23 April Tuesday

മനുഷ്യ നിര്‍മ്മിത പ്രകൃതി ദുരന്തത്തിന്‍റെ പ്രതിഫലനമായി ജിതീഷ് കല്ലാട്ടിന്‍റെ ബിനാലെ പ്രതിഷ്ഠാപനം

വെബ് ഡെസ്‌ക്‌Updated: Thursday Mar 21, 2019

കൊച്ചി> ലോകാവസാനത്തെ സൂചിപ്പിക്കുന്ന ഘടികാരമായ ഡൂംസ് ഡേ ക്ലോക്കാണ് പ്രശസ്ത ആര്‍ട്ടിസ്റ്റും ബിനാലെ രണ്ടാം ലക്കത്തിന്റെ ക്യൂറേറ്ററുമായിരുന്ന ജിതീഷ് കല്ലാട്ട് നാലാം ബിനാലെയില്‍ ഒരുക്കിയിട്ടുള്ളത്. മനുഷ്യന്റെ അത്യാഗ്രഹം വരുത്തി വച്ച പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പ്രതിഷ്ഠാപനം.



അണ്‍ടൈറ്റില്‍ഡ്(ടു മിനിറ്റ്സ് ടു മിഡ്നൈറ്റ്) എന്നാണ് പ്രതിഷ്ഠാപനത്തിന് നല്‍കിയിരിക്കുന്ന പേര്. ആറ് സൃഷ്ടികളെയാണ് മട്ടാഞ്ചേരി ടികെഎം വെയര്‍ഹൗസില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. പ്രതിഷ്ഠാപനം പ്രതിനിധാനം ചെയ്യുന്ന പ്രമേയത്തെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ മുകളില്‍ നിന്നും വെളിച്ചം നല്‍കിയിരിക്കുന്നു. പ്ലാസ്റ്ററും ഉരുക്കും കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.



മനുഷ്യന്‍ പ്രകൃതിയ്ക്ക് വരുത്തി വച്ച ക്രൂരതകളുടെ ഫലം ലോകാവസാനമാകും എന്ന പ്രമേയം മുന്നോട്ടു വയ്ക്കാനാണ് ഡൂംസ് ഡേ ക്ലോക്ക് സൃഷ്ടിച്ചത്. ലോകാവസാനത്തിന് രണ്ട് മിനിറ്റ് മുമ്പത്തെ സമയത്തിനാണ് ഈ ക്ലോക്ക് ശാസ്ത്രജ്ഞന്‍മാരും ഗവേഷകരും നോബല്‍ സമ്മാന ജേതാക്കളുമെല്ലാം ചേര്‍ന്ന് സെറ്റ് ചെയ്തിരുന്നത്.

ആണവായുധങ്ങള്‍ നിര്‍മിക്കാനുള്ള മത്സരവും കാലാവസ്ഥാ വ്യതിയാനവും ലോകത്തെ തന്നെ അവസാനിപ്പിക്കുമെന്ന സന്ദേശം നല്‍കുന്നതിനാണ് ജിതീഷ് കല്ലാട്ട് ഈ സൃഷ്ടിയ്ക്ക് രൂപം നല്‍കിയത്. മുറിയുടെ തറ ഡൂംസ് ഡേ ക്ലോക്ക് പോലെ രൂപം നല്‍കി, ആറ് സൃഷ്ടികള്‍ അതിനു മുകളിലായാണ് വച്ചത്. വര്‍ത്തമാനകാലത്തില്‍ നേരിടുന്ന അവശ്യസന്ധികളുടെ ക്രോഡീകരണമാണിതെന്ന് മുംബൈയില്‍ സ്ഥിരതാമസമാക്കിയ 44-കാരനായ ജിതീഷ് പറഞ്ഞു.

ചരിത്രാതീത കാലം മുതല്‍ക്കുള്ള ഇത്തരം രൂപങ്ങളെ തന്റെ സൃഷ്ടിയില്‍ സമന്വയിപ്പിക്കാന്‍ ജിതീഷ് ശ്രമിച്ചിട്ടുണ്ട്.  ദശലക്ഷക്കണക്കിന് വര്‍ഷം മുമ്പ് ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന ഉപകരണത്തിന്റെ പ്രതീകവും സൃഷ്ടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

പ്രകൃതിയില്‍ മാറ്റം വരുത്താന്‍ മനുഷ്യന്‍ ആദ്യം ഉപയോഗിച്ച കല്ലിന്റെ കോടാലിയാണ് സൃഷ്ടിയിലെ പ്രതിമകളിലൊന്ന് പ്രതിനിധാനം ചെയ്യുന്നത്. പ്രകൃതിയെ നശിപ്പിക്കാനാണ് ആദ്യ ഉപകരണത്തിന്റെ കണ്ടുപിടുത്തത്തിലൂടെ മനുഷ്യന്‍ ശ്രമിച്ചതെന്ന് ജിതീഷ് പറയുന്നു. ആദ്യ ഉപകരണത്തിന്റെ കണ്ടു പിടുത്തത്തില്‍ നിന്നുമാണ് പ്രകൃതിയെ ചൂഷണം ചെയ്യാനും തന്റെ സൗകര്യത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്താനും മനുഷ്യനെ പ്രാപ്തനാക്കിയതെന്നും ജിതീഷ് ചൂണ്ടിക്കാട്ടി.

വിവിധ മാധ്യമങ്ങളില്‍ കലാസൃഷ്ടികള്‍ നടത്തുന്ന ജിതീഷ് പ്രധാനമായും മാനവിക നിലനില്‍പ്പ്, ചരിത്രം, രാഷ്ട്രങ്ങള്‍, നഗരങ്ങള്‍, എന്നിവയാണ് പ്രമേയമാക്കിയിട്ടുള്ളത്. സര്‍ ജെ ജെ ആര്‍ട്ട് സ്ക്കൂളില്‍ നിന്നുമാണ് ജിതീഷ് സമകാലീന കലാധ്യായനം നടത്തിയത്. ലോകത്തെ പ്രശസ്തമായ നിരവധി ഗാലറികളില്‍ അദ്ദേഹത്തിന്‍റെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഏഷ്യയിലെയും പാശ്ചാത്യ രാജ്യങ്ങളിലെയും നിരവധി ബിനാലെ, ട്രിനാലെ എന്നിവടങ്ങളിലും അദ്ദേഹത്തിന്റെ പ്രാതിനിധ്യമുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top