20 April Saturday

വിസ്മരിക്കാന്‍ പാടില്ലാത്ത ഭൂതകാലത്തിന്റെ പരിച്ഛേദമായി ചിത്തൊപ്രൊശാദിന്റെ കാര്‍ട്ടൂണുകള്‍

വെബ് ഡെസ്‌ക്‌Updated: Monday Mar 11, 2019

കൊച്ചി> കലയിലൂടെ വിപ്ലവം വളര്‍ത്തിയ ചിത്തൊപ്രൊശാദ് എന്ന ബംഗാളി പ്രതിഭ മണ്‍മറഞ്ഞിട്ട് നാല് ദശകങ്ങള്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ ചിത്രങ്ങളും എഴുത്തുകളും അടങ്ങിയ ബിനാലെ പ്രദര്‍ശനം കലാകുതുകികള്‍ക്ക് മാത്രമല്ല, സാമാന്യ ജനങ്ങള്‍ക്കും വേറിട്ട അനുഭവമാണ്. നമ്മുടെ രാജ്യം എന്തെല്ലാം അനുഭവിച്ചു എന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് എറണാകുളം ഡര്‍ബാര്‍ ഹാള്‍ വേദിയിലെ ഈ ചിത്രങ്ങളും എഴുത്തുകളും.



ബംഗാളി കലാകാരനായ ചിത്തൊപ്രൊശാദ് 1915 ല്‍ ബംഗാളിലാണ് ജനിച്ചത്. രണ്ട് മഹായുദ്ധങ്ങളില്‍ മേല്‍ക്കോയ്മ തെളിയിക്കാന്‍ ബ്രിട്ടണിലെ കൊളോണിയല്‍ ഭരണകൂടം നടപ്പാക്കിയ തീരുമാനങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടി വന്നത് ബംഗാളിലെ പാവപ്പെട്ട കര്‍ഷകരായിരുന്നു. ബംഗാളിലെ മഹാക്ഷാമത്തിന് സാക്ഷിയാകേണ്ടി വന്ന ചിത്തൊപ്രൊശാദിന്റെ വരകള്‍ക്ക് ലക്ഷം വാക്കുകളേക്കാള്‍ മൂര്‍ച്ചയുണ്ടായിരുന്നു. വരകള്‍ക്കൊപ്പം വരികള്‍ കൂടിയായതോടെ ബ്രിട്ടീഷ് ഭരണകൂടം അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ കണ്ടെത്തി നശിപ്പിക്കാനാരംഭിച്ചു. വരകളും അത് മുന്നോട്ടു വയ്ക്കുന്ന ആശയവും ഒരു പോലെ തീഷ്ണമാകുന്ന അപൂര്‍വ സന്ധിയാണ് ബിനാലെ നാലാം ലക്കത്തിലെ ചിത്തൊപ്രൊശാദിന്റെ തെരഞ്ഞെടുത്ത സൃഷ്ടികളുടെ പ്രദര്‍ശനം കാട്ടിത്തരുന്നത്. എണ്ണച്ചായവും ക്യാന്‍വാസും ഒഴിവാക്കിയിരുന്ന ചിത്തൊപ്രൊശാദ് ജലച്ചായങ്ങളും അച്ചടിവരകളുമാണ് മാധ്യമമാക്കിയിരുന്നത്.

ബംഗാളിലെ പട്ടിണിയെ കാണിക്കുന്ന ചിത്രത്തില്‍ മനുഷ്യമുഖമുള്ള എല്ലിന്‍കൂടിനെയാണ് കാണിക്കുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പുള്ള ചിത്രങ്ങളില്‍ താന്‍ വിശ്വസിച്ചിരുന്ന കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പ്രതിഫലനങ്ങളും വ്യക്തമാണ്. സ്വാതന്ത്ര്യ ലബ്ധിക്ക് തൊട്ടു മുമ്പ് നടന്ന നാവിക വിപ്ലവത്തില്‍ ഉപയോഗിച്ച പോസ്റ്ററുകളും മറ്റും വരച്ചതും ചിത്തൊപ്രൊശാദായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം അദ്ദേഹം നടത്തിയ വരകള്‍ അമേരിക്കന്‍ നവ സാമ്രാജ്യത്വത്തിനെതിരായിരുന്നു. അമേരിക്കന്‍ സ്വാധീനത്തിനെതിരെ ഇന്ത്യയുടെ നേതൃത്വത്തില്‍ നടന്ന കൂട്ടായ്മയെ പ്രകീര്‍ത്തിക്കുകയും പിന്നീട് അതില്‍ നിന്നകന്നു പോകുന്ന ഭരണകൂടങ്ങളെ കണക്കിന് വിമര്‍ശിക്കുകയും ചിത്തൊപ്രൊശാദ് ചെയ്യുന്നുണ്ട്.

പീപ്പിള്‍സ് വാര്‍ എന്ന കമ്മ്യൂണിസ്റ്റ് പ്രസിദ്ധീകരണത്തില്‍ അദ്ദേഹം എഴുതിയ ലേഖനങ്ങളും ദര്‍ബാര്‍ ഹാളിലെ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1949 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ടായ നയ വ്യതിയാനത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി അംഗത്വം രാജി വച്ചു. പിന്നീട് വിശ്വാമാനവികതയ്ക്കും സമാധാന ഉദ്യമങ്ങള്‍ക്കും ദാരിദ്ര്യമനുഭവിക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയുമാണ് അദ്ദേഹം തന്റെ ജീവിതവും കലയും മാറ്റിവച്ചത്. ഇന്ന് കലാലോകം ചിത്തൊപ്രൊശാദിനെ ആധുനിക കലാലോകത്തെ അതികായരിലൊരാളായാണ് അംഗീകരിക്കുന്നത്. പ്രാഗിലെ നാഷണല്‍ ഗാലറി,  ഡല്‍ഹിയിലെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് എന്നിവിടങ്ങളില്‍ ചിത്തൊപ്രൊശാദിന്റെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top