24 April Wednesday

ബോംബെ ടൈലേഴ്‌സ്: ഒരു മഹത്തായ ദൃശ്യാനുഭവം

എം കെ വി രാജേഷ്Updated: Thursday Feb 8, 2018
സിംഗപ്പൂര്‍> 'ബോംബെ ടൈലേഴ്‌സ്'......നാട്ടിലും മറുനാടുകളിലുമായി അനേകം വേദികള്‍ പിന്നിടുകയും ഒട്ടനവധി പുരസ്കാരങ്ങള്‍ കരസ്ഥമാക്കുകയും ചെയ്ത നാടകം. അഭിനയമികവുകൊണ്ടും സാങ്കേതികത്തികവുകൊണ്ടും നാടകാവതരണത്തെ പുതിയ തലങ്ങളിലേക്കുയര്‍ത്തിക്കൊണ്ട്, സിംഗപ്പൂരിലെ മലയാള നാടകപ്രേക്ഷകര്‍ക്ക് ഒരു പുത്തന്‍ ദൃശ്യാനുഭവമേകി 'ബോംബെ ടൈലേഴ്‌സ്' സിംഗപ്പൂര്‍ ഡ്രാമ സെന്ററില്‍ അരങ്ങേറി. സിംഗപ്പൂരിലെ പ്രസിദ്ധമായ 'കൈരളി കലാനിലയ'ത്തിന്‍റെ അറുപതാം വാര്‍ഷികാഘോഷങ്ങളുടെ സമാപനവേദിയില്‍, കൊച്ചുകുട്ടികളടക്കം പ്രതിഭാധനരായ അന്‍പതോളം നടീനടന്മാര്‍ അരങ്ങില്‍ നിറഞ്ഞാടിയപ്പോള്‍ അത് സിംഗപ്പൂര്‍ മലയാളനാടക ചരിത്രത്തിലെ ഒരസുലഭമുഹുര്‍ത്തമായി.

തെലുങ്ക് കഥാകൃത്ത് കാതിര്‍ മുഹമ്മദിന്‍റെ ചെറുകഥയെ ആസ്പദമാക്കിയാണ് പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ കെ വിനോദ്കുമാര്‍ 'ബോംബെ ടൈലേഴ്സ്' അണിയിച്ചൊരുക്കിയത്. തികച്ചും യാന്ത്രികമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനത്തിന്‍റെ പരക്കം പാച്ചിലില്‍ വഴിയുഴറുന്ന 'പീരുഭായി' എന്ന തുന്നല്‍ക്കാരന്‍, ആധുനികവല്‍ക്കരണത്തിന്‍റെയും ആഗോളവല്‍ക്കരണത്തിന്‍റെയുമിടയില്‍ പകച്ചുനില്‍ക്കുന്ന ഒരു ജനതയുടെ പ്രതീകമാണ്. ആധുനികകാലത്ത് പ്രസക്തി നഷ്ട്ടപ്പെട്ട അയാള്‍ 'ഹൈഡന്‍ ഇന്റര്‍നാഷണല്‍' എന്ന വന്‍കിട ടെക്സ്റ്റയില്‍ കമ്പനിയില്‍ ഇന്റര്‍വ്യൂവിന് പോകുന്നിടത്തുനിന്ന് നാടകം ആരംഭിക്കുന്നു...

പീരുഭായിയായി വേഷമിട്ട വിദ്യാരാജ്, കഥാപാത്രത്തോട് പൂര്‍ണ്ണമായി നീതിപുലര്‍ത്തിയെന്നുതന്നെ പറയാം. പീരുഭായിയുടെ ജീവിതത്തിലെ മൂന്നു കാലഘട്ടങ്ങളെ തികഞ്ഞ തന്മയത്വത്തോടെ വിദ്യാരാജ് അരങ്ങിത്തിച്ചു. എല്ലാ വാതിലുകളും കൊട്ടിയടക്കപ്പെടുമ്പോള്‍ ആധിയാലും വ്യാധിയാലും കലുഷിതമാകുന്ന മനസ്സിന്‍റെ ആന്തരികതലങ്ങളെ അനായാസം കൈകാര്യം ചെയ്യാന്‍ ഈ നടന് സാധിച്ചിട്ടുണ്ട്. ഇന്റര്‍വ്യൂ വിന് പങ്കെടുക്കാന്‍ ബയോഡാറ്റ തയ്യാറാക്കാന്‍ പീരുഭായി, ഭാര്യ മുത്തുമൊഴിയെ  ഏര്‍പ്പാടാക്കുന്നു.  'മുത്തുമൊഴി'യായി 'ഐശ്വര്യ' മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പല വൈകാരികനിമിഷങ്ങളിലും കഥാപാത്രത്തെ പൂര്‍ണ്ണമായും തന്നിലേക്കാവാഹിക്കാന്‍ ഈ നടി ശ്രദ്ധിച്ചിട്ടുണ്ട്. കൂടാതെ മനോഹരമായ നൃത്തചുവടുകള്‍ കൊണ്ടും മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ കൊണ്ടും ഐശ്വര്യ മുത്തുമൊഴിയെ അവിസ്മരണീയമാക്കി.

പീരുഭായിയുടെ സുഹൃത്ത്, കൊച്ചുവര്‍ക്കിയുടെ മകനും ഹൈഡന്‍ കമ്പനിയിലെ സെക്യുരിറ്റി ഗാര്‍ഡുമായ 'ലാസ്സറി' നു മുന്‍പില്‍ മുത്തുമൊഴി അവരുടെ ഗതകാലജീവിതത്തിന്‍റെ ഭാണ്ഡം അഴിക്കുന്നതിലൂടെ നാടകം മുന്നോട്ടു നീങ്ങുന്നു. ലാസ്സറായി  എത്തിയ 'ഗോപു'വും മികച്ച അഭിനയമാണ് കാഴ്ച വെച്ചത്. വേറിട്ട ഭാഷാശൈലിയില്‍, കഥയുടെ തുടക്കംമുതല്‍ ഒടുക്കംവരെ ലാസര്‍ നിറഞ്ഞുനിന്നു. കൊച്ചുപീരുവിന്‍റെ മാതാപിതാക്കളായി നന്നിതാ മേനോനും സുബിനും തകര്‍പ്പന്‍ അഭിനയം കാഴ്ചവെച്ചു. യക്ഷഗാനത്തിന്‍റെ ശീലുകളും, അമ്മയുടെ ദേവീദര്‍ശനവും പീരുവിന്‍റെ ബോധോദയവുമെല്ലാം മിന്നിമറഞ്ഞ ആ രംഗം പ്രേക്ഷകമനസ്സുകളില്‍ തങ്ങി നില്‍ക്കുന്നതാണ്. പീരുവിന്‍റെ ആദ്യഗുരുനാഥനായ 'എലപ്പനാശാ'നായി സിംഗപ്പൂരിലെ മുതിര്‍ന്ന നാടകനടനും സംവിധായകനുമായ ഡി സുധീരനും ഭാര്യ ചെമ്പകമായി ആര്യയും രംഗത്ത്  മികവു പുലര്‍ത്തി. ആശാന്‍റെ വീട്ടിലെ പീരുവിന്‍റെ ജീവിതാനുഭവങ്ങള്‍ സദസ്സില്‍ നര്‍മ്മം വിതറി. 
പീരുവിന്‍റെ ബോംബെയിലെ ഗുരുവായ 'രാജാസേഠ്' ആയും പിന്നീട് പീരുവിന്‍റെ വീട്ടില്‍ അന്വേഷണങ്ങള്‍ക്കായെത്തുന്ന പോലീസുകാരനായും ജിബു ജോര്‍ജ്ജ് കാണികളുടെ പ്രശംസ പിടിച്ചുപറ്റി. ബോംബെയിലെ ജീവിതകാലത്തിനിടയ്ക്ക് രംഗത്തെത്തുന്ന 'ലംബു ഭായി'യുടെ വേഷം സൂരജില്‍ ഭദ്രമായിരുന്നു. കുട്ടികളടക്കം നിറഞ്ഞ രംഗത്തേക്ക് പരിഭ്രാന്തിപരത്തി ലംബു  ഭായിയുടെ പ്രവേശം കാണികള്‍ കയ്യടിച്ചു സ്വീകരിച്ചു. ശ്രീബുദ്ധന്‍, പോലീസ് എന്നീ വേഷങ്ങളില്‍ ബിനൂപ്, പീരുഭായിയുടെ ശിഷ്യനായ ചിന്നപ്പയായി മുരളി, കൂടാതെ ചെറുതും വലുതുമായ വേഷങ്ങളില്‍ കുട്ടികളടക്കം നാല്‍പ്പതോളം പേര്‍ രംഗത്തെത്തി. പഴയകാല സിനിമാടാക്കീസ് രംഗം, പീരുവിന്‍റെ കഴിവുകള്‍ വിളിച്ചോതുന്ന ഫാഷന്‍ഷോ, സനുവും കുട്ടികളും ചേര്‍ന്ന് നടത്തിയ ഡിസ്കോ ഡാന്‍സ് എന്നിവ പ്രേക്ഷകരില്‍ ഒരു നവാനുഭൂതി ഉളവാക്കി.

നാടകത്തിന്‍റെ ക്ളൈമാക്സ് രംഗം വികാരഭരിതമായിരുന്നു. അവസാന കച്ചിത്തുരുമ്പിലെങ്കിലും പിടിച്ചു രക്ഷനേടാന്‍ ശ്രമിക്കുന്ന പീരുഭായിയെ എങ്ങനെയെങ്കിലും ഒഴിവാക്കാന്‍ ശ്രമിക്കുകയാണ്, ബോസ്സ് ക്രിസ്റ്റിയും (രാജീവ് ഫിലിപ്പ്), ഓഫിസ് ലേഡി മെറിനും(സുനിത നായര്‍). ഒടുവില്‍ ഒരു പ്രതിരോധത്തിന് മുന്‍പിലും ഒരിക്കലും തകരില്ലെന്ന്  പീരുവും മുത്തുമൊഴിയും ഉറപ്പിക്കുന്നതോടെ നാടകം ശുഭപര്യവസായിയാകുന്നു....  

അഭിനയത്തോടൊപ്പം കിടപിടിക്കുന്നതായിരുന്നു, നാടകത്തിന്‍റെ സാങ്കേതിക മികവും. മാറിവരുന്ന രംഗങ്ങള്‍ക്ക് അതിമനോഹരമായ ദൃശ്യചാരുതയേകിയത് പ്രശസ്ത സിനിമാ കലാ സംവിധായകന്‍ ദില്‍ജിത് ആണ്. രാജേഷ് കുമാറിന്‍റെ ലൈറ്റ്സ് നിയന്ത്രണവും എടുത്തുപറയേണ്ട ഒന്നാണ്. കൂടാതെ, ഷാനവാസ്, തോമസ്, കൃഷ്ണകുമാര്‍, നിഖില്‍, രാഗേഷ് എന്നിവര്‍ ഒരുക്കിയ നാടകത്തിലെ ശ്രവണമധുരമായ പശ്ചാത്തലസംഗീതം എന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്നതായിരുന്നു. 
വ്യത്യസ്തമായൊരു ദൃശ്യാവിഷ്ക്കരണത്തിലൂടെ പീരുഭായിയുടെ കഥയും വ്യഥയും പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ നാടകത്തിനു കഴിഞ്ഞിട്ടുണ്ട്. സിംഗപ്പൂരിലെ നാടകപ്രേമികള്‍ക്ക് മനസ്സില്‍ എന്നും ഓര്‍ത്തുവെക്കാന്‍ 'ബോംബെ ടൈലേഴ്സ്' ഒരുപാട് മുഹുര്‍ത്തങ്ങള്‍ സമ്മാനിച്ചിരിക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top