വിവാഹാലോചന വീഡിയോയും വൈറൽ



കൊച്ചി > വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിട്ടും പെണ്ണിനെ/ആണിനെ കിട്ടുന്നില്ലെന്ന് പരാതി പറയുന്നവരെ കണ്ടിട്ടില്ലേ? അത്തരം പരാതിക്കാർക്ക് ആശ്വാസമായി ജീവിതപങ്കാളിയെ കണ്ടെത്താനുള്ള വിവാഹാലോചന വീഡിയോകൾ സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. വധൂവരന്മാരുടെ ചുറ്റുപാടും  സങ്കൽപ്പങ്ങളും പിന്നെ ബന്ധുക്കളെയും സിനിമാറ്റിക‌് സ്റ്റൈലിൽ പരസ്പരം പരിചയപ്പെടുത്തുന്ന ഈ വീഡിയോകൾക്ക് പെട്ടെന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ സ്വീകാര്യതയേറിയത്. വിവാഹം ക്ഷണിക്കുന്ന സേവ് ദി ഡേറ്റിനും വിവാഹത്തിനുമുന്നേയുള്ള പ്രൊമോ വീഡിയോകൾക്കും പിന്നാലെയാണ‌് വിവാഹാലോചന വീഡിയോകളും വൈറലാകുന്നത‌്. കണ്ണൂർ പേരാവൂർ സ്വദേശി ബിനോ ജോസഫ് ജീവിതപങ്കാളിയെ അന്വേഷിക്കുന്ന വീഡിയോ വൻ ഹിറ്റായതോടെയാണ് ഇത്തരം വീഡിയോകൾ തരംഗമായത്. ഏറെ അന്വേഷിച്ചിട്ടും മനസ്സിനിണങ്ങിയ പെണ്ണിനെ കിട്ടാതെ വിഷമിച്ച ബിനോയോട് എറണാകുളത്തെ സുഹൃത്താണ് വിവാഹാലോചന വീഡിയോ എന്ന ആശയം പറഞ്ഞത്. അതനുസരിച്ച് പങ്കാളിയെക്കുറിച്ചുള്ള തന്റെയും അമ്മയുടെയും സങ്കൽപ്പങ്ങളും വീടും തൊഴിലും മറ്റും പരിചയപ്പെടുത്തുന്ന ഒരു വീഡിയോ തയ്യാറാക്കി. ആറായിരം രൂപ ചെലവിൽ ചിത്രീകരിച്ച വീഡിയോ ആദ്യം പ്രാദേശിക ചാനലിലെ വിവാഹാലോചന പരിപാടിയിലാണ് പ്രത്യക്ഷപ്പെട്ടത്. അതുകണ്ട ആരോ ഫെയ്‌സ്ബുക്കിൽ ഷെയർ ചെയ്തു. പിന്നീട് ബിനോയുടെ ഫോണിലേക്ക് വിവാഹാലോചനയുടെ പ്രവാഹമായിരുന്നു. ദിവസങ്ങൾക്കുള്ളിൽ ആയിരത്തോളം ആലോചന എത്തി. ലക്ഷക്കണക്കിനാളുകളാണ് ഫെയ്‌സ്ബുക‌്, ഇൻസ്റ്റഗ്രാം, വാട്‌സാപ്, യുട്യൂബ് തുടങ്ങിയ മാധ്യമങ്ങളിലായി ഈ  വീഡിയോ കണ്ടത്. ബിനോയുടെ സിനിമാറ്റിക് സ്‌റ്റൈലിലുള്ള വീഡിയോ ഹിറ്റായതോടെ തുടർന്ന‌് ഇത്തരം വീഡിയോകൾ സാമൂഹ്യമാധ്യമങ്ങളിലേക്ക‌് പ്രവഹിച്ചു. കാര്യങ്ങൾ അവതരിപ്പിക്കുന്നതിലെ വ്യത്യസ‌്തതയാണ‌് ഈ വീഡിയോകളുടെ പ്രത്യേകത. മൂന്നു മിനിറ്റ‌് ദൈർഘ്യമുള്ള വീഡിയോകൾക്കായി പ്രത്യേക കഥകളും തിരക്കഥകളുംവരെ തയ്യാറാക്കുന്നു. പ്രമുഖ വീഡിയോഗ്രാഫി സ്ഥാപനങ്ങൾ വലിയ പ്രാധാന്യം ഇത്തരം വീഡിയോകൾക്കും നൽകിത്തുടങ്ങി. അതേ റീച്ച് ഇൗ വീഡിയോകൾക്കും ലഭിക്കുമെന്നാണ് ഇവരുടെ അഭിപ്രായം. Read on deshabhimani.com

Related News