുമ്പിനാല്‍ ചേര്‍ത്തുവച്ചവര്‍. ഓരോ അരങ്ങിലും  മാറിയും മറിഞ്ഞും കഥാപാത്രങ്ങള്‍ക്കൊപ്പം ജീവിതത്തിന്റെ തിരക്കഥയിലെ സ്വപ്നനായകരായി ഇന്നും തുടരുന്ന യാത്ര... മനസ്സില്‍ ഒരിക്കലും    തിരശ്ശീല വീഴാതെ തുടരുന്ന നാടകവും.

ഒരു  കൂട്ടിച്ചേര്‍ക്കല്‍
എല്ലാ വര്‍ത്തമാനങ്ങള്‍ക്കുമൊടുവില്‍ യാത്ര പറഞ്ഞിറങ്ങവെ, കലാലയം രാധ ഓര്‍മിപ്പിച്ചു. 'മോളേ, എനിക്ക് ഒന്നു കൂടി പറയാനുണ്ട്. ഇക്കണ്ട കാലമത്രയും ഞാനും ജോസേട്ടനും നാടകമെന്ന് പറഞ്ഞ് നടന്നു. പലരും ഇപ്പോഴും വിളിക്കുന്നു. എന്നാല്‍ എല്ലാത്തിനുമൊടുവില്‍ ഒരു വേദന ബാക്കി. അര്‍ഹമായ ആദരവ് ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്ന സങ്കടം. ഓര്‍മിക്കൂ. രോഗങ്ങള്‍ മണക്കുന്ന ഈ വീട്ടിനുള്ളില്‍ ഞങ്ങള്‍ ഇപ്പോഴും ജീവിക്കുന്നു. തളരാനാവാത്തതുകൊണ്ടുമാത്രം.'
നിറഞ്ഞൊഴുകുന്ന ആ കണ്ണുകള്‍ക്ക് മുന്നില്‍ ഉത്തരമില്ലാതെ നിന്ന നിമിഷങ്ങള്‍. നെറുകയില്‍ ഇപ്പോഴുമുണ്ട് ചേര്‍ത്ത് പിടിച്ച് സമ്മാനിച്ച ആ അമ്മയുടെ ചുംബനത്തിന്റെ നനവ് .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top