ടിക് ടോക് @ ആല്‍ബര്‍ട്‌സ്



കൊച്ചി> ടിക് ടോക്ക് വീഡിയോകളുടെ പിന്നാലെയാണ് യുവത്വം. ഇവരുടെ ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് സ്റ്റാറ്റസുകളിലും ഇൻസ്റ്റഗ്രാം പോസ്റ്റുകളിലും നിറയുന്നതും ടിക് ടോക്ക് വീഡിയോകൾ തന്നെ. നേരംപോക്കിനും തമാശയ്ക്കും ടിക് ടോക്ക് ചെയ്യാത്ത യുവാക്കളെ കണ്ടുകിട്ടാൻ തന്നെ പ്രയാസമാണ്. നേരംപോക്ക് എന്നതിനേക്കാൾ അഭിനയം, നൃത്തം, പാട്ട്, വര എന്നിങ്ങനെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയായും ടിക് ടോക്ക് മാറിക്കഴിഞ്ഞു. ഇതിലൂടെ ഹിറ്റായവരും നിരവധിയാണ്. ഇതോടെ വൈറലാകണമെങ്കിൽ ടിക് ടോക്ക് ചെയ്താൽ മതിയെന്ന മൊഴിയും യുവാക്കൾക്കിടയിൽ വൈറലായി. പിള്ളേർക്ക് ടിക് ടോക്കിനോടുള്ള  അഭിനിവേശം മനസ്സിലാക്കിയ എറണാകുളം സെന്റ് ആൽബർട്‌സ് കോളേജ് ഈ മാസം ടിക് ടോക്ക് മത്സരം സംഘടിപ്പിക്കുകയാണ്. ഇത്തരമൊരു മത്സരം അതും ഒരു കലാലയത്തിന്റെ നേതൃത്വത്തിൽ നടത്തുന്നുവെന്നറിഞ്ഞതോടെ സമൂഹമാധ്യമങ്ങളിൽ എറണാകുളം സെന്റ് ആൽബർട്‌സ് കോളേജ് വൈറലായി കഴിഞ്ഞു. ടിക് ടോക്ക് വീഡിയോയിലൂടെ മാത്രമല്ല, ടിക് ടോക്ക് മത്സരം സംഘടിപ്പിച്ചും സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ സാധിക്കുമെന്ന് തെളിയിക്കുകയാണ് ഈ കലാലയം. കൂടുതൽ ലൈക്കും ഷെയറും ലഭിക്കുന്ന വീഡിയോ, മികച്ച സർഗാത്മകതയുള്ള വീഡിയോ, മികച്ച തമാശ വീഡിയോ, ആൽബർട്‌സ് കോളേജിലെ വിദ്യാർഥികൾ തയ്യാറാക്കുന്ന വീഡിയോ എന്നിങ്ങനെ നാലുവിഭാഗങ്ങളിലായാണ് മത്സരം. ഏതുപ്രായത്തിലുള്ളവർക്കും ഏത് രാജ്യത്തിലുള്ളവർക്കും മത്സരിക്കാം. നാലുവിഭാഗത്തിലെ വിജയികൾക്കും 1001 രൂപയും 1000 രൂപയുടെ കൂപ്പണും ലഭിക്കും. 100 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. www.alberts.edu.in/fest, fest@alberts.edu.in. എന്നീ വെബ്‌സൈറ്റുകളിൽ വെള്ളിയാഴ്ച മുതൽ മത്സരാർഥികൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. 20നാണ് വീഡിയോ സമർപ്പിക്കേണ്ട അവസാനതീയതി. 21 മുതൽ 24 വരെ വോട്ടിങ് ആരംഭിക്കും. 25ന് ഫലപ്രഖ്യാപനമെത്തും. Read on deshabhimani.com

Related News