ഇനി കോഴിക്കാലിലും നടക്കാം



പാദരക്ഷകളുടെ ഇതുവരെയുള്ള വ്യതിയാനത്തെ ഒറ്റവാക്യത്തില്‍ വിശേഷിപ്പിക്കുകയാണെങ്കില്‍ ഇങ്ങനെ പറയാം. മഹര്‍ഷിമാരുടെ മെതിയടികളാണ് ചെരുപ്പുകളുടെ പൂര്‍വികനായി വിശേഷിപ്പിക്കപ്പെടുന്നത്. അവിടെനിന്നും പുരോഗമിച്ച് സകല ഫാഷനും പയറ്റിക്കഴിഞ്ഞ ശേഷം വീണ്ടും മെതിയടി മോഡലിലേക്കും കാടന്‍ രീതികളിലേക്കും പാദരക്ഷകള്‍ എത്തിക്കഴിഞ്ഞു. ആദിമമനുഷ്യന്‍ കാട്ടിലൂടെയും പാറക്കെട്ടിലൂടെയും നടക്കുമ്പോള്‍ കാല്‍പ്പാദങ്ങളെ സംരക്ഷിക്കാനായി മൃഗത്തോലുകൊണ്ടുള്ള പാദരക്ഷകള്‍ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. എന്നാല്‍ ഇന്ന് തോലല്ല, മൃഗത്തിനെയപ്പാടെ ചെരുപ്പായി ഉപയോഗിക്കുന്ന 'ഭീകര' ട്രെന്‍ഡാണ് ഫാഷന്‍ ലോകത്ത്. ഹീല്‍സിന്റെ സ്ഥാനത്ത് കോഴിക്കാലും മീനുകളും സീബ്രയുടെ വാലുമൊക്കെ കാല്‍പ്പാദങ്ങളില്‍ സ്ഥാനം പിടിക്കുന്നു.  വള്ളിച്ചെരുപ്പിന്റെ കാലം പിന്നിട്ട് ഇതൊക്കെയാണ് ഇപ്പോള്‍ ചെരുപ്പുകളിലെ ട്രെന്‍ഡ്. ഹീലുകളുള്ള ചെരുപ്പുകളിലും ഷൂസുകളിലും ഫ്ളാറ്റ് ചെരുപ്പിലുമെല്ലാം ഫാഷന്റെ വൈവിധ്യങ്ങള്‍ കാണാം. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഒരു പാദരക്ഷ എന്ന രീതിക്ക് മാറ്റം വന്നു. കോളേജില്‍ പോവുമ്പോള്‍, പാര്‍ടിക്ക് പോവുമ്പോള്‍, ദീര്‍ഘയാത്രക്ക് തുടങ്ങി ഓരോ സ്ഥലത്തേക്കും അനുയോജ്യമായ രീതിയില്‍ വെവ്വേറെ ചെരുപ്പുകളാണ്. സാന്‍ഡല്‍സ്, സ്ളിപ്പേഴ്സ്, ബൂട്ട്സ്, ഷൂസ്, സ്റ്റിലെറ്റൌസ് തുടങ്ങി നൂറുതരം പാദരക്ഷകള്‍ ഇന്നുണ്ട്. മഴയത്ത് ഉപയോഗിക്കുന്ന റെയിന്‍ ബൂട്ട്സ്, ചൂടുള്ള കാലത്തേക്ക് ഫ്ളാറ്റ് സാന്‍ഡല്‍സ്, രണ്ടുകാലത്തും ഉപയോഗിക്കാവുന്ന വെഡ്ജെസ്, യാത്രാവേളകള്‍ക്കായി എസ്പെഡ്രില്‍സ്, ബാലേ ഷൂസ്, മോണിങ് വാക്കിന് പോവുമ്പോള്‍ സ്നീക്കേഴ്സ് തുടങ്ങി തരത്തിലും ഗുണത്തിലും വ്യത്യാസപ്പെട്ട ചെരുപ്പുകളാണ് വിപണിയില്‍. ഒറ്റനോട്ടത്തില്‍ നഗ്നപാദങ്ങളാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ട്രാന്‍സ്പരന്റ് ചെരുപ്പുകളുമുണ്ട്. ആകര്‍ഷകമായ നെയില്‍പോളീഷിട്ട നഖങ്ങള്‍ വരച്ച പാദരക്ഷകളും വില്‍പ്പനയ്ക്കുണ്ട്.. Read on deshabhimani.com

Related News