17 September Wednesday

VIDEO: പിപിഇ കിറ്റും തടസ്സമായില്ല: ക്ലിന്റൺ റാഫേലിന്റെ ചുവടുകളിലുണ്ട്‌ സാന്ത്വനത്തിന്റെ തിരിനാളം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020

ബത്തേരി> "സമയമിതപൂർവ സായാഹ്‌നം...അമൃതം ശിവമയ സംഗീതം....' ‌ സിനിമാ ഗാനത്തിനൊപ്പം  ക്ലിന്റൺ റാഫേൽ ചുവട്‌ വെയ്‌ക്കുകയാണ്‌.  കോവിഡിന്റെ ആകുലതകൾ മറന്ന്‌ രോഗികൾ   ആ പദചലനങ്ങളിൽ ആശ്വാസം കണ്ടു. ബത്തേരിയിലെ സിഎഫ്‌എൽടിസിയിൽ നിന്നും പൊതുസമൂഹമൊന്നാകെ ആ ചുവടുകൾ ഏറ്റെടുത്തു.   ബത്തേരി സെന്റ്‌മേരീസ്‌ ഹയർസെക്കൻഡറി സ്‌കൂളിലെ കോവിഡ്‌ ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററിലാണ്‌   രോഗികൾക്ക്‌ ആശ്വാസം പകരാൻ ജീവനക്കാരൻ തന്നെ  നൃത്തം  ചെയ്‌തത്‌‌. മാനസിക പിരിമുറക്കം അനുഭവിക്കുന്ന കോവിഡ്‌ രോഗികൾക്കും സേവനം നടത്തുന്ന ജീവനക്കാർക്കുമെല്ലാം ഒരു പോലെ ആശ്വാസവും ആഹ്ലാദവുമേകിയ ഡാൻസ്‌ സാമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.   സെന്ററിലെ ക്ലീനിങ്‌ ജീവനക്കാരനാണ്‌   ക്ലിന്റൺ റാഫേൽ.  

ക്ലിന്റൺ റാഫേൽ

ക്ലിന്റൺ റാഫേൽ

പ്രൊഫഷണൽ ഡാൻസർ കൂടിയായ ക്ലിന്റൺ സാമൂഹ്യപ്രതിബദ്ധതയുടെ കൂടി ഭാഗമായാണ്‌ സെന്ററിൽ ജോലിക്കെത്തിയത്‌. ക്ലിന്റന്റെ നൃത്ത വൈഭവം കേട്ടറിഞ്ഞ  ചില രോഗികളാണ്‌ കഴിഞ്ഞദിവസം ‌  ഡാൻസ്‌ കളിക്കാൻ ആവശ്യപ്പെട്ടത്‌.   കോവിഡ്‌ മാനദണ്ഡങ്ങൾ  പാലിച്ച്‌ പിപിഇ കിറ്റ്‌ ധരിച്ചാണ്‌   നൃത്തം   ചെയ്‌തത്‌. ജീവനക്കാരാണ്‌ ഡാൻസ്‌ സാമൂഹ്യമാധ്യമങ്ങളിലിട്ടത്‌. നിരവധിപേർ പരിപാടി ലൈക്ക്‌ ചെയ്‌തു. ഷെയറും ചെയ്‌തു.
   
സാമ്പത്തിക സഹായമൊന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും രോഗികൾക്ക്‌ വേണ്ടി  ഇതെങ്കിലും ചെയ്യാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന്‌ ക്ലിന്റൺ പറഞ്ഞു. ഡാൻസ്‌ ക്ലാസ്‌ നടത്താറുണ്ടായിരുന്നു. പരിപാടികൾക്കും പോവാറുണ്ട്‌. കോവിഡ്‌ വന്നതോടെ എല്ലാം മുടങ്ങി. അതിനിടയിലാണ്‌ കോവിഡ്‌ ട്രീറ്റ്‌മെന്റ്‌ സെന്റർ തുറക്കുന്നത്‌ അറിഞ്ഞതും അവിടെ ചേർന്നതും. പത്ത്‌ ദിവസത്തെ ഡ്യൂട്ടികഴിഞ്ഞ്‌ നിരീക്ഷണത്തിലേക്ക്‌ പോയ കിന്റൺ തിരിച്ചു വന്നാലും കോവിഡ്‌ രോഗികൾക്ക്‌ ആശ്വാസം പകരാൻ ഇനിയും ചുവുടുവെയ്‌ക്കുമെന്നും  പറഞ്ഞു.

രോഗികൾക്കായി എല്ലാ പത്രങ്ങളും സെന്ററിൽ വരുത്തുന്നുണ്ട്‌. ചെസ്‌, കാരംസ്‌ തുടങ്ങിയ വിനോദങ്ങളും നടത്താറുണ്ട്‌. ഇതിനിടയിലാണ്‌ ക്ലിന്റണും വിരുന്നൊരുക്കിയത്‌. സെപ്‌തംബർ രണ്ടിനാണ്‌  ബത്തേരി സെന്ററിൽ  രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങിയത്‌.

വീഡിയോ ഇവിടെ:

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top