24 April Wednesday

ആട്ടവും പാട്ടുമായി കടലിന്‍റെ മക്കള്‍ക്ക് നന്ദി പറഞ്ഞ് ഊരാളി എക്സ്പ്രസ് വടക്കന്‍ കേരളത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Friday Feb 22, 2019

കൊച്ചി> പ്രളയത്തില്‍ രക്ഷകരായ മത്സ്യത്തൊഴിലാളികള്‍ക്ക് നന്ദി അറിയിച്ചു കൊണ്ട്  ഊരാളി എക്സ്പ്രസിന്റെ രണ്ടാം ഘട്ട യാത്ര വടക്കന്‍ കേരളത്തില്‍ ആരംഭിച്ചു. മലപ്പുറം ജില്ലയിലെ താനൂര്‍ കടപ്പുറത്തെ സംഗീത പരിപാടിയില്‍ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. ഫോര്‍ട്ട്കൊച്ചിയിലെ പ്രധാന ബിനാലെ വേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ നിന്ന് ജനുവരി 14നാണ് ഊരാളി എക്സപ്രസ് യാത്രതിരിച്ചത്.

പത്തു പേരടങ്ങുന്ന ഊരാളി എക്സപ്രസ് വടക്കന്‍ കേരളത്തിലെ സന്ദര്‍ശനം കഴിഞ്ഞ് തൃശൂര്‍ ജില്ലയില്‍ പര്യടനം നടത്തും. പിന്നീട് എറണാകുളത്ത് സമാപിക്കുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഫോര്‍ട്ട്കൊച്ചിയില്‍ നിന്നു തിരിച്ച യാത്ര തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ സന്ദര്‍ശനം നടത്തിയതിനു ശേഷം പത്തു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വടക്കന്‍ കേരളത്തിലേക്ക് യാത്രയായത്.



സാമൂഹ്യവും രാഷ്ട്രീയവുമായ ഇടപെടല്‍ നടത്തിക്കൊണ്ടുള്ള ഗാനങ്ങള്‍ കൊണ്ട് പ്രശസ്തമാണ് ഊരാളി സംഗീത സംഘം. സന്ദര്‍ശിച്ച എല്ലാ സ്ഥലങ്ങളിലും ഊരാളി സംഘം മത്സ്യത്തൊഴിലാളികളുടെ വീടുകളില്‍ താമസിക്കുകയും ചെയ്തിരുന്നു. താനൂരിലെ പരിപാടിയ്ക്ക് ശേഷം പൊന്നാനി/പരപ്പനങ്ങാടി(ഫെബ്രു 23,-24), കൊടുങ്ങല്ലൂര്‍(ഫെബ്രു 26,-27), ചാവക്കാട്(മാര്‍ച്ച് 6,-7) ഞാറയ്ക്കല്‍ (മാര്‍ച്ച് 8,-10) എന്നിങ്ങനെയാണ് ഊരാളി എക്സ്പ്രസിന്റെ സന്ദര്‍ശന പരിപാടികള്‍.

അന്യതയില്‍ നിന്നും അന്യോന്യതയിലേക്കെന്ന ബിനാലെ പ്രമേയത്തിന് തികച്ചും അനുയോജ്യമാണ് ഊരാളി എക്സ്പ്രസിന്റെ യാത്രയെന്ന് കൊച്ചി -മുസിരിസ് ബിനാലെ ക്യൂറേറ്റര്‍ അനിത ദുബെ പറഞ്ഞു. സാധാരണ ഗതിയില്‍ എത്താത്തിടത്തേക്ക് ഇതുവഴി ബിനാലെയ്ക്ക് ഊരാളിയിലൂടെ എത്തിച്ചേരാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.

യാത്രയുടെ ആദ്യ ദിനങ്ങളില്‍ കടല്‍ത്തീരത്തു തന്നെയായിരുന്നു പാട്ടുകളും പരിശീലന കളരികളും ഒരുക്കിയിരുതെന്ന് സംഘത്തിലെ ഗിറ്റാറിസ്റ്റ് സജി വി പറഞ്ഞു. ഓരോ തുറയും അക്ഷരാര്‍ത്ഥത്തില്‍ ഉത്സവലഹരിയിലായിരുന്നെന്നും സജി ചൂണ്ടിക്കാട്ടി.



സമൂഹത്തില്‍ നിന്ന് അവഗണന നേരിടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുള്ളതായിരുന്നു ഈ യാത്രയെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ‌് ബോസ് കൃഷ്ണമാചാരി പറഞ്ഞു. തൃശൂരില്‍ സര്‍വീസ് നടത്തിക്കൊണ്ടിരു സ്വകാര്യബസ് വാങ്ങിയാണ് ഊരാളി എക്സ്പ്രസ് തയ്യാര്‍ ചെയ്തത്. സംഗീതോപകരണങ്ങളുമായി ഇതിലാണ് സംഘത്തിന്റെ യാത്ര.

കൊച്ചി- മുസിരിസ് ബിനാലെയുടെ അവസാന നാളുകളില്‍ ഊരാളിയുടെ സംഗീത പ്രദര്‍ശനവുമുണ്ടായിരിക്കും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top