25 April Thursday

പടിഞ്ഞാറും കിഴക്കുമെന്ന പൊതുധാരണകളെ തകര്‍ക്കുന്ന ബിനാലെ കലാസൃഷ്ടിയുമായി ഹെറി ഡോനോ

വെബ് ഡെസ്‌ക്‌Updated: Friday Feb 8, 2019

കൊച്ചി> പശ്ചാത്യ ദൃശ്യകലയുമായി ഇന്തോനേഷ്യന്‍ നാടന്‍ കലാരൂപങ്ങളെ സമന്വയിപ്പിച്ച കലാസൃഷ്ടികള്‍ നടത്തുന്നതില്‍ പ്രശസ്തനാണ് ഹെറി ഡോനോ. കൊച്ചി മുസിരിസ് ബിനാലെയുടെ വേദിയായ പെപ്പര്‍ ഹൗസിലെ അദ്ദേഹത്തിന്റെ പ്രതിഷ്ഠാപനവും ഇതിന് ഉത്തമ ഉദാഹരണമാണ്.

ഇന്തോനേഷ്യന്‍ ആര്‍ട്ടിസ്റ്റായ ഹെറി ഡോനോ കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി ഫോര്‍ട്ട്‌കൊച്ചി പെപ്പര്‍ഹൗസ് വേദിയില്‍ ഒരുക്കിയ സ്‌മൈലിംഗ് ഏയ്ഞ്ജല്‍സ് ഫ്രം ദി സ്‌കൈ എന്ന പ്രതിഷ്ഠാപനം

ഇന്തോനേഷ്യന്‍ ആര്‍ട്ടിസ്റ്റായ ഹെറി ഡോനോ കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി ഫോര്‍ട്ട്‌കൊച്ചി പെപ്പര്‍ഹൗസ് വേദിയില്‍ ഒരുക്കിയ സ്‌മൈലിംഗ് ഏയ്ഞ്ജല്‍സ് ഫ്രം ദി സ്‌കൈ എന്ന പ്രതിഷ്ഠാപനം



പെപ്പര്‍ഹൗസിലെ ഹാളിലേക്ക് കയറുമ്പോള്‍ മുതല്‍ കാഴ്ചക്കാരന് കൗതുകത്തിന്റെ തിരയിളക്കമാണ് അനുഭവപ്പെടുന്നത്. ഹാളിലെ രണ്ട് മുറികളിലായി വലിയ കളിപ്പാട്ടത്തിന്റെ മാതൃകയില്‍ തൂക്കിയിട്ടിരിക്കുന്ന കലാസൃഷ്ടികള്‍. കയറി ചെല്ലുന്ന ഹാളില്‍ ചിറക് വച്ച  വിമാനങ്ങള്‍ തൂക്കിയിട്ടിരിക്കുന്നു. രണ്ടാമത്തെ ഹാളില്‍ ചിറക് വച്ച കപ്പലിന്റെ മൂന്ന് രൂപങ്ങളും. ഈ പ്രതിഷ്ഠാപനത്തിന് അദ്ദേഹം നല്‍കിയിരിക്കുന്ന പേര് ദി ട്രോജന്‍ ഷിപ്പ്സ് എന്നാണ്.

ഗ്രീക്ക് സാഹിത്യത്തിലെ അനശ്വര കഥയായ ഇല്ലിയഡിലെ ട്രോജന്‍ കുതിരകളെ അനുസ്മരിപ്പിക്കുന്നതാണ് ഈ പ്രതിഷ്ഠാപനം. പടിഞ്ഞാറും കിഴക്കുമെന്ന സാംസ്ക്കാരിക വേര്‍തിരിവ് ഇല്ലാതാക്കാനാണ് താന്‍ ഈ പ്രതിഷ്ഠാപനത്തിലൂടെ ഉദ്ദേശിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2015 ലെ വെനീസ് ബിനാലെയിലെ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച പ്രതിഷ്ഠാപനമായിരുന്നു ദി ട്രോജന്‍ ഷിപ്പ്സ്.

ഇന്തോനേഷ്യന്‍ ആര്‍ട്ടിസ്റ്റായ ഹെറി ഡോനോ കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി ഫോര്‍ട്ട്‌കൊച്ചി പെപ്പര്‍ഹൗസ് വേദിയില്‍ ഒരുക്കിയ ദി ട്രോജന്‍ ഷിപ്പ് എന്ന പ്രതിഷ്ഠാപനം

ഇന്തോനേഷ്യന്‍ ആര്‍ട്ടിസ്റ്റായ ഹെറി ഡോനോ കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി ഫോര്‍ട്ട്‌കൊച്ചി പെപ്പര്‍ഹൗസ് വേദിയില്‍ ഒരുക്കിയ ദി ട്രോജന്‍ ഷിപ്പ് എന്ന പ്രതിഷ്ഠാപനം



മുറിയുടെ വാതിലിന്റെ കട്ടിളയില്‍ രണ്ട് സ്വിച്ചുകള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ അമര്‍ത്തിയാല്‍ നിശ്ചിത സമയത്തേക്ക് ഷിപ്പുകളുടെ ചിറകുകള്‍ വീശുകയും സംഗീതം കേള്‍ക്കുകയും ചെയ്യും. വിമാനങ്ങളുടെ മുഖം പൂര്‍ണമായും മാലാഖമാരുടേതാണ്. ശോഭനമായ ഭാവിക്കുള്ള ആഗോളമുഖമാണ് മാലാഖമാരുടേതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലാണ് ഹെറി ഡോനോ ജനിച്ചത്. ഇന്തോനേഷ്യന്‍ അക്കാദമി ഓഫ് ആര്‍ട്സില്‍ ഏഴുവര്‍ഷം അദ്ദേഹം പഠനം നടത്തി. തന്റെ സൃഷ്ടി ഏതെങ്കിലും ഒരു മതത്തെ പ്രതിനിധീകരിക്കുന്നില്ലെന്ന് ഹെറി ഡോനോ പറഞ്ഞു. 2000ലെ ഷാങ്ഹായ് ബിനാലെയിലെ സൃഷ്ടിക്ക് യുനെസ്കോ പുരസ്ക്കാരവും ഡോനോയെ തേടിയെത്തി.

ഏഴുവര്‍ഷത്തെ ചിത്രകലാ പഠനത്തിനു ശേഷം ഡോനോ  ജാവാനീസ് പാവക്കൂത്ത് കലാകാരന്‍ കി സിജിത് സുകാസ്മാനോടൊപ്പം പ്രവര്‍ത്തിച്ചത് വഴിത്തിരിവായി. നാടന്‍ കലകള്‍ നൃത്തം, ഫൈന്‍ആര്‍ട്ട്, സംഗീതം തുടങ്ങിയ വേര്‍തിരിവുകള്‍ വച്ചു പുലര്‍ത്തുന്നില്ലെന്ന് അദ്ദേഹം മനസിലാക്കി.

ചരിത്രവും പുരാണവും അടങ്ങിയ തന്റെ നാടിന്റെ സ്വഭാവമാണ് അദ്ദേഹം സൃഷ്ടികളില്‍ പ്രതിഫലിപ്പിക്കാന്‍ ശ്രമിച്ചത്. ജാവയിലെ ഹിന്ദു സംസ്ക്കാരം അതില്‍ പ്രധാനപ്പെട്ട സ്വാധീനം ചെലുത്തിയിട്ടുണ്ട്. രൂപങ്ങളുടെ സൃഷ്ടിരീതിയും, നാടകീയമായ പശ്ചാത്തലവുമെല്ലാം തന്റെ സൃഷ്ടികള്‍ക്ക് നാഗരികതയുടെ പ്രതീതി ജനിപ്പിക്കാനായി. ഇതിലൂടെ സാംസ്ക്കാരികവും രാഷ്ട്രീയവുമായ ഇടപെടല്‍ കാഴ്ചക്കാരിലേക്ക് എളുപ്പമെത്തിയെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്പിലേയും അമേരിക്കയിലെയും ദൃശ്യകലയില്‍ കാണുന്നതിലുമപ്പുറം ഹാസ്യവും നാടന്‍ രീതികളും ഡോനോയുടെ സൃഷ്ടികളില്‍ കാണാമെന്ന് കൊച്ചി- മുസിരിസ് ബിനാലെ നാലാം ലക്കത്തിന്റെ ക്യൂറേറ്റര്‍ അനിത ദുബെ പറഞ്ഞു. സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളില്‍ ഊന്നിയ സംഗീതം, കഥനം, വിവരണം എന്നിവയിലെല്ലാം ഡോനോ വ്യത്യസ്തത പുലര്‍ത്തുന്നു. അദ്ദേഹത്തിന്റെ വൈവിദ്ധ്യമാര്‍ന്ന പശ്ചാത്തലവും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഈ സൃഷ്ടികളിലൂടെ കാഴ്ചക്കാരന് മനസിലാക്കാമെന്നും ദുബെ പറഞ്ഞു.

സൗന്ദര്യാത്മകം മാത്രമല്ല കല, മറിച്ച് കാഴ്ചക്കാരന് വിവിധ വിഷയങ്ങളില്‍ ബോധവൽകരണം നടത്തേണ്ടതു കൂടിയാണെന്നാണ് ഡോനോയുടെ പക്ഷം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top