25 April Thursday

കഥ 'ആയിഷ'; സാംബശിവനായി രമണന്‍

സ്വന്തം ലേഖകന്‍Updated: Tuesday Aug 22, 2017

കണ്ണൂര്‍ > അറുപത്തിരണ്ട് വര്‍ഷം മുമ്പത്തെ ഒരു രാത്രി. ചേര്‍ത്തല ഭവാനീക്ഷേത്രത്തിന്റെ മണല്‍വിരിച്ച മുറ്റം. ഉത്സവത്തിനായി കെട്ടിയുണ്ടാക്കിയ വേദിയില്‍ സുന്ദരനായൊരു ചെറുപ്പക്കാരന്‍ കഥ പറയുന്നു. കഥയുടെ വികാരവിക്ഷോഭങ്ങള്‍ സദസ്സിലുള്ളവരുടെ കണ്ണുകളിലറിയാം. വേശ്യാലയത്തില്‍ ശരീരം തേടിയെത്തിയ ആദ്യഭര്‍ത്താവിനെ കൊന്ന് വീണ്ടും ജയിലിലേക്ക് പോകുന്ന ആയിഷയെന്ന പെണ്ണിന്റെ ദുര്‍വിധിയില്‍ സദസ്സ് ഒന്നടങ്കം കണ്ണീര്‍ വാര്‍ക്കുന്നുണ്ട്.

കഥ പറഞ്ഞിറങ്ങിയ കഥാകാരനെ പൊതിഞ്ഞ് പുരുഷാരം. ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റി ഒരാള്‍ കാഥികനരികിലെത്തി ആലിംഗനംചെയ്തു."എന്റെ ആയിഷ ഇത്ര മനോഹരിയാണെന്ന് ഞാന്‍ കരുതിയില്ല''- ആശ്ളേഷത്തിലമരവേ അയാള്‍ പറഞ്ഞത് കാഥികന്‍ അത്ഭുതത്തോടെയാണ് കേട്ടത്. 'ആയിഷ'യുടെ കവി വയലാര്‍ രാമവര്‍മയും കാഥികന്‍ സാംബശിവനും തമ്മിലുള്ള ആദ്യസമാഗമായിരുന്നു അത്. കേരളത്തിന്റെ സാമൂഹ്യനവോത്ഥാനത്തിന്റെ രണ്ട് നദികള്‍ കണ്ടുമുട്ടുകയായിരുന്നു അന്ന്.

വയലാറിന്റെ ആയിഷ ആറുപതിറ്റാണ്ടിനിപ്പുറം വീണ്ടും അരങ്ങിലെത്തുകയായിരുന്നു കണ്ണൂരില്‍. കാഥികനായി സാംബശിവന്റെ ശിഷ്യന്‍ ആലപ്പി രമണന്‍. കലാകാരന്മാരുടെ സംഘടനയായ സവാക് സംസ്ഥാന സമ്മേളനവേദിയിലാണ് 'ആയിഷ'യുടെ പുനരവതരണം നടന്നത്. കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനത്തിന്റെ ചരിത്രത്തില്‍നിന്ന് അടര്‍ത്തിമാറ്റാനാവാത്ത ഒന്നാണ് വയലാറിന്റെ 'ആയിഷ'. ആയിഷയെന്ന കവിത സാംബശിവന്റെ ഘനഗാംഭീര്യമുള്ള ശബ്ദത്തില്‍ കഥാപ്രസംഗമായി വേദികളില്‍നിന്ന് വേദികളിലേക്ക് സഞ്ചരിക്കുകയായിരുന്നു ആ കാലത്ത്. ഒരേ ദിവസം രണ്ടും മൂന്നും വേദികളില്‍ 'ആയിഷ' അവതരിപ്പിക്കപ്പെട്ടിരുന്നുവെന്ന് രമണന്‍ ഓര്‍ക്കുന്നു.

"54ല്‍ വയലാര്‍ എഴുതിയ ആയിഷ തൊട്ടടുത്ത വര്‍ഷമാണ് സാംബശിവന്‍ കഥാപ്രസംഗമാക്കുന്നത്. ഭവാനീക്ഷേത്ര മുറ്റത്തെ സമാഗമത്തിലൂടെയാണ് ഇരുവരും തമ്മിലുള്ള അനശ്വര സൌഹൃദം ആരംഭിക്കുന്നത്. അതത് കാലത്തെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ചേര്‍ത്താണ് ഓരോ വേദിയിലും കഥ പറയുക. 1975ല്‍ അടിയന്തരാവസ്ഥയെ ആയിഷയുടെ അവതരണത്തിനിടയില്‍ പ്രതികരിച്ചതിന് സാംബശിവന്‍ അറസ്റ്റിലായപ്പോള്‍ പകരക്കാരനായിരുന്നു രമണന്‍. സാംബശിവന്റെ അറസ്റ്റിനെതിരെ മുഖ്യമന്ത്രിക്കും അഭ്യന്തര മന്ത്രിയായിരുന്ന കെ കരുണാകരനും കത്തെഴുതിയതിന് അറസ്റ്റിലായിട്ടുമുണ്ട്. മുപ്പതുവര്‍ഷം സാംബശിവന്റെ നിഴലായി വേദികള്‍ തോറും അലഞ്ഞിട്ടുണ്ട് രമണന്‍. 

വയലാര്‍ മരണമടഞ്ഞപ്പോള്‍ ആയിഷ വേദിയില്‍ അതരിപ്പിച്ച്  പിരിഞ്ഞുകിട്ടിയ 250 രൂപ കുടുംബസഹായഫണ്ടിലേക്ക് കൈമാറിട്ടുണ്ട് ഈ കാഥികന്‍. സവാക് വേദിയിലെ അവതരണം ആയിഷയുടെ ഓര്‍മകളിലേക്കുള്ള തിരിഞ്ഞുനടത്തമാണെന്ന് ഈ കലാകാരന്‍ പറയുന്നു. പിഞ്ചുകുട്ടികള്‍പോലും പീഡനത്തിരയാവുകയും സ്ത്രീസ്വാതന്ത്യ്രം പണ്ടത്തേക്കാളുപരി അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്ന കാലത്ത് ആയിഷ വേദികളില്‍ പുനര്‍ജനിക്കേണ്ടത് അനിവാര്യതയാണെന്ന് രമണന്‍ പറയുന്നു. ആലപ്പുഴ തെക്കനാര്യനാട് സ്വദേശിയാണ് കാഥികനായി ഇപ്പോഴൂം വേദികളില്‍ തുടരുന്ന രമണന്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top