കൊച്ചി > "റഷ്യൻ ബാലെയുടെ നാട്ടിലാണ് ഞാൻ ജനിച്ചു വളർന്നത്. നാട്ടിലെ പരമ്പരാഗത നൃത്തരീതികൾ ഒന്നും അഭ്യസിച്ചിട്ടില്ല. എന്റെ ‘ആദ്യ പ്രണയം’ ഭരതനാട്യത്തോടാണ്. ഈ പ്രണയം ഒരിക്കലും അവസാനിക്കുമെന്ന് തോന്നുന്നില്ല’’ ‐ ബെലാറസ്‌കാരിയായ ഐറീൻ പറയുന്നു. സ്‌പെയിനിൽ നിന്നുള്ള കൂട്ടുകാരി എസ്‌തറിനും ഇന്ത്യൻ നാട്യകലകളെക്കുറിച്ച് വലിയ മതിപ്പാണ്.
കൊച്ചിയിൽ മാമാങ്കം സ്‌കൂൾ ഓഫ് ഡാൻസ് സംഘടിപ്പിച്ച നൃത്തപരിപാടിക്കു ശേഷം സംസാരിക്കുകയായിരുന്നു യൂറോപ്പിൽ നിന്നെത്തിയ ഇന്ത്യൻ നർത്തകർ. മാമാങ്കം സ്‌കൂൾ ഓഫ് ഡാൻസിന്റെ ഡയറക്ടർ കൂടിയായ നടി റിമാ കല്ലിങ്കലാണ് ഐറീനെയും എസ്‌തറിനെയും സദസ്സിനു പരിചയപ്പെടുത്തിയത്.
‘മാമാങ്കം’ വേദിയിൽ മോഹിനിയാട്ടവും ഭരതനാട്യവും അവതരിപ്പിച്ച് ഇരുവരും കയ്യടിനേടി. അനായാസമായ ഭാവാവിഷ്‌കാരമാണ് ഐറീന്റെ കരുത്ത്. അംഗചലനത്തിലും ചടുലതയിലും എസ്‌തർ മികച്ചുനിൽക്കും. ഇന്ത്യൻ നർത്തകരെ വെല്ലുന്ന പ്രകടനത്തോടെ ഇരുവരും സദസ്സിനെ വിസ്‌മയിപ്പിച്ചു.
.jpg)
ഐറീനും എസ്‌തറും റീമ കല്ലിങ്കലിനൊപ്പം
സർക്കസും സമകാലിക തിയറ്റർ കലകളും എസ്‌തർ അഭ്യസിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഇന്ത്യൻ നൃത്തസമ്പ്രദായത്തിൽ താൽപ്പര്യം ജനിക്കുന്നത്. അങ്ങനെയാണ് എസ്‌തർ കലാമണ്ഡലത്തിൽ എത്തിയത്.
യോഗ അഭ്യസിച്ചിരുന്ന ഐറീൻ തന്റെ യോഗാഗുരുവിൽ നിന്നുമാണ് ഭാരതീയ നൃത്തകലകളെക്കുറിച്ച് അറിയുന്നത്. ഇന്റർനെറ്റിലൂടെ ഇതേക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചു. ആ അന്വേഷണം കലാമണ്ഡലത്തിലൂടെ ഇന്നും തുടരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..