സംരംഭകത്വശേഷി വർദ്ധിപ്പിക്കാൻ ക്യാമ്പസുകളിൽ പ്രവർത്തനങ്ങൾ നടപ്പാക്കും-: മന്ത്രി ബിന്ദു



തിരുവനന്തപുരം> വ്യവസായ പങ്കാളിത്തത്തോടുകൂടി യുവാക്കളിലെ സംരംഭകത്വവും ഇന്നൊവേഷനും വളർത്താൻ ക്യാമ്പസുകളിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു. 2022 ഒക്ടോബർ 11-ന് ഇന്തോനേഷ്യയിൽ നടക്കുന്ന ഷെൽ ഇക്കോ മാരത്തോണിൽ പങ്കെടുക്കുന്ന  ബാർട്ടൺഹിൽ ഗവ. എഞ്ചിനീയറിംഗ്  കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ തിരുവനന്തപുരത്ത് അനുമോദിക്കുന്ന ചടങ്ങ്  ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.   ക്യാമ്പസുകളിൽ ഇന്നോവേഷൻ ഇക്കോസിസ്റ്റം വളർത്തിയെടുക്കേണ്ടത് അനുപേക്ഷണീയമാണ്. സൈദ്ധാന്തികമായ അറിവ് പ്രയോഗികതലത്തിൽ കൊണ്ടുവരാൻ വിദ്യാർത്ഥികൾക്ക് സാധിക്കണം. ഇതുവഴി തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് പരിഹരിക്കാനാകണം. കണക്ട് കരിയർ ടു ക്യാമ്പസ് വഴി കേരളത്തിലെ ക്യാമ്പസുകളിൽ നൈപുണ്യ പരിശീലനത്തെ ക്കുറിച്ച് അവബോധം വളർത്തിയെടുക്കും- മന്ത്രി ബിന്ദു വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് അസാപ് കേരള നൽകുന്ന സഹായധനവും മന്ത്രി കൈമാറി.   ലോകമെമ്പാടുമുള്ള STEM വിദ്യാർത്ഥികൾ സൂപ്പർ മൈലേജ് കാറുകൾ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്ന മത്സരമാണ് ഷെൽ ഇക്കോ മാരത്തൺ-ഇന്റർനാഷണൽ എനർജി എഫിഷ്യൻസി നാഷണൽ  കോമ്പിറ്റീഷൻ. ഇന്തോനേഷ്യയിൽ നടക്കുന്ന ഏഷ്യാതല ചാമ്പ്യൻഷിപ്പ് മത്സരത്തിൻ്റെ  ദേശീയ ഇവൻ്റിലേക്കാണ് പ്രവേഗ എന്ന് പേരിട്ടിരിക്കുന്ന ടീം യോഗ്യത നേടിയിട്ടുള്ളത്. കേരളത്തിൽ നിന്നും ദക്ഷിണേന്ത്യയിൽ നിന്നും ഈ നേട്ടം കൈവരിച്ച ഏക ടീം കൂടിയാണ് പ്രവേഗ.   ടീം  ജുഗാർഡ് അവാർഡ്  ഫോർ ടെക്നിക്കൽ ഇന്നൊവേഷൻ (2018), സർക്കുലർ ഇക്കണോമി അവാർഡ് ഫോർ ടെക്നിക്കൽ ഇന്നൊവേഷൻ (2019), മികച്ച പ്രോജക്റ്റിനുള്ള SAME വാർഡ് (2020) എന്നിവ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ പ്രവേഗ ടീം  വിദ്യാർത്ഥികൾ നേടിയിട്ടുണ്ട്. എം.എൽ.എ വി.കെ.പ്രശാന്ത്  അധ്യക്ഷനായ ചടങ്ങിൽ അസാപ് കേരള സി.എം.ഡി.ഡോ. ഉഷ ടൈറ്റസ്,  കോളേജ് പ്രിൻസിപ്പാൾ ഡോ. ബിജുലാൽ ഡി തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News