25 March Saturday

അകലെനിന്ന‌് ചിത്രം; അരികിൽനിന്ന‌് ചരിത്രം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 4, 2018

മനു കള്ളിക്കാട്

മനു കള്ളിക്കാട്

ബയോഗ്രഫിക്കൽ കൊളാഷ‌് എന്ന ചിത്രകലാസങ്കേതത്തിൽ ശ്രദ്ധേയനായ മലപ്പുറം ജില്ലയിലെ തിരുവാലി സ്വദേശി മനു കള്ളിക്കാട് ഔപചാരികമായി ചിത്രകലാപഠനം നടത്താതെയാണ‌് അംഗീകാരങ്ങൾ നേടിയത‌്. ലിംകാ ബുക്ക്‌ ഓഫ് റെക്കോഡ്‌സും ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റെക്കോഡും നേടിയ മനു  ബ്രഷും പെയിന്റും  ഇല്ലാതെ ചിത്രത്തോടൊപ്പം ചിത്രത്തിലെ വ്യക്തിയുടെ ചരിത്രവും  ഒട്ടിച്ചുചേർത്താണ‌് ബയോഗ്രഫിക്കൽ   കൊളാഷ‌് രചിക്കുന്നത‌്. അകലെനിന്ന‌് ചിത്രവും അരികിൽനിന്ന‌്‌ വ്യക്തിയുടെ ചരിത്രവും വായിച്ചെടുക്കാം എന്നതാണ് ഈ ചിത്രകലാശൈലിയുടെ പ്രത്യേകത. 35-ൽ പരം മഹത്  വ്യക്തികളുടെ ജീവചരിത്ര കൊളാഷുകളാണ് ഇതിനകം മനു നിർമിച്ചത്. 

 കേവലം തുണ്ടുകടലാസുകൊണ്ട് കൊളാഷുകൾ തീർക്കുകയല്ല. ആ -തുണ്ടുകടലാസുകളിൽ ആരുടേതാണോ കൊളാഷ് തീർക്കുന്നത് ആ - മഹാന്റെ ചരിത്രങ്ങളും അദ്ദേഹത്തെ സംബന്ധിക്കുന്ന മറ്റു വിവരങ്ങളും സവിസ‌്തരം പ്രതിപാദിക്കും. ഇതിനാവശ്യമായ രേഖകൾ മാസങ്ങളെടുത്താണ് ശേഖരിക്കാറ്. 

2007 ൽ ബയോഗ്രഫിക്കൽ കൊളാഷ് എന്ന ശൈലി  ലിംകാ ബുക്ക്‌ ഓഫ് റെക്കോഡ്സിൽ ഇടം നേടി. 2014-ൽ കരീനാ കപൂറിന്റെ   കൊളാഷിലൂടെയും 2016-ൽ എം ടി  വാസുദേവൻനായരുടെ കൊളാഷിലൂടെയും ലിംകാ ബുക്ക്‌ ഓഫ്  റെക്കോഡ‌്സിൽ പേര്  രേഖപ്പെടുത്തി ഈ ചിത്രകാരൻ. കൃത്രിമ വർണങ്ങളും വ്യക്തമായ മനുഷ്യരൂപങ്ങളും ഒഴിവാക്കി വിവിധ സ്ഥലങ്ങളിൽനിന്ന‌് ശേഖരിച്ച വ്യത്യസ്‌ത നിറത്തിലുള്ള മണ്ണ് കുഴമ്പുരൂപത്തിലോ പെയിന്റ് രൂപത്തിലോ പാകപ്പെടുത്തി ക്യാൻവാസിൽ പെയിന്റിന് പകരം ഉപയോഗപ്പെടുത്തിയാണ് രാമായണത്തെ 40 ക്യാൻവാസിൽ വരായണമെന്ന പേരിൽ പുനരാവിഷ‌്കരിച്ചത്. ഇതിനാവശ്യമായ മണ്ണ് തന്റെ യാത്രയിൽ പല സ്ഥലങ്ങളിൽനിന്നാണ‌് ശേഖരിച്ചത‌്. ഒറ്റ വക്ര രേഖകൊണ്ട് പുരാണകഥാപാത്രങ്ങളെ രൂപപ്പെടുത്തുന്നതിലും വിദഗ‌്ധനാണ‌്. 

ഒന്നോ രണ്ടോ വരകളിലൂടെ രാമായണ കഥാപാത്രങ്ങളെ ആവിഷ‌്കരിക്കാൻ ഇൗ ചിത്രകാരന‌് സാധിക്കുന്നു.  പുത്രകാമേഷ്ടിയാഗം, യാഗശേഷം കുഞ്ഞുങ്ങളുടെ പിറവി, സേതുബന്ധനം, മാരീചൻ, മന്ഥരയും കൈകേയിയും, ലക്ഷ്മണനും ശൂർപ്പണഖയും, ചിത്രകൂടത്തിലെ സീതയും രാവണനും, സുമിത്രയും കൈകേയിയും, സീതയുടെ ഉൽപ്പത്തി, അശോകവനത്തിലെ ചിന്താവിഷ്ടയായ സീത, ബാലിസുഗ്രീവ യുദ്ധം, മാരീചന്റെ പിറകെ പോകുന്ന ശ്രീരാമൻ, സീതയുടെ അഗ്നിശുദ്ധി  തുടങ്ങിയ ചിത്രങ്ങളാണ് പരമ്പരയിലുള്ളത്.

ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോഡിന്റെ ലോക റെക്കോഡ് പട്ടികയിൽ വരായണം ഇടം നേടി.  കൊളാഷിൽ കാൾ മാർക്‌സ്‌, മഹാത്മാഗാന്ധി, ആൽബർട്ട് ഐൻസ്റ്റിൻ, ഡാവിഞ്ചി, ടാഗോർ, മദർതെരേസ, ഇ എം എസ്  തുടങ്ങി നിരവധി മഹാന്മാരെയാണ് തീർത്തിട്ടുള്ളത്. കൊളാഷിൽ ത്രിമാനരീതിയും  ഉപയോഗിച്ചിട്ടുണ്ട്. 
വീട്ടുമുറ്റത്ത‌് ഹരിതവർണത്തിലുള്ള ഒരു പക്ഷിത്തൂവൽ ഒരു  ഉറുമ്പ്  വലിച്ചിഴച്ചുകൊണ്ട് പോകുന്ന കാഴ്ചയിൽനിന്ന‌് പ്രചോദനം ഉൾക്കൊണ്ട്‌ മനു നിർമിച്ച   ഹ്രസ്വചിത്രത്തിന്റെ  ദൈർഘ്യം മൂന്നു മിനിറ്റ്. ഇതിൽ ഒരു പെയിന്റിങ്ങും കുറെ ഉറുമ്പുകളുമാണ് കഥാപാത്രങ്ങൾ.  ഈ ചിത്രത്തെ എട്ടു സെക്കൻഡ‌്  ആയി ചുരുക്കി സെൻസർ ചെയ്‌തു. DYSTOPIA എന്ന ഈ ഹ്രസ്വ പരിസ്ഥിതി ചിത്രത്തിനാണ്  2017-ൽ ലിംകാ ബുക്ക്‌ ഓഫ് റെക്കോഡ്‌സിന്റെ അംഗീകാരം ലഭിച്ചത്. നിരവധി വേദികളിൽനിന്ന‌് പ്രശംസ ലഭിച്ച ഈ ചിത്രം യൂട്യൂബിൽ ലഭ്യമാണ്.
 
കവിതകൾക്ക് കാഴ്ചയുടെ രൂപമൊരുക്കുന്നതിലും  ഗഹനമായ വിഷയങ്ങളെ ലളിതമായ വരകളിലൂടെ ദൃശ്യവൽക്കരിക്കുന്നതിലും മനു കള്ളിക്കാടിന്റെ വൈഭവം ശ്രദ്ധേയം. ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യൻ ഷൗക്കത്തിന്റെ "മൊഴിയാഴം’, ‘താഴ് വരയുടെ സംഗീതം 'എന്നീ പുസ്തകങ്ങളിലെ വരകൾ ഇതിനു തെളിവാണ്.  നമ്മുടെ നാട്ടിൽ അധികം പ്രചാരം ലഭിക്കാത്തതായ 3D സ്ട്രീറ്റ് പെയിന്റിങ്ങിലും മനു കഴിവ് തെളിയിച്ചിട്ടുണ്ട്.
 
kpbdeshwandoor@gmail.com

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top