03 December Sunday

അരങ്ങുത്സവത്തിന്റെ ഉൾത്തുടിപ്പുകൾ

എം കെ ബിജു മുഹമ്മദ് bijumuhammedkarunagappally@gmail.comUpdated: Sunday Jul 30, 2023

കേരള സംഗീത നാടക അക്കാദമി ജൂലൈ 23 ന് ചെന്നൈയിൽ സംഘടിപ്പിച്ച പ്രവാസി അമച്വർ നാടകോത്സവം സത്യാനന്തര കാലത്തെ നേർജീവിതങ്ങളുടെ അരങ്ങ് സാക്ഷ്യങ്ങളായിരുന്നു. മദിരാശി കേരള സമാജം ഓഡിറ്റോറിയത്തിൽ കലയേയും നാടകത്തേയും പ്രണയംപോലെ മനസ്സിൽ സൂക്ഷിക്കുന്ന ചെന്നൈയിലെ മലയാളി സമൂഹം  മിഴിയും മനസ്സും നൽകി ആറ് നാടകത്തെ നെഞ്ചേറ്റി.

"പ്രവാസികളായി ഇതര സംസ്ഥാന നഗരങ്ങളിലേക്ക് ജോലി തേടി കുടിയേറിയവർക്ക് അവരുടെ ഉള്ളിൽ സൂക്ഷിക്കുന്ന കഴിവുകൾ പുറത്ത് കൊണ്ടുവരാൻ സംഗീത നാടക അക്കാദമി നൽകുന്ന ഉചിതമായ അവസരമാണ് ഇത്തരം പ്രവാസി അമച്ച്വർ നാടകോത്സവമെന്ന് അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി പറഞ്ഞു.

ആറ് നാടകം 

ഡോ. സാം കുട്ടി പട്ടംകരി രചിച്ച് ഡൗട്ടൻ മോഹൻ സംവിധാനം ചെയ്ത്‌ ചെന്നൈ നാടകവേദി അവതരിപ്പിച്ച "അസ്പർശരുടെ വേദം’  ചില ചോദ്യങ്ങൾ ബാക്കിയാക്കിയാണ് അവസാനിക്കുന്നത്. നാടകാന്തം " ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ് " എന്ന് കോറസ് ആർത്ത് പറയുന്നു. പിന്നീട് ആ ശബ്ദം നേർത്ത് വരുന്നു . ഒടുവിൽ കോറസ്സിന്റെ മുഖം ഒരു കറുത്ത തുണികൊണ്ട് മൂടുമ്പോൾ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണോ ? എന്ന ചോദ്യചിഹ്നമായി പടരുന്നു.  മണിപ്പുർ ജനതയുടെ നിലവിളികളും ഏക സിവിൽ കോഡും പ്രേക്ഷക മനസ്സിലേക്ക് ഓടി യെത്തുന്നു.

ദക്ഷിണ ചെന്നൈ ഒരുക്കിയ അജിത് കല്ലൻ രചനയും സംവിധാനവും നിർവഹിച്ച , "ഇര’ എല്ലാക്കാലത്തും ഇരകളാകേണ്ടി വന്ന സ്ത്രീ ജീവിതങ്ങളുടെ പിടച്ചിലുകൾ തൊട്ടറിയുന്നു. തീവണ്ടിയിൽ പീഡിപ്പിക്കപ്പെട്ട് കൊന്നുകളഞ്ഞ സൗമ്യയും വീടിനുള്ളിൽ പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട ജിഷയുൾപ്പെടെയുള്ള പെൺവിലാപങ്ങൾ ഇരയിലുണ്ട്.

യുദ്ധം മനുഷ്യ ജീവിതങ്ങളെ മാത്രമല്ല ബാധിക്കുന്നതെന്ന സന്ദേശമാണ് മദിരാശി കേരള സമാജം അവതരിപ്പിച്ച ഉച്ചലനം പ്രേക്ഷകരോട് സംവദിക്കുന്നത്. യന്ത്രത്തോക്കുകളുടെയും ബോംബ് സ്ഫോടനങ്ങളുടെയും ഇടയിൽ ജീവിക്കേണ്ടി വന്ന ഒരു കൂട്ടം പക്ഷികളാണ് കഥാപാത്രങ്ങൾ. മനോഹരമായ ദൃശ്യ വിസ്മയങ്ങൾകൊണ്ട് പ്രേക്ഷകനെ ഉൾപ്പുളകം കൊള്ളിക്കാൻ ഉച്ചലനത്തിന് കഴിഞ്ഞു. ഇതിലെ മുത്തിയമ്മ കിളി പറയുന്നു, " അതിരുകളില്ലാത്ത ഈ ഭൂമിയിൽ പരസ്പരം അതിരുകൾ കെട്ടിയ മനുഷ്യൻമാരെയാണ് നാം പേടിക്കേണ്ടത് " വെടിയേറ്റ് മുറിഞ്ഞ ശരീരവുമായി പറന്നെത്തുന്ന കിളിയോട് അമ്മക്കിളി പറയുന്നു, "കുഞ്ഞേ, നീ സങ്കടപ്പെടരുത്. നീ ഇന്ന് ജീവിക്കുന്ന രക്തസാക്ഷി ആണ്... ഓരോ രക്തസാക്ഷികളുടെയും ചോരകൊണ്ടാണ് ചരിത്രങ്ങൾ തിരുത്തിയെഴുതിയിട്ടുള്ളത്.... " "പ്രതിസന്ധികൾ വരുമ്പോൾ അത് നേരിടാനാകാതെ കെട്ടിക്കൂങ്ങി ചാകാനും, സ്വന്തം കുലത്തിനെ കൊന്നൊടുക്കി ജീവൻ നിലനിർത്താനും നമ്മൾ മനുഷ്യവർഗമല്ല  കുഞ്ഞേ..."യുദ്ധവെറികളില്ലാത്ത ഒരു നല്ല ലോകം ഇവിടെ ഉദിച്ചുയരുക തന്നെ ചെയ്യും ആ ആകാശത്ത് അനന്തമായി സ്വതന്ത്രമായി പറന്നു നടക്കുന്ന ഒരു കാലം വരും എന്ന സന്ദേശത്തോടെയാണ് നാടകം അവസാനിക്കുന്നത്. ശ്രീജൻ ശൂരനാട് രചനയും  അഭിലാഷ് പരമേശ്വരൻ സംവിധാനവും നിർവഹിച്ച ഉച്ചലനം നിറഞ്ഞ കൈയടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

"ടീച്ചേഴ്സ്‌ഡേ’

പുതിയ കാലത്തെ അധ്യാപകർ വിദ്യാർഥികളിൽ സൃഷ്ടിക്കുന്ന മാനസിക സമ്മർദ്ദങ്ങളുടെ വേദനകളും അത് വരുത്തിവയ്ക്കുന്ന ദുരന്തങ്ങളും ചർച്ച ചെയ്യുന്നതാണ്‌ മക്തൂബ് തിയറ്റർ ചെന്നൈ അവതരിപ്പിച്ച "ടീച്ചേഴ്സ്‌ഡേ.’ ആരതി ഉഷയാണ് നാടക രചന. സംവിധാനം പ്രശോഭ് പ്രണവം.

ആനന്ദ് മൂന്ന് പതിറ്റാണ്ടിന് മുമ്പ് എഴുതിയ മരണ സർട്ടിഫിക്കറ്റ് എന്ന നോവലിന്റെ നാടകാവിഷ്കാരമായിരുന്നു ചെന്നൈ ആലഡി രംഗവേദി അവതരിപ്പിച്ച മരണ സർട്ടിഫിക്കറ്റ് എന്ന നാടകം. നാടകാവിഷ്‌കാരവും  സംവിധാനവും ചന്ദ്രൻ രാജവീഥി . ബ്യൂറോക്രസി ഒരു സാധാരണ മനുഷ്യനിൽ സൃഷ്ടിക്കുന്ന വിഷമതകൾക്ക് വർത്തമാനകാലത്തും പ്രസക്തി ഉണ്ടെന്ന ഓർമപ്പെടുത്തലാണ് മരണ സർട്ടിഫിക്കറ്റ്.

ബംഗളൂരു കൈരളി കലാസമിതി അവതരിപ്പിച്ച "മൃഗം’ മതംകൊണ്ട് അധികാരം പിടിക്കുന്ന ഭരണകൂടങ്ങളുടെ നയതന്ത്രങ്ങൾ തുറന്ന് കാട്ടുന്നു. രഞ്ജിത്താണ് നാടകം രചിച്ചിരിക്കുന്നത്. സംവിധാനം ജോസഫ് നീനാസം. മനുഷ്യ ക്രൗര്യത സമൂഹത്തിലുണ്ടാക്കുന്ന സങ്കീർണതകളാണ് മൃഗത്തിന്റെ പ്രമേയം. ഓരോ മനുഷ്യനിലും ഉറങ്ങിക്കിടക്കുന്ന മൃഗവാസനകൾ അശാന്തിയുടെ വിത്ത് വിതയ്ക്കുന്നു.  വന്യതയുടെ നാവ് നുണയാൻ തക്കം പാർത്തിരിക്കുന്ന മൃഗം. വിശാസത്തിന്റെയും അധികാരത്തിന്റെയും മതത്തിന്റെയും വനസ്ഥലികളിലൂടെ വേട്ടയ്‌ക്കിറങ്ങുന്ന മൃഗം സമൂഹത്തിന് നേരെ ആക്രമണം അഴിച്ചുവിടുന്നു. "വിശ്വാസത്തിന്റെ വർണക്കടലാസിൽ നീ എനിക്ക് പൊതിഞ്ഞു തന്ന അധികാരത്തിന്റെ മധുരം... അതിനി തിരിച്ചു തരാൻ എനിക്ക് മനസ്സില്ല രാമസിംഹാ...’

"ഭയം..അതുണ്ടായിരിക്കണം... വിശ്വാസത്തിന്റെ ബലമുള്ള അടിത്തറയിലാണ് ഞാൻ  ഭയത്തിന്റെ ഗോപുരം പണിഞ്ഞുകൊണ്ടിരിക്കുന്നത്... ദൈവംപോലും ഉരുവം കൊണ്ടിരിക്കുന്നത് ഭയത്തിൽനിന്നാണ്... ഞാനിവിടെ പുതിയ ഒരുലോകം തീർക്കും  അവിശ്വാസികൾ ഇല്ലാത്ത പുതിയ ലോകം...’ നാടകം പറയുന്നു.

നാടകം കേവലം ഒരു ദൃശ്യകലാരൂപം മാത്രമല്ലെന്നും നാടിന്നകത്തും പുറത്തും നടക്കുന്ന സംഭവങ്ങൾക്കെതിരെയുള്ള സമരം കൂടിയാണെന്നും നാടകോത്സവം വിളിച്ചുപറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top