11 December Monday

തകർക്കപ്പെടേണ്ട നാലാംചുവര്

രമേശ് കോന്നി rameshkonny@gmail.comUpdated: Sunday Sep 24, 2023

“ബ്രേക്കിങ്‌ ദി ഫോർത്ത് വാൾ’’ ഒരു രാഷ്ട്രീയ പ്രഖ്യാപനമാണ്. എന്നാൽ, നാടകാവതരണം നടക്കുന്ന പ്രോസീനിയം തിയറ്ററിൽ പ്രേക്ഷകരും അരങ്ങും തമ്മിലുള്ള അകലം ഒഴിവാക്കുക എന്ന അർഥവും ഈ പ്രയോഗത്തിലുണ്ട്. ഇതൊരു ബ്രഹ്‌ത്യൻ സങ്കൽപ്പമാണ്. സമൂഹങ്ങൾ, മതങ്ങൾ, വർഗങ്ങൾ, കുടിയേറ്റക്കാർ, തദ്ദേശീയർ, അധികാരത്തിലുള്ളവർ പ്രചരിപ്പിക്കുന്ന വിഭജന രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ എന്നിവക്കിടയിൽ നിലനിൽക്കുന്ന ഭിന്നതകളെ ഈ നാലാംചുവര് അഥവാ മതിൽ പ്രതിനിധാനം ചെയ്യുന്നു.  ആഗസ്‌ത്‌ 26 മുതൽ 31 വരെ സെന്റർ ഫോർ ക്രിയേറ്റിവിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച "ബ്രഹ്‌ത്യൻ ബ്രില്ല്യൻസ്’ എന്ന ഫെസ്റ്റിവലിന്റെ ആശയമായിരുന്നു ഇത്.

ലോകമെമ്പാടും ബെർട്ടോൾട് ബ്രഹ്തിന്റെ 125–--ാമത് ജന്മവാർഷികമാഘോഷിക്കുകയാണിപ്പോൾ. വർത്തമാന ഇന്ത്യയിൽ ബഹിന്റെ പ്രസക്തി ഏറുകയുമാണ്. 20–--ാം നൂറ്റാണ്ടിൽ ജർമനിയിൽ ദാർശനികരംഗത്തും സാഹിത്യമേഖലയിലും നാടകരംഗത്തും ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു ബെർട്ടോൾട് ബ്രഹ്ത്‌. അദ്ദേഹത്തിന്റെ "തിയറി ഓഫ് ഏലിയനേഷൻ' (theory of alienation) എന്ന സിദ്ധാന്തം അതുവരെയുണ്ടായിരുന്ന നാടക പ്രയോഗ പദ്ധതികളിൽ ഒരുപാട് മാറ്റങ്ങളുണ്ടാക്കി. അരിസ്റ്റോട്ടിലിയൻ "കതാർസിസിനെ' (catharsis) കീഴ്മേൽ മറിച്ചുകൊണ്ട്, നാടകം കേവലം രസാസ്വാദനത്തിനുവേണ്ടി മാത്രമുള്ളതല്ലെന്നും  പ്രേക്ഷകരെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നതുകൂടിയായിരിക്കണം എന്നും ബ്രഹ്ത്‌ വാദിച്ചു. കാൾ മാർക്സിന്റെ "തിസിസ് ഓൺ ഫയർബാക്ക്' (Theses on feuerbach) എന്ന കൃതിയാണ് ബഹ്റ്റിനെ ഏറെ സ്വാധീനിച്ചത്. തത്വചിന്തകർ പലപ്പോഴും ലോകത്തെ വ്യാഖ്യാനിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ, മാർക്സ് ലോകത്തെ മാറ്റിമറിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഈ തിരിച്ചറിവിൽനിന്നാണ് അദ്ദേഹം തന്റെ "എപ്പിക് തിയറ്റർ' എന്ന നാടകസങ്കൽപ്പത്തിന് അടിത്തറ പാകുന്നത്. മാർക്സിസത്തെ അടിസ്ഥാനമാക്കി ബ്രഹ്ത്‌ സമൂഹത്തിന്റെ താഴെ തട്ടിലുള്ളവർക്കുവേണ്ടിയാണ് നാടകമെഴുതിയത്. "തെണ്ടി അഥവാ ചത്ത നായ' (The beggar or dead dog) "കൊക്കേഷനിലെ ചോക്കുവൃത്തം' (The caucasian chalk circle) "വാദം അപവാദം' (The exception and the rule) എന്നീ നാടകങ്ങൾ അതിനുദാഹരണങ്ങളാണ്.

ഫെസ്റ്റിവലിൽ പങ്കെടുത്ത പ്രമുഖർ

ഫെസ്റ്റിവലിൽ പങ്കെടുത്ത പ്രമുഖർ

ബ്രഹ്ത്‌ എപ്പോഴും പറയാറുണ്ട്. “എനിക്ക് തുറന്ന മനസ്സുള്ള ഒരു പ്രേക്ഷകനെയാണ് വേണ്ടത്' എന്ന്. കാരണം അവർക്കേ നിരീക്ഷിക്കാനും സ്വന്തം ബുദ്ധി ഉപയോഗിച്ച് നാടകം ആസ്വദിക്കാനും കഴിയൂ. തിയറ്ററിന് ഒരിക്കലും വിപ്ലവം കൊണ്ടുവരാൻ കഴിയില്ല. എന്നാൽ, തിയറ്ററിന് സമൂഹത്തിൽ ആരോഗ്യകരമായ ഒരു മാനസികാവസ്ഥ വളർത്തിയെടുക്കാൻ സാധിക്കും. അതുകൊണ്ടാണ് ബ്രഹ്തിന് വർത്തമാന ഇന്ത്യയിൽ പ്രസക്തി വർധിക്കുന്നത്.

കല, രാഷ്ട്രീയം, മനുഷ്യജീവിതം തുടങ്ങി എല്ലാമേഖലകളിലും നാം അനുഭവിക്കുന്ന സന്നിഗ്ധാവസ്ഥകളെ തരണം ചെയ്യുന്നതിന് നിരന്തരമുള്ള സമരമാർഗങ്ങളും പ്രതിരോധങ്ങളും അവലംബിക്കേണ്ടതായിട്ടുണ്ട്. അതിന് വ്യത്യസ്ത ജനസമൂഹങ്ങളിലെ സമാനമനസ്കരും അനുഭവസ്ഥരുമായുള്ള നിരന്തരസംഭാഷണങ്ങളും പുതിയ ആശയങ്ങളുടെയും പ്രയോഗപദ്ധതികളുടെയും പുനരുജ്ജീകരണമാർഗങ്ങളും ആരായേണ്ടിയുമിരിക്കുന്നു. ഇവിടെയാണ് വർഗസമരം, സാമൂഹിക അസമത്വം അപനിർമിക്കപ്പെട്ടിട്ടുള്ള തിയറ്റർ ഇല്യൂഷൻസ് എന്നിവയെ സംബന്ധിച്ചുള്ള ബ്രഹ്തിന്റെ ആശയങ്ങൾക്ക് പ്രാധാന്യം. ഇന്ന് ഇന്റർ കൾച്ചറലിസം സോളിഡാരിറ്റിയിൽനിന്ന് ബഹു സാംസ്കാരികതയിലേക്കും ട്രാൻസ്‌ കൾച്ചറലിസത്തിലേക്കും പരിണമിച്ച് ആഗോളതലത്തിൽ ഐക്യദാർഢ്യപ്പെടുകയാണ്. അതുകൊണ്ടുതന്നെ ബ്രഹ്തിന്റെ പൈതൃകം തിയറ്ററിനപ്പുറം സിനിമ, തത്വചിന്ത, സംഗീതം എന്നീ മേഖലകളിലേക്കും വ്യാപിച്ചുകിടക്കുന്നു. 

"ബെർട്ടോൾട് ബ്രഹ്ത്‌ന്റെ നാടക സങ്കൽപ്പങ്ങളും അവയുടെ സമകാലിക പ്രസക്തിയും' എന്ന വിഷയത്തെ കേന്ദ്രീകരിച്ചായിരുന്നു ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. സിംപോസിയം ശിൽപ്പശാലകൾ, നാടകാവതരണങ്ങൾ എന്നിവ ഇതിനോടനുബന്ധമായി നടന്നു. ലോകനാടകവേദിയിലെ ബ്രഹ്തിന്റെ സ്വാധീനം ഇന്ത്യൻ നാടകവേദിയിലെ ബ്രഹ്തിന്റെ സ്വാധീനം, ആധുനിക നാടകവേദിയുടെ പശ്ചാത്തലത്തിൽ ബ്രഹ്തിന്റെ ആശയങ്ങളുടെ തുടർച്ചയായ പര്യവേക്ഷണങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ഫെസ്റ്റിവൽ ചർച്ച ചെയ്തു.  ബ്രഹ്തിന്റെ സ്റ്റേജ് ഡിസൈൻ, ലൈറ്റിംഗ്, സംഗീതം, കോസ്റ്റ്യൂംസ്, അരങ്ങിൽ ആൾമാറാട്ടം (impersonating) നടത്തുന്നതിനുപകരം കഥാപാത്രങ്ങളുടെ പ്രവൃത്തികൾ വിവരിക്കുന്നത് , അതിന്റെ പ്രാധാന്യം, ബ്രഹ്തിന്റെ ജീവിതവും കലാപ്രവർത്തനങ്ങളും രാഷ്ട്രീയവും സാമ്പത്തികവുമായ വീക്ഷണങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് വിപുലമായ ചർച്ചകൾ നടന്നു. "ഇഷ്ഹാർ' എന്ന പേരിൽ ബ്രഹ്തിന്റെ കവിതകളുടെ സംഗീതാവിഷ്കാരവും ബ്രഹ്തിന്റെ  നാടകങ്ങളിലെ വ്യത്യസ്ത രംഗങ്ങൾ കോർത്തിണക്കി സുമൻ മുഖോപാദ്ധ്യായ സംവിധാനം ചെയ്ത "ബച്ചാരബിബി' എന്ന നാടകാവതരണവും നടന്നു. ഹിരൺ മിത്രയുടെ "ഡമാസ്ക്', "രാവൺ റീലോഡഡ്' എന്നീ നാടകങ്ങൾ പ്രേക്ഷകർക്ക് പകർന്നുനൽകിയ അസ്വസ്ഥതയും ആശങ്കകളും ചെറുതായിരുന്നില്ല. എം.കെ.റെയ്ന, നീലംമാൻസിംഗ് ചൗധരി, അമൽ അല്ലാന, നിസ്സാർ അല്ലാന, അനു രാധാകപൂർ, രുദ്രപ്രസാദ് സെൻഗുപ്ത, എസ് രഘുനന്ദന, സുമൻമുഖോപാദ്ധ്യായ തുടങ്ങിയ നാടാകാചാര്യന്മാർക്കൊപ്പം നിരവധി നാടക പ്രവർത്തകർ ഫെസ്റ്റിവല്ലിന്റെ ഭാഗമായി. ക്യൂറേറ്ററായി തൃശൂർ സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടർ അഭിലാഷ് പിള്ളയും സംഘാടകരിലൊരാളായി കൊല്ലത്തുനിന്നും ശശികുമാറും പങ്കെടുത്തു. ആറു ദിവസമായി നടന്ന ഈ ഫെസ്റ്റിവൽ പുതിയ പ്രതിബദ്ധസമൂഹത്തെ സൃഷ്ടിക്കാനുള്ള ഇന്ത്യൻ സമകാലിക നാടകവേദിയുടെ  ജൈത്രയാത്രയ്‌ക്കുകൂടിയാണ്‌ തുടക്കമിട്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top