09 December Saturday

നാടൻകലകൾ: സംസ്‌കാരത്തിന്റെ അവിഭാജ്യഘടകം

ഡോ. ശശിധരൻ ക്ലാരിUpdated: Thursday Sep 28, 2023

നാടോടി സംസ്കാരത്തിന്റെ അവിഭാജ്യഘടകമായ നാടൻകലകൾ, ഗ്രാമീണജീവിതത്തിന്റെ സവിശേഷമായ സാഹചര്യത്തിൽ നിന്നാണ് രൂപപ്പെട്ടുവരുന്നത്. ഒരു സമൂഹത്തിന്റെ വികാരപ്രകടനത്തിനുള്ള ഉപാധിയായി, ഇവയെ വിലയിരുത്തുന്നു. ജീവിതത്തിനു പുറത്ത് നാടൻകലകൾക്ക് നിലനിൽപ്പില്ല.


കലയുടെ ഉത്ഭവം അധ്വാനത്തിൽനിന്നാണെന്ന് മാർകിസ്റ്റ് സൈദ്ധാന്തികർ അഭിപ്രായപ്പെടുന്നു. കൂട്ടായ അധ്വാനത്തിന്റെ ഫലമായുണ്ടാകുന്ന ശാരീരികചലനങ്ങളും ഉല്പാദനോപകരണങ്ങളുടെ പ്രയോഗത്തിൽ നിന്നും ഉണ്ടാകുന്ന താളാത്മകതയും കലയുടെ രൂപീകരണത്തിനു നിദാനമായി വർത്തിക്കുന്നു. എന്നാൽ പിന്നീട് മതബോധം ജീവിതത്തിന്റെ പ്രധാന ഘടകമാകുന്നതോടെ, നാടൻ കലകളുടെ പരിസരം ഗ്രാമീണ തെഴിലിടങ്ങളിൽ നിന്നും, ആരാധനാകേന്ദ്രങ്ങളിലേക്ക് മാറ്റപ്പെടുന്നുണ്ട്.

തൊഴിലുകളെ അടിസ്ഥാനമാക്കി വ്യത്യസ്ത സമുദായങ്ങൾ രൂപംകൊള്ളുകയും, ജീവിതസാഹചര്യങ്ങൾ വ്യത്യസ്തമാകുകയും ചെയ്യുന്നതോടുകൂടി, വ്യത്യസ്തങ്ങളായ നാടൻകലകൾ പിറവിയെടുക്കുന്നു. വിശ്വാസം, ആചാരം, അനുഷ്ഠാനം, പുരാവൃത്തം, ആരാധന തുടങ്ങിയവയെല്ലാം ഇതിനാധാരമായി വർത്തിക്കുന്ന ഘടകങ്ങളാണ്.

ഗ്രാമീണ ജീവിതത്തിന്റെ ഉല്പന്നമായ നാടൻകലകൾ അധ്വാനത്തിൽ നിന്നും മതസാമുദായിക പരിസരങ്ങളിൽ നിന്നും ഊർജ്ജം സ്വീകരിച്ചാണ് നിലനിൽക്കുന്നത്. ആദ്യഘട്ടത്തിൽ, കൃഷിയുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ സന്തോഷം പങ്കിടാനാണ് ഇവ ഉണ്ടായിട്ടുള്ളത്. ഇവിടെ കലാധർമ്മം വിനോദം മാത്രമാകുന്നു. പിന്നീടാണ് ഇത് ആരാധനയുടെ ഭാഗമായി വരുന്നത്. ഇവിടെ അനുഷ്ഠാനകലകളുടെ രൂപപ്പെടൽ ഉണ്ടാകുന്നു.നാടൻകലകളുടെ സവിശേഷത, അവതരണത്തിന്റെ ലാളിത്യമാണ്. സാങ്കേതികത്വം അവയുടെ സ്വഭാവമല്ല. അഭ്യസനത്തിന്റെ കാർക്കശ്യമോ ചിട്ടപ്പെടുത്തലുകളോ പൊതുവേ ഈ കലകളിൽ കാണുന്നില്ല. അരങ്ങ്, നടൻ, അഭിനയം, പ്രേക്ഷകൻ തുടങ്ങിയ കാര്യങ്ങളിലുള്ള പാരസ്പര്യബന്ധം ഏറെ അയഞ്ഞതാണ്.

സമൂഹത്തിന്റെ വികാരങ്ങളുടെ ബഹിർസ്ഫുരണമാണ് നാടൻ കലകളിൽ പ്രതിഫലിക്കുന്നത്. സ്നേഹം, ഭക്തി, ആനന്ദം എന്നിവയൊക്കെ ജീവിതത്തിൽ ഉണ്ടാകണമെന്ന സന്ദേശമാണ് ഇവ നൽകുന്നത്. നേരിയ തോതിലാണെങ്കിലും വർഗസംഘർഷങ്ങൾ ചില നാടൻകലകളിൽ കാണുന്നുണ്ട്.

മതവും ജാതിയും സൃഷ്ടിച്ചെടുത്ത ആത്മീയബോധം നാടൻ കലകളുടെ മുഖമുദ്രയാണ്. കേവലമായ ആനന്ദത്തേക്കാൾ, ആരാധനയിലൂടെ കൈവരുന്ന സായൂജ്യമാണ് ഇവയുടെ ലക്ഷ്യം. ഇത് സമൂഹനിഷ്ഠമാണ്; ആത്മനിഷ്ഠമല്ല. നാടിനും നാട്ടുകാർക്കും നന്മ ഉണ്ടാകണമെന്നാഗ്രഹിക്കുക, കൃഷിയെ അഭിവൃദ്ധിപ്പെടുത്തുക, പകർച്ചവ്യാധികളെ ചെറുക്കുക, കന്നുകാലികൾക്ക് ക്ഷേമം ഉണ്ടാകുക തുടങ്ങിയ ലക്ഷ്യങ്ങൾ
നാടൻ കലാവതരണത്തിനുള്ളത്, ഈ സമൂഹനിഷ്ഠയുടെ ഭാഗമായി കാണാം.

നാടൻ കലകളുടെ മുഖ്യസവിശേഷതയാണ് പാരമ്പര്യം (Tradition). ദേശം, വംശം, ഭാഷ എന്നിങ്ങനെയുള്ള പാരമ്പര്യഘടകങ്ങൾക്കനുസൃതമായി കലകൾ രൂപപ്പെടുകയും കൈമാറ്റം ചെയ്തുപോരുകയും ചെയ്യുന്നു. ആചാരം, വിശ്വാസം, അനുഷ്ഠാനം, പുരാവൃത്തം എന്നിവ ദേശഭേദങ്ങൾക്കനുരിച്ച് വ്യത്യാസപ്പെടുന്നു.

ഇത് ഓരോ ദേശത്തിന്റേയും കലാരൂപങ്ങളെ സ്വാധീനിക്കും. മാത്രമല്ല, ഓരോ സമുദായത്തിനും വെവ്വേറെ കലാരൂപങ്ങളുണ്ട്. തലമുറകളിൽ നിന്നും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നവയാണ് ഇവയെല്ലാം. പല സമുദായവും നാടൻ കലകളെ കുലവൃത്തിയായി കൊണ്ടുനടക്കുന്നു. ഇതാണ് വംശീയ സ്വാധീനം. ചിലപ്പോഴെങ്കിലും ഭാഷാപാരമ്പര്യം ചില നാടൻകലകളുടെ വ്യാപനത്തിനു സാഹചര്യമൊരുക്കുന്നു.

നാടൻ പ്രകടനകല (folk performing Arts)യെ ആവിഷ്‌കരണ ഭേദത്തിനനുസരിച്ച് നാടൻ നൃത്തം (folk dance), നാടോടി നാടകം (folk drama) എന്നിങ്ങനെ രണ്ടായി തരംതിരിക്കാം. ചിലപ്പോൾ നൃത്തവും നാടകവും ഒരുമിച്ചുചേർന്ന കലാരൂപങ്ങളും കാണാം. ഇവയ്ക്കോരോന്നിനും അനുഷ്ഠാനം (ritual), അനുഷ്ഠാനേതരം (Non-ritual) എന്നിങ്ങനെയുള്ള പിരിവുകളുമുണ്ട്. അനുഷ്ഠാന കലകൾ, ആരാധനക്കുള്ള മാർഗ്ഗം എന്ന നിലക്ക് സമൂഹത്തിൽ വേരൂന്നിനിൽക്കുന്നവയാണ്. തെയ്യം, തിറ, കളംപാട്ട്, മുടിയേറ്റ്, പടേനി, തിയ്യാട്ട് തുടങ്ങിയവയൊക്കെ അനുഷ്ഠാനം എന്ന വിഭാഗത്തിൽ വരുന്നവയാണ്. അനുഷ്ഠാനത്തേക്കാൾ, വിനോദത്തിന് പ്രാധാന്യം നൽകുന്ന കലകളെയാണ് ‘അനുഷ്ഠാനേതരം’ എന്ന വിഭാഗത്തിൽപ്പെടുത്തി പറയുന്നത്. തിരുവാതിരക്കളി, മാർഗ്ഗംകളി, കോൽക്കളി, ചരടുപിന്നിക്കളി, ചവിട്ടുകളി, പരിചമുട്ടുക്കളി, പുലിക്കളി എന്നിവ അനുഷ്ഠാനേതരകലകളാണ്. ഇവയിൽ മതനിരപേക്ഷത (secular)യുടെ അംശങ്ങൾ ധാരാളമായി കാണാം.

(ചിന്ത വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top