20 April Saturday

'ഗെറ്റൗട്ട്‌ കൊറോണ ഫ്രം കേരള' ഏകാംഗനാടകവുമായി സുനിൽ സുഖദ

വെബ് ഡെസ്‌ക്‌Updated: Thursday Apr 16, 2020


തൃശൂർ> ഉയരാൻ തിരശ്ശീലയില്ല. നാടകം തുടങ്ങുംമുമ്പ്‌ അടുത്ത ബെല്ലും മുഴങ്ങില്ല.  അമേരിക്കയിൽനിന്ന്‌ തിരിച്ചെത്തി വീടിനകത്ത്‌ ലോക്കായ നടൻ  സുനിൽ സുഖദ, ഒറ്റമുറി അരങ്ങാക്കി  കൊറോണയെ പ്രതിരോധിക്കുകയാണ്‌. സമ്പർക്ക വിലക്കിൽ കഴിയുന്നതിന്റെ 26–--ാം നാളായ വിഷുദിനത്തിലാണ്‌ ഒറ്റ മുറിയ്ക്കകത്തെ പരിമിതമായ സാധ്യതകൾ ഉപയോഗിച്ച് ലഘുനാടകം അവതരിപ്പിച്ചത്‌.

നാടകം നവമാധ്യമങ്ങളിൽ വൈറലായി.  പൊതുആരോഗ്യവും പൊതുവിദ്യഭ്യാസവും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്ന ഭരണാധികാരികളുള്ള നാട്ടിൽ കൊറോണയെ ഗെറ്റൗട്ടടിക്കാൻ ഇനി അധികസമയം വേണ്ടിവരില്ലെന്ന്‌ നാടകം പ്രഖ്യാപിക്കുന്നു.

വീട്ടിലെത്തി ഒരാൾ തട്ടിവിളിക്കുന്നതോടെയാണ്‌ നാടകതുടക്കം. ആരാണെന്ന വീട്ടുകാരന്റെ ചോദ്യത്തിന്‌  നമസ്കാരം എന്നാണ്‌ മറുപടി.  ആരാണെന്ന്‌ പറയാതെ പുറത്തുവരില്ലെന്ന്‌ വീട്ടുകാരൻ. പണ്ഡിതനും പാമരനും വ്യത്യാസമില്ലാതെ,  ദരിദ്രരാജ്യവും സമ്പന്നരാജ്യവും വ്യത്യാസമില്ലാതെ താൻ ലോകം മുഴുവൻ   കീഴടക്കിയെന്ന്‌ ശബ്ദം.

ഇപ്പോൾ ആളെ പിടികിട്ടിയെന്ന്‌ വീട്ടുകാരൻ. ധൈര്യമുണ്ടെങ്കിൽ പുറത്തിറങ്ങാൻ  കൊറോണയുടെ വെല്ലുവിളി. എന്നാൽ പിന്നെ ചെറിയൊരു പണിയുണ്ടെന്ന്‌ പറഞ്ഞ്‌ സോപ്പിട്ട്‌ നന്നായി കൈ കഴുകുന്നു. മാസ്‌ക്‌ ധരിക്കുന്നു.
എന്നോട്‌ സ്‌നേഹം കാണിക്കണമെന്ന്‌ കൊറോണ. നിന്നോട്‌ സ്‌നേഹമില്ല  നിതാന്ത ജാഗ്രതമാത്രം.   പൊതുആരോഗ്യവും പൊതുവിദ്യാഭ്യാസവും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്ന ഭരണാധികാരികളാണ്‌ ഞങ്ങൾക്കുള്ളത്‌. ഭരണാധികാരികളും പൊലീസും പറയുന്നത്‌ ഞങ്ങൾ കർശനമായി പാലിക്കുമെന്ന്‌ ഗൃഹനാഥൻ.  അപ്പോ ഇവിടെ നിന്നിട്ട്‌ കാര്യമില്ലെന്ന്‌ കൊറോണ. അതെ ഗോ ഡാ.... ഗെറ്റൗട്ട്‌ ഫ്രം മൈ ഹൗസ്‌.. എന്ന ഗാനത്തോടെയും നൃത്തത്തോടയുമാണ്‌ അവസാനം.

രണ്ടുപരുടെ സംഭാഷണങ്ങളും സുനിൽ സുഖദ തന്നെയാണ്‌ നിർവഹിച്ചത്‌. സംഭാഷണങ്ങളും സംഗീതവും മൊബൈലിൽ  റെക്കോഡ്‌ ചെയ്‌തശേഷം  അഭിനയിക്കുകയായിരുന്നു.  ഞായറാഴ്ചകളിലെ രംഗചേതന നാടകാവതരണം മുടങ്ങിയതോടെ വീടിനകം  അരങ്ങാക്കി മാറ്റുകയാണ്‌. ഇതിന്റെ ഭാഗമായാണ്‌ താനും ലഘുനാടകം ഒരുക്കിയതെന്ന്‌ സുനിൽ സുഖദ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top