മെസഞ്ചർ ആപ്പുകളിൽ ഒരു കൈനോക്കാൻ വീണ്ടും ഗൂഗിൾ



പഴയ ഗൂഗിൾ ടോക്കും ചാറ്റും ഒക്കെ ഓർമ്മയുണ്ടോ? വാട്സാപ്പ് വരുന്നതിനു മുമ്പേ ഇന്റർനെറ്റ്‌ ഉപയോഗിച്ച് ചാറ്റ് ചെയ്യാൻ എല്ലാവരും ഉപയോഗിച്ച ആപ്പുകൾ. പിന്നീട് ഹാങ് ഔട്ട് എന്ന രൂപത്തിൽ വരുമ്പോഴേക്കുതന്നെ കാര്യങ്ങൾ ഗൂഗിളിന്റെ കയ്യിൽ നിന്ന് പോകാൻ തുടങ്ങിയിരുന്നു. സ്മാർട്ട് ഫോൺ വിപ്ലവവും, പിന്നീട് ജിയോ തരംഗവും ഒക്കെകൂടി വാട്സാപ്പിനെ പ്രിയപ്പെട്ട മെസ്സഞ്ചർ ആക്കി. എസ് എം എസിന്‌ ഉപയോഗിക്കാം എന്നു കരുതിയാവാം ഗൂഗിൾ അതിനെ 'കൊന്നില്ല'. അതിനിടയിൽ അലോ എന്നൊരു നിർമ്മിതബുദ്ധി നിറഞ്ഞ മെസഞ്ചർ ഇറക്കിയത് ഓർമ്മയുണ്ടോ? പരീക്ഷിച്ച് സംഭവം കൊള്ളാമെന്നു പറയാനല്ലാതെ ആരും അലോ ഉപയോഗിച്ചില്ല എന്ന് വേണം കരുതാൻ. ഇതിന്റെകൂടെ ഡ്യുയോ എന്നൊരു വീഡിയോ ചാറ്റ് ആപ്പ് കൂടി ഗൂഗിൾ ഇറക്കി. മൊത്തം ഗൂഗിൾ വക മൂന്നു മെസഞ്ചറുകൾ.  ഗൂഗിളിന്റെ മെസഞ്ചർ ആപ്പുകൾ ഇനി എങ്ങോട്ട്‌? വാട്സാപ്പ് സേവനങ്ങളോടുകൂടി എസ്‌എംഎസ്‌, കോൾ വരുമാനത്തിൽ കുറവ് വന്നു ബുദ്ധിമുട്ടുന്ന മൊബൈൽസേവന ദാതാക്കളാണ്‌ ഗൂഗിളിന്റെ പുതിയ ചങ്ങാതി. ഇവരുമായി കൂടി കൂടുതൽ മികച്ച ആശയവിനിമയ സേവനങ്ങൾ അടങ്ങിയ ഒരു ആപ്പുമായി ഗൂഗിൾ ഉടൻ വരുമെന്നാണ് പറയപ്പെടുന്നത്. അതായത്, എസ്‌എംഎസ്‌ അയക്കുന്നത് ഡാറ്റ ഉപയോഗിച്ച്; ചാറ്റും എസ്‌എംഎസും തമ്മിൽ വ്യത്യാസമില്ലാത്ത അവസ്ഥ. ഇനി ഈ ആപ്പ് വാട്സാപ്പിനെ മുട്ടുകുത്തിക്കുമോ? കാത്തിരുന്നു കാണാം. Read on deshabhimani.com

Related News