25 April Thursday

വാര്‍ത്താചിത്രങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Sunday Sep 18, 2016

ചിത്രമെഴുത്തിന്റെ പ്രതലം ഏതുമാകാം. വര്‍ത്തമാനപത്രങ്ങള്‍ ഒരുപാട് വായിക്കുന്ന മലയാളിക്കുമുന്നില്‍ വര്‍ത്തമാനപത്രങ്ങളില്‍ വരച്ച ചിത്രങ്ങള്‍ കാഴ്ചവയ്ക്കുന്നത് മലപ്പുറം ജില്ലയിലെ മുണ്ടക്കോട്ടുകുറിശി സ്വദേശി സുഭാഷ്കുമാറാണ്. രാജ്യത്തെ പതിനാറോളം വര്‍ത്തമാനപത്രങ്ങള്‍ ചിത്രമെഴുത്തിന് പ്രതലമാക്കിയ സുഭാഷിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം ഇപ്പോള്‍ കൊച്ചിയിലെ ദര്‍ബാര്‍ഹാള്‍ കലാകേന്ദ്രത്തില്‍ നടക്കുന്നു. ചിത്രകാരന്‍ സ്കൂള്‍ അധ്യാപകനും വായനശാലാ പ്രവര്‍ത്തകനുംകൂടിയാകുമ്പോള്‍ വാര്‍ത്തയുടെയും ഭാഷയുടെയും ചൂടുംചൂരുമുള്ള പ്രതലത്തില്‍ ചാലിക്കുന്ന ചായങ്ങള്‍ക്ക് വ്യത്യസ്തമായൊരു ആസ്വാദനതലം കൈവരുന്നു.

കുട്ടിക്കാലംമുതല്‍ ചിത്രരചനയില്‍ കമ്പമുള്ള സുഭാഷ് സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലാണ് പ്രാഥമിക പഠനം നടത്തിയത്. കര്‍ണാടക സര്‍വകലാശാലയില്‍നിന്ന് ചിത്രകലാ ബിരുദം നേടി. അക്രിലിക്കിലും എണ്ണച്ചായത്തിലുമെല്ലാം ക്യാന്‍വാസില്‍ ചിത്രമെഴുതലായിരുന്നു ആദ്യം. ഒരു വര്‍ഷംമുമ്പാണ് വായിച്ചുതള്ളുന്ന പത്രത്താളുകളില്‍ ചേര്‍ത്തുവയ്ക്കാവുന്ന ചിത്രങ്ങളെക്കുറിച്ച് ആലോചിച്ചത്. കുന്നക്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന്‍ എന്ന നിലയില്‍ ദേശീയ അധ്യാപക പരിശീലനക്യാമ്പില്‍ പങ്കെടുത്തപ്പോഴാണ് അത്തരമൊരു പരീക്ഷണത്തിന്റെ സാധ്യത ഗൌരവത്തോടെ ആരാഞ്ഞത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വിവിധ ഭാഷയും സംസ്കാരവുമുള്ള അധ്യാപകര്‍ക്കിടയില്‍ കഴിഞ്ഞപ്പോള്‍ ആ ചിന്തയ്ക്ക് രൂപം കൈവന്നു. അങ്ങനെ വായിച്ചുതള്ളാനും വേണ്ടിവന്നാല്‍ എന്തെങ്കിലുമൊക്കെ കുത്തിവരയ്ക്കാനും ഉപയോഗിച്ചിരുന്ന വര്‍ത്തമാനപത്രം സുഭാഷിന്റെ ക്യാന്‍വാസായി മാറി. ന്യൂസ് പ്രിന്റില്‍ വെള്ളം പടരുമെന്നതിനാല്‍ കളര്‍പേനയുപയോഗിച്ചാണ് വര. സുതാര്യമല്ലാത്ത നിറങ്ങളും ഉപയോഗിക്കുന്നില്ല. വര്‍ത്തമാനപത്രത്തിലെ വാര്‍ത്തയും സുഭാഷിന്റെ രചനയില്‍ ഉള്‍പ്പെടുന്നു. സാധാരണയായി പത്രങ്ങളുടെ എഡിറ്റോറിയല്‍ പേജാണ് വരയ്ക്കാന്‍ എടുക്കുന്നത്. വാര്‍ത്തയുടെ രാഷ്ട്രീയവും നിലപാടുകളും അവിടെയാണ് കനത്തില്‍ പതിയുന്നത് എന്നതുകൊണ്ടുതന്നെയാണ് ആ തെരഞ്ഞെടുപ്പ്.

സുഭാഷ്കുമാര്‍

സുഭാഷ്കുമാര്‍

വ്യത്യസ്തമായി എന്തെങ്കിലും ചെയ്ത് ശ്രദ്ധനേടണമെന്ന ആഗ്രഹമല്ല സുഭാഷിനെ ഇതുപോലൊരു പരീക്ഷണത്തിന് ധൈര്യപ്പെടുത്തിയത്. ഭാഷയുടെയും സംസ്കാരത്തിന്റെയും വൈവിധ്യങ്ങള്‍ക്കും വൈജാത്യങ്ങള്‍ക്കുംമേലെ വര്‍ണഭാഷയുടെ സാര്‍വത്രികതയെ പ്രതിഷ്ഠിക്കുന്നതിലൂടെ കലയുടെയും മാനവികതയുടേതുമായ തെളിവുള്ളൊരു രാഷ്ട്രീയമുദ്രാവാക്യം തന്റെ രചനകളിലൂടെ മുന്നോട്ടുവയ്ക്കുകയാണ് സുഭാഷ്. നരേറ്റീവായ ശൈലിയിലാണ് രചനകള്‍. വര്‍ത്തമാനപത്രങ്ങള്‍ ആവശ്യപ്പെടുന്ന  സരസവായനയും ആഴത്തിലുള്ള മനനവും സുഭാഷിന്റെ ചിത്രങ്ങളോടും ഉള്‍ച്ചേര്‍ത്തിരിക്കുന്നു. പത്രത്താള്‍മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നതാണ് രചനകളെല്ലാം. ഓരോ ഭാഷയുടെയും സംസ്കാരത്തിന്റെയും സവിശേഷതകള്‍ അതതു പത്രത്താളുകളിലെ ചിത്രരചനയ്ക്കായി ഉപയോഗപ്പെടുത്താനും ശ്രദ്ധിക്കുന്നു.

ചിത്രം വരയ്ക്കുമായിരുന്ന അച്ഛന്‍ തോടയം വീട്ടില്‍ വേലായുധനില്‍നിന്നാണ് സുഭാഷ് ചെറുപ്പത്തില്‍തന്നെ ചിത്രരചനയോടുള്ള കൌതുകം വളര്‍ത്തിയെടുത്തത്. ലൈബ്രറി പ്രവര്‍ത്തനവും പുരോഗമന കലാപ്രവര്‍ത്തനവും പില്‍ക്കാലം ഒപ്പംകൂടി. മുണ്ടക്കോട്ടുകുറിശി വായനശാലാ സെക്രട്ടറിയും ലൈബ്രറി കൌണ്‍സില്‍ ജില്ലാ കമ്മിറ്റി അംഗവും പുരോഗമന കലാ സാഹിത്യസംഘം ചെര്‍പ്പുളശേരി മേഖലാ കമ്മിറ്റി അംഗവുംകൂടിയാണ് സുഭാഷ്. ഭാര്യ: ആശാബായി. മക്കള്‍: ഗൌതം, ബസന്ത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top