26 April Friday

സംഗീത നാടക അക്കാദമി പ്രൊഫഷണല്‍ നാടകമത്സരം: ‘ഇതിഹാസം’ മികച്ച നാടകം

വെബ് ഡെസ്‌ക്‌Updated: Saturday Oct 30, 2021

തൃശൂർ > കേരള സംഗീത നാടക അക്കാദമി  സംസ്ഥാന പ്രൊഫഷണൽ നാടകമത്സര അവാർഡുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം സൗപർണികയുടെ ‘ഇതിഹാസം’ മികച്ച നാടകമായി തെരെഞ്ഞടുക്കപ്പെട്ടു. കോഴിക്കോട്‌ സങ്കീർത്തനയുടെ ‘വേനലവധി’ സംവിധാനം ചെയ്‌ത രാജേഷ്‌ ഇരുളമാണ്‌ മികച്ച സംവിധായകൻ. സമഗ്ര സംഭാവന‌യ്‌ക്കുള്ള 50,000 രൂപയും ശിൽപ്പവും പ്രശംസാപത്രവും അടങ്ങുന്ന അവാർഡ് വക്കം ഷക്കീർ കരസ്ഥമാക്കി.

മികച്ച നടനുള്ള പുരസ്‌കാരം വേനലവധിയിലെ സജി മൂരാട്‌, ഇതിഹാസത്തിലെ എം ടി സോബി എന്നിവർ പങ്കുവെച്ചു. പീരപ്പൻകോട് സംഘകേളിയുടെ ‘മക്കളുടെ ശ്രദ്ധ‌യ്‌ക്ക്’ നാടകത്തിലെ എൻ കെ ശ്രീജയാണ്‌ മികച്ച നടി. വേനലവധിയിലെ ഹേമന്ത് കുമാർ, മക്കളുടെ ശ്രദ്ധയ്‌ക്ക്, അമ്മ എന്നീ നാടക രചനയ്‌‌ക്ക്‌ ഫ്രാൻസിസ് ടി മാവേലിക്കര എന്നിവരെ മികച്ച നാടകകൃത്തുക്കളായി തെരഞ്ഞെടുത്തു. കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ ‘അമ്മ’യുടെ കരിവെള്ളൂർ മുരളിയാണ്‌  മികച്ച ഗാനരചയിതാവ്. മികച്ച നാടകത്തിന്‌ ശിൽപ്പവും പ്രശംസാപത്രവും 50,000 രൂപയും, മികച്ച സംവിധായകന്‌ ശിൽപ്പവും പ്രശംസാപത്രവും 30,000 രൂപയും, നടീനടന്മാർക്ക്‌ 30,000 രൂപയും ശിൽപ്പവും പ്രശംസാപത്രവും സമ്മാനമായി ലഭിക്കും.

വേനലവധി, വരവൂർ വള്ളുവനാട്‌ ബ്രഹ്മയുടെ ‘പാട്ടുപാടുന്ന വെള്ളായി’ എന്നിവയാണ്‌ മികച്ച രണ്ടാമത്തെ നാടകം, മികച്ച രണ്ടാമത്തെ സംവിധായകൻ ഇതിഹാസത്തിന്റെ സംവിധായകൻ അശോക് ശശിയാണ്‌. ‘അമ്മ’യിൽ അഭിനയിച്ച മഞ്ജു റെജി, ഇതിഹാസത്തിലെ ഗ്രീഷ്‌മ ഉദയ്, ‘പാട്ടുപാടുന്ന വെള്ളായി’യിലെ ബിജു ജയാനന്ദൻ എന്നിവരാണ്‌ മികച്ച രണ്ടാമത്തെ നടീനടന്മാർ.

ഇതിഹാസത്തിന്റെ രചന നിർവഹിച്ച അശോക് ശശിയാണ്‌ മികച്ച രണ്ടാമത്തെ നാടകകൃത്ത്. കണ്ണൂർ നാടകസംഘത്തിന്റെ കുമാരനാശാനും ചണ്ഡാലഭിക്ഷുകിയും എന്ന നാടകത്തിൽ ഗാനമാലപിച്ച വൈക്കം വിജയലക്ഷ്‌മി, കണ്ണൂർ സംഘചേതനയുടെ ഭോലാറാമിൽ ഗാനമാലപിച്ച സാബു കലാഭവൻ എന്നിവരാണ്‌ മികച്ച ഗായികഗായകന്മാർ. ഇതിഹാസത്തിലെ അനിൽ എം അർജുനനാണ്‌ മികച്ച സംഗീത സംവിധായകൻ. ആർട്ടിസ്റ്റ് സുജാതൻ മികച്ച രംഗപട സംവിധായകനായി. മികച്ച ദീപവിതാനം രാജേഷ്  ഇരുളം (വേനലവധി),  മികച്ച വസ്‌ത്രാലങ്കാരം വക്കം മാഹിൻ (ഇതിഹാസം). ശിവകാമി തിരുമന (കുമാരനാശാനും ചണ്ഡാലഭിക്ഷുകിയും), നന്ദി പ്രകാശ് (ഭോലാറാം) എന്നിവർക്ക്‌ സ്പെഷ്യൽ ജൂറി അവാർഡ്‌ ലഭിച്ചു. മുഴുവൻ ജേതാക്കൾക്കും ക്യാഷ്‌ അവാർഡും ശിൽപ്പവും പ്രശംസാപത്രവും അടുത്തദിവസം ചേരുന്ന അവാർഡ്‌ ദാനച്ചടങ്ങിൽ സമ്മാനിക്കും.

തെരഞ്ഞെടുത്ത പത്ത്‌ നാടകങ്ങളിൽനിന്നാണ് അവാർഡ്‌ ജേതാക്കളെ തെരഞ്ഞെടുത്തത്‌. വിക്രമൻ നായർ (ജൂറി ചെയർമാൻ) സേവ്യർ പുൽപ്പാട്ട് (മെമ്പർ സെക്രട്ടറി) ചന്ദ്രശേഖരൻ തിക്കൊടി, ബാബു പറശ്ശേരി,  ഡോ. ബിയാട്രിക്‌സ് അലക്‌സിസ് എന്നിവരടങ്ങിയ ജൂറി അംഗങ്ങളാണ് നാടകങ്ങൾ വിലയിരുത്തിയത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top