11 December Monday

പോരാട്ടവും വീണ്ടെടുപ്പുമാണ് ചേച്ചിയമ്മ

ആൻസ്‌ ട്രീസ ജോസഫ്‌ annsjoseph204@gmail.comUpdated: Sunday Sep 10, 2023

കൂരിരുളിനെ ഞങ്ങൾക്ക് ഭയമില്ല... വെള്ളിവെളിച്ചം കണ്ടുപറക്കും വെള്ളിൽപ്പറവകൾ ഞങ്ങൾ... പുതിയ വെളിച്ചം കണികണ്ട് ഉണരും പുലരിപ്പറവകൾ ഞങ്ങൾ... അവസാന ബെല്ലിന് മുമ്പെ വേദിയിൽ അലയായി മാറിയ തിരുവനന്തപുരം സ്വദേശാഭിമാനി തിയറ്റേഴ്‌സിന്റെ ആമുഖ​ഗാനം. സാമൂഹ്യപരിഷ്കരണം കലയിലൂടെ കൊണ്ടുവരാനുള്ള പ്രയത്നത്തിന്റെ മറ്റൊരു ഏടായി സ്വദേശാഭിമാനിയുടെ ചേച്ചിയമ്മ നാടകം. 

 രാജ്യത്തിന്റെ അതിർത്തികാക്കുന്ന സൈനികർക്കും രാജ്യത്തിന്റെ വിശപ്പടക്കുന്ന കർഷകർക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന നാടകം സ്ത്രീകഥാപാത്രങ്ങളിലൂടെ സ്ത്രീസ്വാതന്ത്ര്യത്തെയും വിവരിക്കുകയാണ്. മൂന്ന് വ്യത്യസ്ത ജീവിത സാഹചര്യങ്ങളിലും സംസ്കാരത്തിലും ജീവിക്കുന്ന സ്ത്രീകളെയാണ് ചേച്ചിയമ്മ പ്രതിനിധാനം ചെയ്യുന്നത്. 

മീനച്ചിലാറിന്റെ തീരത്തുനിന്ന് മലബാറിലേക്ക് കുടിയേറി, തണുപ്പിനോടും കാട്ടുമൃ​ഗങ്ങളോടും രോ​ഗങ്ങളോടും പടവെട്ടി ജീവിതം പടുത്തുയർത്തിയ കർഷക കുടുംബത്തിലെ പ്രതിനിധിയായ സീതമ്മയാണ് നാടകത്തിലെ പ്രധാന കഥാപാത്രം. മതവും ജാതിയും കാരണം വേർതിരിക്കപ്പെടുന്ന കുടുംബങ്ങളും സമൂഹവും വർധിച്ചു വരുന്ന കാലഘട്ടത്തിൽ ക്രിസ്തുമത വിശ്വാസിയായ വർക്കിയും ഹിന്ദുമത വിശ്വാസിയായ സീതമ്മയും തമ്മിലുള്ള സഹോദര ബന്ധവും അവരുടെ ജീവിതയാത്രകളും കഥയിൽ പ്രാധാന്യത്തോടെ അവതരിപ്പിക്കപ്പെട്ടു. 

ബിന്ദു സുരേഷ്‌ ചേച്ചിയമ്മയായി

ബിന്ദു സുരേഷ്‌ ചേച്ചിയമ്മയായി

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന ജാതീയ വേർതിരിവുകളും അതേ തുടർന്നുണ്ടാക്കുന്ന വർഗീയ കലാപങ്ങളെയും അവിടെ ഇരയാക്കപ്പെടുന്ന സ്ത്രീകളും. ഉന്നതജാതീയർ എന്ന് വിശേഷിക്കപ്പെടുന്നവർക്കായി നീതിന്യായ വ്യവസ്ഥകൾ പോലും വായ്മൂടിക്കെട്ടപ്പെടുകയാണ്. കൃഷിയിടങ്ങളിൽ പൊന്ന് വിളയിക്കുന്ന കർഷകനെയും അവന്റെ കാർഷികവിളയെയും മടികൂടാതെ സ്വീകരിക്കുമ്പോഴും കുടിവെള്ളത്തിന് ജാതീയ വിലക്ക് ഏർപ്പെടുത്തിയ സമൂഹത്തെ പരിചയപ്പെടുത്താനും അതിനെതിരെ പോരാടാനും കലയാെരു മാധ്യമമാക്കി മാറ്റുകയാണ്. മതം, ജാതി, സാമ്പത്തികം തുടങ്ങിയ എല്ലാ പ്രശ്നങ്ങളിലും സ്ത്രീകൾ ഇരയാക്കപ്പെടുന്നതിനെ നാടകത്തിലൂടെ രൂക്ഷമായി വിമർശിക്കപ്പെടുന്നു.

വർത്തമാന ഇന്ത്യയിൽ നടക്കുന്ന വർഗീയ ജാതി കലാപങ്ങൾ ഉൾപ്പെടെ സമകാലീന പ്രശ്നങ്ങളിലേക്ക് കഥാസന്ദർഭങ്ങളിലൂടെയും മികവുറ്റ അഭിനയത്തിലൂടെയും ചേച്ചിയമ്മയ്ക്ക് കടന്നുചെല്ലാൻ കഴിഞ്ഞതാണ് നാടകത്തിന്റെ വിജയം. റീടേക്കുകൾ ഇല്ലാത്ത അഭിനയവും ഡയലോഗ് പ്രസന്റേഷനും രംഗാവിഷ്ക്കാരവും നാടകത്തെ  ആസ്വാദക ഹൃദയങ്ങളിലേക്ക് എത്തിച്ചു.

ജയൻ തിരുമനയാണ് നാടകത്തിന്റെ രചയിതാവ്. മനോജ് നാരായണൻ സംവിധാനം. അഡ്വ. നെയ്യാറ്റിൻകര പത്മകുമാറാണ് നിർമാണം. ജെ പി മുതുകുളം സഹസംവിധാനം നിർവഹിച്ചു. കുളത്തൂർ ലാൽ, അജയൻ ഉണ്ണിപ്പറമ്പിൽ, സുരേഷ് തൂലിക, ആക്കുളം സനൽ, രാധാകൃഷ്ണൻ, സൂര്യജിത്, ബിന്ദു സുരേഷ്, സന്ധ്യാ രാമൻ എന്നിവരാണ് അരങ്ങിൽ എത്തിയത്. ഗാനരചന രമേശ് കാവിലും ചെമ്പഴന്തി ചന്ദ്രബാബുവും സംഗീതം ഉദയകുമാർ അഞ്ചലുമാണ് നിർവഹിച്ചത്. സുനിൽ മത്തായി, ബിനു സരിഗ, കിഷോർ കൊല്ലം, മാതു കല്യാണി എന്നിവരാണ് പാടിയത്. രംഗപടം ആർട്ടിസ്റ്റ് സുജാതൻ.  

ജീവനാണ് ജീവിതവും

അവധിക്ക് വീട്ടിലേക്ക് വരുമോയെന്ന് ഉറപ്പുപറയാത്ത മകനോടുള്ള പരിഭവവും വിളിച്ചറിയിക്കാതെ എത്തിയ മകനെ കണ്ടപ്പോഴുള്ള സന്തോഷവും മകന്റെ അപ്രതീക്ഷിത മരണത്തിലെ തകർച്ചയുമെല്ലാം നിമിഷനേരങ്ങളിൽ പകർന്നാടി ചേച്ചിയമ്മയായി അരങ്ങിൽ ജീവിക്കുകയായിരുന്നു ബിന്ദു സുരേഷ്. ഈ പകർന്നാട്ടത്തിലൂടെ നാലുതവണ  മികച്ച നടിക്കുള്ള സംസ്ഥാന നാടക പുരസ്കാരവും ബിന്ദുവിനെ  തേടിയെത്തി. അരണി, ചെമ്മീൻ, ആരണ്യകം, ഒറ്റമര തണൽ എന്നീ നാടകങ്ങളിലെ അഭിനയമികവിനാണ് പുരസ്കാരം നേടിയത്. 

പ്രീഡിഗ്രി പഠനകാലത്ത് പകരക്കാരിയായാണ് ബിന്ദു ആദ്യമായി അരങ്ങിലെത്തിയത്. പിന്നീട് പഠനശേഷം കെപിഎസിയിലൂടെയാണ് ഈ കൊട്ടാരക്കര സ്വദേശിനി വീണ്ടും അഭിനയജീവിതത്തിലേക്ക് എത്തിയത്. നാടകനടൻ കൂടിയായ സുരേഷ് തൂലികയാണ് ഭർത്താവ്. ഇരുവരും ഒന്നിച്ചാണ് അരങ്ങിലും ചേച്ചിയമ്മ നാടകത്തിലും അഭിനയിച്ചത്.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top