ഉപയോ​ഗിച്ചില്ലെങ്കില്‍ ട്വിറ്റര്‍ അക്കൗണ്ട് പോകും



ആറുമാസം തുടർച്ചയായി  ഉപയോ​ഗിക്കാതെയിരിക്കുന്ന ട്വിറ്റർ അക്കൗണ്ടുകള്‍ നീക്കം ചെയ്യാനൊരുങ്ങി കമ്പനി. മരിച്ചവരുടെ അക്കൗണ്ടുകളും ഇത്തരത്തില്‍ നീക്കാനാണ് ട്വിറ്ററിന്റെ തീരുമാനം. ഡിസംബര്‍ 11നു മുതല്‍ പുതിയ രീതി നടപ്പാക്കും. ട്വിറ്ററിന്റെ ‘ഇന്‍ ആക്ടീവ് അക്കൗണ്ട്സ് പോളിസി’ പ്രകാരമാണ് പുതിയ നീക്കം. ഉപയോ​ഗിക്കാതെയിരിക്കുന്ന അക്കൗണ്ടുകള്‍ നീക്കുന്നതിലൂടെ ഉപയോക്താക്കള്‍ കൂടുതല്‍ സജീവമായി ട്വിറ്റര്‍ ഉപയോ​ഗിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ആറു മാസത്തിനുള്ളില്‍ ഇതുവരെ ഒരു തവണപോലും ‘ലോ​ഗ് ഇന്‍’ ചെയ്യാത്ത അക്കൗണ്ടുകളാണ് എന്നേക്കുമായി നീക്കുക. ഇതിനു മുന്നോടിയായി ഇത്തരം അക്കൗണ്ടിന്റെ ഉടമകള്‍ക്ക് ഇതിനെക്കുറിച്ച് സന്ദേശം ലഭിക്കുമെന്ന് ട്വിറ്റര്‍ വക്താവ് പറഞ്ഞു. നിലവില്‍ മരിച്ചവരുടെ അക്കൗണ്ടുകള്‍ ഓര്‍മയ്ക്കായി സൂക്ഷിക്കാൻ ട്വിറ്റര്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍, ഭാവിയില്‍ അതിനെപ്പറ്റി ചിന്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News