09 December Saturday

ഏകാന്തതയിലെ ഉള്ളുണര്‍വുകള്‍

കെ ഗിരീഷ്Updated: Sunday Nov 20, 2016

ഏകാന്തജീവിതത്തേക്കാള്‍ നല്ലത് മരണമാണെന്ന് കരുതുന്നവരുണ്ട്. ചുറ്റിലും നിറയുന്ന നിറങ്ങളെ അറിയാതെ, ചലനങ്ങളെ തൊട്ടറിയാനാകാതെ ഒരു ജീവിതം നയിക്കുന്നത് സ്വപ്നത്തില്‍പ്പോലും ഭയാനകമെന്നു കരുതുന്നുണ്ട്. മടുപ്പിന്റെ ഈ തടവറ എങ്ങനെയാണ് ഒരു ജീവന്റെ അടിവേരിനെ സ്പര്‍ശിക്കുന്നത്. അതേസമയം, ഏകാന്തമായ ധ്യാനനിമിഷങ്ങളിലൂടെ സ്വയം കണ്ടെടുക്കുകയും സ്വന്തം ഉള്ളിനെ തിരിച്ചറിയുകയും ചെയ്യുന്ന അപൂര്‍വാനുഭവങ്ങളിലൂടെ കടന്നുപോകാനാകുമെന്ന് തെളിയിക്കുകയും ചെയ്തവരുമുണ്ട്. ഈ തിരിച്ചറിവ് തുറന്നിടുന്ന പാത ഭൌതികതയുടെ എല്ലാ വര്‍ണാഭയെയും നിഷേധിക്കുന്നതാണ്. സ്വന്തം ഉള്ള് കണ്ടറിയാനാകുന്ന നിമിഷം ഇക്കാണുന്നതൊന്നും ശാശ്വതമല്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണ്. ഇന്ദ്രിയങ്ങള്‍കൊണ്ട് അറിഞ്ഞതെല്ലാം നിഷേധിക്കപ്പെടുന്ന നിമിഷമാണിത്. ആത്മജ്ഞാനത്തിന്റെ പ്രകാശവഴിയിലേക്കുള്ള യാത്ര തുടങ്ങുന്നത് ഏകാന്തധ്യാനങ്ങളുടെ നിമിഷങ്ങളിലെ പ്രകാശസാന്നിധ്യംകൊണ്ടുകൂടിയാണ്.

വിഖ്യാതനായ ആന്റണ്‍ ചെക്കോവിന്റെ കഥ 'ദ ബെറ്റ്' ഇത്തരമൊരു ഏകാന്തജീവിതത്തിന്റെ കഥപറയുന്നു. ലോകത്തെമ്പാടും ഒട്ടേറെ രംഗഭാഷ്യമൊരുക്കിയിട്ടുള്ള ഈ കഥയ്ക്ക് മലയാളത്തില്‍ ലഭിച്ച ഏറ്റവും മികച്ചരംഗപാഠമാണ്  പി ജെ ഉണ്ണിക്കൃഷ്ണന്‍ ഏകാന്തം എന്ന പേരില്‍ കൊല്ലം നീരാവില്‍ പ്രകാശ് കലാകേന്ദ്രയ്ക്കുവേണ്ടി ഒരുക്കിയത്. പ്രശസ്ത സംവിധായകനും സ്കൂള്‍ ഓഫ് ഡ്രാമയിലെ അസി. പ്രൊഫസറുമായ ശ്രീജിത് രമണന്‍ ഒരുക്കിയ രംഗഭാഷ്യംകൂടിയായപ്പോള്‍ സമകാലീന മലയാള നാടകവേദിയിലെ ഏറ്റവും ശക്തിമത്തും സൌന്ദര്യത്തികവുമൊത്ത രംഗാവതരണങ്ങളിലൊന്നായി അതുമാറി.

യുവാവായ വക്കീലും ഒരു ബാങ്കറും വാതുവയ്ക്കുന്നേടത്താണ് ചെക്കോവിന്റെ ബെറ്റ് തുടങ്ങുന്നത്. ജീവപര്യന്തത്തേക്കാള്‍ മികച്ചത് മരണമെന്നാണ് വാത്. തര്‍ക്കത്തിനൊടുവില്‍ വക്കീല്‍ 15 വര്‍ഷത്തെ ഏകാന്തജീവിതം തുടങ്ങുന്നു. ആദ്യവര്‍ഷം മടുപ്പും വെറുപ്പും ചേര്‍ന്ന് മരണത്തെ സ്നേഹിക്കുന്നിടത്തേക്ക് യുവാവിനെ എത്തിക്കുന്നു. അധികം വൈകാതെ അയാള്‍ സ്വന്തം അകക്കാമ്പുമായുള്ള സംവേദനം ആരംഭിക്കുന്നു. ഇത് വല്ലാത്തൊരു തിരിച്ചറിവിന്റെ അപൂര്‍വവെളിച്ചത്തിന്റെ പാതയിലൂടെ അയാളെ കൊണ്ടുപോകുന്നു. വായനയുടെയും പഠനത്തിന്റെയും മുറികളിലേക്ക് സ്വയം എടുത്തെറിയപ്പെടുന്ന വക്കീല്‍ഭാഷയില്‍ തുടങ്ങി ഷേക്സ്പിയര്‍, ബൈറന്‍, തത്വശാസ്ത്രം, ദൈവശാസ്ത്രം, കെമിസ്ട്രി എന്നിങ്ങനെ വായനയുടെയും പഠനത്തിന്റെയും അതുവരെ എത്തിനോക്കാത്ത വാതായനങ്ങള്‍ തുറന്ന് പ്രവേശിക്കുന്നു. 15 വര്‍ഷം പൂര്‍ത്തിയാകാറായി. യുവാവ് വാതുവയ്പില്‍ ജയിച്ചാല്‍ താന്‍ ദരിദ്രനാകുമെന്നു കണ്ട് ബാങ്കര്‍ യുവാവിനെ കൊല്ലാനായി എത്തുമ്പോള്‍ അയാളെഴുതിവച്ച കുറിപ്പുകണ്ട് അമ്പരക്കുകയും കുറ്റബോധത്തിന്റെയും തിരിച്ചറിവിന്റെയും ചുഴലിയില്‍ പെടുകയും ചെയ്യുന്നു. ഭൌതികമായ എല്ലാ നേട്ടങ്ങള്‍ക്കുമുപരിയായ ജ്ഞാനത്തിന്റെ അപൂര്‍വനേട്ടമാണ് തനിക്കുണ്ടായതെന്നും വാതുവയ്പിലെ പണം നിരാകരിക്കുന്നുവെന്നുമായിരുന്നു കുറിപ്പ്. ഒടുവില്‍ 15 വര്‍ഷം തികയാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെ യുവാവ് തടവറ വിട്ടുപോകുന്നു. ഇതാണ് ചെക്കോവിന്റെ കഥ. യുവാവും ബാങ്കറും വേലക്കാരനും മാത്രമുള്ള കഥ.

ശ്രീജിത് രമണന്‍

ശ്രീജിത് രമണന്‍

ഈ കഥയ്ക്ക് രംഗപാഠമൊരുക്കിയപ്പോള്‍ ഉണ്ണിക്കൃഷ്ണന്‍ കൊണ്ടുവന്ന വേലക്കാരന്റെ മകള്‍ കഥയുടെ തെളിച്ചം വര്‍ധിപ്പിച്ചു. ചെക്കോവിന്റെ കഥയുടെ വരികളിലൂടെ ഉള്ളിലേക്ക് കടന്നുചെന്ന് യുക്തിയും അയുക്തിയും ഭ്രമാത്മകതയും യാഥാര്‍ഥ്യവും ചേര്‍ന്ന മുഹൂര്‍ത്തങ്ങളെ കണ്ടെത്തി അസാമാന്യ നാടകമൊരുക്കിയതിലാണ് സ്ക്രിപ്റ്റിന്റെ വിജയം. അതോടൊപ്പം രംഗഭാഷയൊരുക്കുന്നതില്‍ രംഗോപകരണംമുതല്‍ കഥാപാത്രരൂപീകരണം, ചലനം, രംഗപടം തുടങ്ങി എല്ലാ സൂക്ഷ്മഘടകങ്ങളിലും ശ്രീജിത് പുലര്‍ത്തിയ തികഞ്ഞ സംവിധായകന്റെ ശ്രദ്ധ നാടകത്തെ സമകാലീന മലയാള നാടകത്തിലെ അത്യപൂര്‍വ അനുഭവങ്ങളിലൊന്നാക്കി മാറ്റി. സംഗീതം, ലൈറ്റ് തുടങ്ങി എല്ലാ മേഖലയിലും അതിപ്രഗത്ഭരുടെ കൈയൊപ്പുകൂടിയായാപ്പോള്‍ ഏകാന്തം സമ്പൂര്‍ണാനുഭവമാവുകയായിരുന്നു. മലയാള സിനിമാ നാടകരംഗത്ത് സജീവസാന്നിധ്യവും ഫ്രാന്‍സിലെ ഫുട്സ്ബാന്‍, ലണ്ടനിലെ താര തുടങ്ങിയ നാടകസംഘങ്ങള്‍ക്കുള്‍പ്പെടെ സംഗീതം പകരുകയുംചെയ്തിട്ടുള്ള ചന്ദ്രന്‍ വെയമാട്ടുമ്മല്‍ എന്ന പാരീസ് ചന്ദ്രനാണ് സംഗീതം. ഇന്ത്യക്കകത്തും പുറത്തും നിരവധി നാടകങ്ങള്‍ക്ക് വെളിച്ചമൊരുക്കിയ ഷൈമോന്‍ ചേലോടാണ്  ദീപസംവിധാനം. കലാസംവിധാനം അജി എസ് ധരന്‍, വീഡിയോ ആര്‍ട്ട് ആര്‍ ബി ഷജിത് എന്നിവരാണ് നിര്‍വഹിച്ചത്.

മൂന്നുതവണ സംഗീതനാടക അക്കാദമി അവാര്‍ഡ് നേടിയ രാജേഷ് ശര്‍മ, പി കെ ശ്രീകുമാര്‍, റിജു ശിവദാസ്, സ്മിത എം ബാബു എന്നിവരാണ് അരങ്ങില്‍.

 girish.natika@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
-----
-----
 Top