റാമ്പിലേക്ക് പോകാം കേരള സാരിയിൽ



കേരള സാരിയോ ? അത് വിശേഷദിവസങ്ങളിൽ ധരിക്കാനുള്ളതല്ലേ ? അങ്ങനെ ചിന്തിക്കാൻ വരട്ടെ...  കേരള സാരി ഫാഷൻ ലോകത്തിന്റെ വിശാലതയിലേക്കുള്ള യാത്രയിലാണ്.  ഇതിനായി ഫാഷൻപ്രേമികളെ കൊതിപ്പിക്കാൻ ഹൈദരാബാദിൽ നിന്നുള്ള ഫാഷൻഡിസൈനർമാരായ പാർവതിയും സരസ്വതിയും കളത്തിലിറങ്ങിക്കഴിഞ്ഞു. കഴിഞ്ഞ അഞ്ചുവർഷമായി കേരളസാരിയിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുകയാണിവർ. കഴിഞ്ഞ ദിവസം കൊച്ചിയിൽ അരങ്ങേറിയ കേരള ഫാഷൻ ലീഗിൽ ഇവർ തയാറാക്കിയ കേരളസാരി അണിഞ്ഞെത്തിയ ഇഷ തൽവാർ ആയിരുന്നു താരം. ക്രീം നിറത്തിലുള്ള കേരള സാരിയെ കെട്ടിലും മട്ടിലും വർണാഭമായാണ് അവതരിപ്പിച്ചത്. പച്ച, ചുവപ്പ്, മഞ്ഞ തുടങ്ങിയ പ്രകൃതിദത്ത നിറങ്ങളിൽ കേരളസാരി നെയ്തുനൽകുന്ന നെയ്ത്തുകാരാണ് ഇവരുടെ കരുത്ത്. അതിൽ കലംകാരി, ലെതർ, ഡെനീം എന്നിവയുടെ സമ്പന്നമായ ഡിസൈനുകൾ. ചുവർചിത്രങ്ങളും അജന്ത എല്ലോറ ഗുഹാചിത്രങ്ങളുമായി ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകവും സാരിയിൽ കാണാം. കേരളസാരിയും ആന്ധ്രപ്രദേശിലെ ഇക്കത്ത് നെയ്ത്തുരീതിയും സംയോജിപ്പിച്ച് പുതിയൊരു കരവിരുതും പാർവതിയും ഭർതൃമാതാവ് സരസ്വതിയും ചേർന്നവതരിപ്പിക്കുന്നുണ്ട്.  തിരുവിതാംകൂർ സഹോദരിമാരായ ലളിത പത്മിനി രാഗിണിമാരിൽ ലളിതയുടെ മകളും ചലച്ചിത്രതാരം ശോഭനയുടെ സഹോദരിയുമാണ് സരസ്വതി. സരസ്വതിയുടെ മകന്റെ ഭാര്യയും ചലച്ചിത്ര സംവിധായകൻ ബാലു കിരിയത്തിന്റെ മകളുമാണ് കോ ഡിസൈനറായ പാർവതി. ദേശീയ തലത്തിലെ വിവിധ ഫാഷൻ ഷോകളിൽ ഈ സഖ്യം കേരളാസാരിയുടെ ഖ്യാതി എത്തിച്ചിരിക്കുന്നു. സിങ്കപ്പൂർ, ദുബായ്, അമേരിക്ക എന്നിവിടങ്ങളിലെല്ലാം പെൺകുട്ടികൾ ഇവരൊരുക്കിയ കേരള സാരിയണിഞ്ഞ് റാമ്പിലെത്താറുണ്ട്. Read on deshabhimani.com

Related News