26 April Friday

ഇടിമുഴക്കമായി 'അടിയത്തമ്പ്രാട്ടി'

സ്വന്തം ലേഖകന്‍Updated: Tuesday Aug 30, 2016

കണ്ണൂര്‍ > ജാതിബോധത്തിന്റെ മറക്കുട കേരളം വീണ്ടും എടുത്തണിയുന്ന കാലത്ത് ഇടിമുഴക്കമായി കണ്ണൂര്‍ സംഘചേതനയുടെ 'അടിയത്തമ്പ്രാട്ടി' അരങ്ങില്‍. മണ്ണിനും വിത്തിനും വിതക്കും ജാതിയില്ലെന്ന കുമാരനാശാന്റെ വരികളിലെ മാനവികതയുടെ കൊടിപ്പടമുയര്‍ത്തുകയാണ് നാടകം. ഒരു നൂറ്റാണ്ട് മുമ്പ്് ആശാന്‍ കുറിച്ചിട്ട വിപ്ളവചിന്തയെ ഉള്‍ക്കൊള്ളാന്‍ ഇനിയും പാകപ്പെടാത്ത സമൂഹത്തിലേക്കാണ് അടിയത്തമ്പ്രാട്ടിയുടെ രംഗപ്രവേശം.

ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ സദസിനെ സാക്ഷിയാക്കിയായിരുന്നു ആദ്യാവതരണം. സംഗീത നാടക അക്കാദമി ചെയര്‍മാന്‍ കെപിഎസി ലളിതയാണ് അരങ്ങേറ്റം ഉദ്ഘാടനം ചെയ്തത്. കുമാരനാശാന്റെ വിഖ്യാത കാവ്യസമാഹാരമായ ദുരവസ്ഥയുടെ നാടകവ്യാഖ്യാനമാണിത്. മാപ്പിളകലാപകാലത്ത് മേലത്ത് മനയില്‍നിന്ന് പലായനം ചെയ്ത് ചാത്തന്റെ പുലയക്കുടിലില്‍ അഭയം പ്രാപിച്ച തമ്പുരാട്ടിയുടെ പ്രണയവിപ്ളവം പ്രമേയമായ 'ദുരവസ്ഥ' അന്ന് വലിയ പ്രകമ്പനമാണ് സൃഷ്ടിച്ചത്. ജാതിബോധത്തെയും പ്രണയത്തിന്റെ കീഴ്വഴക്കങ്ങളെയും കീഴ്മേല്‍ മറിച്ച നാടകം സവര്‍ണ സമൂഹത്തെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്. പുനര്‍വായന അനിവാര്യമായ കാലത്താണ് ദുരവസ്ഥ 'അടിയത്തമ്പ്രാട്ടി'യായി നാടകമായത്. 

മാപ്പിള കലാപകാലത്ത് ആക്രമിക്കപ്പെടുന്ന മനയില്‍നിന്നാണ്  സാവിത്രി ചാത്തന്‍പുലയന്റെ വീട്ടിലേക്ക് അഭയാര്‍ഥിയായി എത്തുന്നത്. പുലയക്കുടിലില്‍ അന്തിയുറങ്ങിയ തമ്പുരാട്ടിക്ക് മുന്നില്‍ മനയുടെ വാതില്‍ കൊട്ടിയടക്കപ്പെടുന്നു. ചാത്തനൊപ്പം വയലില്‍ പണിക്കിറങ്ങാനും ഒരു പാത്രത്തില്‍ ഉണ്ണാനും അവന്റെ പ്രണയത്തിനും സാവിത്രി കൊതിക്കുമ്പോള്‍ സവര്‍ണബോധം ഉടഞ്ഞുവീഴുന്നു. രോഹിത് വെമുലയുടെ ആത്മഹത്യയും അഖ്ലാഖിന്റെ കൊലപാതകവും ദുരഭിമാനഹത്യകളും പോലെ ചാതുര്‍വര്‍ണ്യത്തിന്റെ വകഭേദങ്ങള്‍ വേട്ടയാടുന്ന സമൂഹത്തില്‍ എല്ലാ ആചാരവിളക്കുകളും അണച്ച് മാനവികതയുടെ തിരികൊളുത്താന്‍ ആഹ്വാനം ചെയ്താണ് രണ്ടുമണിക്കൂര്‍ നാടകം പൂര്‍ണമാകുന്നത്. 

മനോജ് നാരായണനാണ് സംവിധാനം. സുരേഷ് ബാബു ശ്രീസ്ഥയാണ് രചന. സാവിത്രിയായി ഉഷാ ചന്ദ്രബാബുവും ചാത്തനായി റിജേഷ് കോഴിക്കോടും അരങ്ങില്‍ ജീവിച്ചു. ഹരിദാസ് ചെറുകുന്ന്, ഒ മോഹനന്‍, സുനില്‍ പാപ്പിനിശേരി, സുനീഷ് വടക്കുമ്പാടന്‍, സുജാത മേലടുക്കം, ബാലകൃഷ്ണന്‍ ചുഴലി,  ബാബു, രാജീവന്‍ തുടങ്ങിയവരും അഭിനേതാക്കളാണ്. കരിവെള്ളൂര്‍ മുരളിയാണ് ഗാനരചന. ഉദയകുമാര്‍ അഞ്ചല്‍, വിജയന്‍ കടമ്പേരി, ഒ കെ കുറ്റിക്കോല്‍, ചന്ദ്രബാബു, റോബര്‍ട്ട് ലിയോ, പ്രദീപന്‍ തുടങ്ങിയവരാണ് അണിയറ പ്രവര്‍ത്തകര്‍.  ഉദ്ഘാടനച്ചടങ്ങില്‍ എം വി ജയരാജന്‍ അധ്യക്ഷനായി. പി ജയരാജന്‍, കെ എം രാഘവന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. എം കെ മനോഹരന്‍ സ്വാഗതവും എം വി ശശിധരന്‍ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top