കലാലയങ്ങൾക്കിത് യാത്രകളുടെ കാലമാണ്



കൊച്ചി> ‘നീ ടൂർ പോവുന്നുണ്ടോ...?’, ‘ടൂർ എങ്ങനെയുണ്ടായിരുന്നു?', ‘എന്നാ നിങ്ങളുടെ ടൂർ?' ക്യാമ്പസുകളിൽ കുറച്ചുമാസങ്ങളായി ഉയർന്നുകേൾക്കുന്ന ചോദ്യങ്ങളാണിത്. കലാലയങ്ങൾക്കിത് യാത്രകളുടെ കാലമാണ്. പ്രിയപ്പെട്ട കൂട്ടുകാരും അധ്യാപകരുമൊത്ത് ഇഷ്ടപ്പെട്ട ഇടങ്ങളിലേക്കുള്ള യാത്ര. കൂട്ടുകാർക്കൊപ്പം രാവും പകലും ഒരുമിച്ചിരിക്കാനും ചിരിക്കാനും കളിക്കാനും പിണങ്ങാനും ഇണങ്ങാനും സൗഹൃദത്തിന്റെ ആഴമറിയാനുമുള്ള അവസരം. വർഷങ്ങൾ മുന്നോട്ടുപോകുന്തോറും ഈ യാത്ര നിറമുള്ള ഓർമയായി ഹൃദയത്തിൽ ഇടംപിടിക്കുമെന്ന് വിദ്യാർഥികൾക്കറിയാം. അതുകൊണ്ടുതന്നെ വലിയ പ്രാധാന്യമാണ് കലാലയയാത്രകൾക്ക് വിദ്യാർഥികൾ നൽകുന്നത്.നവംബർ മുതലാണ് കലാലയങ്ങളിൽ യാത്രാവേശം ചൂടുപിടിച്ചത്. അവസാനവർഷ വിദ്യാർഥികൾ മൂന്നുനാലു ദിവസം നീണ്ടുനിൽക്കുന്ന യാത്രകളാണ് ആസൂത്രണം ചെയ്യുന്നത്. ഊട്ടി, കൊടൈക്കനാൽ, വയനാട്, ഗോവ, ആഗ്ര, മണാലി, ഷിംല, ഡൽഹി തുടങ്ങി നിരവധിയിടങ്ങളാണ് യാത്രയ്ക്കായി തെരഞ്ഞെടുക്കുന്നത്. ഇപ്പോഴും കലാലയ യാത്രകളിൽനിന്ന് ഊട്ടിയും കൊടൈക്കനാലും വിദ്യാർഥികൾ ഒഴിവാക്കിയിട്ടില്ല. യാത്ര പോകേണ്ടത് എവിടേക്കെന്ന് തീരുമാനിച്ചുകഴിഞ്ഞാൽ യാത്രാച്ചെലവ‌് തീരുമാനിക്കും. വിദ്യാർഥികൾക്കായി പ്രത്യേക ടൂറിസ്റ്റ് പാക്കേജുകളും ലഭ്യമാണ്. ചിലർ പാക്കേജിൽ യാത്ര നടത്തി മടങ്ങിവരും. ബസും ഗൈഡും ഭക്ഷണവും താമസവും ടൂറിസ്റ്റ് പാക്കേജിൽ ഉൾപ്പെടുന്നതിനാൽ വിദ്യാർഥികൾക്ക് പ്രത്യേകം ബുദ്ധിമുട്ടേണ്ടിവരാറില്ല. മൂന്നാംവർഷ വിദ്യാർഥികൾ ടൂറിസ്റ്റ് ബസ് വിളിച്ച് പ്രത്യേക പാക്കേജിൽ യാത്രപോകുമ്പോൾ ജൂനിയർ പിള്ളേർ ഒറ്റദിവസത്തെ യാത്രകൾക്കാണ് പ്രാധാന്യം നൽകുന്നത്. ആ യാത്രകൾ മിക്കവാറും സുഹൃത്തിന്റെ വീടിനടുത്തുള്ള സ്ഥലങ്ങളിലേക്കായിരിക്കും. പ്രത്യേക വാഹനസൗകര്യങ്ങളോ അധികം പണച്ചെലവോ ഈ യാത്രകൾക്ക് വേണ്ടിവരില്ല. ഇടുക്കിയോ, മൂന്നാറോ ആണ് ഇത്തരം യാത്രകൾക്കായി എറണാകുളത്തെ കുട്ടികൾ തെരഞ്ഞെടുക്കുന്നത്.   Read on deshabhimani.com

Related News