29 March Friday

കഴമ്പുള്ള നാടകങ്ങള്‍ക്ക് എന്നും പ്രേക്ഷകരുണ്ട്: കെപിഎസി ലളിത

വെബ് ഡെസ്‌ക്‌Updated: Tuesday Aug 30, 2016

കണ്ണൂര്‍> കഴമ്പുള്ള നാടകങ്ങള്‍ക്ക് എന്നും പ്രേക്ഷകരുണ്ടെന്ന്  പ്രശസ്ത അഭിനേത്രിയും കേരള ലളിതകലാ അക്കാദമി അധ്യക്ഷയുമായ കെപിഎസി ലളിത. ഇടക്കാലത്ത് നാടകങ്ങളുടെ ശോഭ കെട്ടെന്ന്, ബലക്ഷയമുണ്ടായെന്ന് പറയുന്നവരുണ്ട്.  അത്തരം ദുരവസ്ഥ നാടകത്തിനുണ്ടായിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഈ നിറഞ്ഞ സദസ്സ്. നല്ല പ്രമേയങ്ങളുമായി നാടകം അവതരിപ്പിച്ചാല്‍ കാണാന്‍ ആളുകളുണ്ടാകും. തട്ടിക്കൂട്ട് നാടകങ്ങള്‍ക്ക് ആളുണ്ടാവില്ല. കണ്ണൂര്‍ സംഘചേതനയുടെ 22ാമത് നാടകം– 'അടിയത്തമ്പ്രാട്ടി'യുടെ അവതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

കെപിഎസി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജനങ്ങളെ സ്വാധീനിച്ച നാടകസമിതിയാണ് സംഘചേതന. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ വളര്‍ച്ചക്കൊപ്പമാണ് കെപിഎസിയും വളര്‍ന്നുവന്നത്. അതുപോലെ കഴമ്പുള്ള നാടകങ്ങളെടുത്ത് സംഘചേതനയും പേരെടുത്തു. ഇത് ഇനിയും മുന്നോട്ടുകൊണ്ടുപോകണം. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനെതിരെ പോരാടിയേ  ഇനി മുമ്പോട്ടുപോകാനാവൂ. എന്തിനാണ് ഇവിടെ ഇപ്പോഴും ജാതിവ്യത്യാസമെന്ന് മനസിലാകുന്നില്ല. എല്ലാവരുടെയും രക്തത്തിന് ഒരേ നിറമാണ്. ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ പൊരുതിയാണ് കേരളത്തില്‍ ഇടതുപക്ഷം ശക്തിപ്രാപിച്ചത്. രാജ്യത്താകെ ഈ പോരാട്ടം തുടരേണ്ട സാഹചര്യമാണ്.

ഒരുനൂറ്റാണ്ടു മുമ്പ് ആശാന്‍ എഴുതിയ ദുരവസ്ഥയ്ക്ക് ഇന്നും  പ്രസക്തിയുണ്ട്. ഒരുഘട്ടത്തില്‍ ദുരവസ്ഥ സിനിമയാക്കാന്‍ എന്റെ ഭര്‍ത്താവ് ശ്രമിച്ചിരുന്നു. ആളുകള്‍ പ്രശ്നമാക്കുമെന്നും ഇപ്പോഴുള്ള പേരൊക്കെ പോകുമെന്നും പലരും പറഞ്ഞപ്പോള്‍ അവിടെ വയ്ക്കുകയായിരുന്നു. ചങ്കൂറ്റത്തോടെ ഏറ്റെടുക്കാന്‍ ഞാന്‍ പറഞ്ഞെങ്കിലും ഭരതേട്ടന്‍ തയ്യാറായില്ല. സംഘചേതനയുടെ നാടകം ദുരവസ്ഥയെ അധികരിച്ചാണെന്നറിഞ്ഞപ്പോള്‍ അന്തംവിട്ടു. ധൈര്യത്തോടെ ഇതിനു തുനിഞ്ഞിറങ്ങിയ പ്രവര്‍ത്തകരോട് അളവറ്റ സ്നേഹവും ബഹുമാനവും നന്ദിയുമുണ്ടെന്നും കെപിഎസി ലളിത പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top