എന്‍ലീപ്- ജി.സി.ഇ. കെ യുടെ ഉദ്ഘാടനം സെപ്‌തംബര്‍ പതിനഞ്ചിന്



കണ്ണൂർ > ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥികള്‍ Enleap-GCEK എന്ന പേരില്‍ പുതുതായി രൂപീകരിച്ച കൂട്ടായ്‌മയുടെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അഖിലേന്ത്യാ എഞ്ചിനീയേഴ്‌സ് ദിനമായ സെപ്‌തംബര്‍ 15 ന് രാത്രി ഏഴരക്ക് ഓൺലൈനായി നിര്‍വഹിക്കും. തളിപ്പറമ്പ എം.എല്‍. എ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന പരിപാടിയില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി നൂറു കണക്കിന് പൂര്‍വ വിദ്യാര്‍ഥികള്‍  പങ്കെടുക്കും. ഉദ്ഘാടനത്തെ തുടര്‍ന്ന് സാമ്പത്തിക വിദഗ്ധനും കേരള ആസൂത്രണ ബോര്‍ഡ് അംഗവുമായ ഡോ. ആര്‍ രാമകുമാര്‍ “ വികസനം കോവിഡാനന്തര കേരളത്തില്‍: വഴികളും വെല്ലുവിളികളും” എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തും. ഉത്തരമലബാറിന്‍റെ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ 1986 ല്‍  പ്രവര്‍ത്തനം ആരംഭിച്ച കണ്ണൂര്‍ ഗവണ്മെന്‍റ് എഞ്ചിനീയറിംഗ് കോളേജ് കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനിടയില്‍ പത്തായിരത്തോളം എന്‍ജിനീയര്‍മാരേ  സമൂഹത്തിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. ഇതിൽ രാജ്യത്തിനകത്തും പുറത്തുമായി വിവിധ സ്ഥാപനങ്ങളിൽ  ഉയര്‍ന്ന ഉദ്യോഗസ്ഥരായും ഗവേഷകരായും ജോലി ചെയ്യുന്നവരുടെ അറിവും  പ്രവര്‍ത്തി പരിചയവും കോളെജിന്‍റെയും നാടിന്‍റെയും വികസനത്തിനായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കൂട്ടായ്മ രൂപീകരിച്ചതെന്ന്  പത്രകുറിപ്പില്‍ അറിയിച്ചു.   നാടിന്‍റെ വികസനത്തില്‍  ലോകത്തിന്‍റെ വിവിധ ഭാഗത്തുള്ള  സാങ്കേതിക വിദഗ്ദ്ധരായ പൂര്‍വ  വിദ്യാർത്ഥി സമൂഹവും, പ്രാദേശിക ഭരണ കൂടവും,  ജനപ്രതിനിധികളും, പൊതു സമൂഹവും, മറ്റ്   വിദഗ്ധരും ഒരുപോലെ കൂട്ടായി പ്രവർത്തിക്കുന്നതിന് അവസരമൊരുക്കുകന്നതോടൊപ്പം കണ്ണൂർ  എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികള്‍ക്ക്  മെച്ചപെട്ട തൊഴില്‍ നേടാന്‍ സഹായകമാകും വിധമുള്ള പരിശീലനങ്ങള്‍ നടത്തുക എന്നതും ഈ കൂട്ടായ്മയുടെ ലക്ഷ്യമാണെന്ന് എന്‍ലീപ്  കണ്‍വീനര്‍ ഖത്തറില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന നിധിന്‍ ഒ.സി  പറഞ്ഞു.   അതിനു പുറമേ  സാങ്കേതിക ജ്ഞാന തല്പരരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്ക്കൂള്‍ തലം മുതല്‍   മികച്ച നിലവാരത്തിലുള്ള പരിശീലനം നല്‍കുന്നതിനായവശ്യമായ  പരിപാടികളും ഈ കൂട്ടായ്മയുടെ   ആലോചനയില്‍ ഉണ്ടെന്നു ജോയിന്‍റ് കണ്‍വീനറും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥയുമായ എം.എന്‍  ശ്രീല കുമാരി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വാട്ട്സപ്പ് വഴി ബന്ധപ്പെടാം 919447935601, +97470775588 Read on deshabhimani.com

Related News