24 April Wednesday

അയ്യങ്കാളിയും പഞ്ചമിയും ബജറ്റ‌്‌രേഖയുടെ കവര്‍ചിത്രം; അഭിമാനത്തോടെ ചിത്രകാരി ജലജ

സ്വന്തം ലേഖികUpdated: Friday Feb 1, 2019

കൊച്ചി>പഞ്ചമിയുടെ കൈപിടിച്ച് സവർണനുമുന്നിൽ നിവർന്നുനിൽക്കുന്ന അയ്യങ്കാളിയുടെ ചിത്രം. ഇത്തവണത്തെ ബജറ്റ‌്‌രേഖയുടെ കവർചിത്രമാണിത്. സ്ത്രീയെയും ദളിതനെയും അവരുടെ പോരാട്ടത്തെയും അഭിസംബോധന ചെയ്യുന്ന ചരിത്രനിമിഷം ക്യാൻവാസിലാക്കിയത് ചിത്രകാരി പി എസ് ജലജയാണ്. ‘101 ഇൻസ്‌പെയറിങ് സ്പീച്ചസ് ഫോർ ഇന്ത്യ യു കാൻട‌് അഫോർഡ് ടു മിസ്' എന്ന സീരിസിലെ ജലജയുടെ നാലാമത്തെ ചിത്രമാണിത്.

സ്ത്രീകൾ വരച്ചതാകണം ഇത്തവണത്തെ ബജറ്റ‌്‌രേഖയുടെ കവർചിത്രമെന്ന്  സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബജറ്റ്‌രേഖ ഡിസൈൻചെയ്ത ഗോഡ്‌ഫ്രേ ദാസ് മറ്റുചിത്രകാരികളോട് അന്വേഷിച്ച കൂട്ടത്തിൽ  ജലജയോടും  ചിത്രം അന്വേഷിച്ചു.  തുടർന്ന‌് മറ്റൊരു ചിത്രത്തോടൊപ്പം അയ്യങ്കാളിയുടെയും പഞ്ചമിയുടെയും ചിത്രവും അയച്ചു. അങ്ങനെയാണ് ഈ ചിത്രം ബജറ്റ‌്‌രേഖയുടെ കവറായത്.

ബജറ്റ് അവതരണത്തിനുശേഷം മന്ത്രി തോമസ് ഐസക്കാണ് ബജറ്റ‌്‌രേഖയുടെ കവർ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്. കവർ എന്തായിരിക്കണം എന്ന അന്വേഷണം അവസാനിച്ചത് പി എസ് ജലജ വരച്ച അയ്യങ്കാളി, പഞ്ചമി ചിത്രത്തിലാണെന്നും നമ്മുടെ നവോത്ഥാനനായകരിൽ പ്രമുഖ സ്ഥാനം അയ്യങ്കാളിക്കുണ്ടെന്നും  തോമസ് ഐസക‌് ഫെയ്‌സ്ബുക്കിൽ കുറിച്ചു. സ്ത്രീകൾ വരച്ച ചിത്രങ്ങളാകണം ബജറ്റ്‌രേഖയുടെ കവർചിത്രമെന്ന് തീരുമാനിച്ചിരുന്നെന്നും ഗോഡ്‌ഫ്രേ ദാസ്  കവർഡിസൈൻ നന്നായി നിർവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിയുടെ പോസ്‌റ്റോടെ സാമൂഹികമാധ്യമം ബജറ്റ‌്‌രേഖയുടെ  കവർചിത്രം ഏറ്റെടുക്കുകയായിരുന്നു. കലാകാരന്മാരുടെ കൂട്ടായ്മയായ കലാകക്ഷിയുടെ സ്ഥാപകാംഗമാണ് പി എസ് ജലജ. പെരുമ്പാവൂർ കീഴില്ലത്ത് ജനിച്ച ജലജ, അങ്കമാലിയിലാണ് താമസം. തൃപ്പൂണിത്തുറ ആർഎൽവി കോളേജിലായിരുന്നു പഠനം. ആർത്തവ അയിത്തത്തിനെതിരെ എറണാകുളത്ത് നടന്ന ആർപ്പോ ആർത്തവത്തിന്റെ പോസ്റ്ററായും ഈ ചിത്രം ഉപയോഗിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top